ടെന്നസി: 1983-ല്‍ മയക്കു മരുന്നു വാങ്ങാനെത്തിയ രണ്ടു പേരെ കഴുത്തറുത്തു കൊലപ്പെടുത്തിയ എഡ്മണ്ട് സഗോര്സ്ക്കിയുടെ (63) വധശിക്ഷ റിവര്‍ബന്റ് ജയിലില്‍ നടപ്പാക്കി. 1984 ല്‍ കോടതി സഗോര്‍സ്ക്കിക്ക് വധശിക്ഷ വിധിച്ചിരുന്നു.
പ്രതിയുടെ ആവശ്യം അംഗീകരിച്ചു വിഷമിശ്രിതത്തിനു പകരം ഇലക്ട്രിക് ചെയറാണ് വധശിക്ഷയ്ക്ക് ഉപയോഗിച്ചത്. 1750 വോള്‍ട്ട് വൈദ്യുതി ശരീരത്തിലേക്ക് കടത്തിവിട്ട് നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു. ഒക്ടോബര്‍ 11 നു നടപ്പാക്കേണ്ട വധശിക്ഷ സഗോര്സ്ക്കിയുടെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ വൈകിയതിനാലാണ് നവംബര്‍ ഒന്നിലേക്ക് മാറ്റിയത്.
2007 ലായിരുന്നു ടെന്നസിയില്‍ അവസാനമായി ഇലക്ട്രിക് ചെയര്‍ വധശിക്ഷയ്ക്ക് ഉപയോഗിച്ചത്.
യു.എസ്. സുപ്രീം കോടതിയില്‍ അവസാന നിമിഷം സമര്‍പ്പിച്ച അപ്പീല്‍ തള്ളപ്പെട്ട ഉടനെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.
വധശിക്ഷയ്ക്കു മുമ്പായി ഇഷ്ടപ്പെട്ട ആഹാരം കഴിക്കുന്നതിന് അനുവദിച്ച 20 ഡോളര്‍ അനുവദിച്ചിരുന്നുവെങ്കിലും പ്രതി അത് നിഷേധിച്ച് സഹതടവുകാര്‍ നല്കിയ ആഹാരമാണ് കഴിച്ചത്.
1999 നു മുമ്പാണ് കുറ്റകൃത്യം ചെയ്തതെങ്കില്‍ പ്രതിക്ക് ഇഷ്ടപ്പെട്ട വധശിക്ഷാരീതി തെരഞ്ഞെടുക്കുന്നതിന് അവകാശമുള്ള ആറു സംസ്ഥാനങ്ങളില്‍ ഒന്നാണ് ടെന്നസി. 2000ത്തിനു ശേഷം അമേരിക്കയില്‍ 14 പേരുടെ വധശിക്ഷ ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ചു നടപ്പാക്കിയിട്ടുണ്ട്. 2013-ല്‍ വെര്‍ജീനിയയിലായിരുന്നു അവസാനത്തേത്.
ജയിലിനകത്ത് വധശിക്ഷ നടപ്പിലാക്കുമ്പോള്‍ പുറത്ത് വധശിക്ഷക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രകടനം സംഘടിപ്പിച്ചിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply