ദിലീപിനെ A.M.M.A-യില്‍ നിന്ന് പുറത്താക്കിയത് സ്വാഗതാര്‍ഹം; സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന മനോഭാവം നിര്‍ത്തണമെന്ന് ഡബ്ല്യൂസിസി

wcc-2നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ത്ത ദിലീപിനെ A.M.M.A-യില്‍ നിന്ന് പുറത്താക്കിയത് സ്വാഗതാര്‍ഹമാണെന്ന് വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂസിസി). ബൈലോ അനുസരിച്ചുള്ള തീരുമാനം എടുക്കാന്‍ എക്‌സിക്യൂട്ടീവ് കാണിച്ച വിമുഖതയില്‍ നിരാശയുണ്ടെന്നും, മീ ടൂവിലെ സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന മനോഭാവമാണ് അമ്മയ്‌ക്കെന്നും ഡബ്ല്യൂസിസി ആരോപിച്ചു.

ഡബ്ല്യൂസിസിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കുറ്റാരോപിതന്‍ ആയ ശ്രീ ദിലീപ് ഇപ്പോള്‍ A.M.M.Aയുടെ അംഗം അല്ല എന്ന വാര്‍ത്ത ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു . എന്നിരുന്നാലും തങ്ങളുടെ ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയില്‍ (മുന്‍പ് ശ്രീ ദിലീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നിലപാടിലും) അതിയായ നിരാശ രേഖപ്പെടുത്തുന്നു. സമാനമായ സംഭവങ്ങള്‍ ഉണ്ടായാല്‍ ഭാവിയില്‍ ഒരു ഉദാഹരണം ആയി എടുത്ത് കാണിക്കാവുന്ന പ്രവര്‍ത്തനവും തീരുമാനങ്ങളും A.M.M.Aയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതായിരുന്നു. അക്രമത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയെയും , അവള്‍ക്കൊപ്പം മറ്റു മൂന്നു പേരെയും രാജി വെക്കാന്‍ നിര്‍ബന്ധിതരാക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത , അവര്‍ അവഗണിക്കുകയാണ്.

wccനമ്മുടെ രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണക്കുന്ന ഈ സമയത്തു , പരസ്പരവിരുദ്ധമായ പ്രസ്താവനകളും , ഉള്‍പ്പോരുകളും , സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും A.M.M.Aയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. മലയാള സിനിമ ലോകത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും , അത്തരത്തിലുള്ള ചൂഷണങ്ങളെ നിസ്സാരവല്‍ക്കരിക്കാനും ഉള്ള എല്ലാ ശ്രമങ്ങളോടുമുള്ള ഞങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു . A.M.M.Aയുടെ തന്നെ അംഗം ആയ ശ്രീ ദേവികയുടെ പ്രസ്താവനയില്‍ നിന്നും , സംഘടനക്കുള്ളില്‍ അതിക്രമങ്ങളെ തുറന്നു പറയുന്നവരോടുള്ള മനോഭാവം വളരെ വ്യക്തമാണ്. സംഘടനയുടെ അവകാശവാദങ്ങളില്‍ നിന്നും ഒരുപാട് വൈരുധ്യം അവരുടെ നിലപാടുകള്‍ക്ക് ഉണ്ടെന്നുള്ള സത്യം തികച്ചും ആശങ്കാജനമാകമാണ്.

ഇത് ഒരു സംഘടനയുടെ മാത്രം പ്രശ്‌നം അല്ല എന്നും മുഴുവന്‍ സിനിമ മേഖലയെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും അടിവരയിട്ടു ഞങ്ങള്‍ പറയുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും യൂണിയനുകളുമായും മാറ്റു സംഘടനകളുമായും അവരവരുടെ ബന്ധപ്പെട്ടു , തങ്ങളുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച് ബോധവാന്മാരാവേണ്ടതുണ്ട്. എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങളുടെ സുരക്ഷക്കും , ക്ഷേമത്തിനും , സമത്വത്തിനും വേണ്ടി ആണ് പ്രവര്‍ത്തിക്കേണ്ടത്. എക്കാലവും കളക്ടീവുകളുടെയും , പലതരം യൂണിയനുകളുടെയും രൂപീകരണം തന്നെ എല്ലാ അംഗങ്ങള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളും , പരാതികളും പറയാനുള്ള ഒരു ഇടം ആണ് ലക്ഷ്യം ആക്കിയിരുന്നത്. എങ്കില്‍ മാത്രമേ, ചില വ്യക്തികളിലേക്ക് ഒതുങ്ങാതെ, എല്ലാ അംഗങ്ങളുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സംഘടനകള്‍ക്കാവു.

WCC എന്ന ഞങ്ങളുടെ കൂട്ടായ്മ , സിനിമ എന്ന മാധ്യമം നമ്മുടെ സമൂഹത്തില്‍ ചെലുത്തുന്ന ശക്തമായ സ്വാധീനത്തെക്കുറിച് കൃത്യമായ അവബോധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഉത്തരവാദിത്വമുള്ള കലാകാരന്മാര്‍ എന്ന നിലയില്‍ നമ്മുടെ സിനിമ മേഖലയുടെ ക്ഷേമത്തിനും , ഉന്നമനത്തിനും , നിലവിലുള്ള പ്രവര്‍ത്തന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടി WCC പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ് , ശ്രീ ദേവിക ,അര്‍ച്ചന പദ്മിനി , ശ്രുതി ഹരിഹരന്‍ എന്നിവരെ ഞങ്ങള്‍ പിന്തുണക്കുകയും , അവര്‍ക്കൊപ്പം ഈ ചെറുത്തുനില്പില്‍ കൂടെ ഉണ്ടാകുമെന്നു അറിയിക്കുകയും ചെയ്യുന്നു.

ഞങ്ങള്‍ മുന്നോട്ടുവെച്ച അപേക്ഷകളോടും നിര്‍ദേശങ്ങളോടും അനുകൂലമായി പ്രതികരിച്ചു, സജീവമായി പ്രവര്‍ത്തിക്കാന്‍ ഉറപ്പു നല്‍കിയ കേരള സര്‍ക്കാരിനോടുള്ള അഗാധമായ നന്ദി അറിയിച്ചുകൊള്ളുന്നു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെയും നിലപാടുകളെയും പിന്തുണക്കുന്ന എല്ലാവരോടും ഉള്ള നന്ദി രേഖപെടുത്തുന്നതിനോടൊപ്പം , wcc.home.blog എന്ന ഞങ്ങളുടെ ബ്ലോഗ് നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ സമര്‍പ്പിക്കുന്നു. WCC യോട് ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാന്‍ ഉള്ള ഒരു ഇടമാണ് ഇത് വഴി ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

അതേസമയം ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ പുറത്താക്കണം, പരാതികള്‍ പരിഹരിക്കാന്‍ ഇന്റേണൽ കമ്മിറ്റി രൂപവത്കരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാന്‍ സാമ്പത്തിക നിയമ സഹായം നല്‍കണം  തുടങ്ങിയ കാര്യങ്ങള്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എ.കെ.ബാലന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ് നല്ല രീതിയില്‍ വാദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. നടി പത്മപ്രിയ ഹൈക്കോടതിയില്‍ നല്‍കിയ കേസിന് പൂര്‍ണ പിന്തുണ നല്‍കും. മോഹന്‍ലാലിന്റെ സമീപനത്തെ നല്ല രീതിയില്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമ്മയുമായി സമവായത്തിലെത്തിക്കുന്നതിന് ലാലുമായി ചര്‍ച്ച നടത്തി. നടികളുടെ പ്രശ്നം പരിഹരിക്കുന്നതിന് ഇന്റേണല്‍ കമ്മിറ്റി രൂപവത്കരിക്കുന്നതിനും ദിലീപിനെ ഒഴിവാക്കുന്നതിനും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ചെയ്തിട്ടുണ്ട്. ലാലിന്റെ സമീപനം നല്ല ഉദ്ദേശ്യത്തോടെ കാണണം. ഇരയുടെ കേസ് കൈകാര്യം ചെയ്യാന്‍ സാമ്പത്തികം തടസ്സമാവില്ല. പത്മപ്രിയ ഹൈക്കോടതിയില്‍ നല്‍കിയ കേസിന് പൂര്‍ണ പിന്തുണ നല്‍കും. ഇരയേയും അമ്മയേയും വേര്‍തിരിച്ച് കാണില്ല. തര്‍ക്കം സിനിമാ മേഖലയെ ബാധിക്കരുത്. പ്രശ്നപരിഹാരത്തിന് ഇരു സംഘടനകളും ശ്രമിക്കണം. പരസ്പരം സഹകരിച്ച് പോവണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.

 

Print Friendly, PDF & Email

Related News

Leave a Comment