പിണറായി വിജയന്റെ നവോത്ഥാന പ്രസംഗം വിശ്വാസി സമൂഹത്തിലും ചലനം സൃഷ്ടിക്കുന്നു; സംഘ്പരിവാറിനും കോണ്‍ഗ്രസിനും തന്ത്രിമാര്‍ക്കും രാജകുടുംബത്തിനും ശക്തമായ ഭാഷയില്‍ താക്കീത്

pinarayയുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിം കോടതിയുടെ വിധി നടപ്പാക്കാന്‍ ശ്രമിക്കവേ സംസ്ഥാനത്ത് സംഘപരിവാറും ബിജെപിയും നടത്തുന്ന അക്രമങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കുമെതിരെ പിണറായി വിജയന്റെ നവോത്ഥാന പ്രസംഗം വിശ്വാസി സമൂഹത്തിലും ചലനം സൃഷ്ടിക്കുന്നു. സംഘ്പരിവാറിനും കോണ്‍ഗ്രസിനും തന്ത്രിമാര്‍ക്കും രാജകുടുംബത്തിനും ശക്തമായ ഭാഷയിലാണ് പിണറായി വിജയന്‍ താക്കീത് നല്‍കുന്നത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും നടന്ന യോഗങ്ങളില്‍ പിണറായി വിജയന്‍ ബിജെപിക്കെതിരെ നടത്തിയ കടന്നാക്രമണം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് എല്‍ഡിഎഫ് തീരുമാനമെന്ന് കേരളാകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍പ് മൂന്ന് ജില്ലകളിലെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ മാത്രം പിണറായി പങ്കെടുക്കുമെന്നാണ് തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗത്തിന് കിട്ടുന്ന സ്വീകാര്യത കണക്കിലെടുത്ത് ഒന്‍പത് ജില്ലകളില്‍ കൂടി മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാനാണ് പുതിയ തീരുമാനം. ആലപ്പുഴയും കാസര്‍കോടും ഇടുക്കിയും വയനാടും മലപ്പുറവും ഒഴിച്ചുള്ള ജില്ലകളിലെല്ലാം മുഖ്യമന്ത്രി പ്രസംഗിക്കും.

കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കരണ പോരാട്ടങ്ങളുടെ ചരിത്രവും നവോത്ഥാനത്തിന്റെ ആവശ്യകതയും മുന്‍നിര്‍ത്തി വിശ്വാസികള്‍ക്ക് പോറലേല്‍പ്പിക്കാതെയുള്ള പിണറായിയുടെ പ്രസംഗങ്ങള്‍ ഫലം ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും യോഗങ്ങള്‍ക്ക് വന്‍ ജനക്കൂട്ടം എത്തിയിരുന്നു. രാജകുടുംബത്തിനും തന്ത്രിമാര്‍ക്കും സംഘപരിവാറിനും കോണ്‍ഗ്രസിനുമെല്ലാം ശക്തമായ ഭാഷയില്‍ മറുപടി നല്‍കാന്‍ കഴിഞ്ഞതിലൂടെ മതനിരപേക്ഷ-പുരോഗമന വിഭാഗക്കാര്‍ക്കിടയിലും സര്‍ക്കാരും ഇടത് നേതൃത്വവും സ്വീകാര്യത നേടി.

ശബരിമല നട അടച്ചിരിക്കെ നാമജപ ഘോഷയാത്ര സൃഷ്ടിച്ച വൈകാരിക അന്തരീക്ഷം കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ പിണറായിയുടെ പ്രസംഗങ്ങള്‍ക്ക് വിശ്വാസി സമൂഹത്തിലും ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചെന്ന് നേതൃത്വം വിലയിരുത്തുന്നു.

സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ എല്ലാം ശക്തമായ നടപടിയുമായി പൊലീസും മുന്നോട്ട് പോകുമ്പോള്‍ കലാപത്തിനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്നും ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. നിലയ്ക്കലിലും ശബരിമലയിലും അക്രമസമരം നടത്തിയതിന് 1400ലധികം ആളുകളെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതിലൂടെ എല്‍ഡിഎഫ് നിലപാടില്‍ നിന്ന് പിന്നോട്ടു പോകുന്നില്ല എന്ന വിലയിരുത്തല്‍ രാഷ്ട്രീയമായും ഗുണം ചെയ്യുന്നുണ്ട്.

കഴിഞ്ഞദിവസം കൊല്ലത്തും ഇന്നലെ കോട്ടയത്തും നടന്ന യോഗങ്ങളിലും മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ക്ക് കിട്ടിയ സ്വീകാര്യത ഇതു സൂചിപ്പിക്കുന്നു. ഒക്ടോബര്‍ 29ന് എറണാകുളത്ത് നടക്കുന്ന യോഗത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെയും ഇടത് നേതൃത്വത്തിന്റെയും കണക്കുകൂട്ടല്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment