Flash News

യുവതി സന്നിധാനത്തെത്തിയെന്ന സംശയത്തില്‍ പ്രതിഷേധം; തമിഴ്നാട് സ്വദേശിനി അയ്യപ്പ ദര്‍ശനം നടത്തി

October 20, 2018

sabarimala-8പന്തളം: യുവതി അയ്യപ്പ ദര്‍ശനം നടത്തിയെന്ന് ആരോപിച്ച് ശബരിമല നടപ്പന്തലില്‍ പ്രതിഷേധം. എന്നാല്‍ തമിഴ്നാട് സ്വദേശിനി അയ്യപ്പ ദര്‍ശനം നടത്തി മടങ്ങി. സന്നിധാനത്തെത്തിയ സ്ത്രീക്കെതിരെ പ്രായത്തിന്റെ സംശയത്തില്‍ ശരണം വിളികളുമായാണ് തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചത്. 55 വയസ്സുണ്ടെന്ന് ദര്‍ശനത്തിന് എത്തിയ സ്ത്രീ അറിയിച്ചു. പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ നിറഞ്ഞു നിന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇരുമുടിക്കെട്ടുമായി എത്തിയ സ്ത്രീ പതിനെട്ടാംപടി കയറി ദര്‍ശനം നടത്തി. സ്ത്രീക്ക് 55 വയസുണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിനിയായ ഇവർ രണ്ടാം തവണയാണ് ശബരിമല ദർശനത്തിനെത്തുന്നത്.

പതിനെട്ടാംപടിക്ക് വളരെ അടുത്ത് വരെ അവര്‍ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ശരണം വിളികള്‍ മുഴക്കി ഒരുകൂട്ടം ഭക്തര്‍ സംഘടിച്ചതും പ്രതിഷേധിച്ചതും. ഒരു യുവതി വലിയ നടപ്പന്തലില്‍ എത്തിയെന്ന സംശയത്തെത്തുടര്‍ന്നാണ് ഭക്തര്‍ പ്രതിഷേധിച്ചത്.സ്ത്രീക്ക് അമ്പത് വയസിന് മുകളില്‍ പ്രായമുണ്ടെന്ന് പൊലീസ് പറയുകയും അവര്‍ ഐഡി കാര്‍ഡ് കാണിച്ചതോടെ പ്രായം സ്ഥിരീകരിക്കുകയും ചെയ്തതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. പൊലീസ് സുരക്ഷയോടെ മാത്രമാണ് അവര്‍ക്ക് പതിനെട്ടാം പടി കയറാനായത്. പ്രകോപന സാധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണവലയം തീര്‍ത്തിരുന്നു.

യുവതികളായ പത്തിലധികം പേര്‍ ഇന്ന് ക്ഷേത്രദര്‍ശനത്തിനെത്തുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് വ്യാപക പ്രചാരണമാണ് ശബരിമലയില്‍ നടക്കുന്നത്. ഏതു സമയത്തും പ്രതിഷേധത്തിന് തയ്യാറായാണ് ഭക്തര്‍ എന്ന സൂചനയും സന്നിധാനത്ത് നിന്ന് ലഭിക്കുന്നു.

നിരോധനാജ്ഞ ശബരിമല നടയടക്കും വരെ നീട്ടിയതോടെ സന്നിധാനവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. പ്രതിഷേധക്കാർ ഇപ്പോഴും സന്നിധാനം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണവും ശക്തമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പമ്പ കടന്ന് മലകയറാൻ ഇനിയും യുവതികൾ എത്തിയേക്കുമെന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

പ്രതിഷേധക്കാർ തീർത്ത പ്രതിരോധം മറികടക്കാൻ ഇന്നലെ യുവതികളുമായെത്തിയ പൊലീസ് സംഘത്തിന് കഴിയാതെ വന്നതോടെ, ശബരിലേക്ക് പോകാൻ തയാറായി വരുന്നവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ശബരിമലയിലെ പരികർമികൾ വരെ പ്രത്യക്ഷ പ്രതിഷേധത്തിനിറങ്ങിയ സാഹചര്യത്തിൽ ഇനിയും പ്രകോപനമുണ്ടായാൽ കാര്യങ്ങൾ ഗുരുതരമാകുമെന്ന നിലയിലെത്തി. പതിനെട്ടാം പടിക്ക് സമീപം യുവതികളെത്തിയാൽ നടയടച്ച് പടിയിറങ്ങുമെന്ന തന്ത്രിയുടെ പ്രഖ്യാപനം സർക്കാരിനേയും ദേവസ്വം ബോർഡിനേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രതിഷേധത്തിനിറങ്ങിയ സാഹചര്യത്തിൽ പരികർമികളുടെ വിവരവും, എണ്ണവും ചോദിച്ച് ദേവസ്വം ബോർഡ് ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്ക് നോട്ടീസ് നൽകിയത് നീരസത്തിന് ഇടയാക്കിയിട്ടുണ്ട്. നിരോധനാജ്ഞ മറികടന്ന് പ്രതിഷേധക്കാർ എത്താനുള്ള സാധ്യത കണക്കിലെടുത്ത് നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പത്തനംതിട്ട, റാന്നി, വടശേരിക്കര മേഖലകളിലും പ്രതിഷേധം വ്യാപകമായുണ്ട്. സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നിരോധനാജ്ഞ 22 വരെ നീട്ടിയത്.

ശബരിമല കയറാന്‍ ഒരുങ്ങി യുവതി; പമ്പ പൊലീസ് സ്റ്റേഷനിലെത്തി സുരക്ഷാ അകമ്പടി അഭ്യര്‍ത്ഥിച്ചു

പമ്പ: ശബരിമല കയറാന്‍ ഒരുങ്ങി യുവതി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. കേരള ദലിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവാണ് എത്തിയത്. പമ്പ പൊലീസ് സ്റ്റേഷനിലെത്തി മഞ്ജു സുരക്ഷാ അകമ്പടി അഭ്യര്‍ത്ഥിച്ചു. ചാത്തന്നൂര്‍ സ്വദേശിനിയാണ് ഇവര്‍.

കഴിഞ്ഞ ദിവസം യുവതികള്‍ പൊലീസ് സംരക്ഷണയില്‍ സന്നിധാനം നടപ്പന്തലിന് സമീപം വരെയെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ സന്നിധാനത്ത് തമ്പടിക്കുന്നുണ്ട്.  സന്നിധാനത്ത് ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയും പരിസരവും അതീവ ജാഗ്രതയിലാണ്. അതിനിടെ ദര്‍ശനത്തിനായി യുവതി എത്തിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ പ്രതിഷേധക്കാര്‍ തടഞ്ഞത് സന്നിധാനത്ത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തമിഴ്നാട് തൃച്ചി സ്വദേശിയും വീട്ടമ്മയുമായ ലതയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സന്നിധാനത്തെ പൊലീസ് അയ്യപ്പന്‍മാര്‍ എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. 52 വയസ്സ് പൂര്‍ത്തിയായതാണെന്ന് തെളിയിക്കുന്ന രേഖ ലത ഹാജരാക്കിയതോടെയാണ് രംഗം ശാന്തമായത്.

തുടര്‍ന്ന് ലതയും ഭര്‍ത്താവ് കുമരനും മകനും സന്നിധാനത്ത് ദര്‍ശനം നടത്തി. 25 വര്‍ഷമായി സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നയാളാണ് സിവില്‍ എഞ്ചിനീയറായ കുമരന്‍. ലത കഴിഞ്ഞ തവണ ദര്‍ശനത്തിനെത്തിയിരുന്നു.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top