Flash News

ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രം‌പിന് തിരിച്ചടി; യു‌എസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്ക് ചരിത്ര വിജയം; നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ ട്രം‌പിന് തടസ്സമാകും

November 8, 2018

WASHINGTON, DC - MARCH 01: U.S. President Donald Trump participates in a meeting with leaders of the steel industry at the White House March 1, 2018 in Washington, DC. Trump announced planned tariffs on imported steel and aluminum during the meeting, with details to be released at a later date. (Photo by Win McNamee/Getty Images)

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നടന്ന ഇറ്റക്കാല പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് തിരിച്ചടി നേരിട്ടു. ജനപ്രതിനിധി സഭ (ഹൗസ്) എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഡെമോക്രാറ്റുകള്‍ തിരിച്ചുപിടിച്ചത് ട്രം‌പിന്റെ ഭാവി തുലാസിലാകും. സെനറ്റില്‍ റിപ്പബ്ലിക്കന്‍ മേധാവിത്വം തുടരുമെങ്കിലും പ്രസിഡന്റ് ട്രംപിന് വിവാദനയങ്ങളുമായി മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാകും. 435 അംഗ ഹൗസില്‍ 222 സീറ്റുകളാണ് ഡെമോക്രാറ്റുകള്‍ നേടിയത്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 196 സീറ്റ് നേടി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 218 ആണ്.

4 ഡെമോക്രാറ്റ് സീറ്റുകള്‍ പിടിച്ചെടുത്തതുള്‍പ്പെടെ സെനറ്റില്‍ നിലവിലുണ്ടായിരുന്ന നേരിയ ഭൂരിപക്ഷം മെച്ചപ്പെടുത്താനായതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേട്ടം. ജനപ്രതിനിധി സഭ കൈവിട്ടുപോയിട്ടും ‘ഗംഭീരവിജയത്തിന്റെ രാത്രി’യെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. പക്ഷേ, 435 അംഗ ജനപ്രതിനിധിസഭയില്‍ 8 വര്‍ഷത്തിനുശേഷം ഡെമോക്രാറ്റുകള്‍ ആധിപത്യം നേടിയതോടെ, പ്രസിഡന്റിനെ ഇംപീച് ചെയ്യാനുള്ള നടപടികളിലേക്കുവരെ നീങ്ങിയേക്കാവുന്ന വഴിത്തിരിവുകള്‍ക്കാണു കളമൊരുങ്ങിയിരിക്കുന്നത്. 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് മുന്നേറ്റമുണ്ട്.

ജനപ്രതിനിധി സഭയിലെ മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി സ്പീക്കറാകും. ട്രംപ്, പെലോസിയെ വിളിച്ച് അഭിനന്ദനമറിയിച്ചു. തെരഞ്ഞെടുപ്പു ഫലം റഷ്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷ നല്‍കുന്നില്ലെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

ഇടക്കാല തെരഞ്ഞെടുപ്പിലൂടെ ചരിത്രത്തിലാദ്യമായി യുഎസ് പാര്‍ലമെന്റില്‍ രണ്ടു മുസ്‌ലിം വനിതകളെത്തി- റഷീദ താലിബും ഇല്‍ഹാന്‍ ഉമറും. ഇരുവരും മല്‍സരിച്ചതു ഡെമോക്രാറ്റ് ടിക്കറ്റിലാണ്. റഷീദ മിഷിഗനില്‍ നിന്നും ഇല്‍ഹാന്‍ മിനസോട്ടയില്‍നിന്നുമാണു ജയിച്ചത്. കോണ്‍ഗ്രസില്‍ ശിരോവസ്ത്രമണിഞ്ഞെത്തുന്ന ആദ്യ അംഗം കൂടിയാകും ഇല്‍ഹാന്‍.

സൊമാലി വംശജയായ ഇവര്‍ കുട്ടിക്കാലത്ത് ആഭ്യന്തരയുദ്ധത്തില്‍പെട്ട് അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞിട്ടുണ്ട് പലസ്തീനില്‍ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകളായ റഷീദ രാഷ്ട്രീയത്തിലിറങ്ങും മുന്‍പ് അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു.

nancyരണ്ട് വര്‍ഷത്തെ ഡോണാള്‍ഡ് ട്രംപ് ഭരണത്തിന്റെ വിലയിരുത്തലാവും ഇടക്കാല തെരഞ്ഞെടുപ്പെന്ന് നേരത്തെ തന്നെ പ്രവചനങ്ങളുണ്ടായിരുന്നു. ഭരണനിയന്ത്രണമില്ലാത്ത പാര്‍ട്ടി ഇടക്കാല തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നത് അമേരിക്കയില്‍ ചരിത്രമാണ്. നന്ദി, നാളെ അമേരിക്കയ്ക്ക് ഒരു പുതിയ ദിനമായിരിക്കും-ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റ് നേതാവ് നാന്‍സി പെലോസി പറഞ്ഞു. ഇവരായിരിക്കും സഭയുടെ സ്പീക്കര്‍.

യുഎസ് കോണ്‍ഗ്രസിന്റെ അധോസഭയില്‍ ഡമോക്രാറ്റുകള്‍ക്കുണ്ടായ മുന്നേറ്റം ട്രംപിന്റെ പല പദ്ധതികള്‍ക്കും വിലങ്ങു തടിയാവും. ട്രംപ് ഭരണകൂടത്തെക്കുറിച്ചും വ്യാപാര കാര്യങ്ങള്‍, നികുതി റിട്ടേള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്താന്‍ ഇനി ഡമോക്രാറ്റുകള്‍ക്ക് സാധിക്കും. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള ട്രംപിന്റെ പല വിവാദ പദ്ധതികളും ഇതോടെ തടയപ്പെടും. ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കമിടാം. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണം നടത്താം. വിവിധ അന്വേഷണ സമിതികളുടെ തലപ്പത്ത് ഡെമോക്രാറ്റ് നേതാക്കളെത്തുന്നതോടെ ട്രംപിനു വഴിയില്‍ തടസ്സങ്ങളേറെയാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ വിവാദത്തില്‍ ട്രംപിനെതിരെ അന്വേഷണം തുടങ്ങിയാല്‍ ഇംപീച്‌മെന്റ് നടപടികളില്‍ കലാശിക്കാം. പ്രസിഡന്റിനെ പുറത്താക്കാനുള്ള നീക്കത്തിനു റിപ്പബ്ലിക്കന്‍ ആധിപത്യമുള്ള സെനറ്റിന്റെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെങ്കിലും ഇത്തരം നീക്കങ്ങള്‍ യുഎസ് രാഷ്ട്രീയത്തെ കലുഷിതമാക്കും. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതിലുപണിയുന്നതുള്‍പ്പെടെ ട്രംപിന്റെ വിവാദ നീക്കങ്ങള്‍ക്കു തടയിടാന്‍ ഡെമോക്രാറ്റുകള്‍ ശ്രമിക്കാതിരിക്കില്ല. അതേസമയം, സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്തിയതോടെ, ട്രംപിന് ജഡ്ജിമാര്‍, ക്യാബിനറ്റ് അംഗങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിയമനങ്ങള്‍ സ്ഥിരീരികരിക്കാനും തന്റെ അജണ്ട വേഗത്തില്‍ നടപ്പാക്കാനും കഴിയും.

അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് ഇടക്കാല തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുക എന്നതാണ് യുഎസിലെ പതിവ്. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ പ്രസിഡന്റിന്റെ പാര്‍ട്ടിക്കു തിരിച്ചടി ഉണ്ടാകാത്ത 2 ഇടക്കാല തിരഞ്ഞെടുപ്പുകള്‍ മാത്രമേയുള്ളൂ 1978 ലും 2002 ലും. ജിമ്മി കാര്‍ട്ടര്‍ (ഡെമോക്രാറ്റ്) പ്രസിഡന്റ് പദമേറ്റു 2 വര്‍ഷത്തിനു ശേഷം നടന്ന (1978) തിരഞ്ഞെടുപ്പില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ തന്നെ ഭൂരിപക്ഷം നേടി. പക്ഷേ, 2 വര്‍ഷം കൂടി കഴിഞ്ഞ് 1980 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കാര്‍ട്ടര്‍ തോറ്റു. ജനപ്രിയ നേതാവായിട്ടും രണ്ടാം അവസരം ലഭിക്കാതെ പോയ അപൂര്‍വം പ്രസിഡന്റുമാരിലൊരാളാണ് അദ്ദേഹം.

2000 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജ് ഡബ്ല്യു ബുഷിന്റെ (റിപ്പബ്ലിക്കന്‍) വിജയം കഷ്ടിച്ചായിരുന്നെങ്കിലും അദ്ദേഹം അധികാരമേറ്റ ശേഷമുള്ള ആദ്യ ഇടക്കാല തിരഞ്ഞെടുപ്പില്‍ (2002) സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മേല്‍ക്കൈ നേടി. 2004ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബുഷ് രണ്ടാം തവണയും ജയിക്കുകയും ചെയ്തു. പ്രസിഡന്റായ ശേഷം രണ്ടാം അവസരം ലഭിക്കാതെ പോയത് കാര്‍ട്ടര്‍ക്കു പുറമേ മറ്റൊരാള്‍ക്കു കൂടി മാത്രമാണ്, ജോര്‍ജ് ഡബ്ല്യു ബുഷിന്റെ പിതാവ് ജോര്‍ജ് ബുഷ് സീനിയറിന്. ഒരാല്‍ക്കു പരമാവധി രണ്ടു തവണ മാത്രമേ യുഎസ് പ്രസിഡന്റ് പദം വഹിക്കാന്‍ സാധിക്കൂ.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top