ന്യൂഡല്‍ഹി: അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹിന്ദു മഹാസഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. അഖില ഭാരതീയ ഹിന്ദുമഹാസഭയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഒക്ടോബര്‍ 29ന് അയോധ്യ കേസ് പരിഗണിച്ച വേളയില്‍, കേസ് പരിഗണിക്കുന്ന തീയതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷോര്‍ കൗള്‍, കെ എം ജോസ്ഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചായിരിക്കും കേസ് പരിഗണിക്കേണ്ട ബെഞ്ചും തീയതിയും തീരുമാനിക്കുക.
തകര്‍ക്കപ്പെട്ട ബാബറി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നല്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. 2010 ലാണ് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാനമായ ഈ വിധി വന്നത്.
തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകള്‍ ഉള്‍പ്പെടെ അയോധ്യ കേസുമായി ബന്ധപ്പെട്ട പതിനാറ് ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.
1994ലെ ഇസ്മായില്‍ ഫറൂഖി കേസിലെ വിധി വിശാല ബെഞ്ചിന് വിടണമെന്നും അതിന് ശേഷം മാത്രം അയോധ്യ തര്‍ക്കഭൂമികേസ് പരിഗണിച്ചാല്‍ മതിയെന്നുമുള്ള ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഇസ്ലാമിന് പള്ളി നിര്‍ബന്ധമല്ലെന്ന 1994ലെ വിധി പ്രത്യേക സാഹചര്യത്തിലും ഉള്ളടക്കത്തിലും ഉള്ളതാണ്. അയോധ്യതര്‍ക്കഭൂമി കേസിനെ ഈ വിധി ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply