Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

പിണറായി വിജയനും ജീവിതരേഖയും പ്രളയവും

October 29, 2018 , ജോസഫ് പടന്നമാക്കല്‍

pinarayi_vijayanum pralayavum-1രണ്ടാം ലോക മഹായുദ്ധകാലത്ത് സൂര്യന്‍ അസ്തമിക്കാത്ത രാജ്യമായിരുന്ന ബ്രിട്ടന്‍ തകര്‍ന്നു തരിപ്പണമായിക്കൊണ്ടിരുന്നപ്പോള്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആ രാജ്യത്തിന് ഒരു ആവേശമായിരുന്നു. അതുപോലെ ചരിത്രത്തില്‍ തന്നെ സംഭവിച്ച അതിദുരന്തമായ പ്രളയക്കെടുതിയില്‍ ശ്രീ പിണറായി വിജയന്‍ കേരള സംസ്ഥാനത്തിന് ശക്തമായ ഒരു നേതൃത്വം കൊടുത്തുവെന്നുള്ള സത്യം പറയാതെ വയ്യ. കേരളത്തിന്റെ പുനര്‍നിര്‍മ്മാണമെന്നതു വിജയന്റെ മുമ്പില്‍ ഇന്ന് ഒരു വെല്ലുവിളി തന്നെയാണ്. ഒരു പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായിരിക്കാം ഇത്. സ്വാതന്ത്ര്യം കിട്ടിയ കാലം ഇന്ത്യ പരിപൂര്‍ണ്ണമായും പാപ്പരത്വം നിറഞ്ഞ ഒരു രാജ്യമായിരുന്നു. വര്‍ഗീയ ലഹളകള്‍ രാജ്യം മുഴുവന്‍ ആളിക്കത്തുകയും രാജ്യം രണ്ടായി വിഭജിക്കേണ്ടി വരുകയുമുണ്ടായി. എന്നാല്‍ നെഹ്‌റു, പട്ടേല്‍, അംബേക്കര്‍ എന്നിങ്ങനെയുള്ള നേതാക്കന്മാരുടെ ധീരമായ നേതൃത്വത്തില്‍ രാജ്യം കുതിച്ചുയരുകയും ഇന്ത്യ ഇന്ന് ലോകത്തിലെ ഒരു വന്‍ശക്തികളില്‍ ഒന്നാവുകയും ചെയ്തു. മന്‍മോഹന്‍ സിംഗ്, നരസിംഹ റാവൂ എന്നിവരുടെ തീക്ഷ്ണ ചിന്താഗതിയില്‍ ഇന്ത്യ ഒരു സാമ്പത്തിക ശക്തിയാവുകയും ചെയ്തു. പുതിയ ഒരു നൂറ്റാണ്ടിലേക്ക് അഭിമാനത്തോടെ തന്നെയാണ് നമ്മുടെ ഭാരതം കുതിച്ചുയര്‍ന്നത്.

dc-Cover-q062esvb4t27irc41gb7i9to53-20160521064732.Medi1939ലാണ്, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാകുന്നത്. അത് ‘പിണറായി’ എന്ന സ്ഥലത്തെ പാറപ്പുറത്തു വെച്ചായിരുന്നു. പി. കൃഷ്ണപിള്ള, ഇ.എം.എസ് മുതലായ അന്നത്തെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അങ്ങനെയാണ് ‘പിണറായി’ എന്ന സ്ഥലത്തിന്റെ പ്രാധാന്യം വന്നത്. അതേ സ്ഥലത്തുനിന്നു തന്നെയാണ് പിണറായി വിജയന്‍ ഇന്ന് പാര്‍ട്ടിയുടെ സമുന്നത സ്ഥാനം വഹിക്കുന്നതും കേരളാ മുഖ്യമന്ത്രി പദവിയില്‍ വന്നെത്തിയതും. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ജന്മസ്ഥലമായ ചരിത്രം സൃഷ്ടിച്ച പിണറായി എന്ന ഗ്രാമത്തെ ശ്രീ പിണറായി വിജയന്‍ ഇന്ന് അഭിമാനപൂര്‍വ്വമായിട്ടാണ് കാണുന്നത്.

കണ്ണൂര്‍ ഡിസ്ട്രിക്റ്റില്‍ ‘പിണറായി’ എന്ന ഗ്രാമത്തില്‍ 1945 മെയ് മാസം 24ന് മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി വിജയന്‍ ജനിച്ചു. വിജയന്റേത് ഒരു ഒരു കര്‍ഷക കുടുംബമായിരുന്നു. മാതാപിതാക്കള്‍ കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ജീവിച്ചു വന്നിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ചെത്തു തൊഴിലാളിയും അമ്മ കാര്‍ഷിക വൃത്തികളില്‍ ഭര്‍ത്താവിനെ സഹായിച്ചും കുടുംബകാര്യങ്ങള്‍ അന്വേഷിച്ചും കഴിഞ്ഞു വന്നു. അദ്ദേഹം ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലത്തു പിതാവ് മരിച്ചുപോയിരുന്നു. അപ്പന്റെ മരണശേഷം കുടുംബത്തിലെ കാര്യങ്ങള്‍ മുഴുവന്‍ ‘അമ്മ’ അന്വേഷിച്ചു വന്നു. കുടുംബത്തില്‍ പതിനാലു കുട്ടികളുണ്ടായിരുന്നതില്‍ പതിനൊന്നു കുട്ടികളും നേരത്തെതന്നെ മരിച്ചുപോയിരുന്നു. പതിനാലാമത്തെ കുട്ടിയായിട്ടാണ് വിജയന്‍ ജനിച്ചത്.

മൂന്നു സഹോദരന്മാരില്‍ നാണുവെന്ന മൂത്തയാളാണ് ഇന്നും ജീവിച്ചിരിക്കുന്നത്. കുമാരനെന്ന മറ്റൊരു ജേഷ്ടനുണ്ടായിരുന്നതും മരിച്ചുപോയി. കുറച്ചു കൃഷിയും നെല്ലുമൊക്കെയുണ്ടായിരുന്നതുകൊണ്ടു അല്ലലില്ലാതെ ഈ കുടുംബം കഴിഞ്ഞു പോന്നിരുന്നു. പിന്നീടുള്ള കാലങ്ങളില്‍ സാമ്പത്തികമായി ഞെരുക്കങ്ങളും മറ്റു വിഷമഘട്ടങ്ങളും കടന്നുപോയിട്ടുണ്ട്. മൂത്തജേഷ്ഠന്‍ കുടുംബത്തില്‍ നിന്ന് മാറിതാമസിക്കുകയും മറ്റൊരു ജേഷ്ഠനായ കുമാരന്‍ കര്‍ണ്ണാടകയില്‍ ബേക്കറി ജോലിക്കായി പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ പിതാവ് പ്രായമായപ്പോള്‍ ജോലി ചെയ്യാന്‍ കഴിയാതെ വന്നു. തന്മൂലം സാമ്പത്തികമായി ഞെരുക്കങ്ങള്‍ അനുഭവിക്കാനും തുടങ്ങി.

pinarayi-vijayan-black-and-white-1ശാരദാവിലാസം എല്‍.പി. സ്‌കൂളിലാണ് വിജയന്‍ സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത്. അവിടെ അഞ്ചാം തരം വരെ പഠിച്ചു. അഞ്ചാം കഌസ്സു കഴിഞ്ഞു പിന്നീട് അദ്ദേഹത്തെ പഠിപ്പിക്കാന്‍ കുടുംബത്തിലുള്ള മറ്റുള്ളവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നില്ല. അന്നത്തെ നാട്ടുനടപ്പനുസരിച്ചുള്ള മുതിര്‍ന്നവര്‍ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസകാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കില്ലായിരുന്നു. വിജയന്റെ ഗുരുവായിരുന്ന ഒരു ഗോവിന്ദന്‍ മാഷെന്ന നാട്ടുപ്രമാണി വിജയനെ തുടര്‍ന്നും പഠിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ അമ്മയെ വിളിച്ച് ആവശ്യപ്പെട്ടു. മകനെ ബീഡിത്തൊഴില്‍ പഠിപ്പിക്കാനായി ‘ബാലനെന്ന’ ഒരാളിന്റെ അടുത്തു അദ്ദേഹത്തിന്റെ ‘അമ്മ കൊണ്ടുപോയി. എന്നാല്‍ ബാലന്‍ വിജയനെ ബീഡിത്തൊഴില്‍ ചെയ്യുന്നതില്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. അദ്ദേഹവും വിജയന്‍ പഠനം തുടരട്ടെയെന്നു പറഞ്ഞു ഉപദേശിച്ചു വിടുകയായിരുന്നു.

ഗോവിന്ദന്‍ മാഷിന്റെ നിര്‍ബന്ധത്തില്‍ വിജയന്‍ ആര്‍.സി. മാള യുപി സ്‌കൂളില്‍ പഠനം തുടര്‍ന്നു. സ്‌കൂളിലെ അദ്ധ്യാപകര്‍ക്കെല്ലാം വിജയനെ വളരെ ഇഷ്ടമായിരുന്നു. ശങ്കരന്‍ മുന്‍ഷിയെന്ന ഒരു സംസ്‌കൃത പണ്ഡിതനായ അദ്ധ്യാപകന്‍ അദ്ദേഹത്തിന്റെ അമ്മയെ വിളിപ്പിച്ചിട്ടു ‘ഈ കുട്ടി എവിടെ തോല്‍ക്കുന്നുവോ അവിടം വരെ പഠിപ്പിക്കണമെന്ന്’ പറഞ്ഞു. വിജയന്‍ പഠനത്തില്‍ അതി സമര്‍ത്ഥനല്ലായിരുന്നെങ്കിലും എട്ടാം ക്ലാസ്സില്‍ പബ്ലിക്ക് പരീക്ഷക്കിരുന്ന മൂന്നു കുട്ടികള്‍ പാസായതില്‍ അദ്ദേഹവുമുണ്ടായിരുന്നു. മൊത്തം അന്നത്തെ ക്ലാസ്സില്‍ നാല്‍പ്പതു കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു. യൂ. പി സ്‌കൂളില്‍ പഠിക്കുന്ന കാലങ്ങളില്‍ കഥാപ്രസംഗങ്ങള്‍ സ്‌കൂളിലുള്ള കലാപരിപാടികളില്‍ അവതരിപ്പിക്കുമായിരുന്നു. അന്ന് തൊട്ടടുത്ത പഞ്ചായത്ത് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങളെടുത്ത് വായിക്കുന്ന ശീലവുമുണ്ടായിരുന്നു. സ്വന്തം അമ്മയ്ക്ക് രാമായണവും ഭാഗവതവും കൃഷ്ണപ്പാട്ടും വായിച്ചു കൊടുക്കുമായിരുന്നു.

inline-imagespv2യൂപി സ്‌കൂള്‍ പഠനം കഴിഞ്ഞു വിജയന്‍ പെരളശേരി ഹൈസ്‌കൂളില്‍ പഠനം തുടര്‍ന്നു. ചില മാജിക്ക് പണികളും സ്‌കൂളില്‍ അവതരിപ്പിക്കാന്‍ അറിയാമായിരുന്നു. മാജിക്കെല്ലാം ഹൈസ്‌ക്കൂളില്‍ ഒരു നാരായണന്‍ മാഷില്‍നിന്നാണ് പഠിച്ചിരുന്നത്. ഹൈസ്‌ക്കൂള്‍ കാലത്ത് നാല്ലൊരു പ്രാസംഗികനായി തീര്‍ന്നു. ‘അമ്മ’ പ്രേതങ്ങളുടെ കഥ പറഞ്ഞിരുന്നതുകൊണ്ടു പേടി കൊണ്ട് പുറത്തിറങ്ങില്ലായിരുന്നു. അന്നൊക്കെ അദ്ദേഹത്തിന് പ്രേതങ്ങളോട് അതി ഭയങ്കര പേടിയായിരുന്നതിനാല്‍ ഒറ്റയ്ക്കിരുന്നു പഠിക്കാനും ഭയമായിരുന്നു. ഭയം മനസ്സില്‍ സദാ ജ്വലിച്ചിരുന്നതിനാല്‍ അടുക്കള വാതിലിലുള്ള പടിയിന്മേല്‍ ഇരുന്ന് അമ്മയെ നോക്കിക്കൊണ്ടായിരുന്നു പഠിച്ചിരുന്നത്. ഭയം മൂലം തന്ത്രിമാരെക്കൊണ്ട് തലയ്ക്ക് പിടിപ്പിക്കാനായി ‘അമ്മ ദേവീക്ഷേത്രങ്ങളിലും കൊണ്ടുപോകുമായിരുന്നു. ചെറുപ്പകാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോവുമായിരുന്നെങ്കിലും ഒരു ദേവീ ദേവന്മാരെയും തൊഴില്ലായിരുന്നു. കാരണം, ചെറുപ്പത്തില്‍ തന്നെ ഈശ്വരനെന്നുള്ള സങ്കല്‍പ്പത്തില്‍ അദ്ദേഹത്തിന് വിശ്വാസമില്ലായിരുന്നു.

ഹൈസ്‌കൂള്‍ കഴിഞ്ഞപ്പോള്‍ വിജയന്‍ കര്‍ണ്ണാടകയിലുള്ള തന്റെ അമ്മാവന്‍ ഭദ്രാവതിയുടെ അടുത്തു പോയി കുറച്ചു നാള്‍ താമസിച്ചു. തിരിച്ചു നാട്ടില്‍ മടങ്ങി വന്നപ്പോള്‍ കോളേജില്‍ അപേക്ഷ കൊടുക്കേണ്ട സമയം കഴിഞ്ഞു പോയിരുന്നു. ആ വര്‍ഷം കോളേജില്‍ പ്രവേശനം ലഭിക്കാന്‍ സാധിക്കാഞ്ഞതിനാല്‍ പഠനം നിര്‍ത്തേണ്ടി വന്നു. തന്മൂലം ഒരു നെയ്ത്ത് തൊഴിലാളിയായി ജോലി ചെയ്തു. നല്ലൊരു നെയ്ത്തുകാരനാവുകയും കുറച്ചു പണമുണ്ടാക്കുകയും ചെയ്തു.അതിനു ശേഷം തലശേരി ബ്രണ്ണന്‍ കോളേജില്‍ പ്രീ യൂണിവേഴ്സ്റ്റിറ്റി പഠനം ആരംഭിച്ചു. അതേ കോളേജില്‍ നിന്നും തന്നെ ഡിഗ്രിയും പൂര്‍ത്തിയാക്കി. കോളേജ് ചെലവിനായി ജോലി ചെയ്ത പണം പ്രയോജനപ്പെടുത്തുകയുമുണ്ടായി.

Pinarayi an Old Picസ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ വിജയന്‍ കമ്മ്യുണിസ്റ്റു ചിന്താഗതിക്കാരനായിരുന്നു. മാര്‍ക്‌സിനെയും ലെനിനെയും സംബന്ധിച്ച ലഖുലേഖകള്‍ വായിക്കുമായിരുന്നു. കമ്മ്യുണിസത്തില്‍ വിശ്വസിച്ചിരുന്ന ഒരു കുടുംബ പശ്ചാത്തലവും അദ്ദേഹത്തിനുണ്ടായിരുന്നു. 1948ല്‍ കമ്മ്യുണിസ്റ്റുകാരെ കോണ്‍ഗ്രസ്സുകാര്‍ വേട്ടയാടിയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ജേഷ്ഠന്‍ കുമാരനെ കമ്മ്യുണിസ്‌റ്റെന്ന നിലയില്‍ പോലീസുകാര്‍ ഭീകരമായ മര്‍ദ്ദിച്ച ചിത്രവും പറഞ്ഞുകേട്ട അറിവില്‍ അദ്ദേഹത്തിന്റെ മനസിലുണ്ട്. അത് വിജയന്‍ തന്നെ പല തവണ പറഞ്ഞിട്ടുള്ള കഥയുമാണ്.

ബ്രെണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. പഠിക്കുന്ന കാലത്ത് അദ്ദേഹം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നെങ്കിലും നേതൃസ്ഥാനത്ത് ഒരിക്കലും വന്നിട്ടില്ല. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസത്തില്‍ ചിലപ്പോള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വഴക്കുകൂടുമായിരുന്നു. വിജയന്‍ ശാരീരികമായി മെച്ചപ്പെട്ട ഒത്തയാളായിരുന്നതിനാല്‍ അദ്ദേഹത്തിനെതിരെ കൈകള്‍ ഉയര്‍ത്താന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പ്രതിയോഗികള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. അന്നൊക്കെ കൈവെക്കാനും തല്ലു കൂടാനും അദ്ദേഹം മിടുക്കനായിരുന്നു. വിജയന്റെ ഭാര്യ കമലയുടെ അഭിപ്രായത്തില്‍ ‘അദ്ദേഹം തല്ലു കൊടുത്തിട്ടേയുള്ളൂ. തല്ല് മേടിച്ചിട്ടില്ലെ’ന്നുള്ളതാണ്. അടി വരുന്ന സമയം ഓടാറില്ലായിരുന്നു. നിന്നു തല്ലു കൊടുക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതൊക്കെ വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ഭാഗമായി അദ്ദേഹം കരുതുന്നു.

കേരളാ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ കണ്ണൂര്‍ ഡിസ്ട്രിക്റ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ആ സംഘടന എസ്.എഫ്.ഐ ആയി വിപുലീകരിക്കുകയാണുണ്ടായത്. കേരള സ്‌റ്റേറ്റ് യൂത്ത് ഫെഡറേഷനില്‍ പ്രവര്‍ത്തിക്കുകയും പ്രസിഡണ്ട് പദവിയിലിരിക്കുകയുമുണ്ടായി. ഈ സംഘടന ഡെമോക്രറ്റിക്ക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന് പിന്നീട് അറിയപ്പെടാന്‍ തുടങ്ങി. അക്കാലങ്ങളില്‍ കമ്മ്യുണിസ്റ്റുകാര്‍ ഒളിസങ്കേതങ്ങളില്‍ നിന്നുകൊണ്ടായിരുന്നു സംഘടനയെ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നത്. ഒന്നര വര്‍ഷത്തോളം പിണറായി വിജയന് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നു. അടിയന്തിരാവസ്ഥ കാലത്തു അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

461964ല്‍ അദ്ദേഹം സിപിഎം കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നു. കമ്മ്യുണിസം പിളര്‍ന്ന ശേഷമാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. അന്ന് വലതുപക്ഷ ചിന്താഗതിക്കാരായ സിപിഐ പാര്‍ട്ടിയോട് അദ്ദേഹത്തിന് താല്‍പ്പര്യം വന്നില്ലെന്ന് അദ്ദേഹം തന്നെ തുറന്ന ആത്മകഥാരൂപത്തില്‍ പറയുന്നുണ്ട്. അതിനുള്ള കാരണങ്ങളും വ്യക്തമാക്കുന്നുണ്ട്. ‘അക്കാലത്തു സിപിഐ ഒരു തിരുത്തല്‍വാദ പാര്‍ട്ടിയായിട്ടാണ് അരങ്ങത്തു വരുന്നത്. കമ്മ്യൂണിസ്റ്റു സിദ്ധാന്തങ്ങളുടെ ആദര്‍ശങ്ങളില്‍ നിന്നും വ്യതിചലിച്ച് അതിന്റെ സത്ത തന്നെ ഇല്ലാതാകുന്നുവോയെന്നും പൊതുവെ ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഇടതുപക്ഷ മുന്നണിയില്‍ താന്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും’ അദ്ദേഹം പറയുന്നു.

പിണറായി വിജയന്‍, ഒരു അഭിമുഖ സംഭാഷണത്തില്‍ കമ്മ്യുണിസം പിളരാനുള്ള സാഹചര്യങ്ങളെ വിശദീകരിക്കുന്നുണ്ട്. ‘പാര്‍ട്ടിക്കുള്ളിലെ പ്രമുഖരായ നേതാക്കന്മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ ഇടതും വലതുമായി വിഭജിക്കാന്‍ കാരണമായി. വലതുപക്ഷ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ (സിപിഐ) വന്‍കിട ബൂര്‍ഷാകളുടെയും തൊഴിലുടമകളുടെയും നേതൃത്വത്തിലുള്ള ഒരു അധികാര വര്‍ഗമായി ഇടതു മുന്നണി കണ്ടു. അതില്‍തന്നെ നിത്യം കമ്മ്യുണിസ്റ്റ് യോഗങ്ങളില്‍ നിശിതമായ വിമര്‍ശനങ്ങളും തര്‍ക്കങ്ങളുമുണ്ടായിരുന്നു.’ സിപിഐ നേതൃത്വം അങ്ങനെയൊരു ബൂര്‍ഷാ ഭരണം രാജ്യത്തിലില്ലെന്നും വാദിച്ചു. എല്ലാ മാസങ്ങളും അതേ ചൊല്ലി തര്‍ക്കങ്ങള്‍ നിഴലിച്ചുകൊണ്ടിരുന്നു. നിലവിലുള്ള സര്‍ക്കാരുകളെ നീക്കം ചെയ്യാന്‍ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കും രൂപം കൊടുത്തു. എന്നാല്‍ അതിലുള്ള പ്രവര്‍ത്തകരെ തീരുമാനിക്കുമ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ വന്നു കൊണ്ടിരുന്നു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സി.പി.എം) തൊഴിലാളി വര്‍ഗ നേതൃത്വത്തിലുള്ള ഒരു ജനകീയ മുന്നേറ്റത്തിനായി വിഭാവന ചെയ്തു. എന്നാല്‍ സിപിഐ, തൊഴിലാളികളെ മാറ്റി നിര്‍ത്തി ഒരു സോഷ്യലിസ്റ്റ് ദേശീയ ജനാധിപത്യ മുന്നണി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയ ജനാധിപത്യ മുന്നണിയുടെ നേതൃത്വം തൊഴിലാളി വര്‍ഗത്തിന് കൊടുക്കാന്‍ സിപിഐ തയ്യാറുമല്ലായിരുന്നു. അതേ സമയം സിപിഎം കര്‍ഷക മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയായി വളരാനും തുടങ്ങി. സിപിഐ ഒരു ദേശീയ ജനാധിപത്യ വിപ്ലവത്തിനു തുടക്കമിട്ടപ്പോള്‍ ഇങ്ങനെ വിപ്ലവത്തില്‍ക്കൂടി വരുന്ന ഗവണ്മെന്റിന്റെ കാര്യത്തിലും ഇരുമുന്നണികളും തര്‍ക്കങ്ങളുണ്ടായി. സിപിഐക്കാര്‍ക്ക് തൊഴിലാളി നേതൃത്വം എന്ന കാഴ്ചപ്പാടുണ്ടായിരുന്നില്ല. സിപിഐ ഒരു ദേശീയബുര്‍ഷായെ കണ്ടപ്പോള്‍ അക്കൂടെ തൊഴിലാളി വര്‍ഗം പങ്കെടുത്താല്‍ മതിയെന്ന ഒരു മാനദണ്ഡവും സിപിഎം മുന്നോട്ടു വെച്ചു. ഇതായിരുന്നു അടിസ്ഥാനപരമായ തര്‍ക്കങ്ങളും. ഒടുവില്‍ പാര്‍ട്ടി പിളരുകയും ചെയ്തു. ആശയപരമായി പാര്‍ട്ടികള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ഇന്നും യാതൊരു വിത്യാസങ്ങളുമില്ലാതെ തുടര്‍ന്നു പോവുകയും ചെയ്യുന്നു.

a1979 സെപ്റ്റംബറില്‍ പിണറായി വിജയന്‍, കമല വിജയനെ വിവാഹം ചെയ്തു. കമല ഒരു അദ്ധ്യാപികയായിരുന്നു. മകള്‍ വീണയും മകന്‍ വിവേകും, അവര്‍ക്ക് രണ്ടു മക്കളുണ്ട്. ‘വിജയന്‍ ഒരു കുടുംബസ്‌നേഹിയും നാല്ലൊരു ഭര്‍ത്താവും മക്കളോട് സ്‌നേഹമുള്ള പിതാവുമെന്ന്’ കമല പറയുന്നു. പുറത്തുകാണുന്ന ഗൗരവം വീട്ടില്‍ ഉണ്ടായിരുന്നില്ല. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളും അവരുടെ സ്വഭാവ രൂപീവല്‍ക്കരണവും അതി സൂക്ഷ്മതയോടെ ശ്രദ്ധിക്കുമായിരുന്നു. മക്കള്‍ രാഷ്ട്രീയത്തിനായി വിജയന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. താനായിട്ടു മക്കള്‍ രാഷ്ട്രീയത്തില്‍ വരാന്‍ ഒരിക്കലും പ്രേരണ ചെലുത്തിയിട്ടില്ല. ‘രാഷ്ട്രീയം എന്ന് പറയുന്നത് രാഷ്ട്രീയ ബോധമെന്ന താല്പര്യത്തിലൂടെ വരുന്നതെന്നു’ വിജയന്‍ പറയാറുണ്ട്. അവിടെ മാതാപിതാക്കളുടെ പ്രേരണ അദ്ദേഹം ആഗ്രഹിക്കുന്നില്ല.

1998 മുതല്‍ 2015 വരെ വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി സ്ഥാനം വഹിച്ചിരുന്നു. 1970,1977,1991 എന്നീ വര്‍ഷങ്ങളിലുണ്ടായ തെരഞ്ഞെടുപ്പുകളില്‍ കൂത്തുപറമ്പില്‍ നിന്നും എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ പയ്യന്നൂരില്‍ നിന്നും 2016ല്‍ ധര്‍മടം എന്ന മണ്ഡലത്തിലും സാമാജികനായി തെരഞ്ഞെടുത്തിരുന്നു. കേരളാസ്‌റ്റേറ്റ് സഹകരണ ബാങ്ക് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. 1996-1998 വരെ ഈ.കെ. നായനാര്‍ മന്ത്രിസഭയിലെ വിദ്യുച്ഛക്തി മന്ത്രിയുമായിരുന്നു. 2002ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യുറോ അംഗമായി. പിണറായും വി.എസ് അച്യുതാനന്ദനും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വാക്ക് സമരവും മൂലം രണ്ടുപേരെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യുറോയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നീട് പിണറായിയെ വീണ്ടും പോളിറ്റ്ബ്യുറോയിലേക്ക് തിരിച്ചെടുത്തു. 2016 മെയ് ഇരുപത്തിയഞ്ചാം തിയതി കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയെന്ന നിലയില്‍ ശ്രീ പിണറായി വിജയന്‍ സത്യപ്രതിജ്ഞയുമെടുത്തു. പത്തൊമ്പത് മന്ത്രിമാരുള്‍പ്പടെ മന്ത്രിസഭയും രൂപീകരിച്ചു. മുഖ്യമന്ത്രിപദം കൂടാതെ ആഭ്യന്തര ചുമതലയും അദ്ദേഹം വഹിക്കുന്നു.

a2‘ലാവ്‌ലിന്‍ കേസില്‍’ പിണറായി പ്രതിയായിരുന്നു. ആ കേസ് കെട്ടിച്ചമച്ചതെന്ന് ഹൈക്കോടതിയില്‍ തെളിയുകയും ചെയ്തു. പിണാറായിയെ തെരഞ്ഞുപിടിച്ച് കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞതുകൊണ്ടാണ് ഹൈക്കോടതി കേസ് തള്ളിയത്. ലാവ്‌ലിന്‍ കേസുമായി സംബന്ധിച്ച് പല മന്ത്രിമാരും സാമ്പത്തിക അഴിമതികള്‍ക്ക് കൂട്ടു നിന്നെങ്കിലും പിണറായിയെ രാഷ്ട്രീയമായി തേജോവധം ചെയ്യാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ച വസ്തുതകളും ഹൈക്കോടതി വിധിയില്‍ സൂചിപ്പിച്ചിരുന്നു. പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കീഴ്‌ക്കോടതി വിധിയിന്മേല്‍ ഹൈക്കോടതി വിധി ശരി വെക്കുകയായിരുന്നു. കേസിലെ വസ്തുതകളെ നല്ലവണ്ണം പഠിച്ച ശേഷമായിരുന്നു ഹൈക്കോടതി അങ്ങനെ ഒരു വിധി നടപ്പാക്കിയത്. വിജയന്‍ ഈ കേസില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയില്ലെന്ന് ശത്രു പക്ഷങ്ങള്‍ക്കുപോലും വ്യക്തമായി അറിയാമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയമായ വളര്‍ച്ച എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളെ അങ്കലാപ്പിലാക്കിയിരുന്നു.

ഏ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തിലാണ് ഈ കേസ് ആദ്യം വരുന്നത്. അക്കാലഘട്ടത്തിലാണ് കേരളത്തിന്റെ വൈദ്യുതിക്ഷാമം പരിഹരിക്കാനായി ലാവ്‌ലിന്‍ കരാറില്‍ ഒപ്പിടുന്നത്. വാസ്തവത്തില്‍ പിണറായി വിജയന്‍ ആ കരാര്‍ തീരുമാനം തുടരുക മാത്രമാണ് ചെയ്തത്. എ.കെ ആന്റണിയെയും കാര്‍ത്തികേയനെയും കുടുക്കാന്‍ വേണ്ടി അന്നത്തെ പ്രമുഖരായ ചില കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ തന്നെ ലാവ്‌ലിന്‍ കേസ് അവതരിപ്പിക്കുകയായിരുന്നു. പിന്നീട് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആകരുതെന്നു ചിന്തിച്ച വക്ര ചിന്താഗതിക്കാരായ കോണ്‍ഗ്രസുകാരും കമ്മ്യുണിസ്റ്റ്കാരും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 240 കോടി രൂപയുടെ പ്രൊജക്റ്റിനു 340 കോടി രൂപ നഷ്ടമുണ്ടായിയെന്നായിരുന്നു ആരോപണം. അതുതന്നെ ഒരു ഭാവനാ സൃഷ്ടിയായിരുന്നു.

കേരളത്തില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമുണ്ടായപ്പോള്‍ ബാഹ്യലോകം മുഴുവന്‍ കേരളത്തിന്റെ നാശനഷ്ടങ്ങളെയും ദുരന്തങ്ങളേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു മഹാപ്രളയത്തെ അഭിമുഖീകരിക്കുന്നതില്‍ കേരള സര്‍ക്കാര്‍ വഹിച്ച ധീരമായ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കണമെന്ന് ലോകരാഷ്ട്രങ്ങളില്‍ പ്രമുഖരായവരില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ അത്തൊരുമൊരു വിജയപൂര്‍വ്വമായ പ്രളയ പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് പിണാറായി വിജയനു തന്നെ നല്‍കണം. വിജയന് അതില്‍ അഭിമാനിക്കുകയും ചെയ്യാം. ‘സര്‍ക്കാര്‍’, ജനങ്ങള്‍ക്കൊപ്പമെന്ന അര്‍ത്ഥവത്താക്കുന്ന ഒരു കാലഘട്ടത്തില്‍ക്കൂടിയാണ് പിണറായി സര്‍ക്കാര്‍ കേരള ജനതയെ നയിക്കുന്നത്.

പ്രളയകാലത്തില്‍ ശ്രീ പിണറായി അവലംബിച്ച ധീരമായ നിലപാടിനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. വികസിത രാജ്യങ്ങളില്‍ ആളും പണവും ആധുനിക ടെക്‌നോളജിയും ഉണ്ടെങ്കിലും അവര്‍ക്കു പോലും സാധിക്കാത്ത നേട്ടങ്ങളാണ് ശ്രീ പിണറായിവിജയന്റെ നേതൃത്വത്തില്‍ കേരളം കൈവരിച്ചത്. തീര്‍ച്ചയായും ഇവിടുത്തെ മത്സ്യത്തൊഴിലാളികളും പ്രളയ ദുരന്തത്തില്‍നിന്നുമുള്ള കരകയറ്റലിനു കാരണമായിരുന്നുവെന്ന കാര്യവും മറക്കുന്നില്ല. കേരളം ഒറ്റക്കെട്ടായി നിന്ന് പിണറായി വിജയനോടൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും അദ്ദേഹത്തിന്റെ വിജയമായിരുന്നു. സത്യസന്ധനായ ഒരു നേതാവിന്റെ മുഖമാണ് അന്ന് കേരള ജനത തിരിച്ചറിഞ്ഞത്.

a6പ്രളയം കേരളത്തെ തകര്‍ത്തപ്പോള്‍ ജാതി മത ഭേദമില്ലാതെ കേരളത്തിലെ എല്ലാ ജനതകളെയും ഒന്നുപോലെ അണിനിരത്തി പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിന്റെ സമയോചിതമായ നീക്കങ്ങള്‍ മൂലം പതിനായിരക്കണക്കിന് മനുഷ്യ ജീവനുകളാണ് രക്ഷപ്പെട്ടത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണമെന്ന ഒരു സ്വപ്നമേ ഇന്ന് അദ്ദേഹത്തിനുള്ളൂ. അതിനായി സ്വന്തം ആശയങ്ങളെപ്പോലും മറന്ന് തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ ലോകത്തിന്റെ ഏതു കോണില്‍നിന്നും കിട്ടുന്ന സഹായങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നു. ജീവിതവുമായി പടവെട്ടുന്നവര്‍ക്കുവേണ്ടി, ജനക്ഷേമത്തിനായി, ഇറങ്ങി തിരിച്ചിരിക്കുന്ന അദ്ദേഹം ആരുടേയും വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാറില്ല.

പ്രളയം മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളത്തെ വീണ്ടും ആധുനികമായ രീതിയില്‍ പടുത്തുയര്‍ത്തണമെന്ന ലക്ഷ്യമാണ് ശ്രീ പിണറായി വിജയനെ ഇന്ന് നയിക്കുന്നത്. പ്രളയത്തിനു മുമ്പ് കേരളത്തില്‍ കത്തി ജ്വലിച്ചിരുന്ന വര്‍ഗീയതയുടെ തീനാളങ്ങള്‍ക്ക് ശമനം വന്നിരുന്നുവെങ്കിലും സമീപകാലത്തെ ശബരിമലയിലെ പ്രശ്‌നങ്ങള്‍ കേരളത്തെ വീണ്ടും പഴയ അവസ്ഥയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നുമുണ്ട്. ജാതിയുടെ പേരില്‍ മനുഷ്യമനസ്സില്‍ കയറിയിരുന്ന വിഷം വീണ്ടും പൂര്‍വസ്ഥിതിയിലേക്ക് പോവുന്നതല്ലാതെ മാറ്റങ്ങള്‍ക്ക് പ്രതീക്ഷകള്‍ ഒന്നും കാണുന്നില്ല. പുതിയൊരു കേരള സൃഷ്ടിക്കായി കുറഞ്ഞത് 40000 കോടി രൂപയെങ്കിലും കണ്ടത്തേണ്ടിയിരിക്കുന്നു. രാഷ്ട്രീയ വൈവിധ്യങ്ങളിലും സമുദായ മത്സരത്തിലും ഒരു ആപത്തു വരുമ്പോള്‍ കേരളജനത ഒറ്റക്കെട്ടായിരിക്കുമെന്ന് ഈ പ്രളയം തെളിയിച്ചിരിക്കുകയാണ്.

1284948081പ്രകൃതി ദുരന്തങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും സംഭവിച്ചിട്ടുണ്ട്. ഗുജറാത്തിലുണ്ടായ ഭൂമി കുലുക്കം പതിനായിരങ്ങളുടെ ജീവിതമായിരുന്നു കവര്‍ന്നെടുത്തത്. ഇന്ന് വളരെയധികം വിമര്‍ശനങ്ങളില്‍ക്കൂടി കടന്നു പോവുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിനെ പുനഃദ്ധരിക്കാന്‍ ധീരമായ ഒരു നിലപാടായിരുന്നു അദ്ദേഹം അന്ന് എടുത്തത്. ഗുജറാത്തിന്റെ മുഖച്ഛായ തന്നെ മാറ്റി ഭൂമി കുലുക്കം ബാധിച്ച പ്രദേശങ്ങളെ പുനരുദ്ധരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റ വിജയകരമായ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ പ്രതിയോഗികള്‍ പോലും അഭിനന്ദിക്കാറുണ്ട്. അതേ വെല്ലുവിളികള്‍ തന്നെയാണ് കേരളത്തില്‍ വിജയനും നേരിടുന്നത്. ലക്ഷങ്ങളുടെ ജീവിതമാണ് ഇന്ന് ദുഷ്‌ക്കരമായിരിക്കുന്നത്. അനേകായിരങ്ങള്‍ ഭവന രഹിതരായി. മാരകമായ രോഗങ്ങള്‍ പടരാതിരിക്കാന്‍ ആരോഗ്യ മേഖലകള്‍ വിപുലീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ തലത്തില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ നിശിതമായി വിമര്‍ശിക്കുന്നുണ്ടെങ്കിലും പ്രളയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിണറായി വിജയന്‍ അഭിനന്ദിക്കുകയാണ് ചെയ്തത്.

വിജയന്റെ ഇന്നത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ഒരു ‘വിജയന്‍ ലെഗസി’ തന്നെ വേണ്ടി വരും. കാരണം, പതിറ്റാണ്ടുകളുടെ മുന്നോട്ടുള്ള പ്രയാണങ്ങളില്‍ക്കൂടി മാത്രമേ വിജയന്റെ ഇന്നത്തെ നേട്ടങ്ങളെ അവലോകനം ചെയ്യാന്‍ സാധിക്കുള്ളൂ. ഭാവിയിലും ഇനിയും വരാന്‍ പോവുന്ന പ്രകൃതി ദുരന്തങ്ങളില്‍നിന്നും രക്ഷപ്പെടാനുള്ള ആധുനിക ടെക്‌നോളജി സംവിധാനങ്ങളും വികസനപദ്ധതികളും കേരളത്തില്‍ നടപ്പിലാക്കേണ്ടതായുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top