Flash News

രണ്ടാഴ്ച മുന്‍പ് ‘മരിച്ച’ ആള്‍ തിരിച്ചെത്തി; പള്ളി സെമിത്തേരിയില്‍ സംസ്ക്കരിച്ചത് ആരുടെ മൃതദേഹമാണെന്നറിയാതെ ബന്ധുക്കളും പോലീസും

November 2, 2018

deathവയനാട്: മരിച്ച് സംസ്ക്കാരവും നടത്തിയ ആള്‍ രണ്ടാഴ്ചക്കുശേഷം തിരിച്ചെത്തിയതോടെ ബന്ധുക്കളും പോലീസും വെട്ടിലായി.  രണ്ടാഴ്ച മുമ്പ് പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാംകുന്നേല്‍ സജി കെട്ടിടത്തില്‍ നിന്ന് വീണ് മരണമടയുകയും മൃതദേഹം സംസ്ക്കരിക്കുകയും ചെയ്തു. എന്നാല്‍ ബന്ധുക്കളെയും നാട്ടുകാരെയും ഞെട്ടിച്ച് ബുധനാഴ്ച സജി വീട്ടിലെത്തി. ഭൂസ്വത്ത് തട്ടിയെടുക്കാനായി താന്‍ മരിച്ചെന്നു ചിത്രീകരിച്ചതാണെന്ന് സജി ആരോപിച്ചതോടെ ബന്ധുക്കള്‍ വെട്ടിലായി. ഒക്ടോബര്‍ 16-ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്ക്കരിച്ചത് ആരുടെ മൃതദേഹമാണെന്നറിയാതെ പൊലീസും നാട്ടുകാരും ആശയക്കുഴപ്പത്തിലാണ്.

ഒക്ടോബര്‍ 13നാണ് കബനിക്കരയിലെ ബൈരക്കുപ്പ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം മലയാളിയാണെന്ന സംശയത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ പൊലീസ് സര്‍ജന്‍ ഇല്ലാത്തതിനാല്‍ 16ന് എച്ച്ഡി കോട്ട താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം തിരിച്ചറിഞ്ഞ ബന്ധുക്കള്‍ക്കു കൈമാറി. കെട്ടിടം പണിക്കിടെ വീണു കാലൊടിഞ്ഞ സജിയുടെ കാലില്‍ കമ്പിയിട്ടിരുന്നു. ഈ തെളിവാണു പ്രധാനമായും ബന്ധുക്കള്‍ ഉന്നയിച്ചത്. ലഭിച്ച മൃതദേഹത്തിലും കമ്പിയുണ്ടെന്നു കണ്ടെത്തിയതോടെ സജിയുടേതാണെന്നു മാതാവും സഹോദരനും ഉറപ്പിച്ചു.

കൃത്യമായ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാണു മൃതദേഹം വിട്ടുകൊടുത്തതെന്ന് ബീച്ചനഹള്ളി എസ്‌ഐ പുട്ടുസ്വാമി പറഞ്ഞു. ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. വേറെയാരെയെങ്കിലും കാണാതായ പരാതി ലഭിച്ചാല്‍ ഇപ്പോള്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു ഡിഎന്‍എ പരിശോധനയും മറ്റും നടത്തേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍, സംസ്‌കരിച്ച മൃതദേഹം ഏറ്റെടുക്കാനാവില്ലെന്നാണ് കര്‍ണാടക പൊലീസ് നിലപാട്.

സെപ്റ്റംബര്‍ 3ന് വീട്ടില്‍ നിന്ന് ഇറങ്ങിയെന്നും കണ്ണൂരില്‍ കെട്ടിടം പണിക്കു പോയതാണെന്നും സജി പറഞ്ഞു. കഴിഞ്ഞ ദിവസം പനമരത്ത് ബന്ധുവീട്ടില്‍ ചെന്നപ്പോഴാണ് സംഭവങ്ങളറിഞ്ഞത്. അവിവാഹിതനായ സജി, സ്വന്തമായുള്ള 10 സെന്റ് സ്ഥലത്തെ ഒറ്റമുറി വീട്ടില്‍ ഒറ്റയ്ക്കാണു താമസം. അമ്മയുമായും അയല്‍വാസിയുമായും പിണക്കത്തിലായിരുന്നു. വീടു വിട്ടാല്‍ ബന്ധുക്കളെ ഫോണ്‍ ചെയ്യുന്ന ശീലമില്ല. മരണ സര്‍ട്ടിഫിക്കറ്റു വരെ ലഭിച്ച സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ കുഴയുകയാണ് സജി. തന്റെ സ്വത്തു തട്ടിയെടുക്കാനായി ആസൂത്രണം ചെയ്തതാണു സംസ്‌കാരമെന്നും സജി ആരോപിക്കുന്നു.

പുല്‍പള്ളി പൊലീസ് സജിയെ ഇന്നലെ വീട്ടുകാരോടൊപ്പം കര്‍ണാടകയിലെ ബീച്ചനഹള്ളി പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. മൃതദേഹം അഴുകിയിരുന്നതിനാല്‍ കൃത്യമായി തിരിച്ചറിയുന്നതില്‍ പിഴവു സംഭവിച്ചുവെന്ന് ബന്ധുക്കള്‍ മൊഴി നല്‍കി. പഴക്കം കണക്കിലെടുത്താണ് രാത്രി തന്നെ സംസ്‌കരിച്ചതെന്നും അവര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top