Flash News

ശബരിമലയില്‍ പ്രതിഷേധം രൂക്ഷമായി; പോലീസ് സുരക്ഷയില്‍ യുവതികള്‍ നടപ്പന്തലിലെത്തി; ആചാരം ലംഘിച്ചാല്‍ നടയടയ്ക്കാന്‍ പന്തളം കൊട്ടാരത്തിന്റെ നിര്‍ദ്ദേശം

October 19, 2018

1539921722-Sabarimala_ANIസന്നിധാനം: ശബരിമലയില്‍ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ കനത്ത പൊലീസ് സുരക്ഷയില്‍ യുവതികള്‍ വലിയ നടപ്പന്തലിനു സമീപത്തേക്ക് എത്തി. യുവതികളെ തടയാനായി നിലത്തു കിടന്നാണ് ഭക്തരില്‍ ഭൂരിഭാഗത്തിന്റെയും പ്രതിഷേധം. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ 150 ഓളം പൊലീസുകാരാണ് യുവതികള്‍ക്ക് സംരക്ഷണമൊരുക്കുന്നത്. മലയാളിയായ യുവതി ഇരുമുടിക്കെട്ടുമായിട്ടാണു സന്നിധാനത്തേക്ക് നീങ്ങുന്നത്. യുവതികളെത്തുന്നത് അറിഞ്ഞതോടെ സന്നിധാനത്ത് വലിയ നടപ്പന്തലിനു മുന്നില്‍ വലിയ പ്രതിഷേധം ശക്തമാവുകയാണ്. നൂറുകണക്കിനു വരുന്ന ഭക്തര്‍ നാമജപങ്ങളുമായി സന്നിധാനത്ത് അണിനിരന്നിരിക്കുകയാണ്. കുട്ടികളെ മുന്നില്‍ അണിനിരത്തിയാണ് പ്രതിഷേധം നടത്തുന്നത്.

അതേസമയം സന്നിധാനത്ത് ആചാരലംഘനം നടക്കുകയാണെങ്കില്‍ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവരിന് പന്തളം കൊട്ടാരം നിര്‍ദേശം നല്‍കി. പന്തളം കൊട്ടാര നിര്‍വാഹകസമിതി സെക്രട്ടറി വി.എന്‍.നാരായണ വര്‍മയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

പ്രതിഷേധക്കാരെ പിന്തിരിപ്പിക്കുവാനായി ഐജി എസ്.ശ്രീജിത്ത് ചര്‍ച്ചയും നടത്തിയിരുന്നു. പ്രതിഷേധക്കാരോട് സംസാരിച്ച ഐജി സമാധാനപരമായി പിരിഞ്ഞു പോകണമെന്നും, നിങ്ങളെ ഉപദ്രവിക്കാന്‍ വന്നവരല്ല. നിയമത്തിന്റെ നിയോഗം നടപ്പാക്കാന്‍ ബാധ്യത പൊലീസിനുണ്ട്. പൊലീസിന്റെ ബുദ്ധിമുട്ടും മനസ്സിലാക്കണം. വിശ്വാസം മാത്രമല്ല നിയമവും സംരക്ഷിക്കേണ്ട ബാധ്യത പൊലീസിനുണ്ട്. അതുകൊണ്ട് സമാധാനപരമായി പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു.

വീണ്ടുമൊരു വനിതാ മാധ്യമപ്രവര്‍ത്തക കൂടി സന്നിധാനത്തേക്ക് പുറപ്പെട്ടു; മലകയറുന്നത് പൊലീസ് വേഷത്തില്‍

hqdefaultപമ്പ: മലകയറാന്‍ വീണ്ടും ഒരു യുവതികൂടി എത്തി. ശബരിമലയില്‍ എത്തിയ വനിതാ മാധ്യമപ്രവര്‍ത്തക പൊലീസ് വേഷത്തില്‍ സന്നിധാനത്തേക്ക് പുറപ്പെട്ടു. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ കവിതയാണ് പൊലീസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും മറ്റ് വേഷവിധാനങ്ങും അണിഞ്ഞ് നൂറിലധികം പൊലീസുകാരുടെ വലയത്തില്‍ സന്നിധാനത്തേക്ക് പോകുന്നത്. നീലിമല വഴിയാണ് ഇവര്‍ പോകുന്നത്. ഇവരോടൊപ്പം മലയാളിയായ ഒരു യുവതിയുമുണ്ട് എറണാകുളം സ്വദേശിനിയായ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്നലെ രാത്രിയാണ് ജോലിസംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയില്‍ പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. ഐജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാല്‍ രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കില്‍ സുരക്ഷ നല്‍കാമെന്നും പൊലീസ് അറിയിച്ചു.

ഇതേത്തുടര്‍ന്ന് രാവിലെ പമ്പയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രാവിലെ ഐജി എത്തിയ ശേഷമാണ് ഇവര്‍ യാത്ര തിരിച്ചത്. പമ്പയില്‍ നിന്ന് കാനന പാതയില്‍ എത്തുമ്പോഴേക്കും പ്രതിഷേധക്കാര്‍ എത്തുമെന്നാണ് പൊലീസ് കരുതുന്നത്. അതു കൊണ്ട് കൂടുതല്‍ പൊലീസുകാരെ എത്തിച്ച് ഇവരെ സന്നിധാനത്ത് എത്തിക്കാനാണ് ശ്രമിക്കുന്നത്. സന്നിധാനത്തേക്ക് പോകാനായി യുവതി എത്തിയ കാര്യം പ്രതിഷേധക്കാര്‍ അറിഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ പ്രതിഷേധം ശക്തമാകുമെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ക്കും പ്രതിഷേധത്തെത്തുടര്‍ന്ന് പിന്മാറേണ്ടി വന്നിരുന്നു.

അതേസമയം ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിട്ടുണ്ട്.

ആക്ടിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമല; പൊലീസിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രി

ശബരിമല: ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയടക്കം രണ്ട് സ്ത്രീകള്‍ക്ക് സന്നിധാനത്ത് പോകാന്‍ സുരക്ഷയൊരുക്കിയ പൊലീസിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദേശം. ഐജി ശ്രീജിത്തിനോട് നേരിട്ട് ഫോണില്‍ വിളിച്ചാണ് മടങ്ങാന്‍ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയത്. ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് മന്ത്രി ഡിജിപിയോട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഡിജിപിയുടെ കൂടി നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് മടങ്ങാന്‍ തീരുമാനിച്ചത്.

പൊലീസ് സംരക്ഷണത്തില്‍ സന്നിധാനത്തെത്തിയ യുവതികള്‍ക്ക് മുമ്പില്‍ ഒരുസംഘം ആളുകള്‍ ശരണം വിളിച്ച് കുത്തിയിരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സമവായത്തിന് പൊലീസ് ശ്രമിച്ചെങ്കിലും അവര്‍ പ്രതിഷേധം തുടര്‍ന്നു. ഉപദ്രവിക്കാന്‍ വന്നതല്ലെന്നും നിയമം നടപ്പാക്കാന്‍ അനുവദിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് പൊലീസിന് മടങ്ങാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top