പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ 3000 കോടി പട്ടേലിന്റെ പ്രതിമയ്ക്ക് പൊടിച്ചു കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നയത്തില്‍ തോമസ് ഐസക്കിന്റെ പ്രതികരണം

thomasപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ 3000 കോടി പട്ടേലിന്റെ പ്രതിമയ്ക്ക് പൊടിച്ചു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ പ്രളയനഷ്ടങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ എങ്ങനെയും തടയാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്ക്. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി സര്‍ദാര്‍ പട്ടേലിന്റെ പ്രതിമാ നിര്‍മ്മാണത്തിനായി പൊടിച്ച് കളഞ്ഞതിന്റെ പകുതി തുക മതിയെന്നും അദ്ദേഹം സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ജാതിക്കും മതത്തിനും അതീതമായ ഒരു സംസ്‌കാരവും രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നു എന്ന തെറ്റിന് മലയാളിയെ മൊത്തത്തില്‍ ശിക്ഷിക്കുകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. ഈ മുഷ്‌കിനു കീഴടങ്ങാന്‍ നാം തയ്യാറല്ല. പ്രളയക്കെടുതികളെ മാത്രമല്ല, സംഘപരിവാറിന്റെ കെടുതിയെയും കേരളം അതിജീവിക്കും.

കേരളത്തിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഏതാണ്ട് 30000 കോടി രൂപയാണ് വേണ്ടത്. എന്നാല്‍, കേന്ദ്രം തന്നത് നാമമാത്രസഹായം. ആദ്യം 600 കോടി. കഴിഞ്ഞ ദിവസം 450 കോടി. ആകെ വേണ്ടതിന്റെ മൂന്നു ശതമാനമാണ് തന്നത്.

സ്വന്തം നിലയില്‍ സംഭാവന വാങ്ങാന്‍ നമ്മെ അനുവദിക്കുന്നില്ല. വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന മലയാളികളും മറ്റു സഹോദരങ്ങളും ഈ കെടുതികളെ അതിജീവിക്കാന്‍ നമ്മെ സഹായിക്കാന്‍ തയ്യാറാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുകയാണെന്നും ഐസക്ക് പറയുന്നു.

വിവിധ രാജ്യങ്ങളിലെ മലയാളികള്‍ സമാഹരിച്ച തുക സ്വീകരിക്കാനും കേന്ദ്രം അനുമതി നല്‍കുന്നില്ല. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പലതരം സഹായം നമുക്കു വേണ്ടി വരും. വിവിധ പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ വിദേശ മലയാളികള്‍ തയ്യാറാണ്. ക്രൗഡ് ഫണ്ടിങ് എന്ന ആശയം സഫലമാകുമെന്ന ഉറപ്പുണ്ട്. എന്നാല്‍, അതിനൊക്കെ വേണ്ട ഒരു പരിസരം സൃഷ്ടിക്കുന്നതിന് കേരളം നടത്തുന്ന തനതു പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിവേരറുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.

ചെറിയ സാമ്പത്തികവെല്ലുവിളിയല്ല കേരളം അഭിമുഖീകരിക്കുന്നത്. വാര്‍ഷികപദ്ധതിക്കുപുറത്ത് വര്‍ഷംതോറും 6000- 7000 കോടി രൂപയാണ് അധികം കണ്ടെത്തേണ്ടത്. ആ പണം കണ്ടെത്താതെ പുനര്‍നിര്‍മാണപ്രക്രിയ മുന്നോട്ടു ചലിക്കില്ല. ഈ സമയത്താണ് പകയോടെ കേരളത്തെ ഞെരുക്കിക്കൊല്ലാന്‍ കേന്ദ്രം കച്ച മുറുക്കുന്നത്.

കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മന്ത്രിമാര്‍ക്ക് വിദേശമലയാളികള്‍ സമാഹരിച്ച സഹായം സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് കാര്യവും ഐസക്ക് ഓര്‍മ്മിപ്പിക്കുന്നു. ഭീമമായ ചെലവാണ് പുനര്‍നിര്‍മാണത്തിനു വേണ്ടത്. ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതേവരെ ജനങ്ങളില്‍നിന്ന് സമാഹരിക്കാന്‍ കഴിഞ്ഞത് ചെറിയ തുകയാണ്.

പതിനേഴായിരത്തിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ പൂര്‍ണവും ഭാഗികവുമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് രണ്ടായിരത്തിലേറെ കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടത്. സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മാണത്തിന് പൊടിച്ചുകളഞ്ഞതിന്റെ പകുതിയോളം തുക. പ്രളയം ബാധിച്ച ജില്ലകളില്‍ ഗതാഗത സൗകര്യം പഴയപടിയാക്കാന്‍ വലിയ തുക വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News