പീഡന വീരര്‍ പരിശുദ്ധരാക്കപ്പെടുന്ന കേരള സംസ്‌കാരം

photo new-smallകേരളം സംസ്‌കാരത്തിന്റെ ഈറ്റില്ലമായ നാടെന്നാണ് കേരളത്തിനു പുറത്തുള്ള സംസാരം. പീഡനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലടക്കപ്പെട്ട ഒരു വ്യക്തിയ്ക്ക് ജാമ്യം കിട്ടിയാല്‍ അയാളെ ആഘോഷപൂര്‍വ്വം സ്വീകരിക്കുന്നത് കേരളത്തിന്റെ പുതിയ സംസ്‌കാരമാണോ. തേങ്ങാ മോഷണക്കേസ്സില്‍പ്പോലും പ്രതിചേര്‍ക്കപ്പെട്ടാല്‍ അയാളെ കള്ളനെന്നു മുദ്രകുത്തി നാടും വീടും ഭ്രഷ്ടു കല്പിച്ചിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. കുറ്റം തെളിഞ്ഞാലും ഇല്ലെങ്കിലും അയാള്‍ ജനത്തിനു മുന്നില്‍ എന്നും കള്ളന്‍ തന്നെയായിരിക്കും. വീടിന്റെ പരിസരത്തു വന്നാല്‍ പോലും അയാളെ വീട്ടുകാര്‍ സംശയദൃഷ്ടിയോടെയായിരിക്കും നോക്കി കാണുക. ഒരു തേങ്ങാ മോഷണക്കേസ്സിലെ പ്രതിയ്ക്ക് ഈ അവസ്ഥയായിരുന്നു ഒരു കാലത്ത് നമ്മുടെ നാട്ടിലെ അവസ്ഥയെങ്കില്‍ ഒരു സ്ത്രീപീഡനക്കേസ്സിലെ പ്രതിയുടെ കാര്യം പറയേണ്ടതില്ലല്ലോ. സ്ത്രീ പീഡനക്കേസ്സില്‍ പ്രതിചേര്‍ക്കുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്തവര്‍ വരെ നമ്മുടെ നാട്ടിലുണ്ട്. മറ്റേതൊരു കേസ്സിനെക്കാളും അപമാനഭയം ഉളവാക്കുന്നതായിരുന്നു സ്ത്രീപീഡനക്കേസ്സ് ഒരു കാലത്ത് കേരളത്തില്‍ എങ്കില്‍ ഇന്നത് മാറി പീഡിപ്പിച്ചവന് പട്ടുപരവതാനി വിരിച്ച് ആള്‍രവത്തോടെ ആഘോഷമായി ജയിലില്‍ നിന്ന് വരവേല്‍പ് നല്‍കുകയാണ് പതിവ്. നടിയെ പീഡിപ്പിച്ച കേസ്സില്‍ പ്രമുഖ നടനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചതു മുതല്‍ ഈ അടുത്ത കാലത്ത് പാലാ സബ്ജയിലിലടച്ച ബിഷപ്പു വരെ എത്തിനില്‍ക്കുന്ന മലയാളിയുടെ മാറ്റത്തിന്റെ കഥ. ഇനിയും അത് കൂടാം. പ്രമുഖ നടന് ജാമ്യം കിട്ടിയപ്പോള്‍ പഞ്ചാരിമേളത്തോടെയായിരുന്നു അയാളെ ജയിലില്‍ നിന്ന് സ്വീകരിച്ചതെങ്കില്‍ ക്രിസ്ത്യാനികള്‍ ബിഷപ്പിനെ സ്വീകരിച്ചത് ആത്മീയ പരവതാനിയുടെ പരിവേഷത്തോടെയാണെന്നു വേണമെങ്കില്‍ പറയാം. അവര്‍ ജയിലിനു മുന്നില്‍ പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അതില്‍ പങ്കെടുത്ത ചിലര്‍ ഒരു പടികൂടി മുന്നോട്ടു പോയി ജപമാല പ്രാര്‍ത്ഥന വരെ ചൊല്ലി കൊണ്ടാണഅ അദ്ദേഹത്തെ സ്വീകരിച്ചത്. ഹൈക്കോടതി വെറുതെ വിട്ട ഫാദര്‍ ബനഡിക്ട് ഓണം കുളത്തിനും രവിയച്ചനുമൊന്നും ഇത്തരത്തിലൊരു സ്വീകരണം നല്‍കാന്‍ അന്നത്തെ ക്രിസ്ത്യാനികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ഇന്നത്തെ ക്രിസ്ത്യാനികള്‍ക്ക് അതിനും ആത്മീയതയുടെ ആവരണം നല്‍കാന്‍ യാതൊരു മടിയുമില്ല.

ഈ സ്വീകരണ പരിപാടികളൊക്കെ കാണുമ്പോള്‍ തെറ്റിനും ശരിയുടെ പരിവേഷമുണ്ടോയെന്ന് തോന്നിപ്പോകും. പ്രമുഖ നടനും പ്രമുഖ ബിഷപ്പും ജാമ്യം കിട്ടിയിറങ്ങി ജയിലിനു പുറത്തിറങ്ങിയത് സ്വതന്ത്ര സമരത്തില്‍ പങ്കെടുത്തതിനോ ജനങ്ങള്‍ക്കു വേണ്ടി അവകാശ സമര പോരോട്ടം നടത്തിയപ്പോള്‍ ജയിലിലടച്ചതിനോ അല്ല. ബിഷപ്പിനെ ജയിലിലിട്ടത് ക്രിസ്തുവിനുവേണ്ടി ധീരമായി പോരാടി ജയിലിലടയ്ക്കപ്പെട്ടതിനല്ല.

ഇതൊക്കെ നടന്നത് ഇരുപത്തഞ്ച് ശതമാനം മാത്രമുള്ള സാക്ഷരത കുറഞ്ഞ ഉത്തരന്ത്യന്‍ സംസ്ഥാനങ്ങളിലല്ല. സംസ്‌ക്കാര ശൂന്യരും വര്‍ഗ്ഗീയ വാദികളുമുള്ള മറ്റേതെങ്കിലും സംസ്ഥാനത്തോ രാജ്യത്തോ അല്ല. സമ്പൂര്‍ണ്ണ സാക്ഷരതയും ആര്‍ഷഭാരത സംസ്‌ക്കാരം ആയിരും വട്ടം ഉരുവിട്ടുകൊണ്ട് ആത്മീയ മുന്നേറ്റം നടത്തുന്ന നമ്മുടെ കേരളത്തിലാണ്. ഈ പ്രവര്‍ത്തികളെങ്ങാനും കേരളത്തില്‍ നടന്നിരുന്നെങ്കില്‍ നാം അതിനെതിരെ എങ്ങനെ പ്രതികരിച്ചിരുന്നേനെ. അറിയാവുന്ന ഭാഷയിലെല്ലാം അതിനെ അവഹേളിച്ചേനെ. അതിരൂക്ഷമായി തന്നെ നാം അതിനെ വിമര്‍ശിച്ചേനെ. ഏത് രീതിയില്‍ വിമര്‍ശിയ്ക്കാമോ കളിയാക്കാമോ ആ രീതിയിലെല്ലാം നാം ചെയ്‌തേനെ.

എന്നാല്‍ സ്വന്തം നാട്ടില്‍ ഇതൊക്കെ നടന്നാല്‍ അതൊരു വീരകൃത്യവും പുണ്യപ്രവര്‍ത്തിയായും നമുക്ക് കാണാന്‍ ഇപ്പോള്‍ യാതൊരു മടിയുമില്ലെന്ന് ജാമ്യം കിട്ടിയപ്പോള്‍ നടനെയും ബിഷപ്പിനെയും ജയിലിനു പുറത്തേയ്ക്ക് ്‌സ്വീകരിച്ചത് തെളിയിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പല പ്രാവശ്യം മഹാത്മാ ഗാന്ധിയുള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കളെ ജയിലിലിട്ടിട്ടുണ്ട്. ജയിലില്‍ നിന്ന് മോചിപ്പിച്ചപ്പോഴാണ് അവരെ എതിരേറ്റ് ജനം ആഘോഷപൂര്‍വ്വം ആവേശത്തോടെയുമായിരുന്നു. അതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനം പൂണ്ടിരുന്നെങ്കില്‍ ഇതില്‍ ആര്‍ക്കാണ് അഭിമാനവും ആവേശവുമുണ്ടായത്.

പരിശുദ്ധവും പരിപാവനവുമായ തിരുവസ്ത്രത്തില്‍ വിശുദ്ധ ബലിയര്‍പ്പിച്ച കൈകള്‍കൊണ്ട് തിരുസഭയുടെ പ്രമാണങ്ങള്‍ ലംഘിച്ചുള്ള പ്രവര്‍ത്തി സഭയുടെ ഇടയെന്ന നിലയില്‍ മെത്രാന്‍ ചെയ്തുയെന്നതോടൊപ്പം ഒരു രാജ്യത്തിന്റെ കുറ്റകരമായ പ്രവര്‍ത്തികള്‍ കൂടി ചെയ്തതുകൊണ്ടാണ് കൈയ്യില്‍ വിലങ്ങു വെച്ചുകൊണ്ട് ജയിലിലടച്ചത്. ഒരു വ്യക്തിയുടെ മേല്‍ കുറ്റാരോപണം നടത്തുമ്പോള്‍ അയാള്‍ ഒരിക്കലും പ്രതി സ്ഥാനത്ത് വരാറില്ല. പോലീസ് അതില്‍ പരാതി കിട്ടുമ്പോള്‍ അന്വേഷണം നടത്തുകയും തെളിവുകള്‍ ശേഖറിക്കുകയും ചെയ്തശേഷം അയാള്‍ക്കെതിരെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നു. അപ്പോള്‍ മുതല്‍ അയാള്‍ പ്രതിസ്ഥാനത്ത് നില്‍ക്കും. കോടതി കുറ്റവിമുക്തനാക്കുന്നതുവരെ അയാള്‍ പ്രതിയായിരിക്കും. അല്ലെങ്കില്‍ പ്രതി സ്ഥാനത്ത് ചേര്‍ക്കപ്പെട്ട വ്യക്തിയായിരിക്കും. അതിനു മുമ്പ് നിരപരാധിയും അപരാധിയായും വിലയിരുത്തുന്നത് ഓരോരുത്തരും ആ വ്യക്തിയോടുള്ള സമീപനത്തിന്റെയോ മനോഭാവത്തിന്റെയോ അടിസ്ഥാനത്തിലാണെങ്കിലും നിയമത്തിനു മുന്നില്‍ കോടതിയുടെ വിധി പ്രസ്താപനം വരെ കുറ്റാരോപിതനാണ്. ജയിലില്‍ അടയ്ക്കപ്പെട്ട ഒരു വ്യക്തിയ്ക്ക് ജാമ്യം നില്‍ക്കുന്നത് ഉപാധികളുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായ ഒരു മോചനം മാ്ത്രമാണ്. അങ്ങനെയോരു വ്യക്തിയ്ക്ക് സ്വീകരണം നല്‍കി ആഘോഷം നടത്തുന്നതിന്റെ ഔചിത്യമാണ് മനസ്സിലാക്കാന്‍ കഴിയാത്തത്. കോടതി കുറ്റവിമുക്തനാക്കിയാല്‍ അതിന് കുറ്റപ്പെടുത്താന്‍ കഴിയില്ല. സംസ്‌കാരത്തില്‍ അത്യഭിമാനം കൊള്ളുന്നവരായ നമ്മളെക്കാളും ഒരു സംസ്‌ക്കാരം പോലും അവകാശപ്പെടാനില്ലാത്തവര്‍ പോലും ചെയ്യാത്ത പ്രവര്‍ത്തിയാണ് ജാമ്യം കിട്ടിയ ഒരു വ്യക്തിയെ ആഘോഷപൂര്‍വ്വം ആനയിക്കുന്നത്. സിനിമാ നടനായാലും ബിഷപ്പായാലും സാധാരണക്കാരനായാലും നിയമത്തിനു മുമ്പില്‍ തെറ്റു ചെയ്യുന്നവന്‍ കുറ്റവാളിതന്നെയാണ്. അയാള്‍ക്ക് പിന്തുണയുമായി ജയിലിനു മുന്നില്‍ എത്ര പ്രാര്‍ത്ഥന നടത്തിയാലും പ്രകടനം നടത്തിയാലും കോടതി കുറ്റവികുമ്തനാക്കും വരെ.

ജാമ്യം കിട്ടി പുറത്തു വന്ന നടനെ ആരാധകര്‍ സ്വീകരിച്ചത് അന്ധമായ ആരാധന മൂത്തോ അവരുടെ വിവരക്കേടോ ആണെങ്കില്‍ ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥന ചൊല്ലി ആത്മീയ പരിവേഷം നല്‍കി സ്വീകരിച്ചത് എന്തിന്റെ അടിസ്ഥാത്തിലാണെന്ന് പിടികിട്ടുന്നില്ല. ജയിലിനു മുന്നില്‍ കൂ്ട്ട പ്രാര്‍ത്ഥന ജപമാല പ്രാര്‍ത്ഥന തുടങ്ങി ക്രിസ്ത്യാനി പഠിച്ച പ്രാര്‍ത്ഥനകളെല്ലാം ചൊല്ലികൊണ്ട് അവര്‍ ചെയ്ത പ്രാര്‍ത്ഥനയജ്ഞം ബിഷപ്പിനു വേണ്ടി നടത്തിയപ്പോള്‍ ഒരു ചോദ്യം അവശേഷിയ്ക്കുന്നു. അയാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അത് പ്രാര്‍ത്ഥന മൂലം ശരിയായി തീരുമോ. നാളെ അയാളെ കോടതി ശിക്ഷിച്ചാല്‍ ഈ പ്രാര്‍ത്ഥനയെ ഏത് രീതിയിലാണ് വ്യാഖ്യാനിയ്‌ക്കേണ്ടത്. പ്രാര്‍ത്ഥനയുടെ അര്‍ത്ഥവും ആവശ്യവും എന്തെന്ന് വ്യക്തമായി പഠിപ്പിച്ച ക്രിസ്തുവിന്റെ പാത പിന്തുടരുന്നവര്‍ക്ക് അത് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. അതു മാത്രമല്ല. കൂണുപോലെ ധ്യാനകേന്ദ്രങ്ങളും മുഴത്തിനു മൂവായിരം ധ്യാനഗുരുക്കളും എണ്ണിയാല്‍ ഒടുങ്ങാത്തത്ര ധ്യാനങ്ങളുമുള്ള കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് അര്‍ത്ഥവും ആഴവും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ട് അവര്‍ ജയിലിനു മുന്നില്‍ നടത്തിയത് പ്രാര്‍ത്ഥനയല്ല വെറും പ്രഹസനം മാത്രമാണെന്ന് പറയേണ്ടതാണ്.

ഇന്നലെ വരെ ക്രിസ്ത്യാനിയുടെ പ്രാര്‍ത്ഥനയുടെ പരിശുദ്ധിയില്‍ ആരും കുറ്റം കണ്ടില്ലെങ്കില്‍ ഇന്ന് അതിനെ അപഹാസ്യകരമായ രീതിയില്‍ ഇവര്‍ മാറ്റിയിരിക്കുകയാണ്. പീഡിപ്പിച്ചവന്റെ മാനസ്സാന്തരത്തിനായി പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍ അതിനെ തെറ്റായി കാണാന്‍ കഴിയില്ല. എന്നാല്‍ ഇവിടെ പീഡിപ്പിച്ചവനെ പിന്തുണയ്ക്കുന്നതിനുവേണ്ടിയും പ്രതിസ്ഥാനത്തു നിന്നും മാറ്റുന്നതിനും വേണ്ടിയാണ് ഒരു കൂട്ടം ആളുകള്‍ ജയിലിനു മുന്നില്‍ പ്രാര്‍ത്ഥിച്ചത്. ഇവര്‍ക്ക് മനവിശ്വാസമാണോ മതാന്തതയാണോ ഉള്ളത്. ഒരു ക്രിസ്ത്യാനിയെന്നതില്‍ അഭിമാനിയ്ക്കുമ്പോഴും ഇങ്ങനെയുള്ള ക്രിസ്ത്യാനി സമൂഹത്തെ തന്നെ അപമാനപ്പെടുത്തുന്നുയെന്നതാണഅ ഒരു നഗ്നസത്യം. ഇങ്ങനെയുള്ളവരാണ് അപഥ സഞ്ചാരികളായ മതനേതാക്കള്‍ക്ക് ശക്തിയും സങ്കേതവും. തലയില്‍ മുണ്ടിട്ട് പാത്തും പതുങ്ങിയും നടക്കാതെ ഏതോ വീരകൃത്യം ചെയ്ത മട്ടില്‍ തലയുയര്‍ത്തിപ്പിടിച്ച് നടക്കാന്‍ കുറ്റക്കാരായ മതനേതാക്കള്‍ക്ക് കഴിയുന്നത് ഈ പ്രാര്‍ത്ഥനപൂര്‍വ്വമായ പിന്തുണയാണ്. അത് അവരെ ഇനിയും പീഡനങ്ങള്‍ നടത്താന്‍ ശക്തരാക്കും. ദുര്‍ബലരെ അശരണരെ പ്രാര്‍ത്ഥനകൊണ്ട് ശക്തിപ്പെടുത്തുമെന്ന് പറയുമ്പോഴെ പീഡിപ്പിക്കുന്നവനെയും പേടിപ്പിക്കുന്നവനെയും ശക്തരാക്കാന്‍ മാത്രമല്ല അവര്‍ക്ക് ധൈര്യവും ഉത്തേജ്ജസ്സും ഉന്മേഷവും ഉണ്ടാകുവാനും ഈ പ്രാര്‍ത്ഥനയെന്ന പ്രഹസനത്തിനു കഴിയും.

വിശ്വാസം കൂടിയതുകൊണ്ടാണോ ഭക്തിയുടെ പാരമ്യതയിലെത്തി നില്‍ക്കുന്നതുകൊണ്ടാണോ വിശ്വാസികള്‍ കുറ്റവാളികളെ പ്രാര്‍ത്ഥനയും പരവതാനിയും വിരിച്ച് ജാമ്യം കിട്ടിയാല്‍ പോലും സ്വീകരിക്കുന്നതെന്നറിയില്ല. ഒരു കാര്യമുറപ്പാണ് കുറ്റവാളിയ്ക്ക് സമൂഹത്തില്‍ സ്ഥാനവും സംഖ്യകള്‍ കയ്യിലുമുണ്ടെങ്കില്‍ ഏത് കുറ്റവാളിയും ആദരിക്കപ്പെടുന്നവനായി മാറുമെന്ന സ്ഥിതിയിലേക്ക് കേരളത്തിലെ ഒരു വിഭാഗം ക്രിസ്ത്യാനി സമൂഹം വളര്‍ന്നിരിക്കുന്നു. ആ വളര്‍ച്ചയ്ക്ക് വെള്ളവും വളവും ഇടാന്‍ ആത്മീയ വ്യാപാരം മൊത്തമായിട്ടും ചില്ലറയായിട്ടും വില്‍ക്കാന്‍ നടക്കുന്ന ചില ആത്മീയ നേതാക്കളും രംഗത്തുവന്നാല്‍ അത് ഇനിയും വര്‍ദ്ധിക്കുകയും വളരുകയും ചെയ്യും. പാപത്തെ കുറിച്ചും പാപബോധത്തെകുറിച്ചും പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഇവര്‍ ക്രിസ്തുവിനെ ക്രൂശിക്കുകയെന്ന് ആക്രോശിച്ച കൈയ്യാഫായെക്കാളും എത്രയോ ക്രൂരരാണ്. ശരിയേക്കാള്‍ തെറ്റിനെ ഇഷ്ടപ്പെടുന്ന ഈ നേതൃത്വവും ജനവുമാണ് ഇന്നും യേശുവിനെ ക്രൂശിക്കുന്നതും സഭയെ കളങ്കപ്പെടുത്തുന്നതും. അവരില്‍കൂടി അല്ലെങ്കില്‍ അവരുടെ ധൈര്യത്തില്‍ ഇനിയും ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ വരികയും പലരും പുണ്യവാളന്‍മാരാകുകയും ചെയ്യും. നിയമത്തിനു മുന്നില്‍ കുറ്റവാളികളായാല്‍ പോലും ജനത്തിനു മുന്നില്‍ നിരപരാധികളാക്കാന്‍ ഇവരുടെ ഈ പ്രവര്‍ത്തികള്‍ മതിയാകും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment