Flash News

‘മീ ടൂ’ വിവാദത്തില്‍ പെട്ട് ഹിന്ദു പത്രത്തിന്റെ റസിഡന്റ് എഡിറ്ററുടെ കസേര തെറിച്ചു

October 16, 2018

gi_0‘മീ ടൂ’വെളിപ്പെടുത്തലുകളുടെ കൊടുങ്കാറ്റ് സകലമേഖലകളിലും ആഞ്ഞടിക്കവേ, മാദ്ധ്യമലോകത്തും വന്മരങ്ങള്‍ വീഴുകയാണ്. മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും ജേര്‍ണ്ണലിസം അദ്ധ്യാപകനും ‘ദ ഹിന്ദു ‘ ദിനപത്രത്തിന്റെ തിരുവനന്തപുരം റസിഡന്റ് എഡിറ്ററുമായ ഗൗരീദാസന്‍ നായര്‍ ‘മീ ടൂ ‘ ക്യാംപയിനില്‍ കുടുങ്ങി ജോലി രാജിവച്ചു. വിരമിക്കാന്‍ രണ്ടുമാസം ബാക്കിനില്‍ക്കേയാണ് രാജി. കുറച്ചുനാളുകളായി തന്നെ ചുമതലകളിൽ നിന്നൊഴിവാക്കണമെന്നും അവധിയിൽ പോകാൻ അനുവദിക്കണമെന്നും സ്ഥാപനത്തോട് ആവശ്യപ്പെട്ടുവെന്നും ഇന്നലെ അവർ സമ്മതം മൂളുകയും അവധിയിൽ പോകാൻ അനുവാദം നൽകുകയും ചെയ്തുവെന്നും ഗൗരീദാസൻ നായരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ചെന്നൈയിലുള്ള ലേഖിക യാമിനി നായര്‍ ആളുടെ പേരു വെളിപ്പെടുത്താതെയായിരുന്നു അവരുടെ ”ijustremember.blogspot.com” ല്‍ ‘റെയിന്‍ഡ്രോപ്‌സ്’ എന്ന ബ്ലോഗില്‍, ‘ മൈ മീ ടൂ മോമെന്റ്‌റ് ‘ എന്ന തലവാചകത്തിനു കീഴില്‍ ഗൗരീദാസന്‍ നായര്‍ക്കെതിരെ ‘മീ ടൂ’ ആരോപണമുന്നയിച്ചത്. എന്നാല്‍ അവര്‍ ഉന്നയിച്ച ലൈംഗിക ആരോപണം സൈബര്‍ലോകത്തും മാദ്ധ്യമലോകത്തും ഗൗരീദാസന്‍നായരുടെ പേരില്‍ ചൂടുപിടിച്ചു. ഈ വിഷയത്തില്‍ ‘ദ ഹിന്ദു ‘ ആഭ്യന്തരഅന്വേഷണം നടത്തിയാല്‍ താന്‍ മൊഴിനല്‍കാന്‍ എത്തുമെന്നായിരുന്നു യാമിനിനായരുടെ നിലപാട്. ഇതിനുപിന്നാലെ ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ‘നെറ്റ്‌വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ’ രംഗത്തുവന്നു.

ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഡിസംബര്‍ മാസത്തില്‍ വിരമിക്കുന്ന കാലാവധിവരെ ലീവില്‍ പോകാനായിരുന്നു ആദ്യം തീരുമാനിച്ചത്.എന്നാല്‍ സ്ഥാപനം രാജി ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ‘കാലാവധി നീട്ടിക്കൊടുക്കല്‍'(extension) എന്ന പ്രക്രിയയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

എന്റെ മീ റ്റൂ നിമിഷം ‘ ((My#metoo moment)) എന്ന പേരില്‍ ijustremember.blogspot.com എന്ന ബ്ലോഗില്‍ യാമിനി നായര്‍ ഒക്ടോബര്‍ 9 ന് എഴുതിയ കുറിപ്പില്‍ ഇപ്രകാരം പറയുന്നു:

‘2005 ല്‍ ചെന്നൈയില്‍ ഒരു ദിനപത്രത്തില്‍ ജോലി ചെയ്യവേ, ഒരാള്‍ എന്റെ ജന്മസ്ഥലമായ തിരുവനന്തപുരത്ത് നിന്ന് വന്നിരുന്നു. അന്ന് ഒരു ദേശീയ ദിനപത്രത്തില്‍ ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്തിരുന്ന ഈ വ്യക്തി, എനിക്ക് ഗുരുതുല്യനായിരുന്നു. ഒരു വര്‍ഷം മുമ്പ് ഞാന്‍ ജോലി ചെയ്ത മീഡിയ സെന്ററില്‍ വച്ച് (എം സി ജെ കോഴ്‌സ് പാസ്സായതിന് തൊട്ടുപിന്നാലെ ), റിപ്പോര്‍ട്ടുകള്‍ എങ്ങനെ എഴുതി തയ്യാറാക്കണമെന്ന് എന്നെ പഠിപ്പിച്ചത് ഈ വ്യക്തിയായിരുന്നു. അതൊരു വലിയ പരിപാടിയായിരുന്നു, മീഡിയ സെന്ററിന്റെ മേല്‍നോട്ടം വഹിച്ചതും ഈ വ്യക്തിയായിരുന്നു.

കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദധാരിയെന്ന നിലയില്‍ പ്രായോഗിക പാഠങ്ങളേക്കാള്‍ തിയറി മാത്രം അറിയാമായിരുന്ന എനിക്ക്, ആ വ്യക്തിയില്‍ നിന്ന് എന്തൊക്കെ പഠിച്ചോ, അതിന് അയാളോട് വലിയ കടപ്പാടുണ്ടായിരുന്നു. തൊഴില്‍ ലഭിച്ച് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയില്‍ എത്തിയതിന് ശേഷവും ഞാന്‍ ആ വ്യക്തിയുമായി ബന്ധം നിലനിര്‍ത്തി പോന്നു.

ആ വ്യക്തി, തന്റെ ചെന്നൈ സന്ദര്‍ശനത്തെക്കുറിച്ച് എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ഏറെ ആവേശഭരിതയായി. എന്റെ കുടുംബത്തില്‍ നിന്ന് ആരോ വരുന്നത് പോലെയാണ് എനിക്ക് തോന്നിയത്.വീട്ടില്‍ നിന്ന് ആദ്യമായി മാറി താമസിക്കേണ്ടി വന്ന എനിക്ക് അതിന്റേതായ വിഷമതകള്‍ അനുഭവപ്പെട്ടിരുന്നു. എനിക്ക് അന്ന് 26 വയസ്സായിരുന്നു, ആ വ്യക്തിക്ക് പ്രായം 40കളുടെ മധ്യത്തിലും.

അദ്ദേഹം താമസിക്കുന്ന ഗസ്റ്റ് ഹൗസില്‍ വച്ച് ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ എന്നെ ക്ഷണിച്ചു. അവിടെ ചെന്ന ഞാന്‍ അദ്ദേഹത്തിന്റെ മുറിക്കരികിലുള്ള റസ്‌റ്റോറന്റില്‍ വച്ച് ഉച്ചഭക്ഷണം കഴിക്കുകയും അദ്ദേഹവുമായി സംസാരിച്ചിരിക്കുകയും ചെയ്തു.

ഭക്ഷണത്തിന് ശേഷം മുറിയില്‍ ഇരുന്ന് സംസാരിക്കാമെന്ന് അയാള്‍ എന്നോട് പറഞ്ഞു.ആ ക്ഷണത്തില്‍ അപകടമോ, വിലക്ഷണമായി ഒന്നുമോ ഞാന്‍ കണ്ടില്ല, കാരണം അയാള്‍ എന്റെ ഗുരുവായിരുന്നു!
ഞാന്‍ സ്വയം സമ്മതിക്കട്ടെ, പുറം ലോകത്തെ കുറിച്ച് വളരെ കുറവ് അറിവ് മാത്രമുണ്ടായിരുന്ന ഒരു നിഷ്‌കളങ്കയായിരുന്നു ഞാന്‍.

അദ്ദേഹത്തിന്റെ മുറിയിലേക്ക് കടന്ന് ചെന്ന ഞാന്‍, അവിടെ കണ്ടതിനെയെല്ലാം വിലമതിക്കാന്‍ തുടങ്ങി. പുഞ്ചിരിയോടെ, സംസാരിച്ച് കൊണ്ട് ജനല്‍ പാളിയിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി നില്‍ക്കവേ, അയാള്‍ പുറകിലൂടെ വന്ന് എന്റെ തോളില്‍ പിടിക്കുകയും കഴുത്തിന് പിറകില്‍ ചുംബിക്കയും ചെയ്തു. ഭയചകിതയായ ഞാന്‍, അയാള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നോക്കി. എന്റെ മുഖം കൈ കൊണ്ട് ചേര്‍ത്ത് പിടിച്ച് അയാള്‍ എന്റെ നെറുകയില്‍ ചുംബിച്ചു. അപമാനഭാരത്താല്‍ ആ പ്രദേശത്ത് തീ പിടിച്ചത് പോലെ എനിക്ക് തോന്നി.

പിടഞ്ഞെഴുന്നേറ്റ ഞാന്‍ പൊടുന്നനെ അവിടം വിട്ടു.ഏറെ ദുഖിതയായ ഞാന്‍, നുങ്കംപാക്കത്തുള്ള എന്റെ ഹോസ്റ്റലില്‍ എത്തുന്നത് വരെ കരച്ചിലടക്കാന്‍ ഏറെ ബുദ്ധിമുട്ടി. ഞാന്‍ ഇക്കാര്യം എന്റെ മുറിയില്‍ താമസിക്കുന്ന സുഹൃത്തിനോടും, പിന്നീട്, കേരളത്തിലെ ഒരു പ്രാദേശിക പത്രത്തില്‍ തൊഴിലെടുക്കുന്ന എന്റെ മറ്റൊരു സുഹൃത്തിനോടും പറഞ്ഞു. അയാളുമായി ബന്ധപ്പെടരുത് എന്ന് ഇവര്‍ ഇരുവരും എന്നോട് പറഞ്ഞു.

ഈ സംഭവം എനിക്ക് ഏറെ വിഷമമുണ്ടാക്കി എന്നും, അയാളുമായി തുടര്‍ന്ന് ബന്ധപ്പെടാന്‍ എനിക്ക് താല്പര്യമില്ല എന്നും വ്യക്തമാക്കി, ഞാന്‍ അയാള്‍ക്ക് ദീര്‍ഘമായ ഒരു മെയിലയക്കുകയുണ്ടായി. ‘ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല ‘ എന്ന് വ്യക്തമാക്കിക്കൊണ്ട് എനിക്ക് ഒരു ഒറ്റവരി മറുപടി നല്‍കുകയാണ് അയാള്‍ ചെയ്തത്. എനിക്ക് ആ അനുഭവം മറ്റൊരു തരത്തില്‍ എടുക്കാന്‍ ആവില്ലായിരുന്നു, കാരണം, അയാളുടെ കൈകളിലേയും ചുണ്ടിലേയും വിറയല്‍, വെറുപ്പോടെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

അവസാനമായി ഞാന്‍ അയാളെ കണ്ടതും സംസാരിച്ചതും അന്നായിരുന്നു.13 വര്‍ഷങ്ങള്‍ക്ക് ശേഷം, അന്ന് ജോലി ചെയ്ത അതേ ദിനപത്രത്തില്‍ ഇന്ന് അയാള്‍ ഒരു ഉന്നത പദവി വഹിക്കുകയാണ്.

ആ സംഭവം എന്നില്‍ ഏല്പിച്ച ആഘാതം മറികടക്കാന്‍ ആയതിനാല്‍ എന്റെ ഓര്‍മ്മകളില്‍ ഞാന്‍ കുഴിച്ച് മൂടി. ഇപ്പോള്‍ എനിക്കൊരു വേദിയുണ്ട് എന്നും അവിടെ ഇത് പങ്ക് വക്കണമെന്നും ഞാന്‍ കരുതുന്നു.’

മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും കേന്ദ്രമന്ത്രിയുമായ എം.ജെ അക്ബര്‍ ‘മീ ടൂ’ കൊടുങ്കാറ്റില്‍ ഏറെക്കുറെ കടപുഴകി ആടിയുലഞ്ഞ് നില്‍പ്പാണ്. എന്നാല്‍ മാദ്ധ്യമലോകത്തുള്ള ഒരു പ്രത്യേകത പരസ്പരസഹായമെന്ന നിലയില്‍ ‘മീ ടൂ ‘വാര്‍ത്തകള്‍ പലതും തമസ്‌ക്കരിക്കപ്പെടുന്നുണ്ട് എന്നതാണ്. മുകേഷിന്റെ വാര്‍ത്തകള്‍ ആഘോഷിച്ച കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഗൗരീദാസന്‍ നായര്‍ ‘മീ ടൂ ‘ ക്യാംപയിനില്‍ കുടുങ്ങിയവാര്‍ത്ത തമസ്‌ക്കരിച്ചു .


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top