Flash News

എന്താണീ റീത്തുകളും സ്വായാധികാര സഭകളും?

November 11, 2018 , ചാക്കോ കളരിക്കല്‍

Wrethukal-1സഭ, റീത്ത് എന്നീ സംജ്ഞകള്‍ നാം സാധാരണയായി കേള്‍ക്കാറുണ്ട്. അവകള്‍ക്ക് വ്യത്യസ്തമായ അര്‍ത്ഥങ്ങളാണുള്ളത്. സാധാരണ ഒരു വിശ്വാസിക്ക് സഭയെന്നാല്‍ എന്താണ്, റീത്തെന്നാല്‍ എന്താണ് എന്ന് സ്പഷ്ടമായി മനസ്സിലാകുക ദുഷ്കരമാണ്. റോമന്‍ കത്തോലിക്ക സഭ എന്നു പറയുമ്പോള്‍ നാം മനസ്സിലാക്കുന്നത് ആഗോള കത്തോലിക്കസഭ എന്നാണ്. അതില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ സീറോ മലബാര്‍ സഭ, സീറോ മലബാര്‍ റീത്ത് എന്നിപ്രകാരമുള്ള വ്യത്യാസപ്പെട്ട പ്രയോഗങ്ങളെ വേര്‍തിരിച്ചു മനസ്സിലാക്കുക പ്രയാസമാണ്. സഭയും റീത്തും രണ്ടാണെന്ന് പൗരസ്ത്യ സഭകളുടെ കാനോനകളില്‍ വ്യക്തമാക്കുന്നുണ്ട്. കാനോന 27: “നിയമാനുസൃതം ഒരു ഹയരാര്‍ക്കിയാല്‍ കൂട്ടി യോജിക്കപ്പെട്ടതും സ്വയാധികാരമുള്ളതെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ സഭയുടെ പരമാധികാരത്താല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ക്രൈസ്തവ വിശ്വാസികളുടെ ഒരു സമൂഹത്തെ ഈ നിയമസംഹിതയില്‍ “സ്വായാധികാര (sui iuris) സഭ” എന്നു വിളിക്കുന്നു. അപ്പോള്‍ ഒരു സ്വയാധികാര സഭ വിശ്വാസികളുടെ കൂട്ടമായിരിക്കണം, നിയമാനുസൃതമായ ഹയരാര്‍ക്കിയാല്‍ ഒന്നിപ്പിക്കപ്പെട്ടതായിരിക്കണം, കൂടാതെ കത്തോലിക്ക സഭയുടെ പരമാധികാരത്താല്‍ സ്വായാധികാര സഭയായി അംഗീകരിക്കപ്പെട്ടതുമായിരിക്കണം. വ്യക്തികള്‍ക്ക് സഭകളാകാന്‍ സാദ്ധ്യമല്ല. വളരെക്കാലത്തേക്ക് സ്വായാധികാര സഭകളെ വേര്‍തിരിച്ചുകൊണ്ടിരുന്നത് അവയുടെ ആരാധനക്രമത്തെ അടിസ്ഥാനപ്പെടുത്തി മാത്രമായിരുന്നു.

എന്താണീ റീത്തുകള്‍? കാനോന: 28: §1. “ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം ഇവയിലൂടെ രൂപീകൃതമായിട്ടുള്ളതും ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഓരോ സ്വയാധികാര സഭയും തങ്ങളുടേതായ രീതിയില്‍ വിശ്വാസം ജീവിച്ചുകൊണ്ട് വെളിവാക്കുന്നതുമായ പൈതൃകമാണ് റീത്ത്” എന്നാണ് പൗരസ്ത്യ സഭകളുടെ കാനോനകളില്‍ കാണുന്നത്. അപ്പോള്‍ റീത്തെന്ന് നാം പറയുമ്പോള്‍ അതൊരു പൈതൃകത്തെയാണ് ധ്വനിപ്പിക്കുന്നത്. പല ഘടകങ്ങള്‍ ചേര്‍ന്നാണ് ഒരു പൈതൃകം രൂപം കൊള്ളുന്നത്. പൈതൃകത്തിലെ ഒരു ഘടകം മറ്റു ഘടകങ്ങളെക്കാള്‍ പ്രധാനപ്പെട്ടതാണെന്ന് കരുതുന്നത് ശരിയല്ല. സമപൂരകങ്ങളാണ് ഓരോ ഘടകങ്ങളും. ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം എന്നിവ പല സഭകള്‍ക്കും പൊതുഘടകമാകാം. എന്നാല്‍ ഓരോ ജനപദത്തിനും വ്യത്യസ്ത സംസ്കാരവും, സഭാപാരമ്പര്യങ്ങളും ചരിത്രവുമെല്ലാമുണ്ട്. അതുപോലുള്ള ഘടകങ്ങള്‍ മറ്റു ജനതകളില്‍നിന്നും ഒരു പ്രത്യേക പൈതൃകത്തെ വേര്‍തിരിക്കുന്നു.  അപ്പോസ്തലന്മാര്‍ യേശുസന്ദേശത്തെ റോമാ സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്നപ്പോള്‍ ആ സന്ദേശത്തിലെ പ്രധാന ഘടകങ്ങള്‍ അതത് സംസ്കാരങ്ങളില്‍ അലിഞ്ഞു ചേരുകയും അവിടത്തെ ജനങ്ങളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വേഷഭൂഷകളിലും ഭാഷകളിലും കൂടി പ്രത്യക്ഷമാകുകയും ചെയ്തു.

കത്തോലിക്ക സഭയില്‍ ഒരേ വിശ്വാസ പൈത്രുകമാണെങ്കിലും വൈവിധ്യമാര്‍ന്ന രീതിയില്‍ വിവിധ സഭകള്‍ വഴി അത് ആവിഷ്ക്കരിക്കപ്പെടുന്നു. ആദ്യ നൂറ്റാണ്ടിലെ വേദപ്രചാരണം റോമാ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന റോമാ (ഇറ്റലി), കോണ്‍സ്റ്റാന്‍റ്റിനോപ്പിള്‍ (ടര്‍ക്കി), അന്ത്യോഖ്യ (സിറിയ), അലക്‌സാണ്ഡ്രിയ (ഈജിപ്റ്റ്), ജെറുശലേം (പാലസ്‌റ്റൈന്‍) എന്നീ ഭൂപ്രദേശങ്ങളിലായിരുന്നു. മേല്പറഞ്ഞ അഞ്ചു പ്രവിശ്യകളും പില്‍ക്കാലത്ത് പാത്രിയാര്‍ക്കല്‍ സഭകളായി. അതില്‍ റോം പാശ്ചാത്യ പാത്രിയാര്‍ക്കല്‍ സഭയും മറ്റ്‌ നാല് പാത്രിയാര്‍ക്കല്‍ സഭകള്‍ പൗരസ്ത്യ പാത്രിയാര്‍ക്കല്‍ സഭകളുമായി. റോമാ സാമ്രാജ്യത്തിന്‍റെ പാശ്ചാത്യ/പൗരസ്ത്യ പ്രദേശങ്ങളുടെ അതിര്‍ത്തി വിഭജനത്തിന്‍ റെചുവടുപിടിച്ചാണ് പാശ്ചാത്യ/പൗരസ്ത്യ പാത്രിയാര്‍ക്കല്‍ സഭകള്‍ ഉണ്ടായത്.

റോമാ സാമ്രാജ്യത്തിലെ നാല് പൗരസ്ത്യ പാത്രിയാര്‍ക്കല്‍ സഭകളും പില്‍ക്കാലങ്ങളില്‍ വിഭജിക്കപ്പെട്ട് ഇന്ന് കത്തോലിക്ക സഭയില്‍ 22 പൗരസ്ത്യ റീത്തുകളുണ്ട്. പാശ്ചാത്യ റോമന്‍ പാത്രിയാര്‍ക്കല്‍ സഭ വിഭജിക്കപ്പെടാതെ ഇന്നും പാശ്ചാത്യ ലത്തീന്‍ റീത്തായി തുടരുന്നു. പൗരസ്ത്യ സഭകള്‍ എന്നു കേള്‍ക്കുമ്പോള്‍ അത്‌ റോമാ സാമ്രാജ്യവുമായി ബന്ധപെടുത്തിയെ നമുക്ക് ചിന്തിക്കുവാന്‍ കഴിയു. കാരണം റോമാ സാമ്രാജ്യാതിര്‍ത്തിക്കുള്ളില്‍ വളര്‍ന്നു വികസിച്ച സഭകളാണ് പൗരസ്ത്യ സഭകള്‍. മറിച്ച്, റോമായുടെ കിഴക്കു സ്ഥിതി ചെയ്യുന്ന ഭാരതത്തില്‍ തോമാശ്ലീഹ സ്ഥാപിച്ച സഭയായ മാര്‍തോമാ നസ്രാണി സഭ റോമന്‍ പൗരസ്ത്യ സഭകളില്‍പ്പെട്ട സഭയല്ല. അത് തോമാശ്ലീഹ സ്ഥാപിച്ച കേരളത്തിലെ തനതായ അപ്പോസ്തലിക സഭയാണ്. റോമാ സാമ്രാജ്യത്തിനു പുറത്ത് കേരളത്തില്‍ മാര്‍തോമാശ്ലീഹാ സഭ സ്ഥാപിക്കുകയുണ്ടായി. അതാണ് മാര്‍ത്തോമാ നസ്രാണി സഭ.

നസ്രാണി സഭ ഒരുകാലത്തും റോമാ സാമ്രാജ്യത്തിലെ പൗരസ്ത്യ സഭകളുടെ ഭാഗമായിരുന്നിട്ടില്ലന്നുള്ള ചരിത്രസത്യം നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. റോമാ സാമ്രാജ്യത്തില്‍ വളര്‍ന്നു വികസിച്ച പാശ്ചാത്യ/പൗരസ്ത്യ സഭകളെപ്പോലെ തന്നെ ഭാരതത്തില്‍ വളര്‍ന്നു വികസിച്ച ഒരു അപ്പോസ്തലിക സഭയാണ് മാര്‍തോമാ നസ്രാണി സഭ. നിര്‍ഭാഗ്യമെന്നുപറയട്ടെ, റോമിലെ പൗരസ്ത്യ തിരുസംഘം പൗരസ്ത്യ റോമാ സഭകളില്‍പ്പെടാത്ത മാര്‍തോമാ നസ്രാണി സഭയേയും കല്ദായ സഭയുടെ ഭാഗമാക്കി പൗരസ്ത്യ സഭകളില്‍ ഉള്‍പ്പെടുത്തി. അങ്ങനെ പൗരസ്ത്യ തിരുസംഘം പൗരസ്ത്യ റീത്തുകളുടെ എണ്ണം 23 ആക്കി വര്‍ദ്ധിപ്പിച്ചിരിക്കുകയാണിന്ന്.

മാര്‍തോമായാല്‍ സ്ഥാപിതമായ നസ്രാണി സഭയുടെ പൈതൃകത്തെ മാര്‍തോമാ ക്രിസ്ത്യാനികള്‍ വിശേഷിപ്പിച്ചിരുന്നത് ‘മാര്‍തോമായുടെ മാര്‍ഗവും വഴിപാടും’ എന്ന കുറുമൊഴികൊണ്ടാണ്. ഭാരതീയ പാരമ്പര്യത്തില്‍ വളര്‍ന്നുവന്ന മാര്‍തോമാ ക്രിസ്ത്യാനികളുടെ ആകമാന ജീവിതചര്യയെയാണ് ‘മാര്‍ഗവും വഴിപാടും’ എന്ന വിശേഷണം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മാര്‍തോമാ സഭാപൈതൃകത്തിന്‍റെ അഭിവാജ്യ ഘടകങ്ങളായ ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണ ക്രമം, സഭാപാരമ്പര്യങ്ങള്‍, സഭാ ഭരണരീതികള്‍, സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങള്‍, നസ്രാണി ചരിത്രം, ഭാഷ എല്ലാം മാര്‍തോമാ ക്രിസ്ത്യാനികളുടെ ‘മാര്‍ഗവും വഴിപാടും’ എന്ന ചൊല്ലില്‍ അടങ്ങിയിക്കുന്നു.

മുന്‍കാലങ്ങളില്‍ സ്വയാധികാര സഭകളെ വേര്‍തിരിച്ചു കണ്ടിരുന്നത് അവയുടെ ആരാധനക്രമത്തെ അടിസ്ഥാനപ്പെടുത്തി മാത്രമായിരുന്നു. നസ്രാണി സഭയ്ക്ക് സീറോ മലബാര്‍ സഭ എന്ന പേരിട്ടതുതന്നെ അതിന്‍റെ ആരാധന ക്രമപൈതൃകം കല്ദായമായതിനാലായിരുന്നില്ല. മറിച്ച്, സുറിയാനിഭാഷ ആരാധന ക്രമഭാഷയായതിനാലായിരുന്നു. (സീറോ മലബാര്‍ എന്ന പേര് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം ഇന്ന്ആരാധനക്രമഭാഷ മലയാളമാണല്ലോ.) മാര്‍തോമാ നസ്രാണികളുടെ ആരാധനക്രമ പൈതൃകം കല്ദായമാണെന്ന് വാദിച്ചിരുന്ന പൗരസ്ത്യ തിരുസംഘത്തിന്‍റെ കൂടെ ചങ്ങനാശ്ശേരിയിലെ മാര്‍ പവ്വത്തിലും ചുരുക്കം ചില കല്ദായ പ്രേമികളായ മറ്റു മെത്രാന്മാരും കൂടിയതിന്‍റെ ഫലമായി ബഹുഭൂരിപക്ഷം സഭാംഗങ്ങളുടെയും എതിര്‍പ്പിനെ അവഗണിച്ച് കല്‍ദായ റാസ കുര്‍ബാന സീറോ മലബാര്‍ സഭയില്‍ അടിച്ചേല്പിക്കുകയാണ് ചെയ്തത്. ചരിത്രപരമായി തെറ്റായ ഒരു നീക്കമായിരുന്നത്. കാരണം ഉദയമ്പേരൂര്‍ സൂനഹദോസിനു മുമ്പ് നമ്മുടെ കത്തനാരന്മാര്‍ റാസ കുര്‍ബാന ചൊല്ലിയിരുന്നില്ല. കല്ദായയില്‍ നിന്നു വന്നിരുന്ന മെത്രാന്മാര്‍ മാത്രമെ റാസ കുര്‍ബാന ചൊല്ലിയിരുന്നൊള്ളു.

കല്‍ദായ റാസ കുര്‍ബാന മാര്‍തോമാ ക്രിസ്ത്യാനികളുടെ ആരാധന ക്രമ പൈതൃകമല്ല (ശ്രീ ജോസഫ് പുലിക്കുന്നേലിന്‍റെ ‘നമ്മുടെ കത്തനാരന്മാര്‍ കല്‍ദായ കുര്‍ബാന ചൊല്ലിയിരുന്നുവോ?’ എന്ന ലഘുലേഖ കാണുക). ഉദയമ്പേരൂര്‍ സൂനഹദോസിനുശേഷം 1622ല്‍ ഫ്രാന്‍സിസ്‌ റോസ്‌ മെത്രാന്‍ പുതിയ കുര്‍ബാന (അത് കല്‍ദായ കുര്‍ബാന ആയിരുന്നില്ല) നമ്മുടെ സഭയ്ക്ക് നല്കിയപ്പോള്‍ അന്നുവരെ ഉപയോഗിച്ചിരുന്ന ആരാധന ക്രമ ഭാഷയായ സുറിയാനി തുടര്‍ന്ന് ഉപയോഗിക്കുകയായിരുന്നു. അത് റോസ്‌ മെത്രാന്‍റെ കൂര്‍മ ബുദ്ധിയോടെയുള്ള വിജയകരമായ മതരാഷ്ട്രീയ നീക്കമായിരുന്നു. കാരണം നസ്രാണികള്‍ അന്നുവരെ ആരാധന ഭാഷയായി ഉപയോഗിച്ചിരുന്ന സുറിയാനി ഭാഷ മാറ്റി ലത്തീന്‍ ഭാഷ ആരാധന ക്രമത്തിന് ഉപയോഗിച്ചു തുടങ്ങിയിരുന്നെങ്കില്‍ സഭയില്‍ വന്‍ വിപ്ലവമുണ്ടാകുമായിരുന്നു. അദ്ദേഹം ആ ദുരന്തം ഒഴിവാക്കാന്‍ വേണ്ടി മാത്രമായിരുന്നു സുറിയാനി ഭാഷ ആരാധന ക്രമ ഭാഷയായി തുടര്‍ന്നത്.

ഉദയമ്പേരൂര്‍ സൂനഹദോസിനുശേഷം (1599), കല്‍ദായ സുറിയാനി മെത്രാന്മാരെ കിട്ടാന്‍ വേണ്ടി മുറുമുറുത്തു നിന്നിരുന്ന കത്തനാരന്മാരെയും എണങ്ങരെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ്‌ റോസ്‌ മെത്രാന്‍ പുതിയ കുര്‍ബാനയുടെ ഭാഷ സുറിയാനിയാക്കിയത്. എന്നിട്ടരിശം തീരാഞ്ഞിട്ടാണല്ലോ കൂനന്‍ കുരിശു സത്യവിപ്ലവത്തില്‍ (1653) ചെന്നവസാനിച്ചത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനോടുകൂടി, 1962ല്‍ സുറിയാനി ഭാഷ മാറ്റി തദ്ദേശ ഭാഷയായ മലയാളം ആരാധന ക്രമഭാഷയാക്കി. ഈ പരിണാമങ്ങളിലൊന്നും സുറിയാനി ഭാഷ ആരാധന ഭാഷയായി ഉപയോഗിച്ചതല്ലാതെ കല്‍ദായ ആരാധനക്രമം നസ്രാണികളുടെ സഭാപൈതൃകമായി കാണാന്‍ സാധിക്കയില്ല. എന്നാല്‍ കല്‍ദായ ആരാധനക്രമം നസ്രാണി സഭയുടെ പൈതൃകമായി സ്ഥാപിച്ചതു വഴി അപ്പോസ്റ്റലിക സഭയായ മാര്‍തോമാ സഭയെ നസ്രാണി മെത്രാന്മാര്‍ പൗരസ്ത്യ തിരു സംഘത്തിന് ഒറ്റിക്കൊടുക്കുകയും ശുഷ്ക്കമാക്കുകയാണ് ചെയ്തത്.

ആരാധന ക്രമത്തെക്കാളുപരി ഓരോ സഭയുടെയും സാമൂഹ്യ സാംസ്കാരിക പശ്ചാത്തലവും സഭാ ഭരണസമ്പ്രദായ പൈതൃകവുമാണ് സ്വയാധികാര സഭകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഘടകങ്ങള്‍.

സ്വയം ഭരണാധികാരം ലഭിച്ചതിനു ശേഷം സീറോ മലബാര്‍ സഭാമേലധികാരികള്‍ (മെത്രാന്മാര്‍) മാര്‍തോമായുടെ മാര്‍ഗവും വഴിപാടും എന്ന നസ്രാണി പൈതൃകത്തെ കാലോചിതമായി പ്രാവര്‍ത്തികമാക്കേണ്ടതായിരുന്നു. എന്നാല്‍ അതിനെ സംബന്ധിച്ച് വൈദികരായോ അല്മായരായോ സംസാരിക്കാന്‍ പോലും മെത്രാന്മാര്‍ കൂട്ടാക്കിയില്ല. “ഓരോ പ്രാദേശിക സഭയുടെയും പാരമ്പര്യങ്ങളെ അഭംഗമായും പൂര്‍ണമായും സംരക്ഷിക്കുക എന്നതാണ് തിരുസഭയുടെ ലക്ഷ്യം” എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ നിര്‍ദേശത്തെ മാനിക്കാതെ സീറോ മലബാര്‍ മെത്രാന്മാര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. അല്‍മായര്‍ക്ക് സഭാ ഭരണത്തില്‍ പൂര്‍ണമായ ഭാഗഭാഗിത്വം ഉണ്ടായിരുന്ന പള്ളി പൊതുയോഗങ്ങള്‍ വഴിയുള്ള സഭാഭരണ രീതി മാര്‍തോമാ ക്രിസ്ത്യാനികളുടെ തനിമയാര്‍ന്ന പൈതൃകമായിരുന്നു. വിദേശ മെത്രാന്മാര്‍ നസ്രാണി സഭയുടെ ഭൗതിക വസ്തുക്കള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സമുദായം ഒറ്റക്കെട്ടായി അതിനെ എതിര്‍ത്തു. 1632 ല്‍ ജാതിക്കുകര്‍ത്തവ്യന്‍ ഗീവര്‍ഗീസ് അര്‍ക്കാദിയാക്കോന്‍റെ നേതൃത്വത്തില്‍ ബ്രിട്ടോ മെത്രാനെതിരായി വിപ്ലവം സൃഷ്ടിച്ച്, യാതൊരു കാരണവശാലും പള്ളി ഭരണത്തിലും ഭൗതിക കാര്യങ്ങളിലും ഇടപെടുകയില്ലെന്ന് അദ്ദേഹത്തില്‍നിന്ന് എഴുതി വാങ്ങിച്ചു (Fr. Kollaparambil, St. Thomas Christian Revolution in 1653, Page 52). തുടര്‍ന്നു വന്ന ഗാര്‍ഷ്യ മെത്രാന്‍ പള്ളികളുടെ ഭൗതക ഭരണം വീണ്ടും പിടിച്ചെടുത്തപ്പോളാണ് കൂനന്‍ കുരിശ്‌ സത്യം 1653 ല്‍ നടന്നത്. പിന്നീട്‌ ലവീഞ്ഞ്‌ മെത്രാനും (1887 1896) അതിനുശേഷം ചങ്ങനാശ്ശേരിയില്‍ നിയമിതനായ മത്തായി മാക്കീല്‍ നാട്ടുമെത്രാനും പള്ളിഭരണം പിടിച്ചെടുത്തു (1904ലെ ദക്രേത്തുപുസ്തകം കാണുക). മാര്‍ത്തോമാ നസ്രാണി സഭയുടെ ഭൗതക കാര്യങ്ങളുടെ നടത്തിപ്പ് പള്ളി യോഗങ്ങള്‍ വഴി നടന്നിരുന്ന പൂര്‍വ പാരമ്പര്യ പൈതൃകത്തെ പുനരുദ്ധരിക്കുന്നതിനു പകരം സീറോ മലബാര്‍ മെത്രാന്മാര്‍ ഈ അടുത്ത കാലത്ത് പാശ്ചാത്യ സഭാ ഭരണരീതിയിലുള്ള വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗണ്‍സില്‍ സ്ഥാപിച്ച് തൃപ്തരായി. നസ്രാണികളുടെ എല്ലാമായ പള്ളി പൊതുയോഗ ഭരണ സമ്പ്രദായത്തെ തകിടം മറിച്ച് എല്ലാ അധികാരങ്ങളും മെത്രാന്‍റെ ഭരണത്തിന്‍ കീഴിലാക്കി. നസ്രാണികളുടെ വികേന്ദ്രീകൃത സഭാഘടനയെ ലത്തീനീകരിച്ച് അത് കേന്ദ്രീകൃതമായ ഹയരാര്‍ക്കിക്കല്‍ വ്യവസ്ഥയ്ക്കു കീഴിലാക്കി. കൂടാതെ ഒരുകാലത്തും റോമാ സാമ്രാജ്യത്തിലെ പാശ്ചാത്യ/പൗരസ്ത്യ സഭകളില്‍ പെടാത്ത മാര്‍തോമാ അപ്പോസ്തലിക സഭയായ സീറോ മലബാര്‍ സഭയിലും പൗരസ്ത്യ സഭകളുടെ കാനോനകള്‍ ബാധകമാക്കി (1991). ആ പ്രവര്‍ത്തനത്തിലൂടെ മെത്രാന്മാര്‍ കൊടുംവഞ്ചനയാണ് നസ്രാണികളോട്‌ ചെയ്തത്.

നസ്രാണികളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരക്തമാക്കപ്പെട്ടിട്ടുള്ള പൈതൃകത്തെ അത് ഇല്ലായ്മ ചെയ്തു. സഭാ ഭരണം പിടിച്ചെടുത്തു. അല്മായരുടെ സഭയിലുള്ള അന്തസ്സും അവകാശങ്ങളും നശിപ്പിച്ചു കളഞ്ഞു.

പണ്ട് ഉദയമ്പേരൂര്‍ സൂനഹദോസില്‍ പോര്‍ട്ടുഗീസുകാര്‍ നമ്മുടെ പൂര്‍വീകരെക്കൊണ്ട് ഏറ്റു പറയിപ്പിച്ച അതുതന്നെ, “മിശിഹാ കര്‍ത്താവിനാല്‍ സ്ലിഹന്‍മ്മാര പഠിപ്പിക്കപ്പെട്ട നടത്തിയ മാര്‍ഗ്ഗം ഒന്നത്രെ എന്നും ശമഹൊന്‍കെപ്പാടെയും മര്‍ത്തൊമ്മാടയും മാര്‍ക്കവും വഴിപാടും ഒന്നഅത്രെ എന്നും വിശ്വസിക്കുന്നെന്‍. അതരണ്ടിച്ച പറയുന്നത ഉപെക്ഷിക്കുന്നെന്‍” ഇന്ന് ‘പണ്ഡിതന്മാരായ’ സീറോ മലബാര്‍ നാട്ടു മെത്രാന്മാര്‍ യാതൊരു ശങ്കയും ഉളിപ്പുമില്ലാതെ നസ്രാണികളെക്കൊണ്ട് ഏറ്റുപറയിപ്പിക്കുന്നു. പാശ്ചാത്യര്‍ നമ്മെ ലത്തീനീകരിച്ചുയെന്ന് ലോകം മുഴുവന്‍ അവര്‍ പ്രസംഗിച്ചു നടക്കുകയും ചെയ്യുന്നു! എന്തൊരു വിരോധാഭാസം!!

കേരളത്തിലെ ക്രൈസ്തവ ജീവിത പാരമ്പര്യം മാത്രമാണ് മാര്‍തോമാ കേരളത്തില്‍ വന്നിരുന്നു എന്നതിന്‍റെ ശക്തമായ ഏക തെളിവ്. നസ്രാണികളുടെ ആസ്തിത്വത്തിന്‍റെയും നിലനില്പിന്‍റെയും സുപ്രധാന ഘടകമാണ് പാരമ്പര്യ പൈതൃകങ്ങള്‍. അതിന്റെ കടയ്ക്കാണ് കഴിഞ്ഞ മുപ്പത് വര്‍ഷം കൊണ്ട്‌ നസ്രാണി മെത്രാന്മാര്‍ കോടാലി വെച്ചത്.ആ അട്ടിമറിക്കലിനെപ്പറ്റി വിശ്വാസികള്‍ മനസ്സിലാക്കുമ്പോള്‍ മാത്രമെ കാര്യത്തിന്‍റെ ഗൗരവം തിരിച്ചറിയൂ. നീണ്ട ഇരുപത് നൂറ്റാണ്ടുകള്‍കൊണ്ട് വികസിച്ചുവന്ന കേരള മാര്‍തോമാ നസ്രാണി പൈതൃകത്തെ ഇല്ലാതാക്കി അവരെ ‘സുറിയാനി ക്രിസ്ത്യാനികള്‍’ ആക്കാനും പള്ളികളുടെ ഭൗതികഭരണം പിടിച്ചെടുക്കാനും കൂട്ടു നിന്ന നാട്ടു മെത്രാന്മാര്‍ ഒരുകാലത്തും മാപ്പ് അര്‍ഹിക്കുന്നില്ല.

മാര്‍തോമാ പൈതൃകമായ മുന്‍കാല പള്ളി ഭരണത്തിലേയ്ക്ക് തിരിച്ചുപോകാന്‍ ഇനി ഒരേയൊരു മാര്‍ഗമെ ഉള്ളൂ. നിയമപരിഷ്കരണ കമ്മീഷന്‍റെ ചെയര്‍മാനായിരുന്ന അന്തരിച്ച ജസ്റ്റിസ് വി ആര്‍. കൃഷ്ണയ്യര്‍ തയ്യാറാക്കി കേരള സര്‍ക്കാരിന് സമര്‍പ്പിച്ച കേരള ക്രൈസ്തവ സഭകളുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റ്ബില്ലിന്‍ പാസാക്കി പ്രാബല്യ ത്തില്‍ വരുത്തുക. അല്മായരും അല്മായ സംഘടനകളും അതിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “എന്താണീ റീത്തുകളും സ്വായാധികാര സഭകളും?”

  1. mathew philip says:

    We need a massive effort to make this movement a big deal . We have to mobilize all our might and effort to fight against the self centered efforts of Kerala Bishop’s to own all church property’s against the will of the people,who are the legitimate owners..I wish you all the best in your earnest effort to achieve the goal.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top