Flash News

അമേരിക്കന്‍ മലയാള സാഹിത്യത്തിലെ നിരൂപണശാഖ

October 31, 2018 , വാസുദേവ് പുളിക്കല്‍

photoനിരൂപണം ആരെങ്കിലും എഴുതിയതിനെ ചുറ്റിപ്പറ്റിയുള്ളതല്ലേ, അതുകൊണ്ട് നിരുപണത്തിന് യാഥാര്‍ത്ഥത്തില്‍ സര്‍ഗ്ഗഭാവനയില്‍ നിന്നുരുത്തിരിഞ്ഞു വരുന്ന സാഹിത്യവുമായി ബന്ധമുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. നിരൂപണവും സര്‍ഗ്ഗാത്മക രചനയാണ്. അതുകൊണ്ട് നിരൂപണം സാഹിത്യമാണ്. സാഹിത്യരചനകള്‍ സൃഷ്ടിക്കപ്പെട്ട നാള്‍ മുതല്‍ അവയെപറ്റിയുള്ള നിരൂപണങ്ങളും ഉണ്ടായിട്ടുണ്ട്. രചനയിലെ ഗുണദോഷങ്ങള്‍ വേര്‍തിരിച്ച് കാണിച്ച് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും രചനകളിലെ പോരായ്മകള്‍ മത്രം ചൂണ്ടിക്കാണിച്ച് ഖണ്ഡനം ചെയ്യാനുള്ള ഉദ്ദേശ്യത്തോടു കൂടിയും നിരൂപണണങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. രചനയെപറ്റി മനസ്സിലുദിക്കുന്ന വിചാരവികാരങ്ങളാണ് നിരൂപണം എഴുതാന്‍ നിരൂപകനെ പ്രേരിപ്പിക്കുന്നത്. നിരൂപകന്റെ വിചാരവികാരങ്ങള്‍ എഴുത്തുകാരന്റേതുമായി താദാത്മ്യം പ്രാപിക്ലെന്നും ഇല്ലെന്നും വരാം. അതിനനുസൃതമായി രൂപം കൊള്ളുന്ന നിരൂപണം എഴുത്തുകാരനെ ചിന്തിപ്പിക്കാന്‍ പര്യപ്തമായെന്നെരിക്കും. രണ്ടു കൊലപാതകങ്ങള്‍ ചെയ്തിട്ടാണ് ആശാന്റെ “ലീല” മുന്നോട്ടു പോകുന്നത് എന്ന് കുട്ടികൃഷ്ണ മാരാര്‍ ഖണ്ഡനവിമര്‍ശനം നടത്തിയതിനെ ഖണ്ഡിച്ചുകൊണ്ട് ലീലാകാവ്യത്തിലെ മരണം സ്വാഭാവികമെന്ന വാദഗതിയുമായി സുകുമാര്‍ അഴിക്കോട് രംഗത്തെത്തി. പിന്നീട് കുട്ടികൃഷ്ണ മാരാര്‍ ആ വിഷയത്തെപറ്റി നിശബ്ദനായി. ജോസഫ് മുണ്ടശ്ശേരി കോളേജു ക്ലാസ്സുകളിലിരുന്ന് ആശാന്‍ കവിതകള്‍ പഠിക്കുമ്പോള്‍ ആ കവിയെ ഒന്നു കാണാന്‍ കൊതിച്ചിരുന്നു. മാരാരും മുണ്ടശ്ശേരിയും പോളും അഴിക്കോടും കേസരിയും മറ്റും നിരൂപണത്തിന്റെ കാര്യത്തില്‍ പരസ്പരം മത്സരിച്ചിരുന്നില്ലേ എന്ന് സംശയം തോന്നാം.

അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ നിരൂപണശാഖയേ ഇല്ല എന്ന് അമേരിക്കയിലെ ഒരു വിഭാഗം സാഹിത്യകാരന്മാരും വായനക്കാരും വിശ്വസിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ഒരു നിരൂപണശാഖ അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ ഇക്ലെന്ന് ഉറപ്പിക്കുകയും ചെയ്തതായറിയുന്നു. അവര്‍ അമേരിക്കയിലെ ആദ്യകാല പ്രസിദ്ധീകരണങ്ങളായ അശ്വമേധം, കൈരളി മുതലായവ വായിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ഒരു നിഗമനത്തിലെത്തുമായിരുന്നില്ല. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ തുടക്കം മുതല്‍ ഇവിടെ നിരൂപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അമേരിക്കന്‍ മലയാള സാഹിത്യത്തിലെ നിരൂപണശാഖക്ക് തിരികൊളുത്തിയത് അമേരിക്കന്‍ മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന, മലയാള സാഹിത്യത്തിന്റെ വിഭിന്ന ശാഖകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സുധീര്‍ പണിക്കവീട്ടിലാണ്. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി ആരേയും അനുകരിക്കാതെ സ്വതസിദ്ധമായ കാവ്യാത്മകമായ ശൈലിയിലും രീതിയിലും എഴുതിത്തുടങ്ങിയ നിരൂപണം ഇപ്പോഴും തുടരുന്നു. പിന്നീട് ഡോ. നന്ദകുമാര്‍ ചാണയില്‍, വാസുദേവ് പൂളിക്കല്‍, പ്രിന്‍സ് മര്‍ക്കോസ് മുതലായാവര്‍ നിരൂപണരംഗത്തേക്ക് അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ മലയാള സാഹിത്യ രംഗത്ത് ദിനം പ്രതി വികസിച്ചുകൊണ്ടിരിക്കുന്ന സാഹിത്യശാഖയാണ് നിരൂപണം. അമേരിക്കയിലെ എഴുത്തുകാരുടെ രചനകള്‍ക്ക് നിരുപണം എഴുതിക്കൊണ്ട് നിരൂപണസാഹിത്യ രംഗത്തേക്ക് ഏറ്റവും കൂടതല്‍ സംഭാവന നല്‍കിയിട്ടുള്ളത് സുധീര്‍ പണിക്കവീട്ടിലാണ്. ഉയര്‍ന്ന തത്ത്വബോധം അന്തര്‍ലീനമായിരിക്കുന്ന കവിതകളും ഒരു ശാസ്ര്തജ്ഞന്റെ ചിന്തകളും കര്‍ണ്ണാടക സംഗീതവും ഇടകലര്‍ന്നു വരുന്ന കവിതകളും വിശകലനം ചെയ്ത് ആത്മാവു കണ്ടെത്താന്‍ അത്ര എളുപ്പമല്ലെങ്കിലും ആ കവിതകളുടെ ഉള്ളറകളിലേക്ക് ഇറങ്ങി ചെന്ന് ആ കവികളുടെ വിചാരവികാരങ്ങള്‍ക്കനുസൃതമായി നിരൂപണണങ്ങള്‍ എഴുതാന്‍ സുധീര്‍ പണിക്കവീട്ടിലിനു കഴിഞ്ഞിട്ടുണ്ട്. നിരൂപണശാഖയുടെ വികാസത്തിനായി സുധീര്‍ പണിക്കവീട്ടില്‍ വെട്ടിത്തുറന്ന പാത അതിവിശാലമാണ്. എഴുത്തുകരെ തുറന്ന മനസ്സോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളുടെ ആഴവും പരപ്പും കണ്ടെത്തി സുധീര്‍ പണിക്കവീട്ടല്‍ എഴുതിയ “പയേറയിലെ പനിനീര്‍പ്പുക്കള്‍”, “അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍’ എന്നീ രണ്ട് നിരൂപണ ഗ്രന്ഥങ്ങളാണ് അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ നിരൂപണശാഖ ശക്തമായി വളര്‍ന്നു വന്നിട്ടുണ്ട് എന്ന് തെളിയിച്ചുകൊണ്ട് വിരാജിക്കുന്നത്. ഈ നിരൂപണഗ്രന്ഥങ്ങള്‍ അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രം തന്നെയാണ്.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സാഹിത്യകാരന്മാരുടെ രചനകള്‍ ചര്‍ച്ച ചെയ്ത് അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി സാഹിത്യ സംഘടനകള്‍ രൂപം കൊണ്ടു. സുധീര്‍ പണിക്കവീട്ടില്‍ തന്റെ നിരൂപണഗ്രന്ഥമായ “അമേരിക്കന്‍ മലയാള സാഹിത്യത്തിലെ നിരൂപണങ്ങള്‍” ആരംഭിക്കുന്നത് എഴുത്തുകാരുടെ രചനകള്‍ ചര്‍ച്ച ചെയ്യുകയും അവര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള വിചാരവേദിയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു കൊണ്ടാണ്. ചെറുതായാലും വലുതായാലും അവാര്‍ഡുകള്‍ എഴുത്തുകാര്‍ക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് നിരൂപകനറിയാം. വിചാരവേദി മറ്റു സാഹിത്യ സംഘടനകള്‍ക്ക് അനുകരണീയവും മാതൃകയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ അവകാശങ്ങള്‍ തട്ടിയെടുത്ത് സ്വന്തമെന്ന് സ്ഥാപിക്കാനുള്ള സമൂഹത്തില്‍ കാണുന്ന പ്രവണതക്ക് കടിഞ്ഞാണിടാനായിരിക്കാം വിചാരവേദിയെ സംബന്ധിക്കുന്ന സത്യാവസ്ഥ തന്റെ നിരൂപണഗ്രന്ഥത്തില്‍ അദ്ദേഹം എഴുതിച്ചേര്‍ത്തത്. ഡാളസ്സിലും ഹ്യുസ്റ്റണിലും മറ്റുമുള്ള സാഹിത്യ സംഘടനകളുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളും അദ്ദേഹം അനുസ്മരിക്കുന്നു. “അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍” എന്ന നിരൂപണ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യ രംഗത്തെ കവികള്‍, നോവലിസ്റ്റുകള്‍, ചെറുകഥാകൃത്തുക്കള്‍, ലേഖകന്മാര്‍ എന്നിവരെ അവരുടെ രചനകളിലേക്ക് കടന്ന് ചെക്ലാതെ (സാംസി കൊടുമണ്ണിന്റെ പ്രവാസികളുടെ ഒന്നാം പുസ്തകം, ജോണ്‍ മാത്യുവിന്റെ ഭൂമിക്കു മേലൊരു മുദ്ര എന്നീ നോവലുകളൊഴികെ) അവതരിപ്പിക്കുന്നു. സാംസി കൊടുമണ്ണിന്റേയും ജോണ്‍ മാത്യുവിന്റേയും പ്രവാസജീവിതത്തിലെ വ്യാപകമായ അനുഭവങ്ങളുടെ തീവൃതമൂലമാണ് പ്രവാസജീവിതത്തിലെ ഭിന്ന അവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്ന, പ്രവാസസാഹിത്യമെന്ന് വിലയിരുത്താവുന്ന ഈ രണ്ടു നോവലുകള്‍ സമ്മാനിക്കാന്‍ അവര്‍ക്ക് സാധിച്ചതെന്ന് നിരൂപകന്‍ അഭിപ്രായപ്പെടുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ജന്മനാടിനെ ചുറ്റിപ്പറ്റി എഴുതുന്നതല്ലാതെ, അമേരിക്കന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച അവതരിപ്പിച്ചുകൊണ്ട് എഴുതുന്നില്ല എന്ന് പരാതി പറയുന്ന നാട്ടില്‍ നിന്ന് വരുന്ന എഴുത്തുകാരുടെ നാവടക്കാന്‍ പര്യാപ്തമായ നോവലുകളാണിവ. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ എന്തെഴുതണമെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്, അല്ലാതെ നാട്ടില്‍ നിന്ന് വരുന്നവരല്ല എന്ന് നിരൂപകന്‍ നിസങ്കോചം പ്രസ്താവിക്കുന്നുണ്ട്. തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സുധീര്‍ പണിക്കവീട്ടില്‍ കാണിക്കുന്ന ധീരത പുസ്തകത്തിലുടനീളം പ്രകടമാകുന്നുണ്ട്.

പിന്നീട്, ന്യൂയോര്‍ക്കിലെ ആദ്യത്തെ സാഹിത്യസംഘടനയായ സര്‍ഗ്ഗവേദിയുടെ ചരിത്രത്തിലേക്ക് വരുമ്പോള്‍ ദുഃഖസത്യങ്ങള്‍ വെളിപ്പെടുത്തേണ്ടി വന്ന നിരൂപകന്‍ വ്യാകുലപ്പെടുന്നു. വര്‍ഷങ്ങളോളം സാഹിത്യത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറിപ്പോയ കവി ചെറിയാന്‍ കെ. ചെറിയാനെ ആദരിച്ച് മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ സര്‍ഗ്ഗവേദി തീരുമാനിച്ചു. ചെറിയാന്‍ കെ. ചെറിയാന് അദ്ദേഹത്തിന്റെ അറുപതാം പിറന്നാളിന് “സമുദ്രശില” എന്ന കാവ്യസമാഹാരം നല്‍കി ആദരിച്ച് മുന്‍ നിരയിലേക്ക് കൊണ്ടു വന്നത് സുധീര്‍ പണിക്കവീട്ടില്‍ ഓര്‍ക്കുന്നത് അഭിമാനത്തോടെയാണ്. എന്നാല്‍ ഈ അഭിമാനവും കവിയോടുള്ള മതിപ്പും കവി ജ്വലിപ്പിച്ച് തുപ്പിയ അഹങ്കാരഗ്നിയില്‍ ദഹിച്ചു പോയതായാണ് അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള കുറിപ്പുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഇവിടത്തെ എഴുത്തുകാരെ തല്ലിപ്പൊളികളെന്നും കാലമാടന്മാരെന്നും യാതൊരു സാഹിത്യഗുണവുമില്ലാത്ത ചീത്ത എഴുത്തുകാരെന്നും ചെറിയാന്‍ കെ. ചെറിയാന്‍ അധിക്ഷേപിച്ച വാര്‍ത്ത കേരളകൗമദിയില്‍ വന്നു. ആ റിപ്പോട്ട് അടങ്ങിയ കേരളകൗമദി ജയന്‍ കെ. സി. സര്‍ഗ്ഗവേദിയില്‍ കൊണ്ടു വന്ന് വായിച്ചപ്പോള്‍ എല്ലാവരും സ്തംഭിച്ചു പോയി. ഇത്ര കൃതഘ്‌നനായിട്ട് ഒരു സാഹിത്യകാരന് എങ്ങനെ പെരുമാറാന്‍ സാധിക്കുമെന്ന് സര്‍ഗ്ഗവേദി അംഗങ്ങള്‍ അതിശയിച്ചു പോയി. ഏറെക്കാലം വെളിച്ചം കാണാതിരുന്ന കവി വെളിച്ചം കണ്ടപ്പോള്‍, “വെളിച്ചത്തിനെന്തൊരു വെളിച്ചം” എന്ന് ബഷീര്‍ അത്ഭുതപ്പെട്ടതു പോലെ, തന്റെ മേല്‍ അപ്രതീക്ഷിതമായി വന്നു വീണ വെളിച്ചത്തില്‍ ചെറിയാന്‍ കെ. ചെറിയാനും കണ്ണഞ്ചി നിന്നു കാണും. ആ വെളിച്ചത്തില്‍ ചെറിയാന്‍ കെ. ചെറിയാന്റെ മനസ്സില്‍ കിളിര്‍ത്തത് അഹങ്കാരമാണ്. അവിടം കൊണ്ടും തീര്‍ന്നില്ല ചെറിയാന്‍ കെ. ചെറിയാന്റെ സര്‍ഗ്ഗവേദിയോടും അംഗങ്ങളോടുമുള്ള വിരോധമെന്ന് നിരൂപകന്‍ കുറിച്ചിടുന്നു. സര്‍ഗ്ഗവേദി കീറി മുറിച്ചുകൊണ്ട് ചെറിയാന്‍ കെ. ചെറിയാന്‍ അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളേയും കൂട്ടി പുറത്തു പോയി “സാഹിതീഖ്യ” എന്ന സംഘടന രൂപീകരിച്ചു എന്ന് സുധീര്‍ പണീക്കവീട്ടില്‍ എഴുതിയത് വിങ്ങുന്ന ഹൃദയ വേദനയോടെയാണെന്ന് മനസ്സിലാക്കാവുന്നതാണ്. സര്‍ഗ്ഗവേദിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് നിരൂപകന്‍ എന്നതുകൊണ്ട് സംഭവങ്ങള്‍ അക്കമിട്ട് പറയാന്‍ കഴിയുന്നു. സാഹിത്യത്തിന്റെ പരിപോഷണത്തിനും സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി രൂപീകരിക്കപ്പെട്ട സര്‍ഗ്ഗവേദി ഒരാളുടെ കുത്സിത പ്രവൃത്തികൊണ്ട് രണ്ടായി പിളര്‍ന്നത് നിസംഗതയോടെ നോക്കി നില്‍ക്കാന്‍ അംഗങ്ങള്‍ക്ക് സാധിച്ചില്ല എന്നത് സ്വാഭാവികമാണ്. സാഹിത്യകാരന്മാര്‍ തമ്മിലുണ്ടായ സര്‍ഗ്ഗവേദിയിയിലെ സംഘര്‍ഷം പലര്‍ക്കും മനസ്സിലാകുന്നത് നിരൂപകന്റെ ഈ വെളിപ്പെടുത്തലിനു ശേഷമായിരിക്കാം. നിരൂപണം സത്യത്തില്‍ നിന്ന് വ്യതിചലിച്ചു പോകരുത് എന്ന നിശ്ചയ ദാര്‍ഢ്യംകൊണ്ടാണ് വേദനയോടെയാണെങ്കിലും ആത്മാര്‍ത്ഥമായി വസ്തുതകള്‍ വെളിപ്പെടുത്താന്‍ സുധീര്‍ പണിക്കവീട്ടില്‍ തയ്യാറാത് എന്നു കരുതാം. ചെറിയാന്‍ കെ. ചെറിയാന്‍ തന്റെ വാര്‍ദ്ധക്യം ഫ്‌ളോറിഡയില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചതോടെ സാഹിതീഖ്യയുടെ കൂമ്പു കരിഞ്ഞു. സര്‍ഗ്ഗവേദി വിട്ടു പോയവര്‍ സര്‍ഗ്ഗവേദിയിലേക്ക് തന്നെ തിരിച്ചുു വന്നു. മലയാളം പത്രം ഈ സത്യം മറച്ചു വെച്ച്കവിയെ പുകഴ്ത്തി എഴുതിയപ്പോള്‍ കൈരളിപ്പത്രമാണ് സര്‍ഗ്ഗവേദിയുടെ അവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് വാര്‍ത്തകള്‍ പുറത്തുവിട്ടത്. കൈരളി പത്രധര്‍മ്മം സത്യസന്ധതയോടെ നിര്‍വ്വഹിച്ചതിന്റെ അനുമോദനം നിരൂപകന്റെ വാക്കുകളില്‍ ലീനമാണ്. പത്രത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം പരിപൂണ്ണമായി മനസ്സിലാക്കിയ കൈരളിയെ പോലെ മറ്റു മാധ്യമങ്ങളും പത്രധര്‍മ്മം പരിപാലിച്ചിിരുന്നെങ്കില്‍ എന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകും.

എഴുത്തുകാരുടെ നിരയിലേക്ക് വരുമ്പോള്‍ ധിഷണശാലിയായ ഡോ. എ. കെ. ബാലകൃഷ്ണ പിള്ളയെയാണ് അമരത്തിരുത്തിയിരിക്കുന്നത്. മലയാള സാഹിത്യത്തിന്റെ, പ്രത്യേകിച്ച് അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സാഹിത്യകാരന്‍ എന്നു മാത്രമല്ല അദ്ദേഹം ദാര്‍ശികനും നരവംശശാസ്ര്തജ്ഞനും ഗവേഷകനും സര്‍വ്വോപരി മനുഷ്യസ്‌നേഹിയുമാണ് എന്ന് സുധീര്‍ പണിക്കവീട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ഡോ. എ. കെ. ബി. പിള്ളയുടെ അപൂര്‍വ്വ വ്യക്തിത്വം സുധീര്‍ പണിക്കവീട്ടിലിന്റെ നിരൂപണത്തില്‍ പ്രതിഫലിക്കുന്നു. ചെറുപ്പത്തിലെ തന്നെ ഭഗവത്ഗീത പഠിച്ച് ഗീതോപദേശം ജീവിതത്തില്‍ പകര്‍ത്തുകയും ഗീതാതത്വം മാനസിക പ്രശ്‌നമുള്ളവരുടെ മാനസികവികാസത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന എ. കെ. ബി. പിള്ള തികഞ്ഞ മനുഷ്യസ്‌നേഹിയായി. നിരവധി ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഒന്‍പത് മലയാള പുസ്തകങ്ങളും അന്തര്‍ദേശീയ പ്രസ്ക്തിയുമുള്ള നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കലാസൃഷ്ടിയുടെ മേന്മ ലക്ഷ്യമാക്കുന്ന ഡോ. എ. കെ. ബി. പിള്ള തന്റെ രചനകളില്‍ വിഷയം മികവുറ്റതാക്കിത്തീര്‍ക്കുന്നതില്‍ വിജയിക്കുന്നതായി അദ്ദേഹത്തിന്റെ രചനകള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട് സുധീര്‍ പണിക്കവീട്ടില്‍ വ്യക്തമാക്കുന്നു. “എ പാസ്സേജ് റ്റു അമേരിക്ക” എന്ന പ്രൊഫ. ചെറുവേലിയുടെ പുസ്തകത്തിന് നിരൂപണം എഴുതിക്കൊണ്ട് സുധീര്‍ പണിക്കവീട്ടില്‍ പ്രൊഫ. ചെറുവേലിക്കും തുല്യ പ്രാധാന്യം നല്‍കിയിരിക്കുന്നു. പുതിയ തലമുറക്ക് ഭാരതീയ സംസ്കാരത്തെപറ്റി അറിയാനും അവരുടെ ജീവിതം സുഗമമാക്കാനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ഈ പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നതായി സുധീര്‍ പണിക്കവീട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അഴുത്തുകാരന്‍ അനുഭവിച്ച സാമൂഹ്യ-സാംസ്കാരിക സംഘര്‍ഷങ്ങളുടെ പരിഛേദവും ഈ നിരൂപണലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകത്തെ പാസ്സേജ് റ്റു ലൈഫ് എന്നു കരുതിയാലും കുഴപ്പമില്ല എന്ന് സുധീര്‍ പണിക്കവീട്ടിലിന്റെ അവതരണത്തില്‍ നിന്ന് മനസ്സിലാകുന്നു. കാരണം, ജീവിതം കരുപ്പിടിപ്പിക്കാന്‍ ഉത്തേജനം നല്‍കുന്ന ഒരു ആമൂല്യ ഗ്രന്ഥമാണിത്. പതിനെട്ടാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങിയ എല്‍സി യോഹാന്നാന്‍ ശങ്കരത്തിലിന്റെ സാഹിത്യസപര്യ ഇന്നും തുടരുന്നതും ഇതരഭാഷയില്‍ നിന്ന് തര്‍ജ്ജുമ ചെയ്യാനുള്ള അവരുടെ പ്രതിഭയും നിരൂപകന്‍ തിരിച്ചറിയുന്നു. ചെറുകഥകളുമായി അമേരിക്കന്‍ മലയാള സാഹിത്യ രംഗത്തേക്ക് കടന്നു വന്ന് അമേരിക്കന്‍ മലയാള സാഹിത്യ രംഗത്തേക്ക് ആദ്യമായി ഒരു ആത്മകഥ സംഭാവന ചെയ്ത സരോജ വര്‍ഗ്ഗീസിന്റെ കുടുംബസ്‌നേഹവും ഭര്‍ത്താവിനോടുള്ള കരുതലും നിരൂപകന്‍ ഉയര്‍ത്തിക്കാണിക്കുന്നു.

ഒരു കാലഘട്ടത്തില്‍ തന്റെ സാഹിത്യരചനകള്‍ പ്രസിദ്ധീകരിക്കാന്‍ പ്രതിബന്ധമുണ്ടായതില്‍ ദുഃഖിതനായ എഴുത്തുകാരന്‍, ജോണ്‍ വേറ്റം ആ വലയത്തില്‍ നിന്ന് പുറത്തു കടന്നപ്പൊള്‍ അനുഭവിച്ച സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തില്‍ പ്രസിദ്ധീകരിച്ച ” ചാവുകടലിലെ ഗ്രന്ഥചുരുളുകള്‍ (വിവര്‍ത്തനം), അനുഭവ തീരങ്ങളിള്‍” തുടങ്ങിയ രചനകളിലെ ശില്‍പഭദ്രതയും ഭാഷാസൗകുമാര്യവും നിരൂപകന്‍ എടുത്തു കാണിക്കുന്നു. ഒരു എഴുത്തുകാരന്റെ ധാര്‍മ്മിക ഉത്തരവാദിത്വം നിറവേറ്റപ്പെടുന്നത് നിഷ്പക്ഷതയോടെ വിഷയം കൈകാര്യം ചെയ്യുമ്പോഴാണ്. മൗലികത മുറ്റി നില്‍ക്കുന്ന ആവിഷ്കരണത്തിലുടെ കലര്‍പ്പില്ലാത്ത തന്റെ ആശയങ്ങള്‍ വെളിപ്പെടുത്തന്ന വേറ്റത്തിന്റെ “അനുഭവങ്ങളുടെ’ തീരങ്ങളിലെ” ആവിഷ്കരണരീതിയെ അദ്ദേഹം വിശേഷിപ്പിക്കുന്നത് പേര്‍സെപ്ഷന്‍ എന്നാണ്. സ്വയമറിവിലൂടെ ഉണ്ടാകുന്ന ഒരു അന്തര്‍ദര്‍ശനത്തെ അനുഭവങ്ങളുടെ വെളിക്ലത്തില്‍ കാണുന്ന നൂതനമായ ഒരു ആവിഷ്കരണ രീതിയാണിതെന്ന് സുധീര്‍ പണിക്കവീട്ടില്‍ അഭിപ്രായപ്പെടുന്നു. കവികള്‍ അവരുടേതായ കാവ്യഭാഷ ചിട്ടപ്പെടുത്തുന്നു. പുത്തന്‍കുരിശിന്റെ കവിതകള്‍ ലളിത്വത്തിന്റെ ഗഹനതയുള്ള കവിതകള്‍ എന്നു മാത്രമല്ല, ആവിഷ്കാര സൗകുമാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നതായി നിരൂപകന്‍ ചൂണ്ടിക്കാണിക്കുന്നു. ദുഃഖത്തില്‍ നിന്ന് ജനിക്കുന്ന കവിതകള്‍ അനശ്വരമാകുന്നു. കാട്ടാളന്റെ ശരമേറ്റ് ഇണപ്പക്ഷികളിലൊന്ന് പിടഞ്ഞു വീണ ദുഃഖത്തില്‍ വാല്‍മീകി രചിച്ച മാ നിഷാധാ ഇപ്പോഴും ജനഹൃദയങ്ങളില്‍ തത്തിക്കളിക്കുന്നു. കാവ്യഗൂണം ഏറെയുള്ള പുത്തന്‍കുരിശിന്റെ ആദ്യകവിത “നിത്യചൈതന്യം” ജന്മമെടുത്തത് വിഷാദത്തിന്റെ ഭൂമികയിലാണെന്ന് നിരൂപകന്‍ കണ്ടെത്തുന്നു. എന്നാല്‍ കവി ആ ദുഃഖത്തില്‍ ആമഗ്നനായി നിഷ്ക്രിയനായിപ്പോകാതെ സത്യദര്‍ശനത്തിലേക്ക് ജനഹൃദയങ്ങളെ തിരിച്ചു വിടുന്ന ഒരു പ്രക്രിയയെ ആശ്ശേഷിച്ച് തന്നിലെ ഈശ്വരചൈതന്യത്തിന്റെ മഹത്വമറിയാന്‍ കവി ആഹ്വാനം ചെയ്യുന്നതായി നുരൂപകനു ബോധ്യമാകുന്നുണ്ട്.

അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണ ശാഖക്ക് പുതിയ പാത വെട്ടിത്തുറന്നയാളാണ് സുധീര്‍ പണിക്കവീട്ടില്‍. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സ്വീകരിക്കാന്‍ മാതൃകകളോ, മുന്നേ നടന്നവരോ ഇല്ലാതിരുന്നതിനാല്‍ സ്വന്തമായ ഒരു വിമര്‍ശനരീതി അദ്ദേഹം കൈക്കൊണ്ടു. വിമര്‍ശകന്റെ അറിവും പരിചയവുമനുസരിച്ച് കൃതികളെ വെട്ടിക്കീറുന്ന ശൈലി അദ്ദേഹത്തിന് സ്വാകാര്യമല്ല. കൃതികളിലെ സര്‍ഗ്ഗാത്മകതയും, ആവിഷ്ക്കാരവും, ഭാഷയും, ഘടനയും, രചനാതന്ത്രങ്ങളും പരിശോധിച്ച് അതില്‍ എഴുത്തുകാരന്‍ എത്രത്തോളം നീതി പുലര്‍ത്തിയെന്നാണ് അദ്ദേഹം ശ്രദ്ധിക്കുന്നതെന്ന് മനസ്സിലാക്കാം. ഇത് എഴുത്തുകാര്‍ക്ക് വളരെ പ്രയോജനകരമായ ഒരു രീതിയാണ്. കാരണം തങ്ങളുടെ സര്‍ഗ്ഗശക്തി ഉപയോഗിച്ചതില്‍ എത്രമാത്രം വിജയിച്ചുവെന്ന് അവര്‍ മനസ്സിലാക്കുന്നു. അതിലൂടെ അവര്‍ അവരുടെ ന്യൂനതകള്‍ മനസ്സിലാക്കുന്നു. അത് നിരൂപകന്‍ ചൂണ്ടിക്കാട്ടേണ്ട ആവശ്യമില്ലെന്ന് സുധീര്‍ കരുതുന്നു. ഈ ശൈലിയെ പുകഴ്ത്തല്‍ എന്ന് വിവരം കുറഞ്ഞവര്‍ ധരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. അദ്ദേഹത്തിന്റെ നിരൂപണം പോസിറ്റീവ്, സ്‌കോളര്‍ലി എന്നീ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. കൂടാതെ പുതിയ ഒരു വിമര്‍ശനസമീപനം എന്നും വിശേഷിപ്പിക്കാം.

നിലാവിനെ പ്രണയിക്കുന്ന കവി – വാസുദേവ് പൂളിക്കല്‍, കവിതയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച കവി- പീറ്റര്‍ നീണ്ടുര്‍, ചൈനീസ് കവിത മലയാളത്തിലെത്തിച്ച കവി – ഡോ. പി. സി. നായര്‍, മാനുഷിക ഭാവങ്ങളുടെ മലര്‍ച്ചെണ്ടുമായ് നില്‍ക്കുന്ന കവി – അബ്ദുള്‍ പുന്നയോര്‍ക്കുളം, സ്‌നേഹത്തിന്റെ വിളക്കു കത്തിക്കുന്ന കവി – ജയന്‍ വര്‍ഗ്ഗീസ്, അക്ഷരങ്ങളെ ലാളിക്കുന്ന എഴുത്തുകാരന്‍ – ജോസ് ചെരിപുറം, സര്‍ഗ്ഗാത്മകത ചാര്‍ത്തി നില്‍ക്കുന്ന മുഖക്കുറികള്‍ സമ്മാനിച്ച മാസിക – ജനനി, മരണമിക്ലാത്തവരുടെ താഴ്‌വരയില്‍ വിഹരിക്കുന്ന നോവലിസ്ത് – ജോണ്‍ ഇളമത, നമുക്കു ചുറ്റും നിറയെ കഥകള്‍ കാണുന്ന കഥാകാരന്‍ – ബാബു പാറക്കല്‍, കുടിയേറ്റക്കാരുടെ ഏറ്റവും ഇറക്കവും കാണുന്ന നോവലിസ്റ്റ് – സാംസി കൊടുമണ്‍, വിശ്വാസത്തിന്റെ നിറവില്‍ നില്‍ക്കുന്ന കവി – ചെറിയാന്‍ ചാരുവിളയില്‍, വിശ്വവ്യാപകമായ അപൂര്‍വ്വാനുഭവങ്ങളുടെ ഇതിഹാസം സൃഷ്ടിച്ച എഴുത്തുകാരന്‍ – സ്റ്റീഫന്‍ നടുക്കുടിയില്‍, ആദാമിന്റെ ആദ്യഭാര്യയെ കാണിച്ചു തന്ന കഥാകാരി – ലൈല അലക്‌സ്, അങ്ങനെ നീണ്ടു പരന്നു കിടക്കുന്നു സുധീര്‍ പണിക്കവീട്ടിലിന്റെ നിരൂപണ സരണി.

മഹാകാവ്യം എഴുതാതെ തന്നെ മഹാകവിപ്പട്ടം ലഭിച്ച കുമാരനാശാനെ പോലെ “അമേരിക്കന്‍ മലയാള സാഹിത്യചരിത്രം എന്ന “ശീര്‍ഷകത്തില്‍ ഒരു പുസ്തകം എഴുതാതെ തന്നെ, “പയേറയിലെ പനിനീര്‍പ്പൂക്കള്‍”, “അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍” എന്നീ നിരൂപണ ഗ്രന്ഥങ്ങളിലൂടെ അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രകാരന്‍ എന്ന പദവിക്ക് സുധീര്‍ പണിക്കവീട്ടില്‍ അര്‍ഹനായി. കാരണം അമേരിക്കയിലെ പ്രമുഖ സാഹിത്യകാരന്മാരുടെ രചനകളും, അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവലോകനവും അതോടൊപ്പം അമേരിക്കന്‍ മലയാള സാഹിത്യ
ചരിത്രവും അദ്ദേഹം തന്റെ രണ്ട് നിരൂപണ ഗൃന്ഥങ്ങളിലൂടെ സഹൃദയ ലോകത്തിനു മുന്നില്‍ കാഴ്ചവച്ചിട്ടുണ്ടല്ലോ. അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ ഒരു നിൂപണശഖ ഇല്ല എന്ന പ്രചാരണത്തിന് വിരാമമിടാന്‍ സുധീര്‍ പണിക്കവീട്ടിലിന്റെ നിരൂപണങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top