ഹ്യൂസ്റ്റന്‍: മഹാരാഷ്ട്ര സ്റ്റേറ്റിലെ പൂനാ കേന്ദ്രമായി വിവിധ സംസ്ഥാനങ്ങളില്‍ നിശബ്ദവും, നിഷ്കാമവുമായി അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മലയാളി മഹതി സിസ്റ്റര്‍ ലൂസി കുര്യന് ഹ്യൂസ്റ്റന്‍ സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ സുഹൃത്തുക്കളും ഇവിടുത്തെ സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് വളരെ ഊഷ്മളമായ സ്വീകരണമാണൊരുക്കിയത്. ഒക്ടോബര്‍ 15-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള ഫ്ളെമിംഗോ എസ്റ്റേറ്റ് ഹൗസില്‍ വച്ചായിരുന്നു സ്വീകരണം. സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കുര്യന് മ്യാലില്‍ സ്വീകരണ സമ്മേളനത്തിലെ കണ്‍വീനറായി പ്രവര്‍ത്തിച്ചു. അദ്ദേഹം സിസ്റ്റര്‍ ലൂസി കുര്യനെ സദസ്സിനു പരിചയപ്പെടുത്തി.
കത്തോലിക്കാ സഭയിലെ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് ഓര്‍ഡറിലുള്ള സന്യസ്തസഭയിലെ അംഗമാണ് സിസ്റ്റര്‍ ലൂസി കുര്യന്. സ്വന്തം മഠത്തിന്റെ ചട്ടക്കൂടില്‍ തന്നെ നിന്നുകൊണ്ട് സാധുക്കളേയും അശരണരേയും സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന ”ഹോപ്പ്” പ്രതീക്ഷ എന്ന സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ആ സംഘടനയിലെ ചില പരിമിതികള്‍ മനസ്സിലാക്കിയ സിസ്റ്റര്‍ ലൂസി 1997-ല്‍ പൂനയില്‍ ‘മാഹര്‍” എന്ന ജീവകാരുണ്യ സന്നദ്ധസംഘടന സ്ഥാപിച്ചു.
”മാഹര്‍” എന്ന മറാത്തി പദത്തിന്റെ അര്‍ത്ഥം ”അമ്മയുടെ ഭവനം” എന്നാണ്. അതിരുകളില്ലാത്ത മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളില്‍ ഇന്ന് ആ പ്രസ്ഥാനം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മദര്‍ തെരേസയുടെ ജീവിതവും ഉപവി പ്രവര്‍ത്തികളും സിസ്റ്റര്‍ ലൂസി കുര്യന് ഉത്തമമായ മാതൃകയായിരുന്നു. പടിപടിയായ സിസ്റ്റര്‍ ലൂസിയുടെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകള്‍ വിസ്തൃതമായി വ്യാപിച്ചു. ജാതിമതഭേദമില്ലാതെ അശരണരേയും ആലംബഹീനരേയും അവര്‍ കൈപിടിച്ച് ജീവിതത്തിലേക്ക് ആനയിച്ചു. ചേരി പ്രദേശങ്ങളിലും, തെരുവിലും അന്തി ഉറങ്ങിയിരിക്കുന്ന അനാഥ ബാലകരേയും, രോഗികളും, ദുര്‍ബലരുമായവരെ കണ്ടെത്തി അവര്‍ക്ക് അഭയവും, കിടപ്പാടവും, ആശ്രയവും നല്കി. വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട അബലകളായ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്കി. അവര്‍ക്കെല്ലാം മരുന്നും വസ്ത്രവും ഭക്ഷണവും കൊടുത്തു.

നാരി ശക്തിപുരസ്കാര്‍, പോള്‍ഹാരിസ് ഇന്റര്‍നാഷണല്‍ അവാര്‍ഡ്, വനിതയുടെ, വുമന്‍ ഓഫ് ദ ഇയര്‍ 2016, ഗ്ലോബല്‍ വുമന്‍സ് ലീഡര്‍ഷിപ്പ് അവാര്‍ഡ് തുടങ്ങിയവ സിസ്റ്റര്‍ ലൂസിക്കു ലഭ്യമായ അനേകം ബഹുമതികളില്‍ ചില മുഖ്യമായവ മാത്രം. സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളുടേയും മനുഷ്യാവകാശങ്ങളുടേയും ഒരു സജീവ വക്താവു കൂടിയാണ് സിസ്റ്റര്‍ ലൂസി കുര്യന്. കേരളത്തില്‍ കണ്ണൂരില്‍ വാകച്ചാലില്‍ കുര്യന്- മറിയക്കുട്ടി ദമ്പതികളാണ് സിസ്റ്റര്‍ ലൂസിയുടെ മാതാപിതാക്കള്‍.
സ്വീകരണത്തിനു നന്ദിരേഖപ്പെടുത്തിക്കൊണ്ടാണ് സിസ്റ്റര്‍ ലൂസി കുര്യന് പ്രസംഗമാരംഭിച്ചത്. താന്‍ ഒരു ക്രിസ്ത്യന്‍ കോണ്ഗ്രികേഷന്റെ ഭാഗമാണെങ്കിലും തന്റെ പ്രവര്‍ത്തനമേഖലയും ”മാഹര്‍” എന്ന പ്രസ്ഥാനവും സകല മതസ്ഥര്‍ക്കും വേണ്ടിയുള്ളതാണ്. ഇവിടെ ചേരിതിരിവുകളില്ല. ഇവിടെ അവരവരുടെ മതവും വിശ്വാസവും അനുസരിച്ചു ജീവിക്കാം. സര്‍വ്വമത പ്രാര്‍ത്ഥനകളും ഉത്സവങ്ങളുമാണ് ”മാഹറിലെ” അന്തേവാസികള്‍ ഉരുവിടുന്നതും, ആചരിക്കുന്നതും. ഈ പ്രസ്ഥാനത്തിന്റെ നടത്തിപ്പിനായി യാതൊരു നിര്‍ബന്ധിത പിരിവും നടത്താറില്ല. ഉദാരമതികള്‍ സ്വമനസ്സാലെ തരുന്നതു മാത്രം വാങ്ങും ആ തുക കൃത്യമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം വിനിയോഗിക്കും. ഹ്യസ്വ സന്ദര്‍ശനത്തിന് യുഎസ്സില്‍ എത്തിയ സിസ്റ്റര്‍ ലൂസി ഈ വാരാന്ത്യത്തില്‍ തന്നെ മടങ്ങിപ്പോകും.
യോഗത്തില്‍ ജോര്‍ജ്ജ് മണ്ണികരോട്ട്, എ.സി. ജോര്‍ജ്ജ്, മാത്യു നെല്ലിക്കുന്ന്, ജോര്‍ജ്ജ് പുത്തന്‍കുരിശ്, സൈമണ്‍ വാലാചേരി, തോമസ് ചെറുകര, പൊന്നു പിള്ള, തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. തുടര്‍ന്ന് ലൂസി കുര്യന്റെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളെപ്പറ്റിയുള്ള സജീവ ചര്‍ച്ചയില്‍ ബേബി കൈതമറ്റത്തില്‍, ഏലിയാമ്മ കൈതമറ്റത്തില്‍, ജയിന് കൈതമറ്റത്തില്‍, സൈമണ്‍ കൈതമറ്റത്തില്‍, സാജു കൈതമറ്റത്തില്‍, റൂബി കൈതമറ്റത്തില്‍, ജോളി മ്യാലില്‍, റെജി മ്യാലില്‍, മാത്യു വട്ടകോട്ടയില്‍, ഫിലിപ്പ് തെക്കേയില്‍, മേരിക്കുട്ടി മ്യാലില്‍, സിനി മ്യാലില്‍, ഗ്രേസി നെല്ലിക്കുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു. മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് മണ്ണിക്കരോട് സിസ്റ്റര്‍ ലൂസി കുര്യനെ പൊന്നാട അണിയിച്ച് യോഗത്തില്‍ സന്നിഹിതരായ എല്ലാവര്ക്കും വേണ്ടി ആദരിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply