
വടക്കാങ്ങര ടാലന്റ് പബ്ളിക് സ്ക്കൂളിലെ കേരളപ്പിറവി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രിന്‍സിപ്പല്‍ സിന്ധ്യാ ഐസക് സംസാരിക്കുന്നു
ദോഹ: ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിന്റെ മുഖമുദ്ര സാമൂഹ്യ സൗഹാര്‍ദ്ധവും സഹകരണവുമാണെന്നും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ച് മാനവിക മൂല്യങ്ങള്‍ക്കായി കൂട്ടായി നിലകൊള്ളുകയെന്നതാണ് കേരളപ്പിറവി സന്ദേശഷമെന്നും വടക്കാങ്ങര ടാലന്റ് പബ്ളിക് സ്ക്കൂള് പ്രിന്‍സിപ്പല്‍ സിന്ധ്യാ ഐസക് അഭിപ്രായപ്പെട്ടു. കേരളപ്പിറവിയോടനുബന്ധിച്ച് സ്ക്കൂള് സംഘടിപ്പിച്ച പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
സ്നേഹവും സഹിഷ്ണുതയും കൈമുതലാക്കിയാണ് കേരളം ലോകത്തിന്റെ ശ്രദ്ധ നേടിയത്. മനുഷ്യരെല്ലാരും ഏകോദര സഹോദരന്മാരെ പോലെയാണെന്ന മനോഹരമായ കാഴ്ചപ്പാടാണ് കേരളീയാഘോഷങ്ങളുടെ അടിസ്ഥാനം. വിദ്യാര്‍ഥികളും പൊതുജനങ്ങളും മുന്‍വിധികളില്ലാതെ സ്നേഹവും സാഹോദര്യവും ഉദ്ഘോഷിക്കുമ്പോള്‍ സമൂഹത്തില്‍ വിപ്ളവകരമായ മാറ്റമുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. പരസ്പര ബഹുമാനവും വിശ്വാസവും ശക്തിപ്പെടുത്തി മലയാളത്തിന്റെ മധുരം നുകരുവാന്‍ അവര്‍ വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തു.
സ്ക്കൂള് മലയാളം അധ്യാപിക സുലോചന ടീച്ചര്‍ കേരളപ്പിറവി പ്രതിജ്ഞക്ക് നേതൃത്വം നല്കി. എം.ടി വാസുദേവവന്‍ നായര്‍ എഴുതി കേരളം അംഗീകരിച്ച ….
മലയാളമാണ് എന്റെ ഭാഷ.
എന്റെ ഭാഷ എന്റെ വീടാണ്.
എന്റെ ആകാശമാണ്.
ഞാന്‍ കാണുന്ന നക്ഷത്രമാണ്.
എന്നെ തഴുകുന്ന കാറ്റാണ്.
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര് വെള്ളമാണ്.
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.
ഏത് നാട്ടിലാണെങ്കിലും ഞാന്‍ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്.
എന്റെ ഭാഷ ഞാന്‍ തന്നെയാണ്.
എന്ന പ്രതിജ്ഞയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഏറ്റു ചൊല്ലിയത്.
ഹിന്ദി അധ്യാപകന് പുരുഷോത്തമന്റെ നേതൃത്വത്തില്‍ കേരളത്തിലെ പതിനാലു ജില്ലകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടി അരങ്ങേറി. സ്ക്കൂള് മാനേജര്‍ യാസര്‍ കരുവാട്ടില്‍, വിദ്യാര്‍ഥി പ്രതിനിധി ഫാദില്‍ ഇ.സി. സംസാരിച്ചു.
അധ്യാപകരെല്ലാം തനത് കേരളീയ വേഷമണിഞ്ഞ് കേരളപ്പിറവിയുടെ സന്ദേശത്തിന് ശക്തി പകര്‍ന്നപ്പോള്‍ കേരളപ്പിറവി ആഘോഷപരിപാടികള്‍ അവിസ്മരണീയമായ അനുഭവമായി മാറി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply