Flash News

ശബരിമലയും ചുറ്റുപാടും വന്‍ പോലീസ് വലയത്തില്‍; ചിത്തിര ആട്ട വിശേഷത്തിന് ഇന്ന് നട തുറക്കും; യുവതികള്‍ കയറി ആചാര ലംഘനം നടത്തിയാല്‍ നട അടച്ചിടുമെന്ന് മേല്‍ശാന്തി

November 5, 2018

sabarimala-newസന്നിധാനം: ചിത്തിര ആട്ട വിശേഷത്തിന് ഇന്ന് നട തുറക്കാനിരിക്കെ യുവതികള്‍ പ്രവേശിച്ച് ആചാര ലംഘനം നടത്തിയാല്‍ നട അടച്ചിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മേല്‍ശാന്തി. സുരക്ഷാ ചുമതലയുള്ള ഐജി എം.ആര്‍.അജിത് കുമാറിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐജി സന്നിധാനത്തെത്തി മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ചിരുന്നു. സ്ത്രീകളെത്തിയാല്‍ എന്താണ് പ്രതികരണം എന്നറിയാനാണ് ഐജി മേല്‍ശാന്തിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന. ശബരിമലയില്‍ യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്നാണ് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അറിയിച്ചത്. യുവതികള്‍ വീണ്ടുമെത്തിയാല്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും മേല്‍ശാന്തി വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠര് രാജീവര് എത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കാര്യങ്ങള്‍ നടപ്പാക്കുമെന്നും മേല്‍ശാന്തി പറഞ്ഞു.

അതേസമയം ദര്‍ശനത്തിന് ഇതുവരെ യുവതികള്‍ ആരും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് നിലയ്ക്കലിന്റെ ചുമതലയുള്ള എസ്പി മഞ്ജുനാഥ് പറഞ്ഞു. രാവിലെ 9.30 മുതല്‍ സന്നിധാനത്തേക്ക് ഭക്തര്‍ക്ക് പ്രവേശിക്കാം. പമ്പയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിടാന്‍ തുടങ്ങി.

ചിത്തിര ആട്ട വിശേഷത്തിന് ഇന്ന് വൈകീട്ട് അഞ്ചിനാണ് നടതുറക്കുന്നത്. വന്‍പോലീസ് വലയത്തിലാണ് ശബരിമലയും പരിസരപ്രദേശവും. ശബരിമല ദർശനത്തിനായെത്തുന്ന തീർഥാടകരെ പലയിടങ്ങളിൽ പൊലീസ് തടയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് തീർഥാടകരെ തടഞ്ഞിരിക്കുന്നത്. എരുമേലിയിൽ ഇന്നലെ മുതൽ എത്തിയവരാണ് കുടുങ്ങിയിരിക്കുന്നത്. ആറുമണിക്ക് വാഹനങ്ങൾ കടത്തിവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് പിന്നീട് നിലപാടുമാറ്റി. നിലവിൽ ഉച്ചയോടെ മാത്രമേ എരുമേലിയിൽനിന്ന് ഭക്തരെ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. കെഎസ്ആർടിസി ബസിലെങ്കിലും കടത്തിവിടണമെന്ന് തീർഥാടകർ ആവശ്യപ്പെടുന്നുണ്ട്. എരുമേലി ടൗണിലും കെഎസ്ആർടിസി സ്റ്റാൻഡിലുമടക്കം പ്രതിഷേധം അലയടിക്കുകയാണ്.

അതേസമയം, തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. കാല്‍ നടയായിട്ടാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോകുന്നത്. ഉച്ചക്ക് ശേഷം മാത്രമേ തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ എന്നായിരുന്നു പൊലീസ് ആദ്യം അറിയിച്ചിരുന്നത്. തീര്‍ത്ഥാടകരെ തടഞ്ഞതിന് പിന്നാലെ തീര്‍ത്ഥാടകര്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് പൊലീസും തീര്‍ത്ഥാടകരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു തുടര്‍ന്നാണ് പമ്പയിലേക്ക് പോകാന്‍ പൊലീസ് അനുവാദം നല്‍കിയിത്. നിലയ്ക്കലില്‍ നിന്ന് 11.30 ന് ശേഷം മാത്രമേ വാഹനങ്ങള്‍ കടത്തിവിടുകയുളളൂ. സന്നിധാനത്തേക്ക് മാധ്യമപ്രവര്‍ത്തകരെയും കടത്തിവിടാന്‍ തുടങ്ങി. സൂക്ഷമപരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്.

തമ്പാന്നൂരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ബിജെപി പ്രതിഷേധിച്ചു. നിലയ്ക്കലില്‍ നിന്നും ശബരിമല തീര്‍ത്ഥാടകരുടമായുളള കെഎസ്ആര്‍ടിസി ബസ് കടത്തിവിടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹബിജെപി പ്രതിഷേധം. പിന്നീട് നിലയ്ക്കലില്‍ നിന്നും കെഎസ്ആര്‍ടിസ് ബസ് സര്‍വ്വീസ് ആരംഭിച്ചതോടെ പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു. സന്നിധാനത്ത് 15 വനിതാ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 50 വയസിന് മുകളിലുള്ളവരാണ് ഇവര്‍. സന്നിധാനത്തെ നടപ്പന്തലിലാണ് 50 വയസുകഴിഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ നാലിടങ്ങളില്‍ പൊലീസ് പരിശോധന നടത്തും. പ്രതിഷേധത്തിനാണ് എത്തുന്നതെന്ന് ബോധ്യപ്പെട്ടാല്‍ തിരിച്ചയക്കും. മുന്‍പ് സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.

ശബരിമല സ്ത്രീപ്രവേശനവും പൊലീസ് നടപടിയും ഉൾപ്പെടെ ഒരുകൂട്ടം ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ശബരിമലയിൽ മണ്ഡല കാലത്ത് താൽക്കാലികമായി 1680 പേരെ നിയമിക്കാനുളള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സർക്കാർ ഇന്ന് വിശദീകരണം നൽകും. നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമസംഭവങ്ങളുടെ വീഡിയോ ദ്യശ്യങ്ങളും പോലിസ് കോടതിയിൽ ഹാജരാക്കിയേക്കും.

1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഈ നിയമനം ചില രാഷ്ട്രീയ താല്പര്യങ്ങള്‍ പ്രകാരമാണെന്ന് ചൂണ്ടികാട്ടിയാണ് ഹരജി. മതവിശ്വാസനത്തിനുള്ള സ്വാതന്ത്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹരജിയും കോടതി പരിഗണിക്കും.

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ പോലീസ് സമയക്രമീകരണം നടത്തുന്നത് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ഹരജിക്കാരന്റെ വാദം. മുഖ്യമന്ത്രി പിണറായി വിജയനേയും ദേവസ്വം മന്ത്രിയോയും എതിര്‍ കക്ഷികളാക്കിയാണ് ഹരജി. ഈ ഹരജിയിലും സര്‍ക്കാര്‍ ഇന്ന് നിലപാടറിയിക്കും.

ശബരിമലയിൽ നടന്ന സംഘർഷത്തിന്റെ പേരിൽ പോലീസ് കള്ളക്കേസിൽ കുടുക്കുകയാണെന്നാരോപിച്ച് ത്യപ്പൂണിത്തുറ സ്വദേശി നല്കിയ ഹരജിയും കോടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാറിനോട് പോലിസ് അക്രമത്തിന്റെ ദ്യശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്കിയിരുന്നു.

ദ്യശ്യങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. ശബരിമലയിൽഅക്രമങ്ങളില്‍ പൊലീസിന് പങ്കുണ്ടെന്ന് ആരോപിച്ച് നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശികള്‍ നല്കിയ ഹരജിയും ഇന്ന് കോടതിയുടെ പരിഗണനയിലെത്തുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top