Flash News

സീറോ മലബാര്‍ സഭ അനധികൃതമായി വില്പന നടത്തിയ ഭൂമി കണ്ടുകെട്ടി

October 29, 2018

newsrupt2018-1089a97fd3-7fa6-4a79-95fb-34386988566fsyromalabarസീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ ആദായനികുതി വകുപ്പിന്റെ നടപടി. ഇടനിലക്കാര്‍ വഴി കാക്കനാട് വിറ്റ ഭൂമി ആദായനികുതി വകുപ്പ് കണ്ടുക്കെട്ടി. ഇടനിലക്കാരന്‍ സാജു വര്‍ഗീസ്, ഭൂമി വാങ്ങിയ വികെ ഗ്രൂപ്പ് എന്നിവരുടെ ആസ്തിവകകളാണ് കണ്ടുക്കെട്ടിയത്. 10 കോടിയുടെ വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍.

ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അടക്കം ചോദ്യം ചെയ്തിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വലിയതോതില്‍ കള്ളപ്പണമിടപാട് നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇടനിലക്കാരുടെ ആസ്തിവകകള്‍ താല്‍ക്കാലികമായി കണ്ടുക്കെട്ടിയത്. സെക്ഷന്‍ 132(9 b) പ്രകാരമാണ് ഭൂമി കണ്ടുക്കെട്ടിയിട്ടുള്ളത്. പിഴയൊടുക്കാൻ സാജുവിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

കാക്കനാടുള്ള 64 സെന്റ് ഭൂമിയാണ് സഭ സാജു വര്‍ഗീസിന് വിറ്റത്. രേഖകളില്‍ 3.94 കോടി കാണിച്ച ഭൂമി മറിച്ചുവിറ്റത് 39 കോടി രൂപയ്ക്കാണെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി. സാജു വര്‍ഗീസിന്റെയും വികെ ഗ്രൂപ്പിന്റെയും എല്ലാ ഇടപാടുകളും ആദായനികുതി വകുപ്പ് പരിശോധിച്ചിരുന്നു. ഭൂമിയിടപാടുകളില്‍ സാജു വര്‍ഗീസും വികെ ഗ്രൂപ്പും ചേര്‍ന്ന് 20 കോടിയോളം രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.

ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ 4298 സ്വകയര്‍ ഫീറ്റിന്റെ വാഴക്കാലയിലെ ആഡംബര വീടിനും സ്ഥലത്തിനുമായി 4 കോടി 16 ലക്ഷം രൂപയാണ് ആദായനികുതി വകുപ്പ് വിലയിട്ടിരിക്കുന്നത്. ഇതുള്‍പ്പെടെ സാജു വര്‍ഗീസ് വഴി ഭൂമി വാങ്ങിയ വികെ ഗ്രൂപ്പ് ഉടമകളായ എന്‍ എസ് അജാസ്, നിയാസ് , ഷിയാസ് എന്നിവരുടെ ആസ്തിവകകളും കണ്ടുക്കെട്ടിയിട്ടുണ്ട്. സാജു വര്‍ഗീസ് വഴി വികെ ഗ്രൂപ്പ് വാങ്ങിയ സഭയുടെ ഭൂമിയും മറ്റ് നികുതിവെട്ടിപ്പിന്റെ പേരില്‍ ഇവരുടെ ബാക്കിയുള്ള ഏഴ് അനുബന്ധ ആസ്തിവകകളും കണ്ടുക്കെട്ടിയിട്ടുണ്ട്. സഭ വിറ്റ കാക്കനാടുള്ള മൂന്ന് ഏക്കറോളം ഭൂമിയും ഇതില്‍പെടും.

2016 സെപ്റ്റംബറിലാണ് സാജു വര്‍ഗീസ് സഭയുടെ ഭൂമി വില്‍പനയിൽ ഇടനിലക്കാരനായത്. 27 കോടിയിലേറെ വിലയിട്ടിരുന്ന ഭൂമി ഇയാള്‍ വഴി വില്‍പന നടത്തിയെങ്കിലും സഭയ്ക്ക് ആകെ ലഭിച്ചിട്ടുള്ളത് 13.5 കോടിയോളം രൂപ മാത്രമാണ്. നോട്ട് നിരോധനം മൂലം പണം തരാനാവില്ലെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ബാക്കി തരാനുള്ള പണത്തിന് പകരമായി സഭയ്ക്ക് കോതമംഗലത്തും ദേവികുളത്തുമായി ഇയാള്‍ സ്ഥലം നൽകുകയും ചെയ്തു. ഈ സ്ഥലങ്ങള്‍ക്ക് കിട്ടാനുള്ള പണത്തേക്കാള്‍ മൂല്യമുണ്ടെന്ന് പറഞ്ഞത് പ്രകാരം സഭ വീണ്ടും ഇയാള്‍ക്ക് പണം നല്‍കിയിരുന്നു. സഭ വിറ്റ സ്ഥലത്തിന് ന്യായമായ മൂല്യം ലഭിച്ചില്ലെന്നും പിന്നീട് സാജു വര്‍ഗീസില്‍ നിന്നും പകരം വാങ്ങിയ ഭൂമിക്ക് അധികമൂല്യമാണ് നല്‍കിയതെന്നും കാണിച്ചാണ് ഇപ്പോള്‍ വിവാദമുണ്ടായിരിക്കുന്നത്. ഈ ഭൂമിയിടപാടുകളോടെ, ബാങ്ക് വായ്പ തീര്‍ക്കാനായി ഭൂമി വില്‍ക്കാന്‍ ശ്രമിച്ച സഭയുടെ കടം വന്‍തോതിൽ വര്‍ധിക്കുകയും ചെയ്തു.

എന്നാല്‍, സഭയുമായുള്ള ഭൂമിയിടപാടിന് ശേഷം എട്ടു മാസത്തിനുള്ളില്‍ കുമളിയില്‍ സാജു വര്‍ഗീസ് എസ്റ്റേറ്റ് വാങ്ങാനായി കരാറെഴുതിയതയായും വ്യക്തമായിരുന്നു. 2017 ജൂണ്‍-ജൂലൈ മാസങ്ങളിലായാണ് കരാറെഴുതിയിരിക്കുന്നത്. ആറ് കോടി മതിപ്പുള്ള ഏലത്തോട്ടത്തിന് ഒരുകോടി രൂപയാണ് അഡ്വാന്‍സായി നല്‍കിയത്. ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന് വൈദിക സമിതിയും ബിഷപ്പുമാരുടെ സിനഡ് നിയോഗിച്ച സമിതിയും കണ്ടെത്തിയിരുന്നു. ബിഷപ്പുമാരുടെ സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും സഭയില്‍ രഹസ്യമായി അവതരിപ്പിച്ചിരുന്നു. ഇടപാട് വിവാദത്തിലായതോടെ കര്‍ദ്ദിനാളിനെ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് അധികാരത്തില്‍ നിന്ന് നീക്കിയ വത്തിക്കാന്‍ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററെ ചുമതല ഏല്പിക്കുകയായിരുന്നു.

അഡ്‌മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തും വത്തിക്കാന്‍ നിര്‍ദ്ദേശപ്രകാരം പുതിയ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടിലുടെ സഭയ്ക്ക് ഉണ്ടായിരിക്കുന്ന 100 കോടിയോളം രൂപയുടെ ബാധ്യത തീര്‍ക്കാന്‍ ഭൂമി വില്പന അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ വത്തിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. അതുപ്രകാരം അതിരൂപതയുടെ കൈവശം തൃക്കാക്കരയിലുള്ള 12 ഏക്കര്‍ ഭൂമി വ്യവസായിക്ക് വിറ്റ് കടം വീട്ടാനുള്ള നടപടി പുരോഗമിക്കുകയാണ്. 70 കോടി രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നതെന്നാണ് വിവരം. 90 ലക്ഷത്തോളം രൂപയാണ് മാസം അതിരൂപത ബാങ്കില്‍ പലിശയായി അടയ്ക്കുന്നത്.

മുമ്പ് സഭയുടെ ധനകാര്യ ചുമതലയുണ്ടായിരുന്നു ഫാദര്‍ ജോഷി പുതുവയും കര്‍ദ്ദിനാളും നല്‍കിയ മൊഴികളില്‍ പരസ്പര വൈരുദ്ധ്യമുള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. അതിനാല്‍ റോമില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കര്‍ദ്ദിനാളിനെ വീണ്ടും ചോദ്യം ചെയ്തതിന് ശേഷമായിരിക്കും സഭാതലത്തിലേക്കുള്ള നടപടികളുണ്ടാകുകയെന്നാണ് സൂചന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top