ഫാ. കുര്യാക്കോസ് കാട്ടുതറയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരന്‍

fatherജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരന്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും സഹായികളും നിരന്തരം പീഡിപ്പിച്ചിരുന്നു. പ്രതിമാസ അലവന്‍സ് 5000 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചു. വൈക്കം ഡിവൈഎസ്പിക്ക് മൊഴി നല്‍കിയ ദിവസം വൈദികന്റെ കാറിന് നേരെ കല്ലേറുണ്ടായി. ബിഷപ്പ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് സമ്മര്‍ദങ്ങള്‍ തുടങ്ങിയതെന്നും സഹോദരന്‍ പറഞ്ഞു.

ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദര്‍ കുര്യാക്കോസ് മൊഴി നല്‍കിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റിനു പിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

രാവിലെ വൈദികനെ കുര്‍ബാനയ്ക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് വൈദികനെ മരിച്ചനിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ തുടക്കം മുതലേ ആരോപിച്ചിരുന്നു.

തനിക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് വൈദികന്‍ തങ്ങള്‍ക്ക് സൂചന നല്‍കിയിരുന്നതായി കുറവിലങ്ങാട് മഠത്തില്‍ സിസ്റ്റര്‍ അനുപമയും പറഞ്ഞത്. ആദ്യം ജലന്ധറിലെ ബോഗ്പൂരില്‍ ആയിരുന്ന വൈദികനെ കന്യാസ്ത്രീയുടെ പീഡനപരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ജലന്ധര്‍ രൂപത ദസൂയയിലേക്ക് മാറ്റിയത്. ഫാ. കുര്യാക്കോസിനെ കൊലപ്പെടുത്തിയതാണെന്നു നൂറ് ശതമാനം ഉറപ്പുണ്ടെന്ന് സഹോദരന്‍ ജോസ് കാട്ടുതറ പറഞ്ഞിരുന്നു.

സഹോദരന്റെ പരാതിയില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 174–ാം വകുപ്പനുസരിച്ച് പഞ്ചാബ‌് പൊലീസ‌് വിശദമൊഴി രേഖപ്പെടുത്തി. കേരളത്തില്‍നിന്ന‌് സഹോദരന്‍ ജോസ് കാട്ടുതറ എത്തി മരണം സംഭവിച്ച മുറി നേരില്‍ കണ്ടശേഷമാണ് അസ്വാഭാവികത ചൂണ്ടിക്കാട്ടി ഹോഷിയാര്‍പുര്‍ പൊലീസില്‍ പരാതി നല്‍കിയത്. വൈദികന്റെ വിദേശത്തുള്ള മറ്റൊരു സഹോദരനും ജലന്ധറില്‍ എത്തിയിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച വൈകിട്ട‌് അഞ്ചോടെ കേരളത്തിലെത്തിക്കുമെന്ന‌് ബന്ധുക്കള്‍ പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവ പരിശോധനാ ഫലവും ലഭിച്ചശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കുമെന്ന‌് പൊലീസ‌് അറിയിച്ചു. മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോ ആയ മുറിവുകള്‍ കണ്ടെത്താനായില്ലെന്ന് നാലംഗ മെഡിക്കല്‍ സംഘത്തിലെ ഡോ. ജസ്‌വീന്ദര്‍ സിംഗ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിന് ഒന്നര മാസവും രാസപരിശോധനാ ഫലത്തിന് ആറുമാസം വരെയും സമയം എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജലന്ധര്‍ രൂപതയ്ക്കു കീഴിലുള്ള ദൗസയിലെ സെന്റ് പോള്‍ കോണ്‍വെന്റ് സ്കൂള്‍ ക്യാമ്പസിലെ മുറിയില്‍ തിങ്കളാഴ്ചയാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാ. കുര്യാക്കോസിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളില്‍ നിന്ന‌് മൊഴിയെടുത്തെന്ന‌് ദസുവ സ്റ്റേഷന്‍ ഓഫീസര്‍ ജഗദീഷ് രാജ് അറിയിച്ചു.

മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന‌് പരിശോധിച്ചുവരികയാണെന്ന‌് ഡിഎസ‌്‌പി എ ആർ ശർമ പറഞ്ഞു. അന്വേഷണങ്ങളോട് പൂർണമായി സഹകരിക്കുമെന്ന് ജലന്ധർ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ് ഡോ. ആഞ്ജലോ ഗ്രേഷ്യസ് പ്രസ്താവനയിൽ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment