Flash News

അമ്മയിലെ കലാപം മറനീക്കി തെരുവിലേക്ക്; എക്സിക്യൂട്ടീവ് കമ്മിറ്റി വെറും പ്രഹസനമാണെന്ന് സിദ്ദിഖ് പറയാതെ പറഞ്ഞുവെന്ന് ആരോപണം

October 17, 2018

newsrupt2018-101217bd83-f9b0-44fc-a0a7-9214e7bac646lal_ammaദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താര സംഘടന അമ്മയും നടികളുടെ സംഘടന ഡബ്ല്യുസിസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പത്രസമ്മെളനത്തിലൂടെ വെളിപ്പെടുത്തിയതിനെ പ്രതിരോധിക്കാന്‍ സിദ്ദിഖ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനവും അത് തള്ളിക്കൊണ്ടുള്ള ഔദ്യോഗിക വക്താവ് ജഗദീഷിന്റെ രൂക്ഷമായ പ്രതികരണവും അമ്മയിലെ കലാപം എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേയും മോഹന്‍ലാലിന്റെയും നിലപാടെന്ന് ജഗദീഷ് വ്യക്തമാക്കിയതിനെ അമ്മ ഭാരവാഹിയല്ലാത്ത കെപിഎസി ലളിതയെ മുന്‍നിര്‍ത്തിയാണ് സിദ്ദിഖ് എതിര്‍ത്തത്. തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് സമാന്തരമായി ഒരു സംവിധാനമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ബാബുരാജ് പരാമര്‍ശിച്ച ‘സൂപ്പര്‍ ബോഡി’യുടെ അധികാരകേന്ദ്രം ദിലീപ് തന്നെയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇതിനോടുള്ള എതിര്‍പ്പാണ് ജഗദീഷും ബാബുരാജും പ്രകടിപ്പിച്ചത്.

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി വെറും പ്രഹസനമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് സിദ്ദിഖ് ചെയ്തത്. സംഘടനയുടെ അധികാരകേന്ദ്രം മറ്റൊന്നാണെന്നും ഭൂരിപക്ഷവും ദിലീപിനൊപ്പമാണെന്നും സിദ്ദിഖിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ദിലീപിന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി സംഘടനാനിലപാടുകള്‍ മാറുന്നതിന്റെ സൂചനകള്‍ വരുമ്പോള്‍ തന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് നേരെ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തുവരുന്നത് അമ്മയുടെ സമീപകാലചരിത്രം നിരീക്ഷിച്ചാല്‍ മനസിലാക്കാനാകും. ഭാരവാഹികള്‍ അലങ്കാരങ്ങള്‍ മാത്രമാണെന്നും താരസംഘടനമുന്നേ തന്നെ അട്ടിമറിക്കപ്പെട്ടു കഴിഞ്ഞെന്നും ഇത് തെളിയിക്കുന്നു.

തനിക്കെതിരെ നേരിട്ടുള്ള ആക്രമണവുമായി ഡബ്ലിയുസിസി രംഗത്തെത്തിയിട്ടും മോഹന്‍ലാലില്‍ നിന്ന് പ്രതികരണമുണ്ടായിട്ടില്ല. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുളളൂവെന്നും ഇക്കാര്യം പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ജഗദീഷ് വ്യക്തമാക്കിയിരുന്നത്. വിധി വരും വരെ ദിലീപിനെ അപരാധിയായി കാണുന്നതില്‍ ധാര്‍മ്മിക അടിത്തറയുണ്ടെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.

ദിലീപിനെതിരെ ഔദ്യോഗിക വക്താവായ ജഗദീഷ് പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെയാണ് സിദ്ദിഖ് പ്രത്യക്ഷപ്പെടുന്നത്. ഡബ്ലുസിസിയോട് സിദ്ദിഖ് പ്രകടിപ്പിച്ച പ്രതികാരമനോഭാവത്തില്‍ തന്നെ ദിലീപിന്റെ ബാക്‌സീറ്റ് ഡ്രൈവിങ് വ്യക്തമാണ്. നടിയെ ആക്രമിച്ച കേസില്‍ ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച് ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ വാത്സല്യം നിറഞ്ഞ ജ്യേഷ്ഠനായി അവതരിച്ച സിദ്ദിഖ് അന്നേ തന്റെ കൂറ് വ്യക്തമാക്കിയിരുന്നു. അമ്മ അംഗവും സഹപ്രവര്‍ത്തകയുമായ നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയായ ദിലീപ് വെറും കുറ്റാരോപിതന്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച സിദ്ദിഖ് അമ്മയുടെ നിലപാട് അറിയിക്കാന്‍ ജഗദീഷിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തുറന്നടിക്കുകയും ചെയ്തു.

മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാര്‍ എന്നിവരുമായി കൂടിയാലോചിച്ചാണ് തന്റെ വാര്‍ത്താസമ്മേളനമെന്നാണ് സിദ്ദീഖ് വിശദീകരിച്ചത്. ദിലീപിനെ നായകനാക്കി ഉണ്ണികൃഷ്ണന്‍ ഭാസ്‌കരപിള്ള സംവിധാനം ചെയ്യുന്ന ‘നീതി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് സിദ്ദിഖും കെപിഎസി ലളിതയും മാധ്യമങ്ങളോട് സംസാരിച്ചത് എന്നതും ശ്രദ്ധേയമാണ്. സംഘടനയിലെ ഭൂരിപക്ഷം തനിക്കൊപ്പമാണെന്ന ദിലീപിന്റെ ഭീഷണിയും സിദ്ദിഖിന്റെ പരസ്യപ്രസ്താവനയില്‍ മുഴങ്ങുന്നുണ്ട്. ജനറല്‍ ബോഡിയുടെ തീരുമാനത്തെ മറികടക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് സാധിക്കില്ലെന്ന് സിദ്ദിഖ് വെല്ലുവിളിക്കുകയും ചെയ്തു. ദിലീപിനെ പുറത്താക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനം മരവിപ്പിക്കണമെന്ന് ജനറല്‍ ബോഡിയാണ് തീരുമാനിച്ചത്. ദിലീപ് കുറ്റവാളിയാണോ അല്ലയോ എന്ന് കോടതി വിധിച്ചശേഷം പുറത്താക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്നായിരുന്നു ജനറല്‍ ബോഡി നിലപാടെന്നും സിദ്ദിഖ് പറഞ്ഞു. അതേസമയം സെക്രട്ടറി സിദ്ദീഖ്, ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ട്രഷറര്‍ ജഗദീഷ് എന്നിവര്‍ വ്യത്യസ്ത്യ അഭിപ്രായങ്ങളുമായി രംഗത്ത് വന്നിട്ടും പൂര്‍ണ്ണ മൗനത്തിലാണ് അമ്മയുടെ അവസാനവാക്കും പ്രസിഡന്റുമായ മോഹന്‍ലാല്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top