Flash News

പ്രശസ്ത സാമൂഹ്യപ്രവർത്തക മേധ പട്കർ പട്ടേല്‍ പ്രതിമയ്ക്കെതിരെ ; പട്ടേലിന്റെ ആത്മാവിന് കത്തെഴുതി

November 1, 2018

sardar_patel-statue_of_unity-kVtG--621x414@LiveMintമൂവായിരം കോടി രൂപ മുടക്കി മോദി സര്‍ക്കാര്‍ പണികഴിപ്പിച്ച സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കെതിരെ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ രംഗത്ത്. പ്രതിമയ്ക്കെതിരെ ഗുജറാത്തിലെ ഗോത്രവര്‍ഗ വിഭാഗങ്ങളും ഗ്രാമീണരും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. അതോടൊപ്പം തന്നെ എന്താണ് ഈ പ്തിമ കൊണ്ട് മോദിയും ബിജെപി സര്‍ക്കാരും നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യവും ഉയരുന്നു.

ഈ സാഹചര്യത്തിലാണ് മേധാ പട്ക്കര്‍ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുള്ളത്. പട്ടേലിന്റെ ആത്മാവിന് കത്തെഴുതിയാണ് അവര്‍ പ്രതിഷേധമറിയിച്ചത്. നര്‍മ്മദാ നദിയെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ കൂട്ടായ്മയായ നര്‍മ്മദ ബചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനേതാവും, പുരോഗമനവാദികളുടെ ദേശീയ സംഘടനയായ നാഷണല്‍ അലയന്‍സ് ഓഫ് പ്യൂപ്പിള്‍ മൂവ്മെന്റ് എന്ന സംഘടനയുടെ ദേശീയ കണ്‍വീനറുമാണ് മേധാ പട്കർ. ലോകത്തെ അണക്കെട്ടുകളുടെ പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചു പഠിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് കമ്മീഷന്‍ ഓഫ് ഡാംസ് എന്ന സംഘടനയില്‍ പ്രതിനിധി കൂടിയാണ് മേധ. അവര്‍ സര്‍ദാര്‍ പട്ടേലിന്റെ ആത്മാവിന് എഴുതിയ കത്ത്:

ബഹുമാനപ്പെട്ട സർദാർ പട്ടേൽജീ, നമസ്കാരം

എവിടെയായിരുന്നാലും, ഞങ്ങളുടെ സ്വാതന്ത്ര്യ സമര നായകനായി, അങ്ങയുടെ ആത്മാവ് ഈ തായ്ഭൂമിയിൽ തന്നെയുണ്ടാകുമെന്ന് എനിക്കറിയാം. എന്നും ഈ മണ്ണിൻറെ പ്രിയപ്പെട്ട മകനായിരുന്നുവല്ലോ അങ്ങ്. ഭൂപ്രഭുക്കൻമാരുടേയും രാജവംശങ്ങളുടേയും പിടിയിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനും ബ്രിട്ടീഷ് ഭരണകാലത്തെ ചൂഷക നികുതികളിൽ നിന്ന് കർഷകരെ സ്വതന്ത്രരാക്കാനും അങ്ങെടുത്ത ശ്രമങ്ങൾ ഇക്കാലത്തും മാതൃകകളില്ലാത്തതാണ്. സ്വത്രന്ത ഇന്ത്യയുടെ ഒന്നാമത്തെ ആഭ്യന്തരമന്ത്രി എന്ന നിലക്ക് അത് വരെയുണ്ടായിരുന്ന തുല്യതയില്ലാത്ത അക്രമങ്ങളോടും ആശ്വാസപ്രവർത്തനങ്ങളോടും അടിയുറച്ച, വർഗ്ഗീയതയില്ലാത്ത, സാമൂഹിക കാഴ്ചപ്പാടോടെയുള്ള നടപടികൾ അങ്ങെടുത്തിട്ടുണ്ട്. ചിലരുണ്ടാക്കിയ വിവാദങ്ങൾ ഒഴിച്ചാൽ അതുല്യമെന്നാണ് മഹാത്മാഗാന്ധി പോലും അതിനെ വിശേഷിപ്പിച്ചത്.

ഐതിഹാസികമായ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ സർദാർ എന്ന പേരിൽഏറെ ഉയരത്തിലായിരുന്നു അങ്ങ്. ആ പാരമ്പര്യത്തെയൊക്കെ വലിച്ചെറിഞ്ഞ് 182 മീറ്ററിൽ ലോകത്തിലേറ്റവും പൊക്കമുള്ള അങ്ങയുടെ പ്രതിമ അനാച്ഛാദാനം ചെയ്യപ്പെടാൻ പോകുകയാണ്. ആരാണ് അങ്ങയുടെ ഈ പുതിയ അവതാരം ഉണ്ടാക്കിയിരിക്കുന്നതെന്ന് അറിയാമോ? ചൈനീസ് പണിക്കാരും ഇന്ത്യയിലെ തൊഴിലാളികളും ആദിവാസികളും ‘സാധു ബേട്ടി’ൽ അഹോരാത്രം അതിനു വേണ്ടി പണിയെടുത്തിട്ടുണ്ട്. ആദിവാസികളുടെ ആരാധന മൂർത്തികളുള്ള ചെറുകുന്നാണ് സാധു ബേട്ട്. ഉറപ്പായും അങ്ങേക്ക് ഈ ചോദ്യങ്ങളൊക്കെ ഉണ്ടാകും, ആരുടെ ഭൂമിയിലാണ് ഈ പ്രതിമ നിൽക്കുന്നത്? ആരുടെ പദ്ധതിയാണത്?

ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്ന ഭൂമിയും, നദിയും, കാടും ആദിവാസികളുടേതാണ്. അങ്ങയുടെ സർക്കാരും ഗാന്ധിജി മുതൽ നെഹ്റു വരെയുള്ള നേതാക്കളും അവകാശങ്ങളുള്ള പൗരൻമാരായി കണ്ട, പഞ്ചശീല തത്വങ്ങളിലൂടെ സുരക്ഷിതരാക്കാൻ ശ്രമിച്ച അതേ ഗ്രാമീണരുടെ. ബാബാ സാഹേബും ഇന്ത്യൻ ഭരണഘടനയുടെ പിതാമഹൻമാരും അഞ്ചാം ഷെഡ്യൂൾ പ്രകാരം സ്വസ്ഥ ജീവിതവും, സ്വാശ്രയത്വത്തിനായി PESA നിയമവും അവർക്ക് വേണ്ടത് പഴുതടച്ച് പാസ്സാക്കിയിരുന്നു.

newsrupt2018-109101be94-cc73-45cd-a2ad-66b930826299medha_story_647_073117083352_0

നർമ്മദ നദിയും അതിന്റെ വിശാല തീരങ്ങളും മുകളിലിരുന്ന് ഉറപ്പായും അങ്ങ് കാണുന്നുണ്ടാകും. കാൽക്കീഴിലുള്ള കുടിലുകളും കൂരകളും കുന്നുകളും അങ്ങയുടെ കണ്ണിൽപ്പെടും.നാട്ടു രാജ്യങ്ങളെ ഏകോപിപ്പിച്ച് ജനാധിപത്യത്തെ സമന്വയിപ്പിക്കാനായി പദ്ധതികൾ നടപ്പാക്കിയിരുന്ന കാലത്ത് ഏകതക്ക് വേണ്ടി സ്വമേധയായ ത്യാഗങ്ങൾ നടത്തിയിരുന്നതാണ് അവർ. എന്തായാലും ഈ പ്രതിമയും അതേ ലക്ഷ്യത്തിനു വേണ്ടിയാണെന്നാണ് അവകാശപ്പെടുന്നത്‌… അവരുടെ ഭൂമിയുടെയും അവകാശങ്ങളുടേയും മേൽ ഇടപെട്ട് കൊണ്ട്‌ തന്നെ. ഈ പാവപ്പെട്ട മനുഷ്യരുടെ മേൽ ജുനഗഥ് നാട്ടുരാജ്യത്തോട് ചെയ്തത് പോലെ ബലപ്രയോഗം നടത്തുന്നതിനെ പറ്റി താങ്കൾക്ക് ഓർക്കാനാകുമോ?

സർദാർ , മുന്നോട്ട് നയിക്കേണ്ടവരും , നമ്മളെ പോറ്റുന്നവരുമായി അങ്ങ് കരുതിപ്പോന്ന കർഷക സമൂഹത്തിൽ പെട്ടവരാണ് ഈ ആദിവാസികളും. ഇന്ന് അങ്ങേക്ക് മാത്രമേ അവരുടെ തളർന്ന ജീവിതവും, മരണത്തെ പുണരലും മനസ്സിലാകൂ. 1942 ആഗസ്റ്റിൽ ഗ്രാമങ്ങളേയും വയലുകളേയും മിനുക്കിയെടുക്കാൻ ചെയ്ത അതേ പരിശ്രമം ഇനിയും വേണ്ടി വരും. ബാപ്പു കാണിച്ചു തന്ന അഹിംസാമാർഗ്ഗത്തിലുള്ള നിസ്സഹകരണമായിരുന്നു അന്നത്തെ താങ്കളുടെ ആയുധം.

ഇന്ന് ഇന്ത്യൻ ഭരണാധികാരികൾ അതേ തരത്തിലുള്ള ഒരായുധമാണ് നിയോ കോളോണിയൽ ആശയങ്ങൾ നടപ്പിലാക്കാനും ഉപയോഗിക്കുന്നത്. പക്ഷേ അവരൊരിക്കലും കുതിരകളും പടയാളികളുമായി വന്ന് പണക്കാരുടെ സ്വത്ത് വകകൾ കൊണ്ട് പോകില്ല. പകരം അരികുവൽക്കരിക്കപ്പെട്ടവരുടേയും ദുർബലരുടേയും മണ്ണും വെള്ളവും കാടും പുഴയും മീനും കൊണ്ട് പോകും. കാവൽ മാലാഖമാരായി അങ്ങ് കണ്ടിരുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടേയും അഴിമതിയേയും സ്വജന പക്ഷപാതിത്വത്തേയും കുറിച്ച് താക്കീത് നൽകിയിരുന്ന കാബിനറ്റ് അംഗങ്ങളുടേയും ഇപ്പോഴുള്ള അവസ്ഥ താങ്കൾ സ്വപ്നം പോലും കണ്ടു കാണില്ല. കർഷകരുടെ മേൽ കനത്ത നികുതി ചുമത്താൻ മാത്രമല്ല , ഉൽപന്നങ്ങൾക്ക് വിലയിടിവുണ്ടാക്കി ചൂഷണം ചെയ്യാനും ചെറുകിടക്കച്ചവടക്കാരിൽ നിന്ന് GST പിഴിയാനും അവർ ശക്തരാണ്. വലിയ കെട്ടിടങ്ങളുടെ പേരിൽ പാവങ്ങളുടേയും വഴിവാണിഭക്കാരുടേയും ചെറുചന്തകൾ തൂത്തൂകളയാനും. അങ്ങയുടെ ആ പാരമ്പര്യം അപകടത്തിലല്ലേ,സർദാർ? എങ്ങനെയാണവർക്ക് ലക്ഷക്കണക്കിന് വരുന്ന കർഷകാത്മഹത്യകളോട് സഹിഷ്ണുത പുലർത്താനാകുന്നത്?

newsrupt2018-1004c6abe5-40f5-41e9-9590-a70790e600f6Sardar_sarovar_India

അങ്ങയുടെ ഇടത് വശത്തേക്കൊന്ന് നോക്കാമോ? 120 കി.മീ നീളത്തിൽ നർമ്മദക്ക് സമാന്തരമായി പണിത ആറുവരി പാത കാണാം അവിടെ. 100 ലധികം വയസ്സുള്ള ലക്ഷക്കണക്കിന് മരങ്ങളാണ് കഴിഞ്ഞ വർഷം മാത്രം ഈ പാതക്കായി വഴിയൊഴിഞ്ഞ് കൊടുത്തത്. ഔറംഗ്സേബിനോട് പൊരുതി ചരിത്രത്തിലിടം പിടിച്ച രാജ്പിപ്ലയിലെ ജനങ്ങൾ നിശബ്ദരായി ഒക്കെ കണ്ട് നിന്നു.

ന്യൂനപക്ഷങ്ങൾക്കും ആദിവാസികൾക്കും പുറന്തള്ളപ്പെട്ടവർക്കും മൗലികാവകാശങ്ങൾക്കും വേണ്ടിയുള്ള കമ്മറ്റികളുടെ ചെയർമാനായിരുന്ന അങ്ങ് അറിയേണ്ട ഒരു കാര്യമുണ്ട് സർദാർ. അങ്ങയുടെ പ്രതിമ മനോഹരമായി അലങ്കരിച്ചെത്തുമ്പോൾ, അടിച്ചമർത്തപ്പെട്ട ആദിവാസി സമുദായം ഇരുട്ടിലേക്ക് എടുത്തെറിയപ്പെടുകയാണ്‌. 1961 ൽ ഏക്കറിന് 80 മുതൽ 200 രൂപ വരെ വിലയിട്ട് ഏറ്റുടുത്ത അവരുടെ ഗ്രാമങ്ങൾ ഇപ്പോൾ ‘ശ്രേഷ്ഠ ഭാരത്’ ‘സ്വാമി നാരായൺ കോംപ്ളക്സ് ‘ തുടങ്ങിയ പേരുകളിട്ട ആഡംബര ഹോട്ടലുകളും മ്യൂസിയവുമൊക്കെയായി മാറി.

ചൂഷക നികുതി അടക്കാൻ വിസമ്മതിച്ച കർഷകർക്ക് കൃഷിമൂഭി വീണ്ടെടുത്ത് നൽകുന്നതിൽ വിജയിയായ അങ്ങ്
2013 ലെ പുതിയ നിയമമനുസരിച്ച് ഒന്നും കിട്ടിയിട്ടില്ലാത്ത ഈ ആദിവാസികളെ പിന്തുവണക്കാൻ ഇറങ്ങി വരണം. പകരം ഭൂമി നൽകാതെ 7 ലക്ഷം രൂപ നൽകി അയക്കുന്നതിനോട് അവർക്കെല്ലാം കടുത്ത വിയോജിപ്പാണ്. അത്തരം സമരങ്ങളുടെ മുൻനിരയിൽ നിന്ന, നടപടി ഉണ്ടായില്ലെങ്കിൽ കോൺഗ്രസ് വിടുമെന്ന് ഭീഷണിയുയർത്തിയ ആളാണ് അങ്ങ്. അഹിംസാമാർഗത്തിലെങ്കിലും സമരോത്സുകമായ പോരാട്ടം 1940 ൽ അങ്ങേയെ ജയിലിലേക്കും 1942 ലെ വമ്പിച്ച പ്രക്ഷോഭത്തിലേക്കും നയിച്ചു. സിവിൽ സർവീസുകൾക്ക് പൂട്ട് വീഴ്ത്തിക്കൊണ്ട് തന്നെ! സാമ്രാജ്യത്യത്തിനെതിരെ പൊരുതാൻ സാധാരണ മനുഷ്യരെ സംഘടിപ്പിച്ച അങ്ങയുടെ ആ ശേഷി കൊണ്ട് ഇന്നത്തെ അധികാരികളേയും വെല്ലുവിളിക്കേണ്ടതുണ്ട്. അവരാണ് അങ്ങയുടെ പ്രതിമയുടെ സൃഷ്ടാക്കൾ! ആളുകളെ ഭിന്നിപ്പിച്ച് ഭരിക്കുകയും ക്രൂരതകളെ പ്രോത്സാഹിപ്പിക്കുകയും സാംസ്കാരിക മത വൈജാത്യങ്ങളെ അംഗീകരിക്കാതിരിക്കുകയും ചെയ്ത് ഐകൃത്തിനായി മുറവിളി കൂട്ടുന്നവർ.

ലാളിത്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന, തലമുറകളായി നർമ്മദാ തടത്തിൽ വസിച്ചു പോരുന്ന ആദിവാസി, കർഷക, മത്സ്യത്താഴിലാളികൾക്കിടയിൽ അങ്ങൊന്ന് നടന്ന് നോക്കണം. അവരിൽ പലർക്കും ഇതിന് മുമ്പ് അങ്ങയുടെ പേരിലുള്ള ‘സർദാർ സരോവർ’ അണക്കെട്ട് പണിയുമ്പോൾ ഭൂമി നഷ്ടപ്പെട്ടതാണ്. ഒരു രൂപ പോലും അവർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. അവരും അങ്ങയുടെ പാത പിന്തുടർന്നു, ആക്രമിക്കപ്പെട്ടു, ജയിലിലടച്ചു. (ജയിലോ? സമാധാനത്തിൻറെ ഇടമെന്നാണ് 1943 ൽ അങ്ങതിനെ വിളിച്ചത്. ഓർമ്മയുണ്ടോ? ) ഭൂമിക്ക് പകരം ഭൂമിയെന്ന് 2013 ൽ സർക്കാർ വാഗ്ധാനങ്ങളും ഉത്തരവും നൽകിയിരുന്നു. അത്യന്തികമായി സംഭവിച്ചത് ചതിയും, സ്വന്തം ഇടത്തിൽ നിന്ന് ടൂറിസത്തിനായി പുറത്താക്കപ്പെടലുമായിരുന്നു. ചുറ്റും നടക്കുന്ന ധ്രുതഗതിയിലുള്ള പദ്ധതികളിലേക്ക് ഒന്ന് കണ്ണോടിക്കു, കൂടുതൽ നഷ്ടങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ താങ്കൾക്കേ കഴിയൂ.. അങ്ങേക്ക് മാത്രം!

പുരാതനമായ നർമ്മദാ നദീതടസംസ്കാരത്തിലെ ജീവിതങ്ങളിലേക്ക് നടത്തുന്ന കയ്യേറ്റത്തിൻറെ തോതും ആഘാതവും അങ്ങയുടെ അത്രയും ഔന്നത്യവും വീക്ഷണവും ഉള്ളവർക്കേ ബോധ്യപ്പെടൂ, സർദാർ. അങ്ങയോട് കൈ കോർക്കാനുള്ള ആരും ഇവിടില്ല. പക്ഷേ ആ ഉരുക്കുകരങ്ങൾ ഉപയോഗിച്ച് അദ്ധ്വാനിക്കുന്നവൻറെ മേൽ പരാക്രമമെടുക്കുന്ന ഉദ്യോഗസ്ഥപ്പട്ടാളത്തെ വലിച്ചു പുറത്താക്കാൻ അങ്ങേക്ക് കഴിയും. ഞങ്ങളുടെ പ്രിയപ്പെട്ട നേതാവേ, സമഗ്രമയ അവലോകനത്തിലും പ്രതിഫലനത്തിലും അധികാരത്തിൽ ഇടപെടുമോ? ജയിലിലെ തറയിലിരുന്ന് അങ്ങും ഗാന്ധിജിയും ചർച്ച ചെയ്ത് രൂപപ്പെടുത്തിയ ‘സ്വരാജി’നേയും സ്വാശ്രയത്വത്തിൻറേയും ദിവസങ്ങളാണ് കഴിഞ്ഞു പോയത്‌. സമ്പത് വ്യവസ്ഥയിലും സാമൂഹിക ജീവിതത്തിലും സമത്വം ഉറപ്പാക്കാനായി ബഹുജനങ്ങളുടെ ഉത്പാദനത്തെ വിലവെച്ചിരുന്ന ദിവസങ്ങളാണ് കടന്ന് പോയത്.

പറയാൻ എനിക്ക് ലജ്ജയുണ്ട്. അങ്ങയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ നിന്ന് പാലായനം ചെയ്യാൻ നിർബന്ധിതരായ ആദിവാസി യുവാക്കൾ കരിമ്പിൻ തോട്ടങ്ങളിൽ രാപ്പകൽ പണിയെടുക്കുകയാണ്‌. അവരെ ഒഴിവാക്കി 1500 ചൈനീസ് തൊഴിലാളികളെ പ്രതിമ നിർമ്മാണത്തിന് കൊണ്ട് വന്നത് അനാവശ്യമാണ്‌. അങ്ങയുടെ പേരിൽ പരസ്യപ്പെടുത്തുന്നതും ആസൂത്രണം ചെയ്യുന്നതും എന്താണെന്ന് പറയുമ്പോൾ എനിക്ക് വിറയൽ വരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകൾ, ഷോപ്പിങ്ങ് മാളുകൾ, ആഡംബര അതിഥി മന്ദിരങ്ങൾ, ഹെലിപാഡുകൾ, വലിമ ഭക്ഷണശാലകൾ തുടങ്ങി അത്യാഡംബര സംഗതികൾ. ഇതൊക്കെ അങ്ങയുടെ പേരിലുണ്ടാക്കിയ അണക്കെട്ട് ജീവിതം തകർത്ത 35000കുടുംബങ്ങൾ പുനരധിവാസം കാത്തിരിക്കുമ്പോഴാണ്‌. അവരൊരിക്കലും നർമ്മദയേയോ അതിലെ വെള്ളത്തെയോ കച്ചവടവൽക്കരിച്ചിട്ടില്ല. അണക്കെട്ടിനായി അവർ സഹിച്ച ത്യാഗമൊക്കെ ടൂറിസത്തിന്, പ്രത്യേകിച്ച് എല്ലാവർക്കും അറിയും പോലെ രാഷ്ട്രീയ ടൂറിസത്തിനുള്ള മാർഗ്ഗമായത് അവരെ നിരാശപ്പെടുത്തുന്നുണ്ട്‌ അങ്ങയെപ്പോലുള്ളവർ നയിച്ച കർഷക മുന്നേറ്റത്തിൻറെ പിന്തുടർച്ചകൾ ഊർജ്ജം നഷ്ടപ്പെട്ട് വരണ്ടതിലും കോർപ്പറേറ്റുകൾ നേട്ടം കൊയ്യുന്നതിലും അവർ ദു:ഖിതരാണ്.

ഇന്ത്യയെ കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടും കർഷകർക്കായി നൽകിയ സംഭാവനകളും ഗാന്ധിയുടേതിനും നെഹ്റുവിനും ഒപ്പം ഞങ്ങളുടെ സ്മരണയിലുണ്ടാകും. അങ്ങ് പണ്ഡിറ്റ്ജിയെ ഉൾക്കൊള്ളുകയും കോൺഗ്രസിലെ ഏകതക്കായി കുടികൊള്ളുകയും ചെയ്തു. ഇപ്പോഴത്തെ ഈ ഭീമാകാര കളികളിൽ രാജ്യത്തെ സാധാരണക്കാർക്ക് യാതൊരു ഇടവുമില്ല സർദാർ. എല്ലാ വെളിച്ചവും അങ്ങിലേക്കാണ്, സർദാർ അങ്ങ് പറയുകയും പ്രവർത്തിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളും ചരിത്ര പുസ്തകങ്ങളുടെ ഇരുണ്ട വിടവുകളിലേക്ക് എറിഞ്ഞ് കളഞ്ഞിരിക്കുന്നു. ഈ രാജ്യത്തിൻറേയും ഇവിടത്തെ ആദിവാസികളുടേയും ജീവിതം പുതിയൊരു മാതൃക വെച്ച് മുദ്ര കുത്തപ്പെടുകയുമായി.

newsrupt2018-109b913b64-1b32-4d55-9925-726630f76914de15periscopejal_1584557g

അഴിമതിയുടേയും വർഗ്ഗീയതയുടേയും ദുർമാർഗ്ഗങ്ങളെ കുറിച്ച് നിങ്ങളുടെ തലമുറക്ക് ബോധമുണ്ടായിരുന്നു. നിങ്ങളുടെ വാചകങ്ങൾക്ക് പിന്നിലെ ആത്മാവ് ഇന്നിൻറെ ആവശ്യമാണ്‌. വിഭജനത്തിൻറെ സമയത്ത് പൊട്ടിപ്പുറപ്പെട്ട വർഗ്ഗീയ കലാപങ്ങളിൽ മതനേതാക്കളോട് ഇടപെട്ട അനിഷേധ്യമായ രീതി തന്നെ വർഗ്ഗീയതയോടുള്ള എതിർപ്പിൻറെ പ്രതിഫലനമായിരുന്നു. രാജ്യത്തിൻറെ പല ഭാഗങ്ങളിൽ അങ്ങ് നടത്തിയ പ്രസംഗങ്ങൾ, ആർ.എസ്സ്.എസ്സിൻറെ ഹിന്ദു മൗലികവാദത്തിൽ തിരുത്താവശ്യപ്പെട്ട് ഗോൾവാൾക്കറിന് അയച്ച കത്ത് എല്ലാം ഇന്ത്യയിലെ ഓരോ പൗരൻമാരും വായിക്കേണ്ടതാണ്.

ഇപ്പോൾ അങ്ങയുടെ പ്രതിമയുടെ പുറകിലുള്ളവർ, അതിനെ കച്ചവടം ചെയ്യുന്നവർ ഒരിക്കലും അങ്ങയുടെ ഈ ചിന്തകൾ മനസ്സിലാക്കിയിട്ടുള്ളവരല്ല. രാജഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക്, കുത്തകകളിൽ നിന്ന് സമത്വത്തിലേക്ക്, സാമ്രാജ്യത്വത്തിൽ നിന്ന് സാഹോദര്യത്തിലേക്ക് എത്തിപ്പെടാനും അക്രമങ്ങളെ മറികടക്കാനും അങ്ങെടുത്ത പ്രവൃത്തികളെ കുറിച്ചും അവർക്കറിയില്ല. ആൾക്കൂട്ടാക്രമണങ്ങളിലെ ഇരകളുടെ വീട് അവർ സന്ദർശ്ശിക്കാറില്ല. ആദിവാസികളുടെ തീരുമാനങ്ങളെ ബഹുമാനിക്കാറില്ല. എന്നാൽ അവരിപ്പോൾ നിങ്ങളുടെ പേരിൽ അവകാശ വാദങ്ങൾ ഉന്നയിക്കുകയാണ് സർദാർ.

ഈ അൽപ്പത്തരമൊക്കെ ചെയ്ത് അവരിപ്പോൾ ആ പ്രതിമയുടെ ഉയരം വാഴ്ത്തിപ്പാടുകയാണ്. ആദിവാസികൾക്കറിയാം ഇതൊക്കെ. 1961 ൽ ആട്ടിപ്പായിച്ചത് മുതൽ അവർ ആഘോഷങ്ങളില്ലാതെ, ആക്രോശിക്കുകയും പ്രതിഷേധിക്കുകയുമാണ്. സ്വന്തം ജീവിതവും സംസ്കാരവും പ്രകൃതിയുമായ തായ്നദിയും വീണ്ടും വീണ്ടും ഭീഷണിയിലാകുന്നത് അറിഞ്ഞ് നിരന്തരം ശബ്ദമുയർത്തുകയാണ്. അവരുടെ പിതാമഹൻമാർ ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയിട്ടുണ്ട്.. ഇപ്പോൾ ഇവരും സ്വയംനിർണ്ണയാവകാശം തിരിച്ചു പിടിക്കാൻ പുതിയ സ്വാതന്ത്ര്യ സമരത്തിലാണ്‌.അങ്ങയുടെ പേരിൽ 3500 കോടി ചിലവിട്ട് , അതിൽ തന്നെ 200 കോടി CSR എന്ന പേരിൽ പൊതുസ്ഥാപനങ്ങളിൽ നിന്ന് നിയമവിരുദ്ധമായി പിരിച്ചെടുത്ത ഈ കളിയിൽ അവരില്ല. എന്താണീ CSR? അത് മറ്റൊരു ദിവസം വേറൊരു കത്തിൽ എഴുതേണ്ടതാണ് സർദാർ…

അങ്ങയുടെ പ്രതിമ ഉയർന്ന് തന്നെ നിൽക്കും സർദാർ. ‘വരദ ഭാവ തെക്രി’യിൽ നദിയുടെ മധ്യത്തിൽ തന്നെ. ഐക്യത്തിനും സമത്വത്തിനും സുസ്ഥിരതക്കും എതിരെയുള്ള ഈ അനീതിയെല്ലാം അങ്ങ് കാണുമെന്നും അവസാനിപ്പിക്കുമെന്നുമാണ് ഞങ്ങളുടെ പ്രതീക്ഷ. ഇന്നേക്കും എന്നേക്കും അങ്ങയുടെ ഉരുക്കുകരത്തിൻറെ പിന്തുണയും അനുഗ്രഹവും ഞങ്ങൾക്ക് വേണം.അങ്ങയുടെ പാരമ്പര്യം ഉയർത്തിയോ അല്ലാതെയോ അവിടെ കൂടുന്ന ടൂറിസ്റ്റ് ആഘോഷങ്ങൾക്കിടയിലും ആദിവാസികളുടെ ശബ്ദമുയരുന്നിടത്ത് അങ്ങുണ്ടാകാനാണ് ഞങ്ങൾ നോക്കുന്നത്. ഞങ്ങൾക്കറിയാം, അങ്ങ് മാത്രം ആദിവാസികളുടെ നിലവിളി കേൾക്കും, അവകാശങ്ങൾക്കും തായ്നദിക്കും വേണ്ടി പോരാടാൻ പ്രേരിപ്പിക്കും. സർദാർ അങ്ങയെ നർമ്മദ അഭിവാദ്യം ചെയ്യുന്നു !

newsrupt2018-10feeed32d-377f-415c-a36e-58b88bb9f370PM_unity


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top