സ്ത്രീയുടെ പ്രായത്തെച്ചൊല്ലി ശബരിമലയില്‍ സംഘര്‍ഷം; തൃശൂര്‍ സ്വദേശിനിയെ പ്രതിഷേധക്കാര്‍ തടഞ്ഞു; ഇരുന്നൂറു പേര്‍ക്കെതിരെ കേസ്

newsrupt2018-11b2d1f750-46c1-4202-a0d2-05e1d5106d28SABARIMALAപത്തനംതിട്ട: മകന്റെ കുഞ്ഞിന് ചോറൂണ് നടത്താന്‍ ശബരിമലയിലെത്തിയ തൃശൂര്‍ സ്വദേശിനിയെ പ്രതിഷേധക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. സ്ത്രീയെ തടഞ്ഞ് പ്രതിഷേധിച്ച 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശിനി ലളിതയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ലളിതക്ക് നേരെ നടപ്പന്തലില്‍വച്ചാണ് പ്രതിഷേധമുയര്‍ന്നത്. ഇരുമുടിക്കെട്ടില്ലാതെ ലളിത വലിയ നടപ്പന്തലിലെത്തിയതോടെ പ്രതിഷേധവുമായി നൂറുകണക്കിന് ഭക്തര്‍ പാഞ്ഞടുക്കുകയായിരുന്നു.

തിരിച്ചറിയില്‍ രേഖ നല്‍കി പ്രായം ബോധ്യപ്പെടുത്താന്‍ ലളിത ശ്രമിച്ചെങ്കിലും നല്‍കിയ രേഖ മാറിപ്പോയി. മകന്റെ ഭാര്യയുടെ തിരിച്ചറിയല്‍ രേഖ നല്‍കിയത് പ്രതിഷേധം കനക്കാന്‍ കാരണമായി. ഇവരെ പിന്തുടര്‍ന്നെത്തിയ ഭക്തര്‍ ഏറെനേരം വന്‍ പ്രതിഷേധവും രോഷവും ഉയര്‍ത്തി.

പൊലീസ് സുരക്ഷയൊരുക്കിയെങ്കിലും ഉന്തുംതള്ളുമുണ്ടായി. ലളിതയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി തിരിച്ചറിയല്‍ രേഖ പരിശോധിച്ച പൊലീസ് പ്രായം അന്‍പത്തിരണ്ടാണെന്ന് പ്രതിഷേധക്കാരെ അറിയിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലളിതയെ സന്നിധാനം ആശുപത്രിയിലേക്ക് മാറ്റി.

50 വയസില്‍ താഴെ പ്രായമുള്ള സ്ത്രീ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് സന്നിധാനത്ത് പ്രതിഷേധം നടന്നത്. വലിയ നടപ്പന്തലിലാണ് നാമജപ പ്രതിഷേധം നടന്നത്. തൃശൂർ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍ പൊലീസെത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല.

പ്രായം സംബന്ധിച്ച് വ്യക്തത വരുത്താതെ പിരിഞ്ഞ് പോകില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. തുടര്‍ന്ന് പൊലീസ് ഇവരെ വലിയ നടപ്പന്തലിന് പുറത്തെത്തിച്ചു. ഇതില്‍ ഒരാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധക്കാര്‍ക്ക് നേതൃത്വം കൊടുത്ത ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുമായി പൊലീസ് ചര്‍ച്ചകള്‍ നടത്തി. വല്‍സന്‍ തില്ലങ്കേരി വയസ്സ് സംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പ് നല്‍കിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയില്ല.

മകന്റെ കുട്ടിക്ക് ചോറൂണ് നടത്താനാണ് സന്നിധാനത്ത് എത്തിയതെന്ന് ലളിത മാധ്യമങ്ങളോട് പറഞ്ഞു. പമ്പയില്‍ നിന്നും പ്രായം പരിശോധിച്ചിരുന്നു. പിന്നീടാണ് വലിയ നടപ്പന്തലില്‍ തടഞ്ഞത്. ദര്‍ശനം നടത്തിയ ശേഷം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴും പ്രതിഷേധക്കാര്‍ ഇവരെ കൂക്കിവിളിച്ചു. ലളിതക്ക് 52 വയസ് പ്രായം ഉണ്ടെന്ന് പൊലീസ് അറിയിച്ചതോടെ ഭക്തർ തന്നെ ദർശനത്തിന് സൗകര്യമൊരുക്കി.

ഇതിനിടെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. പൊലീസ് എയ്ഡ് പോസ്റ്റിന് മുകളില്‍ കയറി ദൃശ്യങ്ങള്‍ എടുത്ത മാതൃഭൂമി ക്യാമറമാന് നേരെ ആക്രോശവുമായി ഭക്തര്‍ പാഞ്ഞടുത്തു. കെട്ടിടത്തിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ദൃശ്യം പകര്‍ത്തിയ വിഷ്ണുവിന് നേര്‍ക്ക് ചിലര്‍ കസേര വലിച്ചെറിഞ്ഞു. പിന്നീട് വിഷ്ണുവിനെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് രക്ഷിച്ചു. മറ്റു ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി.

ചിത്തിര ആട്ടത്തിരുനാള്‍ വിശേഷ പൂജയ്ക്കായിട്ടാണ് ശബരിമല നട തുറന്നത്. പൂജകള്‍ക്കായി രാവിലെ അഞ്ചിന് തന്നെ നട തുറന്നു.

അതേസമയം ശബരിമല കയറാനെത്തിയ ചേര്‍ത്തല സ്വദേശിനിയെ പമ്പയില്‍നിന്ന് മടക്കി അയച്ചു. ചേര്‍ത്തല സ്വദേശിയായ അഞ്ജു ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമാണു മല കയറാനെത്തിയത്. ഭര്‍ത്താവ് പറഞ്ഞിട്ടാണു വന്നതെന്നും മടങ്ങാന്‍ തയ്യാറെന്നും അഞ്ജു പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് സുരക്ഷയിലാണ് സംഘം ചേര്‍ത്തലയിലേക്കു മടങ്ങിയത്. യുവതി എത്തിയതറിഞ്ഞു പമ്പ ഗണപതി കോവിലിനു സമീപത്തെ നടപ്പന്തലില്‍ ഭക്തര്‍ നാമജപം നടത്തിയിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment