Flash News

കേരളം വീണ്ടും ഒരു വഴിത്തിരിവില്‍ (ലേഖനം)

October 20, 2018 , തോമസ് കളത്തൂര്‍

kerala oru1ഇന്ന്, കേരളം ഒരു സ്വയ അവലോകനത്തിന്റെ വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്. പുതിയ ഒരു കാലഘട്ടത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ നമ്മുടെ സംസ്കാരം എത്തിപ്പെട്ടിരിക്കുന്നു. മതവും രാഷ്ട്രീയവും ഇന്ന് ഒരു ശുചീകരണത്തിന് തയ്യാറായേ പറ്റൂ. പ്രകൃതി തന്നെ ഈ ആവശ്യം മനസ്സിലാക്കി, നമ്മെ അവിടെ എത്തിച്ചിരിക്കുന്നു. വെള്ളപ്പൊക്ക കെടുതികള്‍ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കു നേരെ ഒരു ചോദ്യചിഹ്നമായി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തകരും രക്ഷപ്പെടുത്തലുകളും സമുദായ അസമത്വങ്ങളുടെ അര്‍ത്ഥശൂന്യതയെ എടുത്തു കാണിച്ചു. ഒരു പുനര്‍ ചിന്തനത്തിനു വാതില്‍ തുറന്നു. ഇവയുടെയെല്ലാം ഉപരിയായി ധാധാര്‍മ്മികതയെയും ആത്മീകതയെയും ചവിട്ടി താഴ്ത്തുന്നതായിരുന്നു അച്ചന്മാരുടെയും ബിഷപ്പ്മാരുടെയും സ്വാമിമാരുടെയും ഓത്തു പഠിപ്പിക്കുന്ന മൗലവിമാരുടേയും സിനിമാ മേഖലയിലെയും ഒക്കെ പീഡന വാര്‍ത്തകൾ. ഇന്നും സ്ത്രീ സ്വാതന്ത്ര്യം അഥവാ സമത്വം ഒരു വലിയ പ്രശ്നമായി നിലനില്‍ക്കുന്നു. ശബരിമല സ്ത്രീ പ്രവേശം, സ്ത്രീ പുരോഹിതരെ അംഗീകരിക്കല്‍, സ്ത്രീ-ശരീരം-മുഖം-തല മറക്കല്‍, കൂടാതെ ദ്വിലിംഗര്‍/ഭിന്നലിംഗര്‍…. ആരെയും ശരണമാക്കാന്‍ കഴിയാത്ത ഒരു വലിയ ജനത നിശബ്ദരായി ദുര്‍വിനിയോഗം ചെയ്യപ്പെടുന്നു. മനുഷ്യരുടെ ഭാഗത്തു നിന്നും എന്തൊക്കെ ചെയ്യാന്‍ കഴിയും? ഈ ചിന്തയ്ക്കു സഹായകരമായി ലോകത്തിലെ ചില ബുദ്ധിജീവികളുടെ പഠനങ്ങളെ പരിശോധിക്കാം.

മനുഷ്യന്റെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ചക്ക് വിഘാതമായി നില്‍ക്കുന്നത് എന്തൊക്കെ ആണെന്ന് ഒരന്വേഷണം ആവശ്യമാണ്. സൃഷ്ടി, സ്ഥിതി, സംഹാരങ്ങളിലൂടെ പ്രപഞ്ചം കടന്നു പോകുന്നു, നിലനില്‍ക്കുന്നു. ഇവയുടെ സന്തുലനാവസ്ഥ തെറ്റുമ്പോള്‍ മഹാകെടുതികളില്‍ നിപതിക്കുന്നു. ഇതേ വിധം, പ്രപഞ്ചത്തിന്റെ ഒരു സൂഷ്മ രൂപം തന്നെ ആയ, ഒരു “മിനിയേച്ചര്‍ പ്രപഞ്ചം” എന്ന് വിളിക്കാവുന്ന മനുഷ്യന്‍, ആരോഗ്യവാന്‍ ആയി നിലനില്‍ക്കാന്‍ ആയുര്‍വേദം ഉപദേശിക്കുന്നത്, ശരീരത്തില്‍ വാതം, പിത്തം, കഫം ഇവയുടെ അനുപാതം തെറ്റാതെ സൂക്ഷിക്കണം എന്നാണ്. എന്തും, ഏതും പ്രകൃത്യാലുള്ള വേലിക്കെട്ടുകള്‍ ചാടിക്കടക്കുമ്പോള്‍ അപകടങ്ങള്‍ സുനിശ്ചിതമാണ്, ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍. മനുഷ്യന്റെ ആയാലും സമൂഹത്തിന്റെ ആയാലും വളര്‍ച്ചക്ക് രണ്ടു ഘടകങ്ങള്‍ ആവശ്യമാണ് എന്ന് “കെന്‍ വില്‍ബെര്‍” പ്രസ്‌താവിക്കുന്നു. വ്യതിരിക്തം & ഏകീകരണം. ശരീരത്തില്‍ വളര്‍ച്ചയുടെ ഭാഗമായി വ്യതിരിക്തം അഥവാ ഡിഫറന്‍സിയേഷന്‍ നടക്കുകയും, എന്നാല്‍ ഏകീകരണം അഥവാ ഇന്റഗ്രേഷന്‍ നടക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അതിനെ അര്‍ബുദം അഥവാ കാന്‍സര്‍ എന്ന് വിളിക്കുന്നു.

നമ്മുടെ സമൂഹം വളര്‍ന്നു. മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വളര്‍ന്നു പന്തലിച്ചു. മത രാഷ്ട്രീയ നേതാക്കളും, അനുയായികളും സമ്പത് സമൃദ്ധിയുടെ കാര്യത്തിലും അത്യപൂര്‍വമായ വളര്‍ച്ച ആണ് നേടിയിരിക്കുന്നത്. എന്നാല്‍ മതങ്ങള്‍ ആയാലും രാഷ്‌ടീയ പാര്‍ട്ടികള്‍ ആയാലും, നേരെയോ വളഞ്ഞ വഴിയിലൂടെയോ നേടിയതെല്ലാം തങ്ങളുടെ സംഘടനയ്ക്ക് അല്ലെങ്കില്‍ മതത്തിനു മാത്രമായി സ്വരൂപിക്കാന്‍ ശ്രമിക്കുന്നു. ഉടനെ അടുത്ത പടിയിലേക്കു അവര്‍ കടക്കുന്നു. നേടിയ സമ്പത്തും അധികാരവും നേതാക്കളായ തങ്ങളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നു. ഇതേ രീതിയില്‍ നിലനിര്‍ത്തി കൊണ്ടുപോകാന്‍, തങ്ങള്‍ക്കു ചുറ്റും മതിലുകള്‍ പണിയുന്നു, അതിനുള്ളില്‍ തേര്‍വാഴ്ച ആരംഭിക്കുന്നു. മറ്റുള്ളവരെ തത്വസംഹിതകളും, ദൈവശാസ്‌ത്രം വിശ്വാസപ്രമാണം ഇവകളും പറഞ്ഞു വേര്‍തിരിച്ചു തുരുത്തുകളാക്കി മാറ്റുന്നു. അങ്ങനെ ഇന്റഗ്രേഷന്‍ അഥവാ ഏകീകരണത്തെ നശിപ്പിച്ചു അര്‍ബുദത്തിന്റെ വൃണങ്ങള്‍ കൊണ്ട് സമൂഹത്തെ രോഗാതുരമാക്കുകയാണ്. ആത്മീയമായി പറഞ്ഞാല്‍, ജീവനും ജീവചൈതന്യവും ഉള്ള, പരസ്പരസ്നേഹ വിശ്വാസത്തോടെ കഴിയുന്ന ഒരു സമൂഹം ആകാന്‍ കഴിയാതെ, മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഒന്നുമില്ലാത്ത അതില്‍ തന്നെ അനേക വിഭാഗങ്ങളായി വേര്‍തിരിയുന്നു. വെറുപ്പും മത്സരവും ഉള്ള വെറും ഒരു സമൂഹമായി അധഃപ്പതിക്കുന്നു. വ്യതിരിക്തമായി വളര്‍ന്നു എന്നത് ശരി തന്നെ, എന്നാല്‍ ഏകീകരണം സംഭവിച്ചില്ല അഥവാ അവിഭക്തമായിരുന്നില്ല.

പ്രകൃതിയുടെ നൈസര്‍ഗ്ഗികമായ ഒരു പ്രത്യേകതയാണ് വളര്‍ച്ച. ജനിക്കുന്നതൊക്കെയും വളരുകയും കാലാനുസൃതം മരിക്കുകയും ചെയ്യും, ചെയ്യണം എന്നത് പ്രകൃതി നിയമം ആണ്. വളര്‍ച്ചയോടൊപ്പം, ഏകീകരണം പ്രാപിക്കാതെ വന്നാല്‍ ഉണ്ടാകുന്ന ദോഷങ്ങളെ ഡോ. ബ്രൂസ് ലിപ്ടണ്‍ കൂലങ്കഷമായി പ്രസ്താവിച്ചിട്ടുണ്ട്. അത്, വ്യക്തിയെയും സമൂഹത്തിന്റെ അന്തര്‍ബോധം അഥവാ പ്രജ്ഞ (കോണ്‍ഷിയസ്നെസ് ) യെയും ദോഷകരമായി ബാധിക്കുന്നു. സമൂഹത്തിന്റെ പ്രജ്ഞയുടെ സ്വാധീനം ജൈവ വ്യവസ്ഥയെ തന്നെയും ബാധിക്കുന്നു. പരിസ്ഥിതി അഥവാ സാഹചര്യം (എന്‍വയണ്മെന്റ്) അയക്കുന്ന സിഗ്നലുകള്‍ (സംജ്ഞകള്‍/അടയാളങ്ങള്‍) സ്വീകരിക്കാനും ആഗിരണം ചെയ്യാനും ചര്‍മ്മത്തിന് കഴിയുന്നു. ഈ സംജ്ഞകള്‍ “ക്രോമോസോം” കളെ ഉത്തേജിപ്പിക്കുന്നു. ഈ സിഗ്നലുകള്‍ നമ്മുടെ അന്തക്കരണത്തെ അഥവാ മാനസീക അവസ്ഥയെയും ജീനുകളെയും നാഡീവ്യൂഹത്തെ തന്നെയും സ്വാധീനിക്കുന്നതിനും നമ്മുടെ രസതന്ത്രത്തില്‍ മാറ്റങ്ങള്‍ വരുത്തി നമ്മുടെ സ്വഭാവത്തില്‍ വ്യതിയാനങ്ങള്‍ സംഭവിക്കാനും കാരണമാകും. അതിനാല്‍ നമ്മുടെ ചുറ്റുപാടുകളില്‍ ശാരീരികവും മാനസികവും സാമൂഹികവും ആയ വളര്‍ച്ചക്ക് അനുകൂലമായ സാഹചര്യങ്ങളെ, നിഷേധാത്മകമല്ലാത്ത (പോസിറ്റീവ്) ചിന്തകള്‍ കൊണ്ടും പ്രവര്‍ത്തനങ്ങളെ കൊണ്ടും ഊര്‍ജ്ജം/ചൈതന്യം കൊണ്ടും സൃഷ്ടിക്കേണ്ടതാണ്.

വ്യക്തികളിലും സമൂഹത്തിലും ഭയം വിതറിക്കൊണ്ട് കാര്യങ്ങള്‍ നടപ്പാക്കുന്ന ദുഃസ്ഥിതി ആദികാലം മുതല്‍ കണ്ടുവരുന്നു. ദുര്‍ബലര്‍ക്കും അജ്ഞര്‍ക്കും എതിരെ അധികാരികള്‍ പ്രയോഗിക്കുന്ന ആയുധമാണ്, “ഭയപ്പെടുത്തല്‍.” ഭരണാധിപര്‍ നിയമങ്ങളെയും ശിക്ഷകളെയും പ്രയോഗിക്കുമ്പോള്‍, ഈശ്വര രൂപത്തെയും ആചാരങ്ങളെയും മുന്നില്‍ നിറുത്തി സ്വര്‍ഗ്ഗ നരകങ്ങളുടെ പ്രലോഭനവും കാഠിന്യവും കാട്ടി, മതങ്ങള്‍ “ഭയം” തന്നെ പ്രയോഗിക്കുന്നു. ആര് ഭീതി വിതച്ചാലും, മനുഷ്യര്‍ക്കും സമൂഹത്തിനും ലഭിക്കുന്നത് മനഃക്ലേശവും ആയാസവുമാണ്. അത് വ്യക്തിയുടേയും സമൂഹത്തിന്റെയും വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു. സമൂഹത്തിന്റെ ആകമാനമുള്ള പ്രജ്ഞയെ അസ്വസ്ഥമാക്കും, അസന്തുഷ്ടമാക്കും. “ഭയം” അസ്വസ്ഥതയെയും, അസ്വസ്ഥത രോഗത്തെയും ക്ഷണിച്ചു വരുത്തുന്നു, വളര്‍ച്ചക്ക് പകരം, നശീകരണം സംഭവിക്കുന്നു. എന്നാല്‍ സ്നേഹവും സഹകരണവും സന്തോഷവുമുള്ള അന്തരീഷം, ജീവന്റെ കോശങ്ങളെ പോഷിപ്പിക്കും, പുഷ്ടിപ്പെടുത്തും. അവിടെ വളര്‍ച്ച വേഗത്തില്‍ സംഭവിക്കുന്നു.

നിയമങ്ങളും ശിക്ഷകളും ആവശ്യമാണ്. എന്നാല്‍ സമൂഹത്തിന്റെ ആവശ്യങ്ങളെ മനസിലാക്കാനും സഹായിക്കാനുമുള്ള പ്രതിബദ്ധത മറന്നുകൊണ്ട് നിയമം നടപ്പാക്കരുത്. ഉദാഹരണമായി, ഇടവഴികളില്‍ മുന്‍ കാലങ്ങളില്‍ കണ്ടുവന്നിരുന്ന ഒരു അറിയിപ്പ് ഇപ്രകാരമായിരുന്നു, “പൊതു നിരത്തുകളില്‍ മലമൂത്ര വിസര്‍ജ്‌ജനം ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.” ശിക്ഷ 25 രൂപാ എന്നത് 50 ഓ 75 ഓ ആയി വര്‍ധിപ്പിച്ചു കുറ്റം തടയുന്നതിന് പകരമായി, പൊതുജനങ്ങള്‍ക്ക് ശുചിത്വവും ആരോഗ്യവും എന്ന വിഷയത്തില്‍ അവബോധം ഉണ്ടാക്കുകയും, അവിടവിടെയായി ശൗചാലയങ്ങള്‍ പണിയുകയും ചെയ്യുകയാണ് അഭിലഷണീയം. അതു സമൂഹത്തിന്റെ അസ്വസ്ഥതയെ കുറയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ മതങ്ങള്‍, ആചാരാനുഷ്ഠനങ്ങളെ, വലിയ ഭാരമുള്ള ചുമടുകളായി മനുക്ഷ്യരുടെ തലയില്‍ കെട്ടി വെയ്ക്കരുത്. മതങ്ങളുടെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞു അന്യോന്യം ഇടപഴകാനുള്ള അവസരങ്ങളെ ഇല്ലായ്മ ചെയ്യരുത്. വിശ്വാസികള്‍ മറ്റു മതങ്ങളിലേക്കു ചാടിപ്പോകാതെ കൂടെ നിര്‍ത്താന്‍ വൈവിധ്യമാര്‍ന്ന ആചാരാനുഷ്ടാനങ്ങളെ നിവേശിപ്പിക്കുന്നു, മറ്റുള്ളവരുടേതില്‍ നിന്ന് അല്പം ചില വ്യത്യാസങ്ങളോടെ. ഇവയുടെ നിത്യമായ പരിചയം ഒരു സ്വഭാവമായി മാറുന്നു. സ്വന്തം കഴിവുകളെ പോലും വിസ്മരിച്ചു, ഹിപ്നോടൈസ് ചെയ്യപ്പെട്ടവരായി ജീവിക്കുന്നു. കുതിച്ചു പായാന്‍ പ്രാപ്തനായ കുതിരയുടെ കടിഞ്ഞാണ്‍ ഒരു ചെറു കമ്പില്‍ ചുറ്റി ഇടുംപോലെ, ശക്തനായ ആനയുടെ ഒരു കാലില്‍ ഒരു ചെറു ചരട് കെട്ടി ഒരു ചെറു ചെടിയില്‍ ചുറ്റി ഇടുംപോലെ അവരെ വിശ്വാസത്തില്‍ തളച്ചിടുകയാണ്.

ഈശ്വരന്റെ പേര് പറഞ്ഞു, ദൈവം പറഞ്ഞു എന്ന് പറഞ്ഞ് നടത്തുന്ന അടിമകളാക്കലും, ശിഥിലീകരണങ്ങളും അവസാനിപ്പിക്കണം. എല്ലാ മതങ്ങളെയും അന്യോന്യം ബഹുമാനിക്കാനും ആദരിക്കാനും ആണ് മനുക്ഷ്യരെ പഠിപ്പിക്കേണ്ടത്. മതമല്ല ആത്മീയതയാണ് മനുക്ഷ്യന് വേണ്ടത്. വിശ്വാസാചാരങ്ങള്‍ വെറുക്കാനും വേര്‍തിരിക്കാനുമല്ല, സ്വീകരിക്കാനും, സ്നേഹിക്കാനും, സഹായിക്കാനുമാണ്. യുദ്ധങ്ങളും രക്ത ചൊരിച്ചിലുകളും നടത്തി “കൈവശപ്പെടുത്തുന്ന” കാലം കഴിഞ്ഞുപോയി. ബുദ്ധിമാനായ മനുക്ഷ്യന്‍ തന്റെ കെട്ടുകളെ കാണണം, അഴിച്ചു കളയണം. സ്വതന്ത്രനായി ചിന്തിക്കണം. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കണം. ആരുടെയും, ഒരു മതത്തിന്റെയും രാക്ഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടുകങ്ങള്‍ ആയി മാറരുത്. ആരോഗ്യകരമായ വളര്‍ച്ചയുടെ ദിനങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടു, അടഞ്ഞ വാതിലുകള്‍ തുറന്നു സ്വാതന്ത്ര്യത്തിലേക്കു പ്രവേശിക്കാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top