കെ‌എസ്‌ആര്‍‌ടി‌സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ കോര്‍പ്പറേഷന് ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായി എം.ഡി. ടോമിന്‍ തച്ചങ്കരി; നഷ്ടം യൂണിയന്‍ നേതാക്കളില്‍ നിന്ന് ഈടാക്കും; ജീവനക്കാരുടെ ധാര്‍ഷ്ട്യം ജനം കൈകാര്യം ചെയ്തുകൊള്ളുമെന്ന് തച്ചങ്കരി

TOMINകെ‌എസ്‌ആര്‍‌ടി‌സി ജീവനക്കാര്‍ ചൊവ്വാഴ്ച നടത്തിയ മിന്നല്‍ പണിമുടക്കില്‍ കോര്‍പ്പറേഷന് ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായി എം.ഡി. ടോമിന്‍ തച്ചങ്കരി. മിന്നല്‍ പണിമുടക്കില്‍ വലഞ്ഞത് പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥികളും ജോലിക്ക് പോകുന്നവരുമടക്കം പത്തുലക്ഷത്തോളം ജനങ്ങളാണെന്നും, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് യാത്രക്കാരുടെ ടിക്കറ്റ് തുകയില്‍നിന്നാണെന്ന് ഓര്‍മ്മിക്കണമെന്നും തച്ചങ്കരി പറഞ്ഞു. കോര്‍പറേഷന് ഉണ്ടാക്കിയ നഷ്ടം യൂണിയന്‍ നേതാക്കളില്‍നിന്ന് ഈടാക്കണമെന്ന് തച്ചങ്കരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടിസിയുടെ റിസര്‍വേഷന്‍ കൗണ്ടര്‍ ജോലികള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ജീവനക്കാര്‍ പത്ത് ലക്ഷം യാത്രക്കാരെ മൂന്നര മണിക്കൂറിലധികം ബുദ്ധിമുട്ടിച്ചെന്നും ജീവനക്കാരുടെ ധാര്‍ഷ്ട്യം ഇനി ജനം കൈകാര്യം ചെയ്യുമെന്നും തച്ചങ്കരി പറഞ്ഞു. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്.

ഏറെ ആലോചനകള്‍ക്ക് ശേഷമാണ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ കുടുംബശ്രീയെ ഏല്‍പിച്ചത്. മുമ്പ് കൗണ്ടറുകളില്‍ ജോലിചെയ്തിരുന്നത് കണ്ടക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഓപ്പറേറ്റിങ് ജീവനക്കാരാണ്. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പിക്കുന്നതോടെ ജീവനക്കാരെ പുനര്‍ വിന്യസിപ്പിക്കാനായിരുന്നു തീരുമാനം.

നിലവില്‍ സര്‍വീസിലുള്ള ആരെയും പിരിച്ചുവിടില്ലെന്നിരിക്കെയാണ് അനാവശ്യ സമരം നടത്തി ജീവനക്കാര്‍ യാത്രക്കാരെ ബുദ്ധിമുട്ടിച്ചതെന്നും തച്ചങ്കരി പറഞ്ഞു. കുടുംബശ്രീയെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഏല്‍പ്പിക്കുന്നതിലൂടെ മുഴുവന്‍ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും ബസുകളില്‍ ലൈന്‍ ഡ്യൂട്ടിക്കു നിയോഗിക്കാനും മിനിസ്റ്റീരിയല്‍ ജീവനക്കാരെ ടിക്കറ്റ് കൗണ്ടറുകളില്‍ നിയോഗിക്കാനുമായിരുന്നു തീരുമാനം.

കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പിക്കുമ്പോള്‍ വാടകയും വൈദ്യുതി ചാര്‍ജും ഉള്‍പ്പെടെ എല്ലാ ചെലവും കുടുംബശ്രീ വഹിക്കും. ഇതില്‍നിന്ന് 4.5 ശതമാനം കമ്മീഷനാണ് കുടുംബശ്രീക്ക് കരാറടിസ്ഥാനത്തില്‍ ലഭിക്കുക. ടിക്കറ്റ് തുക അഡ്വാന്‍സായി കുടുംബശ്രീ കോര്‍പറേഷന്റെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കണം. ടോപ്അപ് റീചാര്‍ജ് മാതൃകയില്‍ ടിക്കറ്റ് ബുക്കിങ് കുടുംബശ്രീയെ ഏല്‍പ്പിക്കാനായിരുന്നു നീക്കം. കാന്റീന്‍, ശൗചാലയങ്ങള്‍ എന്നിവയുടെ ചുമതലയും ഭാവിയില്‍ കുടുംബശ്രീലെ ഏല്‍പിച്ചേക്കുമെന്നാണ് സൂചന

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment