സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ മാറ്റിയത് മോദിയുടെ റഫാല്‍ ഭീതിയാണെന്ന് കോണ്‍ഗ്രസ്; സിബിഐ ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു

congress-7ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ നരേന്ദ്ര മോദിയുടെ അഴിമതി പുറത്തുകൊണ്ടുവരുമെന്ന ഭീതിയാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് കോണ്‍ഗ്രസ്. നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്തെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, സിബിഐയുടെ പ്രതിച്ഛായയെ നശിപ്പിക്കുന്ന നടപടിയില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

ഡല്‍ഹിയില്‍ സിജിഒ കോംപ്ലക്‌സിലുള്ള സിബിഐ ആസ്ഥാനത്ത് രാഹുല്‍ ഗാന്ധി പ്രതിഷേധത്തിന് നേതൃത്വം വഹിക്കും. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സിബിഐ മേധാവിയെ സ്ഥാനത്തുനിന്നു നീക്കിയ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെയായിരിക്കും പ്രതിഷേധമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

എല്ലാ സിബിഐ ഓഫീസുകളുടെയും മുന്‍പില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാര്‍ക്കും സംസ്ഥാന നേതാക്കള്‍ക്കും എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗലോട്ട് നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ദേശീയ നേതാക്കളും സംസ്ഥാനങ്ങളില്‍ സംസ്ഥാന നേതാക്കളും പങ്കെടുക്കുമെന്നുംകോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി. മോദിയും അമിത് ഷായും ചേര്‍ന്ന് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായാണ് സിബിഐ ഡയറക്ടറെ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇന്ത്യയുടെ അഭിമാനമായ അന്വേഷണ ഏജന്‍സിയെ അപമാനിക്കുകയാണ് അവര്‍. പ്രധാനമന്ത്രിയുടെ റഫാല്‍ ഭീതിയാണ് സിബിഐയെ നശിപ്പിക്കാനുള്ള നീക്കത്തിനു പിന്നിലെന്നും അശോക ഗലോട്ട് ആരോപിക്കുന്നു.

alok-varmaഅതേസമയം, ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സിബിഐ മുൻ മേധാവി അലോക് വര്‍മ്മ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ജസ്റ്റിസ് എസ്.കെ.കൗൾ, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. സിബിഐ ഡയറക്ടറെ നിയമിക്കാനും മാറ്റാനും ഉള്ള അധികാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സമിതിക്കാണ്. അത് ലംഘിച്ചാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെന്ന് അലോക് വര്‍മ്മയുടെ ഹര്‍ജിയില്‍ പറയുന്നു.

സിബിഐ ഡയറക്ടറായി നിയമിച്ച് കഴിഞ്ഞാൽ മതിയായ കാരണങ്ങൾ ഇല്ലാതെ മാറ്റാനാകില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി നിര്‍ദ്ദേശം പോലും മറികടന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെന്നും അലോക് വര്‍മ്മുടെ ഹര്‍ജിയില്‍ പറയുന്നു.

സിബിഐ തലപ്പത്തെ ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി ആരോപണങ്ങളെ കുറിച്ച് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൻ നൽകിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

 

Print Friendly, PDF & Email

Related News

Leave a Comment