Flash News

നവകേരളത്തിന്റെ പൊയ്‌മുഖങ്ങള്‍ (വാല്‍കണ്ണാടി)

October 25, 2018 , കോരസണ്‍

navakeralathinte-1ഒരു സുഹൃത്തിനു വേണ്ട അത്യാവശ്യം മരുന്ന് വാങ്ങാനാണ് നാട്ടില്‍ വന്നപ്പോള്‍ ഡോക്ടറെ കാണാന്‍ പോയത്. സുഹൃത്തിനു അത്രക്ക് വിശ്വാസം ഉള്ള ഡോക്ടര്‍ ആയതിനാല്‍ കുറെ ഏറെ അന്വേഷിച്ചാണ് സ്ഥലം കണ്ടു പിടിച്ചത്. എവിടേക്കോ പോകാനിറങ്ങിയ ഡോക്ടര്‍ കാര്യങ്ങള്‍ അറിഞ്ഞു യാത്ര ഒഴിവാക്കി എന്നെ കാണാന്‍ തയ്യാറായി. പാരമ്പര്യമായി കിട്ടിയ ആയുര്‍വേദവും പഠിച്ചെടുത്ത അലോപ്പൊതിയും സംയുക്തമായി പരീക്ഷിക്കുന്ന ഒരു ഡോക്ടര്‍ എന്ന് കേട്ടപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ താല്പര്യപ്പെട്ടു.

മരുന്ന് അവിടെത്തന്നെ തയ്യാറാക്കാനുള്ള നിര്‍ദേശം കൊടുത്ത സമയത്തു ചികിത്സാ രീതിയെക്കുറിച്ചും, പിന്നെ സ്വന്തമായുള്ള ആശുപത്രി നടത്തിപ്പിനെക്കുറിച്ചും വാചാലമായി സംസാരിച്ചു. ഡോക്ടര്‍ ദമ്പതികള്‍ക്ക് വേറെ രണ്ടു ഇടങ്ങളിലായി ക്ലിനിക്കുകള്‍ ഉണ്ട്. സംഭാഷണം പതുക്കെ കേരളത്തിന്റെ സമകാലിക പ്രശ്ങ്ങളിലേക്കു കടന്നു. വളരെ ഭംഗിയായി സംസാരിക്കാന്‍ കഴിയുന്ന ചാരുത ഉള്ള ഡോക്ടര്‍ ആയതിനാലും വിവിധ വിഷയങ്ങളെക്കുറിച്ചു കുറെ വ്യക്തിപരമായ നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാലും അങ്ങനെ മണിക്കൂര്‍ കടന്നു പോയത് അറിഞ്ഞില്ല.

ഡോക്ടറുടെ നെറ്റിയിലെ വലിപ്പമുള്ള പൊട്ടും മുറിയിലെ കര്‍പ്പൂരത്തിന്റെ ഗന്ധവും, നേരെ വിഷയങ്ങള്‍ ആദ്ധ്യാത്മീക തലത്തിലേക്കായി. ബ്രാഹ്മണ ആചാരങ്ങളും അവയുടെ ആഴത്തിലുള്ള ചിന്തകളും വിശദീകരിക്കുമ്പോള്‍, അമ്പലങ്ങളില്‍ ഇവ വിശദീകരിക്കുവാന്‍ ക്ഷണിക്കാറുണ്ട് എന്നും പറഞ്ഞു. അങ്ങനെ ഒരു മേല്‍ത്തരം സംഘപരിവാറുകാരിയായി മുദ്രകുത്തപ്പെടുകയും അതിന്റെ പേരില്‍ വണ്ടിതടയുകയും കൂവിവിളിക്കയും ഒക്കെ ഇടക്കിടെ ഉണ്ടാവാറുണ്ട് എന്നും പറഞ്ഞു.

വല്ലപ്പോഴും അമ്പലത്തില്‍ പോയി ശാന്തമായി പോയിരുന്ന ഹിന്ദുവിനെ ആരാണ് ഇങ്ങനെ ഉണര്‍ത്തിയത്? എന്താണ് ഞങ്ങള്‍ ഇങ്ങനെ മാറുവാന്‍ കാരണം എന്ന് ഓരോ കാര്യങ്ങള്‍ പറയുമ്പോള്‍ ഡോക്ടറിന്റെ കണ്ണുകള്‍ രൗദ്രമായി ഭാവപരിണാമം പ്രാപിക്കുന്നത് കാണാമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തീക ക്രമീകരണങ്ങള്‍ മൂലം ബിസിനസ് ആകെ കുഴപ്പമായി, ചില സ്ഥലങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചിട്ട് നടക്കുന്നതും ഇല്ല. എന്നാലും രാജ്യത്തിന്റെ മൊത്തമായ നന്മയല്ലേ എന്ന് ചിന്തിച്ചു സഹിക്കുകയാണ്. എന്താ ഒരു പോംവഴി? ആരാണ് ഉത്തരവാദി എന്ന് അറിയില്ല, പക്ഷെ ഈ കമ്മ്യൂണിസ്റ്റുകള്‍ ഉള്ളടത്തോളം കാലം കേരളം ഇങ്ങനെ നശിച്ചുപോകയേ ഉള്ളൂ എന്നും പറഞ്ഞു.

കേരളത്തിലെ മതവിശ്വാസികളുടെ ഇടയില്‍ ഉടലെടുത്ത അസഹിഷ്ണുതയുടെ പൊരുള്‍ തേടി അലയുകയായിരുന്നു. വടക്കേ മലബാറില്‍ ഒരു പാക്കിസ്ഥാന്‍ രൂപപ്പെടുന്നു എന്നതാണോ, റബ്ബര്‍ അച്ചായന്മാര്‍ ബ്ലേഡുകള്‍ വഴി പണം അടിച്ചു മാറ്റുകയാണോ എന്തെന്നറിയില്ല, എന്തോ അസഹിഷ്ണുതയുടെ ചൂര് കേരള സമൂഹത്തില്‍ അടിക്കുന്നുണ്ട്. ബോധപൂര്‍വ്വമായ വകതിരുവാണോ അതോ ആരോ കുത്തിവച്ച മതഭ്രാന്താണോ, സാംസ്‌കാരിക കേരളം തകര്‍ച്ചയുടെ വക്കിലാണ് എന്ന് സമ്മതിച്ചേ പറ്റുള്ളൂ.

സവര്‍ണ്ണ ഹിന്ദുവികാരം ഭരണകൂട സ്വാധീനത്തില്‍ പിടിമുറുക്കിയെന്ന ഉള്‍ഭയത്തില്‍ രാഷ്ട്രീയ ഇസ്ലാം അതിന്റെ സ്വത്വ ബോധം രൂപപ്പെടുത്തിത്തുടങ്ങി. വേഷത്തിലും ഭാഷയിലും ചിന്തയിലും ഇവ പ്രകടമായി. സമൂഹത്തിലെ വിവിധ നിലകളില്‍ വിദ്യാഭ്യാസത്തില്‍ ഊന്നല്‍ നല്‍കി പാശ്ചാത്യ വീക്ഷണങ്ങള്‍ സുവിശേഷഘോഷക ഘടകമാക്കിയ ക്രിസ്തീയ സഭകളും പ്രതിരോധത്തിലായി. ഒരു കൂട്ടം ദേശീയ സഭകളെന്നു സ്വയം വിശേഷിപ്പിച്ചു സവര്‍ണ്ണ ഹിന്ദുക്കളോട് ചേര്‍ന്ന് നില്ക്കാന്‍ ശ്രമിച്ചപ്പോള്‍, ബാക്കിയുള്ള സഭകള്‍ അവരുടെ നിലനില്‍പ്പിനായി പുതിയ പ്രതിരോധ തന്ത്രങ്ങള്‍ തേടേണ്ടി വരുന്നു.

അനിര്‍വാര്യമായ മാറ്റങ്ങള്‍ക്കു സമരങ്ങള്‍ വേണ്ടിവരും, ഒപ്പം വന്‍ ചെറുപ്പുനിര്‍ത്തലുകളും ഉണ്ടാവും അങ്ങനെയാണ് ചരിത്രം ഉണ്ടാവുന്നത്. കേരളത്തിലെ സവര്‍ണ്ണ ഹിന്ദുക്കളുടെ സാമ്പത്തീകത്തകര്‍ച്ച പഠനവിഷയമാണ്. അവര്‍ നേരിടുന്ന അരക്ഷിതത്വം ഉള്‍ക്കൊണ്ടുകൊണ്ട് ഒരു ഹിന്ദുസത്വരൂപീകരണം ഉണ്ടാവും. ഇതാണ് രാഷ്ട്രീയ ഹിന്ദുവായി രൂപപ്പെടുന്നത്. അവിടെ മതവിശ്വാസിയായ ഹിന്ദുവിന് സ്ഥാനമില്ല. ക്രിസ്ത്യാനികളും മുസ്ലിമുകളും പണക്കാരാകുന്നതില്‍ അസഹിഷ്ണുതയുണ്ട്. ‘ പഴയ നായര്‍തറവാടുകള്‍ മുടിഞ്ഞ പറമ്പുകളില്‍ പുതിയ മാപ്പിളക്കുടികള്‍. ഇടിഞ്ഞ ക്ഷേത്രത്തറകളില്‍ മുസ്ലിം പള്ളികള്‍’ (കവിയുടെ കാല്‍പ്പാടുകള്‍) കവി പി. കുഞ്ഞിരാമന്‍ നായര്‍.

മതേതര സ്വഭാവം വച്ച് പുലര്‍ത്തുന്ന കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ അവര്‍ണ്ണ ഹിന്ദുക്കളെ തങ്ങളൂടെ മുതല്‍കൂട്ടാക്കി നിര്‍ത്തി. പാവപ്പെട്ടവന്റെ പാര്‍ട്ടിയായിരുന്നു കമ്മ്യൂണിസ്‌റ് പാര്‍ട്ടി ഇന്ന് ധനികന്റെ പാര്‍ട്ടിയായി, അധികാരത്തിനു പുറമേ പണവും അതിന്റെ വ്യവഹാരമാവുകയും ചെയ്തതിന്റെ ദുരന്തവും പ്രകടമാണ്. ദേശീയ തലത്തില്‍ ശോഷിച്ചുപോയ കോണ്‍ഗ്രസ് പ്രസ്ഥാനം കേരളത്തില്‍ തമ്മില്‍ത്തല്ലും പാരപണിയുമായി അര്‍ത്ഥമില്ലാത്ത കൂട്ടത്തിന്റെ വേഷപ്പകര്‍ച്ചിയിലാണ്. ന്യൂനപക്ഷ പാര്‍ട്ടികള്‍ അധികാരത്തില്‍ തങ്ങിനില്ക്കാന്‍ ഏതു തന്ത്രവും സ്വീകരിക്കാന്‍ ഒരുങ്ങിയ മട്ടിലാണ്. ഇതാണ് ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയനില.

കുറെനാള്‍ കേരളത്തിനു പുറത്തു താമസിച്ചതിനു ശേഷം തിരികെ എത്തുന്നവര്‍ ഒരു പുതിയ കേരളമാണ് കാണുന്നത്. അവിടെ നന്മകള്‍ കുറവും തിന്മകള്‍ ഏറെയുമാണ് എന്നാണ് പ്രവാസികള്‍ മടക്കയാത്രയില്‍ മനസ്സില്‍ കുറിച്ചിടുന്നത്. എന്താണ് നമ്മുടെ ഈ സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിളയും കേരളത്തെക്കുറിച്ചു സാമൂഹ്യ ചിന്തകര്‍ അന്വേഷിക്കണം.

എത്ര പെട്ടന്നാണ് കേരളം മാറി മറിഞ്ഞത് ! പ്രളയാനാന്തര കേരളം ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുത്ത അതിരുകളില്ലാത്ത കരുതലിന്റെയും നന്മകളുടെയും ചിത്രം ഇപ്പോള്‍ അര്‍ത്ഥമില്ലാത്ത ശരണം വിളികളോടെ പരിഹാസപൂരിതമായി.

കുറഞ്ഞ കാലത്തിനിടയില്‍ നമ്മുടെ സമൂഹത്തില്‍ വന്ന നന്മകള്‍ ഒക്കെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയപോലെ. മതഭ്രാന്തും, അസഹിഷ്ണുതകളും, അരാഷ്ട്രീയതയും, കപടതയും , കച്ചവടസംസ്‌കാരത്തില്‍ രൂഢമായ വ്യക്തിബന്ധങ്ങളും, മടുപ്പിക്കുന്ന വര്‍ഗ്ഗ വര്‍ണ്യ സ്വത്വ ബോധം, ശിഖിരങ്ങള്‍ ഇല്ലാത്ത കല്പക വൃക്ഷം പോലെ ആരോടും തൊടാതെ, സ്വന്തം പ്രകാശം തേടി ഉയരത്തിലേക്ക് നീണ്ടു പോകുന്ന സ്വാര്‍ത്ഥമായ ജീവിത ശൈലികള്‍.

ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത ഒരു മനുഷ്യ കൂട്ടം, അതാണിന്ന് കേരളം. നന്മകള്‍ ചൂണ്ടി കാണിച്ചവരെ ഒക്കെ ദൈവങ്ങളാക്കി അവരുടെ ആദര്‍ശങ്ങളെ കണ്ണാടിക്കൂട്ടിലിട്ടു ബന്ധിച്ചു. ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ തീര്‍ത്ഥയാത്രകളും, മലകയറ്റങ്ങളും, നടതുറക്കലുകളും, കുരിശടികളും വമ്പന്‍ കത്രീഡലുകളും കൊണ്ട് സമൂഹത്തെ മാരക മാനസീക രോഗത്തിനു അടിമകളാക്കി.

പുതിയ തൊഴില്‍ മേഖലകള്‍ ഒന്നും ഉണ്ടാകാത്ത കേരളത്തില്‍ അഭ്യസ്തവിദ്യരായ കൂട്ടം തൊഴില്‍തേടി അലയുന്നു. പ്രളയ ദുരന്തന്തിനു പണം ശേഖരിക്കാന്‍ മന്ത്രിസഭ അടച്ചിട്ടു മന്ത്രിമാര്‍ ആഗോള പിരിവിനായി ഇറങ്ങുന്നു. കൂടുതല്‍ സമ്മര്‍ദത്തിനായി കേന്ദ്രസര്‍ക്കാര്‍ പിരിക്കാനുള്ള കേരളത്തിന്റെ എല്ലാ പഴുതുകളും അടക്കുന്നു. ഉദാരമായി സംഭാവന നല്കാന്‍ തയ്യാറായ വിദേശ മലയാളികള്‍ സംശയത്തോടെ പിരിവുകാരെ നോക്കുന്നു. ദേശീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് നയം മൂലം, ദൈവത്തിന്റെ പേരില്‍ ആരാധനാലയങ്ങളുടെ ശുദ്ധിക്കും അവകാശത്തിനുമായി എല്ലാം വിട്ടു തെരുവില്‍ ഇറങ്ങുന്ന ജനം വിലക്കയറ്റം, ഇന്ധന വില വര്‍ധന, തൊഴില്‍, പാര്‍പ്പിടം തുടങ്ങി അത്യാവശ്യ കാര്യങ്ങള്‍ ഒക്കെ അവഗണിച്ചു ദൈവത്തിനായി പടക്കിറങ്ങുന്നു. പൊതുമുതല്‍ തല്ലിത്തകര്‍ക്കുന്നു. കോടതിയെയും ഭരണകൂടത്തെയും, പോലീസിനെയും തെറിവിളിച്ചു വെല്ലുവിളിക്കുന്നു. എന്താണിതൊക്കെ എന്ന് കണ്ടു മൂക്കില്‍ കൈവച്ച് പകച്ചു നില്‍ക്കുകയാണ് സാധാരണ മലയാളി.

സമൂഹം എന്നത് കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയര്‍ പോലെ പ്രകടമായി കാണാവുന്ന ഒരു അടിസ്ഥാന ഘടകമാണെങ്കില്‍, സംസ്‌കാരം സോഫ്റ്റ്‌വെയര്‍ പോലെ പ്രോഗ്രാമുകളോ നിര്‍ദ്ദേശങ്ങളോ അടങ്ങുന്ന സംവിധാനം ആണ്. അത് നിരന്തരം നവീകരിച്ചുകൊണ്ടേ ഇരിക്കണം. ചില വിശ്വാസങ്ങളും കണക്കുകൂട്ടലുകളും പരിഷ്‌കരിച്ചുകൊണ്ടേയിരിക്കണം. അവ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ തയ്യാറായില്ലെങ്കില്‍ നിലനില്‍ക്കാനാവില്ല. പലതിനെപ്പറ്റിയും സമൂഹമനസ്സില്‍ പല തെറ്റായ ധാരണകളും നിലനില്‍ക്കുന്നുണ്ട്. നമ്മുടെ മുത്തശ്ശന്മാരുടെ ധാരണകള്‍ എത്ര വികലമായിരുന്നു എന്ന് നാം ഇന്ന് തിരിച്ചറിയുന്നു. നാം വലിയ സാംസ്‌കാരിക സമ്പന്നരാണ് എന്ന് വീമ്പ്ഇളക്കുമ്പോഴും ജാതിയിലെ വൈവിധ്യം, മതങ്ങള്‍ ഒക്കെ ഇന്നും തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളാണ്.

പൗരബോധമുള്ള ജനാധിപത്യ പ്രക്രിയയില്‍, അടിസ്ഥാന ഘടകമായ നിയമ സംവിധാനങ്ങളും, ഭരണനിര്‍വ്വഹണ സംവിധാനങ്ങളും ചോദ്യം ചെയ്യപ്പെട്ടാല്‍ സമൂഹം താറുമാറാകും. കോടതി പുല്ലാണ് , പോലീസ് പുല്ലാണ്, രാജി വെക്കൂ പുറത്തു പോകൂ തുടങ്ങിയ ആരവം എല്ലാ പാര്‍ട്ടികളും മതങ്ങളും മാറി മാറി ഉയര്‍ത്താന്‍ തുടങ്ങിയാല്‍ എന്താണ് സമൂഹത്തിന്റെ നിലനില്‍പ്പ് ? അരാജകത്വം വിളിച്ചുവരുത്തുകയല്ലേ നമ്മള്‍? രാഷ്ട്രീയ മുഷ്‌ക്കിനും അഹന്തക്കും മുന്‍പില്‍ മാധ്യമങ്ങള്‍ വെറും നേരമ്പോക്കു പ്രസ്ഥാനങ്ങള്‍ ആയി മാറി.

മനുഷ്യപുരോഗതിയിലും ആരോഗ്യ കാര്യങ്ങളിലും, വിദ്യഭ്യാസ നിലവാരത്തിലും, രാഷ്ട്രീയ അവബോധത്തിലും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും സമ്പന്നമായ കേരള മോഡല്‍ ലോകത്തിനു തന്നെ അത്ഭുതം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ നേട്ടങ്ങള്‍ ഒന്നും സാംസ്‌കാരിക പുരോഗമങ്ങളായി മാറാതെ, തമ്മില്‍ കലഹിച്ചു അരാഷ്രീയതയുടെ പുതിയ മോഡല്‍ ആയി മാറ്റപ്പെടുന്നത് സാമൂഹിക പ്രതിസന്ധി തന്നെയാണ്. ഇവിടെ നമ്മുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുകയാണ്.

വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുന്ന തീവ്രസമ്മര്‍ദത്തിലൂടെ കടന്നുപോകുന്ന മതത്തിന്റെ, വംശസങ്കുചിതത്വത്തെ മറികടക്കാന്‍ ഒഴിവാക്കലും കടന്നുപോക്കും ചെറുത്തുനില്‍പ്പും അല്ല; ഇത്തരം സാമൂഹ്യശാസ്ത്രത്തെ പൂര്‍ണമായി ഉള്‍കൊള്ളുന്ന മതജീവിതത്തിന്റെ പുതിയ മാനങ്ങള്‍ തേടാനാവണം. മധ്യവര്‍ഗ്ഗത്തില്‍ നിലനിക്കുന്ന തൊഴിലില്ലായ്മയും വര്‍ഗ്ഗപരവും ജാതീയവുമായ സാമൂഹിക വിടവും, അസമത്വവും , പ്രതീക്ഷ ഇല്ലായ്മയും, പുറത്താക്കപ്പെടലും സമൂഹത്തില്‍ അസ്വസ്ഥതയും അക്രമണപ്രവണതയും പെരുകുന്നു എന്ന് തിരിച്ചറിയണം. പുതിയ രൂപമാതൃകകള്‍ അനിര്‍വാര്യമായിരിക്കുന്നു. പുതിയ പോംവഴികള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

ജൈവമായ പുരോഗതിയല്ല കേരളത്തിനുള്ളത്; സ്ഥായിയായ പുരോഗമനപാതയിലല്ല നാം ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. പാലങ്ങളും റോഡുകളുംനവകേരളത്തിന്റെ അവശ്യ ഘടകമാണ് ; എന്നാല്‍ സാംസ്‌കാരിക പുരോഗതിയിലേക്കുള്ള നടപ്പാതകള്‍ വെട്ടാതെ ഉറപ്പുള്ള നവകേരളം സാധ്യമാവില്ല. അതിനു തുറന്ന മനസ്സോടെ സമുദായങ്ങള്‍ തമ്മില്‍കൂട്ടായ സഹകരണ പ്രക്രിയക്ക് സാംസ്‌കാരിക കേരളം തയ്യാറാവണം. അതാണ് ഇന്ന് കേരള നേതൃത്വത്തോട് കാലം ആവശ്യപ്പെടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top