Flash News

റിപ്പോര്‍ട്ടര്‍ ചാനല്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്ന്

October 20, 2018 , സ്വന്തം ലേഖകന്‍

banner smallന്യൂയോര്‍ക്ക്: റിപ്പോര്‍ട്ടര്‍ ചാനല്‍ നോര്‍ത്ത് അമേരിക്ക ആസ്ഥാനമാക്കി ‘ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍’ എന്ന രാജ്യാന്തര ടെലിവിഷന്‍ ചാനല്‍ ആരംഭിക്കുന്നു. വിനോദവും വിജ്ഞാനവും കൂട്ടിയിണക്കിയതാണ് പുതിയ ചാനലെന്ന് റിപ്പോര്‍ട്ടര്‍ ടി.വി മാനേജിംഗ് ഡയറക്ടര്‍ എം.വി നികേഷ് കുമാര്‍ അറിയിച്ചു. സീനിയര്‍ മാധ്യമ പ്രവര്‍ത്തകരായ വിനീത നായര്‍, പ്രിയ രവീന്ദ്രന്‍, അനുപമ വെങ്കിടേഷ് എന്നിവര്‍ ഗ്ലോബല്‍ റിപ്പോര്‍ട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കും. ബ്രോഡ്കാസ്റ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായി വിനീതയും, ന്യൂസ് ഡറക്ടറായി അനുപമയും ചുമതലയേല്‍ക്കും. ഇവരെക്കൂടാതെ ഇന്ത്യയില്‍ നിന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രിയ രവീന്ദ്രന്‍ ഓവര്‍സീസ് പ്രോഗ്രാംസ് ഡയറക്ടര്‍ ആയും പ്രവര്‍ത്തിക്കും.

പ്രമുഖ ജേണലിസ്റ്റും, അവതാരകയും, കമ്യൂണിക്കേഷന്‍ സ്‌കില്‍സ് ട്രെയ്‌നറുമാണ് വിനീത നായര്‍. കേരള സര്‍വകലാശാലയില്‍ നിന്നും കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ വിനീത പഠനകാലം മുതലേ മാധ്യമങ്ങളില്‍ സജീവമായിരുന്നു. അക്കാലത്ത് ദൂരദര്‍ശന്‍, ഏഷ്യനെറ്റ് കമ്യൂണിക്കേഷന്‍സ്, സൂര്യ ടിവി, ഓള്‍ ഇന്ത്യ റേഡിയോ എന്നീ മാധ്യമങ്ങളില്‍ വിനീത നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സാമൂഹിക, രാഷ്ട്രീയ, സാഹിത്യ മേഖലകളിലെ പ്രമുഖ വ്യക്തികളെ വിവിധ മാധ്യമങ്ങള്‍ക്കായി ഇന്റര്‍വ്യു ചെയ്തിട്ടുണ്ട്. കായംകുളം താപവൈദ്യുത നിലയം മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പെയ് ഉദ്ഘാടനം ചെയ്ത ചടങ്ങിലെ അവതാരക വിനീത ആയിരുന്നു. ന്യൂസ് എഡിറ്റര്‍, ന്യൂസ് ആങ്കര്‍, റിപ്പോര്‍ട്ടര്‍, ടോക് ഷൊ ഹോസ്റ്റ്, പ്രൊഡ്യുസര്‍, ക്രിയേറ്റീവ് കോപ്പിറൈറ്റര്‍, എന്നീ മേഖലകളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയം വിനീത നായര്‍ക്കുണ്ട്. 9/11 ഭീകരാക്രമണം നടന്നപ്പോള്‍ ദൃസാക്ഷി വിവരണങ്ങള്‍ അടങ്ങിയ വാര്‍ത്തകള്‍ വിനീത റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ ഇന്ത്യന്‍ കമ്യൂണിറ്റി വാര്‍ത്തകള്‍ അമേരിക്കയിലും ഇന്ത്യയിലും ഉള്ള മാധ്യമങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്യുന്ന ഫ്രീലാന്‍സറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യുജേഴ്‌സില്‍ നിന്നുള്ള മലയാളം ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ പ്രവാസി ചാനലിന്റെ ചീഫ് ബ്രോഡ്കാസ്റ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൈം ടൈം ന്യൂസ് ആയ ‘മലയാളം ന്യൂസ് വിത് വിനീത നായര്‍’ ജനശ്രദ്ധ പിടിച്ചു പറ്റി. പ്രമുഖ വ്യക്തികളുമായുള്ള ഇന്റര്‍വ്യൂ, ടോക് ഷോ തുടങ്ങിയവ അവതരിപ്പിക്കുന്നതിനൊപ്പം ചില പരിപാടികളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. വിനീതയുടെ ലളിതവും ചടുലവുമായ ശൈലിയും, പ്രേക്ഷകരുമായി സംവദിക്കാനുള്ള കഴിവും, മാധ്യമ വ്യക്തിത്വങ്ങളില്‍ ഇവരെ വളരെ പ്രിയപ്പെട്ടതാക്കുന്നു. ദൃശ്യമാധ്യമ രംഗത്തെ പ്രോജക്ടുകള്‍ക്കൊപ്പം, ന്യൂജേഴ്‌സിയില്‍ പബ്ലിക് സ്പീക്കിംഗ് സ്‌കില്‍ പരിശീലിപ്പിക്കുയും ചെയ്തു വരുന്നു. ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ (ഐ.എ.പി.സി) സ്ഥാപകാംഗം കൂടിയാണ് വിനീത. സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് വൈസ് ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിച്ച് വരുന്നു.

പ്രിയ രവീന്ദ്രന്‍ ഇരുപത്തിമൂന്ന് വര്‍ഷങ്ങളായി ടെലിവിഷന്‍ പ്രൊഡക്ഷന്‍ മേഖലയില്‍ തനതായ സംഭാവനകള്‍ നല്‍കി വരുന്നു. കേരള സര്‍ക്കാറിന്റെ കീഴിലുള്ള കുടുംബശ്രീ, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടമെന്റ്, കെ ഐ എല്‍ എ എന്നിവയ്ക്കായി അന്‍പതിലതികം ടിവി ഡോക്യുമെന്ററികള്‍ പ്രിയ ഡയറക്ട് ചെയ്തു. ടെക്‌നോപാര്‍കിലെ സോഫ്‌വയര്‍ കമ്പനിയായ ഐ ബിഎസിനു വേണ്ടി കോര്‍പറേറ്റ് വീഡിയോകള്‍ നിര്‍മ്മിച്ചു. പത്തിലധികം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഫിലിംസ് കമ്പനികള്‍ക്കും സര്‍ക്കാര്‍ സംഘടനകള്‍ക്കും വേണ്ടി ഗവേഷണം നടത്തുകയും, എഴുതുകയും, ഡയറക്ട് ചെയ്യുകയും ചെയ്തു. മനോരമ ന്യൂസില്‍ സീനിയര്‍ പ്രൊഡ്യൂസറും ന്യൂസ് അസൈന്‍മെന്റ് ഇന്‍ ചാര്‍ജുമായി പ്രിയ സേവനമനുഷ്ടിച്ചു. ഇന്ത്യാ വിഷന്‍ ചാനലില്‍ ന്യൂസ് ആന്‍ഡ് ഫീച്ചേഴ്‌സ് എഡിറ്റര്‍, കൈരളി ടിവിയിലും സൂര്യ ടിവിയിലും ന്യൂസ് റിപ്പോട്ടര്‍, ഇലക്ഷന്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നെറ്റ്‌വര്‍ക് ടെലിവിഷനില്‍ പ്രൊഡ്യൂസറും ന്യൂസ് റിപ്പോര്‍ട്ടറുമായിരുന്ന പ്രിയ രവീന്ദ്രന്‍ കോര്‍പറേറ്റ് വീഡിയൊകള്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് സംവിധാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ ദൂരദര്‍ശന്‍ കേന്ദ്രത്തിനു വേണ്ടിയും പരിപാടികള്‍ നിര്‍മിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ടെലിവിഷന്‍ പ്രൊഡക്ഷന്റെ സമസ്ത മേഖലകളെക്കുറിച്ചും വ്യക്തമായ അറിവും പ്രവര്‍ത്തന പരിചയവും ഉള്ള സീനിയര്‍ മാധ്യമ പ്രവര്‍ത്തകയായ പ്രിയ, പ്രേക്ഷകരുടെ ആവശ്യവും പ്രത്യേകതയും മനസ്സിലാക്കി വ്യത്യസ്തമായ പരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നവരില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു.

മലയാളത്തില്‍ ഇരുപത്തിനാലു മണിക്കൂര്‍ വാര്‍ത്താ ചാനലെന്ന വിപ്ലവകരമായ മാറ്റം നടപ്പാക്കിയ ഇന്ത്യാ വിഷന്‍ ടീമിലെ ആദ്യകാലം മുതലുള്ള മാധ്യമപ്രവര്‍ത്തകയാണ് അനുപമ വെങ്കിടേഷ്. പിന്നീട് കേരളത്തിന്റെ വാര്‍ത്താ സംസ്‌കാരത്തില്‍ ടെലിവിഷന്‍ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമായപ്പോള്‍ മലയാള ദൃശ്യമാധ്യമ രംഗത്തെ മുന്‍നിര ജേണലിസ്റ്റുകളുടെ കൂട്ടത്തില്‍ അനുപമയും ഇടം നേടി. റിപ്പോര്‍ട്ടര്‍, പ്രൈം ടൈം ന്യൂസ് ആങ്കര്‍, പ്രൈം ടൈം ടോക് ഷോ ആങ്കര്‍, പ്രോഗ്രാം പ്രൊഡ്യൂസര്‍, ബ്യൂറോ ചീഫ്, ഡെസ്‌ക് ചീഫ്, ചീഫ് ന്യൂസ് എഡിറ്റര്‍, സീനിയര്‍ എഡിറ്റര്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്നീ വിവിധ റോളുകള്‍ ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ചാനലുകളുലായി കൈകാര്യം ചെയ്തു.സുനാമി ആഞ്ഞടിച്ച രണ്ടായിരത്തി നാലില്‍ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ നിന്ന് തുടര്‍ച്ചയായി മലയാളത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയത് അനുപമയായിരുന്നു. മാറാട് കലാപത്തെത്തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്ത്യാവിഷനിലൂടെ കലാപ ബാധിത പ്രദേശങ്ങളുടെ നിരവധി ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ നല്‍കി. രാഷ്ട്രീയം, ജെന്റര്‍ റിപ്പോര്‍ട്ടിങ്ങ് എന്നിവയാണ് താല്പര്യത്തോടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍. കേരളം, തമിഴ് നാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ സ്‌പെഷല്‍ കറസ്‌പ്പോണ്ടന്റായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ മണ്ഡലങ്ങളിലും സഞ്ചരിച്ച് പല തവണ ടോക് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിഎട്ടു മുതലുള്ള എല്ലാ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും ചാനലുകള്‍ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ ചാനലുകള്‍ക്ക് പുറമേ യുഎഇയിലെ എന്‍ടിവി, ക്ലബ് എഫ്എം യുഎഇ എന്നിവിടങ്ങളിലും പാനലിസ്റ്റ് ആയിരുന്നു. മികച്ച മാധ്യമപ്രവര്‍ത്തകക്കുള്ള കെവി ഡാനിയേല്‍ അവാര്‍ഡ്, ശാന്താ ദേവി പുരസ്‌കാരം, ഉഗ്മ ഗാലപ് പോള്‍ അവാര്‍ഡ്, ദൃശ്യ പുരസ്‌കാരം, ഫ്രെയിം മീഡിയ അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്. ഇന്ത്യാടുഡേ അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ കേരള മാധ്യമരംഗത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് റിപ്പോ4ട്ടര്‍ ടിവി ഉള്‍പ്പെടെ വിവിധ ചാനലുകള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ പത്രങ്ങളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്. ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഔദ്യോഗികമായ ഉദ്ഘാടനത്തെക്കുറിച്ചുള്ള അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നും നികേഷ് കുമാര്‍ പറഞ്ഞു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top