കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ പ്രക്ഷോഭം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

RKMS leaders meet kochi-02 Nov.2018
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനം കൊച്ചി വി.വി.ടവര്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന ചെയര്‍മാന്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ.ജോസ് കാവനാടി, കെ.വി.ബിജു, ഡിജോ കാപ്പന്‍, അഡ്വ.ബിനോയ് തോമസ് എന്നിവര്‍ സമീപം

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹനടപടികള്‍ക്കെതിരെ സംഘടിതപ്രക്ഷോഭമാരംഭിക്കുവാന്‍ കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന കര്‍ഷകനേതാക്കളുടെ നേതൃസമ്മേളനം തീരുമാനിച്ചു.

രാജ്യാന്തര വ്യാപാരക്കരാറിലൂടെ നികുതിരഹിത കാര്‍ഷികോല്പന്നങ്ങളുടെ ഇറക്കുമതിക്ക് വഴിയൊരുക്കി കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയെ തീറെഴുതുകയാണെന്ന് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കടക്കെണിയും വിലത്തകര്‍ച്ചയുംമൂലം കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു. കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്നവര്‍ കര്‍ഷകരെ തെരുവിലേയ്ക്ക് വലിച്ചെറിയുന്ന ക്രൂരത തുടരുന്നു. ഭരണനേതൃത്വവും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ലംഘിക്കുക മാത്രമല്ല, എക്കാലത്തെയും വലിയ തകര്‍ച്ചയാണ് കാര്‍ഷികമേഖല നേരിടുന്നത്.

സംസ്ഥാന സര്‍ക്കാരും കാര്‍ഷിക വിഷയങ്ങളില്‍നിന്ന് ഒളിച്ചോടുകയാണ്. പ്രളയദുരന്തത്തില്‍ ആശ്വാസമല്ല നഷ്ടപരിഹാരമാണ് കര്‍ഷകര്‍ക്കുവേണ്ടത്. വന്യമൃഗശല്യം അതിരൂക്ഷമാണ്. വനം റവന്യൂ വകുപ്പുകള്‍ കര്‍ഷകഭൂമി കൈയ്യേറുന്നു. കര്‍ഷകരെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടയ്ക്കുന്നു. വിലത്തകര്‍ച്ചയില്‍ ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന റബര്‍ വിലസ്ഥിരതാപദ്ധതി നിലച്ചിരിക്കുന്നു. കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപനങ്ങള്‍ക്കപ്പുറം പ്രാബല്യത്തില്‍ വരുത്തുവാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. നെല്ലുസംഭരണവും സംഭരണവിലയും പ്രഹസനമാകുന്നു. സമസ്തമേഖലകളിലും ഉദ്യോഗസ്ഥ ധാര്‍ഷ്ഠ്യം അതിരുകടക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാനുള്ള ഉപകരണങ്ങള്‍ മാത്രമായി, രാഷ്ട്രീയ അടിമകളായി കര്‍ഷകര്‍ മാറരുത്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ സംഘടിച്ചു നീങ്ങേണ്ടത് അടിയന്തരമാണെന്ന് വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് വൈസ്ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കണ്‍വീനര്‍ കെ.വി.ബിജു മുഖ്യപ്രഭാഷണവും സംസ്ഥാന കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് ആമുഖപ്രഭാഷണവും നടത്തി. ദേശീയ സംസ്ഥാന നേതാക്കളായ ഫാ.ജോസ് കാവനാടി, കൊല്ലം പണിക്കര്‍, വി.വി.അഗസ്റ്റിന്‍, അഡ്വ.ജോണ്‍ ജോസഫ്, ജോര്‍ജ് ജോസഫ് തെള്ളിയില്‍, ജോയി കണ്ണഞ്ചിറ, ജന്നറ്റ് മാത്യു, അഡ്വ.പി.പി.ജോസഫ്, ജോസ് മാത്യു ആനിത്തോട്ടത്തില്‍, രാജു സേവ്യര്‍, വി.ജെ.ജോണ്‍ മാസ്റ്റര്‍, ജോസഫ് വടക്കേക്കര, ജയിംസ് ലൂക്കാ, ജി.കെ.മുണ്ടുപാലം, സെയ്ദ് അലവി എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ 14 ജില്ലകളിലും കര്‍ഷകനേതൃസമ്മേളനങ്ങള്‍ ചേരും. ആര്‍സിഇപി കരാറിനെതിരെ ജനകീയ ബോധവല്‍ക്കരണവും സംഘടിതപ്രക്ഷോഭവും ആരംഭിക്കും. ഡിസംബറില്‍ സംസ്ഥാന കര്‍ഷകസമ്മേളനം വിളിച്ചു ചേര്‍ക്കുകയും പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ഷകപത്രിക പ്രഖ്യാപിക്കുകയും ചെയ്യും.

പി.റ്റി.ജോണ്‍
ജനറല്‍ കണ്‍വീനര്‍
രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Print Friendly, PDF & Email

Related News

Leave a Comment