Flash News

ദിലീപ് വിഷയം വീണ്ടും എ.എം.എം.എയില്‍; ദിലീപിന്റെ രാജി ആവശ്യപ്പെട്ടതാണെന്നും രാജി സ്വീകരിച്ചെന്നും മോഹന്‍‌ലാല്‍

October 19, 2018

mohanlal-dileep-newകൊച്ചി: ഡബ്ല്യൂസിസിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എ.എം.എം.എയുടെ പത്രസമ്മേളനം. ദിലീപിന്റെ രാജി ആവശ്യപ്പെട്ടുവെന്നും രാജി സ്വീകരിച്ചെന്നും പ്രസിഡന്റ് മോഹൻലാൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആവശ്യം ദിലീപിനോട് സംസാരിച്ച് താരസംഘടന രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും മോഹൻലാൽ നടിമാരെന്നാണ് വിശേഷിപ്പിച്ചത്. സ്ത്രീകളുടെ പ്രശ്നം പരിശോധിക്കാൻ എ.എം.എം.എയില്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെപിഎസി ലളിത, കുക്കു പരമേശ്വരൻ, കവിയൂർ പൊന്നമ്മ എന്നിവരാണ് അംഗങ്ങൾ. ജഗദീഷിന്റെയും സിദ്ദിഖിന്റെയും വാർത്താസമ്മേളനത്തിൽ പിശകില്ല. രണ്ടുപേരും പറഞ്ഞത് അമ്മയുടെ നിലപാടാണ്. രണ്ടുപേരും രണ്ടുവിധത്തിൽ പറഞ്ഞതേയുള്ളൂ. രാജിവച്ചവർക്കു തിരിച്ചുവരണമെങ്കിൽ അപേക്ഷ നൽകണം, അദ്ദേഹം വ്യക്തമാക്കി.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണു നടക്കുന്നത്. സംഘടന പതറിപ്പോയിനിൽക്കുകയാണ്. നാലുപേർ രാജിവച്ചുപോയ കാര്യമല്ല ഞങ്ങളുടെ വലിയ പ്രശ്നം. ഈ വിഷയത്തിൽ അടിയന്തരമായി ജനറൽ ബോഡി യോഗം വിളിക്കേണ്ട കാര്യമില്ല. ദിലീപിന്റേത് വലിയൊരു വിഷയമായിരുന്നു. അതാണ് ജനറൽ ബോഡിയിൽ ചർച്ച ചെയ്തത്. ദിലീപിന്റെ കാര്യത്തിൽ പ്രശ്നം പരിഹരിച്ചെന്നാണ് കരുതുന്നത്. ദിലീപിന്റെ കാര്യത്തിൽ സാവകാശം വേണമെന്ന് ഡബ്ല്യുസിസിയോട് ആവശ്യപ്പെട്ടിരുന്നു. അത് ഉൾക്കൊള്ളാതെയാണ് അവർ എ.എം.എം.എയില്‍ നിന്നു വിട്ടുപോയത്. ഡബ്ല്യുസിസി അംഗങ്ങളുടെ സമീപനമാണു പ്രശ്നമായത്.

ഈ മൂന്നു പേർക്കുവേണ്ടി ഞങ്ങളുടെ പ്രസിഡന്റ് വളരെയധികം ചീത്തയാണ് കേൾക്കുന്നതെന്ന് നടൻ ബാബുരാജ് പറഞ്ഞു. എ.എം.എം.എയില്‍ നിന്ന് ചോരയൂറ്റിക്കുടിച്ചു വളരാനാണ് ഡബ്ല്യുസിസിയുടെ ശ്രമമെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. എ.എം.എം.എയെ നാലു കഷണമാക്കാൻ ഡബ്ല്യുസിസിക്ക് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നടിമാർ മാപ്പു പറയണമോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ മോഹൻലാൽ തയാറായില്ല. തിരിച്ചുവരാൻ അവർ മാപ്പു പറയേണ്ടതില്ലെന്നും എന്നാൽ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയോടു മോശമായി പെരുമാറിയെന്ന സംഭവത്തിൽ നടൻ അലൻസിയറിൽനിന്ന് വിശദീകരണം തേടുമെന്നും മോഹൻലാൽ അറിയിച്ചു. അടുത്ത എക്സിക്യൂട്ടീവിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. ആ കുട്ടി എ.എം.എം.എയില്‍ പരാതി നൽകിയിട്ടില്ല. ഇനിയും പരാതി നൽകിയാലും സ്വീകരിക്കും. ഇനി കൂടുതൽ പരാതി ഉണ്ടാകാതെ ഇരിക്കട്ടെയെന്നു മോഹൻലാൽ പറഞ്ഞത് വാർത്താ സമ്മേളനത്തിൽ ചിരി പടർത്തി. മുകേഷിനതിരെ ടെസ് ജോർജ് എ.എം.എം.എയ്ക്കു പരാതി നൽകിയിട്ടില്ല. ആ ആരോപണത്തിലും വ്യക്തതയില്ല. അതിനാൽ അന്വേഷിക്കില്ല.

നടിമാരെെന്നു വിശേഷിപ്പിച്ചെന്ന പരാതിയിൽ – നടീ നടൻമാരുടെ സംഘടനയല്ലേ അത്. അവരെ അങ്ങനെയല്ലേ വിശേഷിപ്പിക്കേണ്ടതെന്നും മോഹൻലാൽ ചോദിച്ചു. അതു ഒരു വലിയ കാര്യമായി എനിക്കു തോന്നിയിട്ടില്ല. അവരെന്നെ എന്തുവേണമെങ്കിലും വിളിച്ചോട്ടെ. ഞാനതു കാര്യമാക്കുന്നില്ല. രേവതി, പദ്മപ്രിയ, പാർവതി എന്നിവരോട് ഇപ്പോഴും സൗഹൃദമുണ്ട്. കെപിഎസി ലളിതയുടെ പരാമർശം നാടൻ പ്രയോഗമായി കണ്ടാൽ മതി.

1539779531_ammaഎ.എം.എം.എ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നതിനാൽ എല്ലാ ആരോപണങ്ങളും മോഹൻലാൽ എന്ന വ്യക്തിയെ ഉന്നം വച്ചാണ് പറയുന്നത്. അതിൽ അതൃപ്തിയുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി. മോഹൻലാലും ഡ‍ബ്ല്യുസിസിയും നേർക്കുനേർ എന്ന തരത്തിലാണ് ചർച്ചകളും ആരോപണങ്ങളും. ഇതിൽ പ്രതിഷേധമുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി. ഈ സ്ഥാനത്ത് ഇരിക്കുന്നതിൽ സംതൃപ്തനല്ല. അർഥമില്ലാത്ത ആരോപങ്ങൾ വരുന്നതിൽ താൽപര്യമില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.

എ.എം.എം.എയെ തകർക്കാൻ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടൻ സിദ്ദിഖ് അറിയിച്ചു. നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്നു തന്റെ മൊഴിയാണെന്ന പേരിൽ പ്രചരിക്കുന്നതിനെക്കുറിച്ചു തനിക്ക് അറിയില്ലെന്നും സിദ്ദിഖ് പറഞ്ഞു. താൻ ഒപ്പിട്ട പേപ്പറിൽ അങ്ങനെയില്ല. ചോദ്യങ്ങൾക്കു വ്യക്തമായി ഉത്തരം നൽകിയിട്ടുണ്ട്. ആ കേസിലെ സാക്ഷിയാണ് താൻ. ഇനി കോടതിയിൽ എല്ലാം പറയും, സിദ്ദിഖ് വ്യക്തമാക്കി.

വാട്സാപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശം ചോർന്നതെങ്ങനെയെന്നു പരിശോധിക്കുമെന്നും മോഹൻലാൽ അറിയിച്ചു. ഔദ്യോഗിക വക്താവ് എന്ന നിലയിൽ ഇതുവരെ ആളില്ല. ജഗദീഷ് വാർത്താക്കുറിപ്പ് ഇറക്കിയതും സിദ്ദിഖ് വാർത്താസമ്മേളനം നടത്തിയതും മോഹൻലാലിന്റെ അനുവാദത്തിലാണ്. ഇതുവരെ സംഘടനയ്ക്ക് ഇത്തരമൊരു ആവശ്യം വന്നിട്ടില്ല. അതിനാൽ അടുത്ത യോഗത്തിൽ ഔദ്യോഗിക വക്താവ് ആരെന്നു തീരുമാനിക്കും.

എല്ലാവർക്കും എന്നെ ആവശ്യമാണെന്നു തോന്നിയാൽ ഈ സ്ഥാനത്തിനു മര്യാദ കൊടുത്ത് എന്നെ ഇതു നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിയുമെന്നു തോന്നിയാൽ താൻ ഇതിൽ മുന്നോട്ടുപോകും, മോഹൻലാൽ അറിയിച്ചു.

അമ്മയെ നാല് കഷണങ്ങളാക്കിയത് ഡബ്ല്യുസിസി: ബാബുരാജ്

‘അമ്മ’ എന്ന സംഘടനയെ നാല് കഷണമാക്കിയത് ഡബ്ല്യുസിസിയെന്ന് നടന്‍ ബാബുരാജ്. എ.എം.എം.എ ഭാരവാഹികള്‍ വിളിച്ച പത്രസമ്മേളനത്തിനിടെയായിരുന്നു ബാബുരാജിന്റെ പരാമര്‍ശം. അമ്മ എന്ന തങ്ങളുടെ സംഘടനയെ പലരും ഇപ്പോള്‍ പറയുന്നത് എ.എം.എം.എ എന്നാണ്. ഇതിന് കാരണം ഡബ്ല്യുസിസി ആണെന്നും ബാബുരാജ് ആരോപിച്ചു.

താന്‍ അവര്‍ക്ക് അനുകൂലമായി സംസാരിച്ചത് പലപ്പോഴും അവര്‍ മനസ്സിലാക്കിയത് വേറെ രീതിയിലാണ്. അക്രമത്തിനിരയായ നടിയോട് അവര്‍ സംസാരിക്കുന്നുണ്ടോ എന്ന കാര്യം പോലും സംശയമാണ്. ഇവര്‍ തങ്ങള്‍ക്കുണ്ടാക്കുന്ന പ്രശ്‌നം വലുതാണ്. അമ്മയെ എ.എം.എം.എ ആക്കിയത് ഇത്തരത്തിലൊന്നാണ്.

ഇതിനൊക്കെ തങ്ങളുടെ അംഗങ്ങളോട് മറുപടി പറയേണ്ടതുണ്ട്. ഈ മൂന്ന് പേര്‍ക്ക് വേണ്ടി തങ്ങളുടെ പ്രസിഡന്റ് കേള്‍ക്കുന്ന ചീത്തവിളിക്ക് യാതൊരു പരിധിയുമില്ല. അവരെ തിരിച്ചു വിളിച്ചാല്‍ പോലും ഡബ്ല്യുസിസി ഇല്ലാതാവില്ലല്ലോ. അവര്‍ തങ്ങളില്‍നിന്നു ചോര ഊറ്റിക്കുടിച്ച് വളരാന്‍ ആഗ്രഹിക്കുന്ന സംഘടനയാണെന്നും ബാബുരാജ് ആരോപിച്ചു.

എല്ലാം മോഹന്‍ലാലിന്റെ അറിവോടെയാണെന്ന് ജഗദീഷ്

amma-press-meet_710x400xtതാരസംഘടനയായ അമ്മയും വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നടന്‍ സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനവും താന്‍ പുറത്തിറക്കിയ പത്രക്കുറിപ്പും മോഹന്‍ലാലിന്റെ അറിവോടെ തന്നെയാണെന്ന് സംഘടനയുടെ വക്താവ് കൂടിയായ ജഗദീഷ് പറഞ്ഞു. തങ്ങള്‍ തമ്മില്‍ ഇതിന് മുമ്പും തര്‍ക്കമുണ്ടായിട്ടുണ്ടെന്നും അതെല്ലാം തന്നെ പറഞ്ഞു തീര്‍ത്ത് സൗഹൃദത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും ജഗദീഷ് വ്യക്തമാക്കി. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ അവെയ്‌ലബിള്‍ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇവര്‍.

എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ സംസാരിക്കാന്‍ അവസരമൊരുക്കുന്ന സംഘടനയാണ് അമ്മയെന്നും കെ.പി.എ.സി. ലളിത വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചതില്‍ തെറ്റൊന്നുമില്ലെന്നും മോഹന്‍ലാലും അറിയിച്ചു.

മോഹന്‍ലാല്‍: കെ.പി.എ.സി ലളിത എന്ന മെമ്പര്‍ക്ക് സംസാരിക്കാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത സംഘടനയല്ല അമ്മ. അവര്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. ഒരു കാര്യം പറയട്ടെ, സംഘടനയുടെ പ്രതിനിധിയായി ഒരു വനിത ഇല്ലായിരുന്നു എന്നതായിരുന്നല്ലോ പ്രശ്‌നം. അവിടെ ഉണ്ടായിരുന്നത് ചേച്ചിയായിരുന്നു.

സിദ്ദിഖ്: ചേച്ചിയെ ഞാന്‍ ആണ് വിളിച്ചത്. അത് ദിലീപിന്റെ സിനിമയുടെ സെറ്റ് ആയിരുന്നില്ല. മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷന്‍ ആയിരുന്നു. അവിടെ വച്ചാണ് പത്രസമ്മേളനം നടത്തിയത്. ഒരു സീനിയര്‍ വനിതാ പ്രതിനിധി എന്ന നിലയ്ക്ക് വരാന്‍ ചേച്ചിയോട് ഞാന്‍ ആണ് ആവശ്യപ്പെട്ടത്. മോഹന്‍ലാലുമായും ഇടവേള ബാബുവുമായും ഞാന്‍ അക്കാര്യം സംസാരിച്ചതാണ്.

അമ്മയിലെ അംഗങ്ങളെ രാജിവപ്പിക്കാനും തകര്‍ക്കാനും ആയി ഡബ്ല്യു.സി.സിക്ക് ഗൂഢ അജണ്ട ഉണ്ടെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. അതെന്റെ മാത്രം വ്യക്തിപരമായ അഭിപ്രായമാണ്. വളരെ നിഗൂഢമായ അജണ്ടയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു എന്ന് എനിക്ക് ബോധ്യമായ കാര്യമാണ്. പല വാര്‍ത്താസമ്മേളനങ്ങളിലൂടെയും ഞങ്ങളെ അപമാനിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. അമ്മ എന്ന സംഘടനയെ തകര്‍ക്കാനും അതില്‍ ഭിന്നത ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്.

1539779531_ammaഞാനും ജഗദീഷും തമ്മില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് ഞങ്ങള്‍ തമ്മില്‍ പറഞ്ഞാല്‍ തീരും. ഒരു സംഘടനയ്ക്കകത്ത് പലര്‍ക്കും പല അഭിപ്രായങ്ങളും ഉണ്ടാകും. അതിനകത്ത് നിന്നാണ് നമ്മള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവിടെ അഭിപ്രായങ്ങള്‍ മാറും. ഇനിയും ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. അത് മാറുകയും ചെയ്യും.

ജഗദീഷ്: പ്രസ് റിലീസ് പ്രസിഡന്റ് മോഹന്‍ലാലിന്റെ സമ്മതത്തോടെയും അറിവോടെയും ഞാന്‍ തയ്യാറാക്കിയതാണ്. സിദ്ദിഖ് നേരത്തെ തന്നെ പത്രസമ്മളനം നടത്താന്‍ പ്രസിഡന്റിനോട് സമ്മതം വാങ്ങിയിരുന്നു. പക്ഷേ വാര്‍ത്താസമ്മേളനം എന്ന് പറയുമ്പോള്‍ അതില്‍ പറയുന്ന എല്ലാ വാക്കുകളും നേരത്തെ ലാലിനെ അറിയിക്കുക എന്നത് സാധ്യമല്ല. നമ്മുടെ നടപടികളാണ് സിദ്ദിഖ് സംസാരിച്ചത്. അത് ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യങ്ങളാണ്. പിന്നെ എന്റെ പേരിലുള്ള ശബ്ദസന്ദേശമൊക്കെ വിട്ടേക്ക്. അത് ഞങ്ങള്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള പ്രശ്‌നം. അതങ്ങനെ തീര്‍ത്തോളം. ഇതിന് മുന്‍പും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഡബ്ല്യു.സി.സി ആവശ്യപ്പെട്ട കാര്യങ്ങള്‍ മോഹന്‍ലാല്‍ പരിഗണിക്കുന്നു എന്നതിന് തെളിവാണ് ദിലീപിനോട് രാജി ആവശ്യപ്പെട്ടത്. അവര്‍ നടത്തുന്ന ചില പ്രസ്താവനകളോടുള്ള വിയോജിപ്പും അമര്‍ഷവുമാണ് സിദ്ദിഖ് രേഖപ്പെടുത്തിയത്. നടിമാര്‍ എന്ന് വിളിച്ചതിന് ആദ്യം തന്നെ പുച്ഛിച്ചു. അത് മോഹന്‍ലാല്‍ എന്ന വ്യക്തിക്കും സഹപ്രവര്‍ത്തകനും വേദന ഉണ്ടാക്കും. അതിലുള്ള വേദന അതാണ് സിദ്ദിഖ് രേഖപ്പെടുത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top