Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍ – 9)

November 12, 2018 , എച്മുക്കുട്ടി

part 7അയാളുടെ പേരിലുള്ള റ്റൊയോറ്റോ കാര്‍ ഓടിയ്ക്കാതെ അവളുടെ പേരിലുള്ള പഴയ മാരുതി ഓടിച്ചായിരുന്നു അയാള്‍ സ്റ്റേഷനില്‍ വന്നിരുന്നത്.

പെണ്‍ പൊലീസും ആണ്‍ പോലീസും അവളുടെ ഭര്‍ത്താവും ചേട്ടനും ചേട്ടത്തിയമ്മയും അവളും മകനും ചേട്ടന്റെ കൂട്ടുകാരനും അടങ്ങുന്ന വലിയ സംഘമാണ് രണ്ട പോലീസ് വണ്ടികളിലായി അവളുടെ ഫ്‌ലാറ്റിലെത്തിയത്. അവള്‍ സര്‍ട്ടിഫിക്കറ്റ് വെച്ചിരുന്ന ആഭരണങ്ങള്‍ വെച്ചിരുന്ന അലമാരിയുടെ താക്കോല്‍ കാണുന്നില്ലെന്ന് അയാള്‍ അവിടെ ചെന്നപ്പോള്‍ പോലീസുകാരെ അറിയിച്ചു. എന്നാല്‍ അലമാരി പൊളിയ്ക്കാമെന്ന് ആണ്‍ പോലീസുകാര്‍ തീരുമാനിച്ചു. അങ്ങനെ പുറത്തിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടി. എ ടി എം കാര്‍ഡും ചെക്കുബുക്കും കിട്ടി. അവളുടെ പ്രോപ്പര്‍ട്ടി പേപ്പറുകള്‍ എടുക്കാനോ സ്വര്‍ണം എടുക്കാനോ പോലീസ് സമ്മതിച്ചില്ല. അത് അലമാരിയുടെ അകത്തെ അറയിലായിരുന്നു. വസ്തുവകകള്‍, ആഭരണങ്ങള്‍ ഇതൊക്കെ സ്ത്രീ സ്വന്തമായി സമ്പാദിക്കുമെന്ന് എത്രയായാലും പോലീസുകാര്‍ക്ക് വിശ്വസം വരുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് അലമാരിയുടെ അകത്തെ ഭാഗം പൊളിയ്ക്കാനോ അവളുടെ ലോക്കറിന്റെ ചാവി അയാളില്‍ നിന്ന് മേടിച്ചു കൊടുക്കാനോ അവര്‍ കൂട്ടാക്കിയില്ല. എത്ര സമ്പാദിക്കുന്നില്ല ജോലിയില്ല എന്നൊക്കെ പറഞ്ഞാലും ഒരു എന്‍ജിനീയര്‍ അങ്ങനെ നിഷ്‌ക്കാശനും അറുപിച്ചയുമാവില്ലല്ലോ. മാരുതി കാര്‍ അവളുടെ പേരിലായതുകൊണ്ട് അതെടുക്കാന്‍ പോലീസുകാര്‍ സമ്മതിച്ചു. ആഭരണങ്ങളും പ്രോപ്പര്‍ട്ടിയുടെ പേപ്പറുമൊന്നും കോടതിയുടെ അനുവാദമില്ലാതെ എടുത്തു കൂടെന്ന അഴകുഴമ്പന്‍ നിലപാടായിരുന്നു പോലീസിന്റേത്. മകന്‍ ബുക്കുകളും കുറച്ച് ഡ്രസ്സുകളും എടുത്തു. അവന്റെ മൊബൈല്‍ ഫോണ്‍ എടുക്കാനുമവന്‍ മറന്നില്ല. മകന്റെ പാസ്സ്‌പോര്‍ട്ട്, ബെര്‍ത് സര്‍ട്ടിഫിക്കറ്റ് അവയൊന്നും അയാള്‍ അവള്‍ക്ക് കൊടുത്തില്ല.

Echmu 2018കിട്ടിയതാകട്ടെ എന്ന് അവള്‍ ഗസ്റ്റ് ഹൌസിലേക്ക് മടങ്ങി. അവള്‍ക്കായി വാശി പിടിച്ച് വാദിക്കാന്‍ അവളുടെ ചേട്ടന്‍ പോലുമുണ്ടായിരുന്നില്ല. ചേട്ടന്‍ അയാളോട് കുറച്ചു നാള്‍ ക്ഷമിക്കാനും അവളെ കൂടുതല്‍ വാശി പിടിപ്പിക്കാതെയിരിക്കാനും ആവശ്യപ്പെടുക മാത്രമേ ചെയ്തുള്ളൂ. ജോലിക്കു കയറണമെന്നുള്ളതുകൊണ്ട് ഇന്ദു കൂടുതല്‍ സമയം കളയാതെ,അവളുടെ അച്ഛന്റെ കൂട്ടുകാരനൊപ്പം അദ്ദേഹത്തിന്റെ കാറില്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു, പോകും മുന്‍പ് അവള്‍ അമ്മായീ എന്ന് വിളിച്ച് കുറെ നേരം തേങ്ങിക്കരഞ്ഞു. അവള്‍ക്കും സങ്കടം വന്നുവെങ്കിലും മുതിര്‍ന്ന അമ്മായി എന്ന ന്നിലയില്‍ അവള്‍ അതു നിയന്ത്രിച്ചു നിറുത്തി.

ബോറടിക്കുന്നുവെന്ന് വാശി പിടിക്കുന്ന മകനെ അവനിഷ്ടപ്പെട്ട ആഹാരം വാങ്ങിക്കൊടുത്ത് ആഹ്ലാദിപ്പിച്ച് മറ്റൊരു കൂട്ടുകാരന്റെ വീട്ടില്‍ കളിയ്ക്കാന്‍ കൊണ്ടുവിട്ടിട്ട് അവര്‍ വീടുകള്‍ നോക്കാന്‍ പോയി.

അപ്പോഴാണ് അടുത്ത കുഴപ്പമുണ്ടായത്.

ആരും ഒറ്റയ്ക്ക് ഒരു സ്ത്രീയ്ക്ക് വീടു തരില്ല. ഒറ്റയ്ക്ക് പാര്‍ക്കുന്ന സ്ത്രീ പിഴച്ചവളായിരിക്കും. അവളെ കാണാന്‍ ആരൊക്കെ വരുമന്ന് പറയാന്‍ പറ്റില്ല. ചേട്ടത്തിയമ്മ ആ നിമിഷം പൊട്ടിത്തെറിച്ചു പോയി. ‘മാസം ഇത്രയും വരുമാനമുള്ള ഒരു പെണ്ണിനു പിഴയ്‌ക്കേണ്ട കാര്യമെന്ത് ‘എന്നായിരുന്നു അവരുടെ ചോദ്യം. ‘എന്നാല്‍ വരുമാനം കൊണ്ട് മറ്റു കാര്യങ്ങള്‍ നടക്കില്ലെ’ന്ന് പറഞ്ഞ വീട്ടുടമസ്ഥനോട് ‘തന്റെ വീടു വേണ്ട’ എന്ന് പറയാനുള്ള തന്റേടം ചേട്ടത്തിയമ്മയ്ക്ക് മാത്രമേ ഉണ്ടായുള്ളൂ.

ഒരു ഡസനോളം വീടുകള്‍ നോക്കിയെങ്കിലും ഭര്‍ത്താവുമായി പിണക്കം, മകനും അമ്മയും ഒറ്റയ്ക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വീട്ടുടമസ്ഥര്‍ വാതില്‍ അടയ്ക്കുകയായിരുന്നു. അവളുടെ ഉദ്യോഗമോ നരച്ചു തുടങ്ങിയ തലമുടിയോ നാല്‍പത്തേഴു വയസ്സോ ഒന്നും വീടു കിട്ടുന്നതില്‍ പ്രയോജനം ചെയ്തില്ല.

ഒടുവില്‍ മകന്‍ കൂടെ ഉള്ളതുകൊണ്ട് തരാമെന്ന് ഒരു വീട്ടുടമസ്ഥന്‍ മാത്രം സമ്മതിച്ചു. മകളാണ് കൂടെ ഉള്ളതെങ്കില്‍ തരികയില്ലെന്നും അയാള്‍ പറഞ്ഞു. പോലീസ് വരിക, മറ്റ് പ്രയാസങ്ങള്‍ ഉണ്ടാവുക, വീട്ടില്‍ വഴക്കും കൈയേറ്റവും ഉണ്ടാവുക ഇതൊന്നും പാടില്ലെന്നും അയാള്‍ താക്കീതു നല്‍കി.

ഗസ്റ്റ് ഹൌസില്‍ നിന്നും ഏറ്റവും പെട്ടെന്ന് മാറണമല്ലോ എന്ന് കരുതി ആ വീട് അവള്‍ വാടകയ്ക്ക് എടുത്തു. ധാരാളം പാര്‍ക്കുകളും മരങ്ങളും പൂക്കളും കിളികളും ആയി എല്ലാ സൌകര്യങ്ങളുമുള്ള ഒരു കോളനിയായിരുന്നു അത്. നഗരത്തിന്റെ വളരെ അടുത്ത്, മകന്റെ സ്‌കൂളിനു സമീപം. … വീട്ടില്‍ താമസിക്കണമെങ്കില്‍ റെസിഡന്റ്‌സ് വെല്‍ഫയര്‍ അസ്സോസിയേഷന്റെ എന്‍ ഓ സി കിട്ടിയേ തീരു. അവരും ഭര്‍ത്താവ് വേണമെന്ന് നിര്‍ബന്ധം പിടിക്കുമെങ്കിലും അവള്‍ വലിയൊരു ഉദ്യോഗസ്ഥയാണെന്നറിഞ്ഞും മകന്‍ കൂടെ ഉണ്ടെന്നറിഞ്ഞും വീട്ടുടമസ്ഥനു സമ്മതമാണെന്നറിഞ്ഞും എതിര്‍പ്പ് പ്രകടിപ്പിക്കുകയില്ലെന്ന് പ്രോപ്പര്‍ട്ടി ഡീലര്‍ സമാധാനം പ്രകടിപ്പിച്ചു.

മൊബൈല്‍ ഫോണ്‍ മകന്റെ കൈയില്‍ വന്നതുകൊണ്ട് അയാള്‍ ഇടയ്ക്കിടെ അവനെ വിളിച്ച് എവിടെയാണെന്ന് എന്താണെന്ന് തിരക്കുന്നുണ്ടായിരുന്നു. അവന്‍ കൂട്ടുകാരന്റെ വീട്ടില്‍ കളിക്കുകയാണെന്നറിഞ്ഞപ്പോള്‍ അമ്മയെ ശ്രദ്ധിക്കണമെന്ന് അയാള്‍ അവനെ ഓര്‍മ്മിപ്പിച്ചു.

പിറ്റേന്ന് ആ വീട് കാണാനും ആ കോളനിയില്‍ പാര്‍ക്കുന്ന അവന്റെ കൂട്ടുകാരന്റെ വീട്ടില്‍ പോകാനും ഇറങ്ങിയപ്പോഴൊന്നും അവനു ഒരു പ്രയാസവുമുണ്ടായിരുന്നില്ല.അവന്‍ സന്തോഷവാനായി അമ്മാവന്‍ ഓടിയ്ക്കുന്ന അമ്മയുടെ കാറില്‍ അമ്മയ്‌ക്കൊപ്പം ഇരുന്നു. അമ്മായിയോടും അമ്മയോടും ധാരാളം സംസാരിക്കുകയും ചെയ്തു.

ഒഴിഞ്ഞ മുറികളുള്ള വീട് കണ്ടപ്പോള്‍ മോന്റെ കണ്ണിലെ വിളക്ക് കെട്ടു. അവന് ആ വീട് ഇഷ്ടമായില്ല. അമ്മയുടെ കൈയില്‍ പണമില്ലെന്ന് പറഞ്ഞത് അവനോര്‍മ്മിച്ചു. അതെല്ലാം അമ്മാവനും ചെറിയമ്മയും കൂടി തട്ടിയെടുക്കുന്നുണ്ടെന്ന് അച്ഛന്‍ പറയാറുള്ളത് അവന്‍ മറന്നിരുന്നില്ല. ഈ വീട്ടില്‍ വെറും നിലത്ത് അവന്‍ എങ്ങനെ ഉറങ്ങും. അടുക്കളയില്‍ ഒരു പാത്രം ഇല്ല. കട്ടിലോ കിടക്കയോ കമ്പിളിയോ ഇല്ല. അവന്റെ വീട്ടില്‍ എല്ലാമുണ്ട്. ആ സുഖസൌകര്യങ്ങളും അവിടെയുള്ള അവന്റെ കൂട്ടുകാരെയും കളഞ്ഞ് അവന്‍ എന്തിനു ഈ ദാരിദ്ര്യം പിടിച്ച വീട്ടില്‍ പാര്‍ക്കണം?

കോണിപ്പടിക്ക് അരികില്‍ മാറി നിന്ന് ചെറിയ ഒച്ചയില്‍ അവന്‍ അച്ഛനെ വിളിച്ചു. അയാന്‍ എന്ന അവന്റെ ഒരു കൂട്ടുകാരന്‍ താമസിക്കുന്ന കോളനിയിലാണ് ഇപ്പോള്‍ ഉള്ളത് എന്ന് അവന്‍ അച്ഛനെ അറിയിച്ചു.

വീട്ടുടമസ്ഥനെ കണ്ട് മകനെയും അയാള്‍ക്ക് കാണിച്ചുകൊടുത്ത് വാടകക്കരാറില്‍ ഒപ്പ് വെച്ച് മുപ്പത്തയ്യായിരം രൂപ അഡ്വാന്‍സും ഒരു മാസത്തെ വാടക വേറെയും വീട്ടുടമസ്ഥനു നല്‍കി. ഒരു മാസത്തെ വാടക ബ്രോക്കര്‍ക്ക് ഫീസായി കൊടുത്തു. ചെക്കായി നല്‍കിയത് അവര്‍ക്കത്ര ഇഷ്ടമായില്ലെങ്കിലും അവള്‍ അല്‍പം താണു പറഞ്ഞപ്പോള്‍ അവര്‍ അത് പൊറുത്തു. പിന്നെ ഒരു അയ്യായിരം റെസിഡന്റ്‌സ് വെല്‍ഫയര്‍ അസ്സോസിയേഷന്‍കാര്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞ് ബ്രോക്കര്‍ അതും കൈപ്പറ്റി. പോലീസ് വെരിഫിക്കേഷന്‍ അയാള്‍ ചെയ്യിച്ചോളാം എന്നേറ്റു. അവളുടെ വിസിറ്റിംഗ് കാര്‍ഡ് കണ്ടാല്‍ തന്നെ പോലീസ് അനാവശ്യച്ചോദ്യങ്ങളൊന്നും ചോദിക്കാതെ സമ്മതിക്കുമെന്ന് ബ്രോക്കര്‍ക്കുറപ്പുണ്ടായിരുന്നു.

പിന്നീട് അവള്‍ മോന്റെ കൂട്ടുകാരന്‍ അയാന്റെ വീട്ടില്‍ കയറി , അയാന്റെ അമ്മ അവളെ കണ്ണീരോടെ കെട്ടിപ്പിടിച്ചു. ‘ഇത്ര പാവമായ നീ ഇങ്ങനെ അഗതിയായല്ലോ’ എന്ന് വിലപിച്ചു. എങ്കിലും പിന്നെ സമാധാനിപ്പിച്ചു, ‘മോനുണ്ടല്ലോ കൂടെ. സമാധാനമായിരിക്കു.’ മോനോട് ‘അയാന്റെ ഒപ്പം വന്നു കളിക്കാലോ , ഒന്നിച്ചു ട്യൂഷനൊക്കെ പോകാമല്ലോ’ എന്ന് അവര്‍ വലിയ വാല്‍സല്യത്തോടെ അവന്റെ കവിളില്‍ തട്ടി. വലിയ സന്തോഷമൊന്നും കാണിയ്ക്കാതെ അവന്‍ മെല്ലെ ഒന്നു ചിരിച്ചെന്ന് വരുത്തുക മാത്രം ചെയ്തു.

അവര്‍ കോളനിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ ടൊയോട്ടൊ കാറുമായി മാരുതിയ്‌ക്കൊപ്പം എത്തി. മകനെ കാണണമെന്നും മിണ്ടണമെന്നും അവളോടും അവളുടെ ചേട്ടനോടും ചേട്ടത്തിയമ്മയോടും വളരെ മര്യാദാപൂര്‍വം ആവശ്യപ്പെട്ടു,’അവരൊന്നിച്ച് ലഞ്ചു കഴിച്ചിട്ട് വരാം അവനെ ഫ്‌ലവര്‍ഷോപ്പിന്റെ മുമ്പില്‍ ഇറക്കിവിടാം അവിടെ നിന്ന് കൂട്ടിക്കൊണ്ട് പോയ്‌ക്കോളൂ’ എന്നയാള്‍ പറഞ്ഞു. അച്ഛനെ കണ്ടതും അവന്‍ കാറിന്റെ ഡോറ് തുറന്ന് ഇറങ്ങി, ഒന്നു തടയാന്‍ ശ്രമിച്ചെങ്കിലും അവള്‍ അധികം ബലം പിടിച്ചില്ല. ഇന്ന് അവള്‍ തടഞ്ഞാലും നാളെയും ഇങ്ങനെ വരാമല്ലോ അയാള്‍ക്ക്. അയാള്‍ക്ക് കോളനി കൃത്യമായി മനസ്സിലായെന്നും അത് മോന്‍ തന്നെയാവും അറിയിച്ചതെന്നും അവള്‍ ഊഹിച്ചു കഴിഞ്ഞിരുന്നു.അവന് അച്ഛനെ വലിയ കാര്യമാണെന്ന സത്യവും അവള്‍ക്കറിവുണ്ടായിരുന്നു.

അവന്‍ അച്ഛന്റെ കൂടെ വലിയ കാറില്‍ കയറി പോയി. അവള്‍ ചേട്ടനെയും ചേട്ടത്തിയമ്മയേയും കൂട്ടിക്കൊണ്ട് അവന്റെ സ്‌ക്കൂളില്‍ ചെന്ന് വിവരം പറഞ്ഞു. മോന്റെ പുതിയ അഡ്രസ്സിനായി അവളുടെ വാടകച്ചീട്ടിന്റെ ഫോട്ടൊ കോപ്പി അവര്‍ക്കു നല്‍കണമെന്നും അവള്‍ കാര്യങ്ങള്‍ എഴുതിക്കൊടുക്കണമെന്നും സ്‌ക്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

അവര്‍ ഫ്‌ലവര്‍ ഷോപ്പിന്റെ മുന്നില്‍ എത്തിയപ്പോള്‍ അച്ഛനും മകനും വന്നു. മോന്‍ കാറില്‍ നിന്നിറങ്ങാന്‍ പോലും കൂട്ടാക്കിയില്ല. അയാളുടെ മുഖത്ത് അതിക്രൂരമായ ഒരു വിജയസ്മിതമുണ്ടായിരുന്നു. ‘അവന്‍ അച്ഛനൊപ്പം പോവുകയാണ്. അവന് അമ്മയുടെ കൂടെ ആ വീട്ടില്‍ പാര്‍ക്കുകയേ വേണ്ട. അമ്മയ്ക്ക് അവനെ ഇഷ്ടമുണ്ടെങ്കില്‍ അവനോടൊപ്പം അമ്മ ചെല്ലണം. അല്ലെങ്കില്‍ അമ്മ സ്വന്തം ചേട്ടന്റെയും ചേട്ടത്തിയമ്മയുടേയും കൂടെ താമസിച്ചുകൊള്ളൂ.’

ഇതൊന്നും പറയുമ്പോള്‍ അവനു തരിമ്പു പോലും കൂസലുണ്ടായിരുന്നില്ല. അവന്‍ പിടിച്ച വാശി ജയിക്കണം എന്ന് മാത്രമേ അവനുണ്ടായിരുന്നുള്ളൂ. ചേട്ടത്തിയമ്മയോടും ചേട്ടനോടും അവന്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല. അവരെന്തു പറഞ്ഞിട്ടും അവന്‍ കാതു കേള്‍ക്കാത്തവനെപ്പോലെ ഇരുന്നതേയുള്ളൂ. അവള്‍ അവന്റെ മുന്നില്‍ മുള ചീന്തും പോലെ പൊട്ടിക്കരഞ്ഞു. അമ്മയെ വിട്ടു പോകരുതെന്ന് കൈ കൂപ്പി യാചിച്ചു.

അയാള്‍ അവനെ പറഞ്ഞു മനസ്സിലാക്കി. ‘നീ കണ്ടോ നീ വിളിച്ചാലും അമ്മ വരില്ല. അമ്മയ്ക്ക് നിന്നെ അത്രയ്‌ക്കേ ഇഷ്ടമുള്ളൂ’.

അമ്മ കരയുന്നതു കണ്ടപ്പോള്‍ അവന്റെ മുഖം അല്‍പം ആകുലമായെങ്കിലും അവന്‍ വാശി വിടാന്‍ തയാറായില്ല. അമ്മ കാറില്‍ കേറി കൂടെ വന്നില്ലെങ്കില്‍ അച്ഛനോടൊപ്പം പോകുമെന്ന് അവന്‍ വ്യക്തമാക്കി .

ഇപ്പോള്‍ അയാള്‍ അവളുടെ ചേട്ടനോടും ചേട്ടത്തിയമ്മയോടും കയര്‍ത്തു. അവരാണ് എല്ലാറ്റിനും കാരണമെന്ന് പറഞ്ഞു. അവരെ പാഠം പഠിപ്പിക്കുമെന്നും അവളുടെ പേരില്‍ ഫ്രോഡ് ഇടപാടിനു കേസ് കൊടുക്കുമെന്നും അവള്‍ എന്തു കേസ് കൊടുത്താലും അതിലെല്ലം അവളെ തോല്‍പ്പിക്കുമെന്നും പറഞ്ഞു.

അവള്‍ ഒന്നും പറഞ്ഞില്ല.

എല്ലാ നിലയും വിലയും മറന്ന് വാശിയും വൈരാഗ്യവും ഒന്നുമില്ലാതെ പെറ്റ വയറിന്റെ കടച്ചിലോടെ വെറും അമ്മ മാത്രമായി ആ ഫുട്പാത്തില്‍ കുത്തിയിരുന്ന് അവള്‍ പൊട്ടിപ്പൊട്ടിക്കരയുമ്പോള്‍ അയാള്‍ മകനെയുംകൂട്ടി ടൊയോട്ടൊ ഓടിച്ചു പോയി.

ചേട്ടനും ചേട്ടത്തിയമ്മയും അവളെയും കൊണ്ട് ഗസ്റ്റ് ഹൌസിലേക്ക് മടങ്ങി. തുണിയും മറ്റും പാക്ക് ചെയ്തു കാറില്‍ കയറ്റി.. പുതിയ വീട്ടിലേക്ക് മാറാമെന്ന് തീരുമാനിച്ചു. അപ്പോള്‍ മോന്റെ ഫോണ്‍ വന്നു. അവന്‍ അമ്മേടേ അടുക്കലേക്ക് വരികയാണെന്ന്….അവളുടെ മുഖം കണ്ണീരിനിടയില്‍ പൂത്തിരി കത്തിയതു പോലെ തിളങ്ങി, ‘അവന് എന്നെ പിരിഞ്ഞു നില്‍ക്കാന്‍ കഴിയില്ല ഏട്ടത്തി. അവനൊരു ഇടയിളക്കം വന്നതാണ്. അവന്‍ വരും. എന്നെ വിട്ട് അവന്‍ പോവില്ല’

ചേട്ടത്തിയമ്മയും ചേട്ടനും മൌനം പാലിച്ചതേയുള്ളൂ.

അവന്‍ വന്നു കയറുന്നത് അവള്‍ നിര്‍വൃതിയോടെ നോക്കിക്കൊണ്ടിരുന്നു. പക്ഷേ, ആ വരവ് അവന്റെ ഉടുപ്പുകളും ബുക്കുകളും എടുക്കാനായിരുന്നു. അതെടുത്ത് അവളോട് ഒന്നും പറയാതെ അവന്‍ അച്ഛന്റെ കൂടെ പോയി.
അവള്‍ വലിയ വായിലെ നിലവിളിച്ചു …

ചേട്ടത്തിയമ്മ അവളെ കെട്ടിപ്പിടിച്ച് പുറത്ത് തട്ടിക്കൊണ്ടിരുന്നു. മറ്റെന്താണ് അവര്‍ക്ക് ചെയ്യാനാവുക. ചേട്ടന്‍ അന്നു രാത്രി മടങ്ങാന്‍ ബുക്ക് ചെയ്ത ഫ്‌ലൈറ്റ് റ്റിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു അപ്പോള്‍. കണ്ണീരൊതുങ്ങിയപ്പോള്‍ ഗസ്റ്റ് ഹൌസിലെ ബില്‍ പേ ചെയ്ത് അവര്‍ പുതിയ വീട്ടിലേക്ക് പോയി. സമയം സന്ധ്യയാവുന്നുണ്ടായിരുന്നു.

വീട്ടിലേക്ക് പോകുന്നവഴിയില്‍ വിമന്‍സ് സെല്ലില്‍ കയറി മകനെ ഭര്‍ത്താവ് കൊണ്ടുപോയി എന്ന വിവരം പരാതിയായി അവള്‍ എഴുതിക്കൊടുത്തു. അപ്പോഴാണ് വനിതാ സബ് ഇന്‍ സ്പക്ടറുടെ നിലപാട് വ്യക്തമായത്. അയാള്‍ മോനെക്കൂട്ടി അവിടെ ചെന്ന് മോന്‍ അയാള്‍ക്കൊപ്പം പോന്നുവെന്ന് എഴുതിക്കൊടുത്തു കഴിഞ്ഞിരുന്നു. മോന്‍ ആഹ്ലാദഭരിതനായിരുന്നുവെന്നും ഇനി അവരെ ശല്യം ചെയ്യാതിരിക്കുന്നതാണ് അവള്‍ക്ക് നല്ലതെന്നും അവര്‍ ഉഗ്രശബ്ദത്തില്‍ താക്കീതു നല്‍കി.

‘മോനെ കൂട്ടിക്കൊണ്ട് വന്നാല്‍ അവന്‍ നാടു വിട്ടു പോവുകയോ ഓടിപ്പോയി വല്ല കള്ള സംഘത്തില്‍ ചേരുകയോ ഡ്രഗ് അഡിക്ടാവുകയോ ക്രിമിനലാവുകയോ ചെയ്താല്‍ നിങ്ങള്‍ എന്തു ചെയ്യുമെന്ന് ‘ എ സി പി ചോദിച്ചു. ‘നിങ്ങള്‍ക്ക് വലിയ ജോലിയായതുകൊണ്ട് കാര്യമില്ല. മകനു അച്ഛനെയാണ് ഇഷ്ടം. അതുകൊണ്ട് നിങ്ങള്‍ അവരെ ശല്യം ചെയ്യേണ്ട’ എന്ന് അയാള്‍ അവളെ ഉപദേശിച്ചു.

പൊട്ടിച്ചിതറിയ ചങ്കോടെ കണ്ണീരൊതുക്കി അവള്‍ പുതുവീട്ടിലേക്ക് എത്തിച്ചേര്‍ന്നു.

അവളുടെ സഹപ്രവര്‍ത്തകരെ അവള്‍ വിളിച്ചറിയിച്ചു. ‘പുതിയ വീട്ടിലേക്ക് വന്നു. പക്ഷെ ആര്‍ ഡബ്ലിയുക്കാരുടെ എന്‍ ഒ സി കിട്ടിയിട്ടില്ല, അതില്ലാതെ ഫര്‍ണിച്ചര്‍ കൊണ്ടു വരാനൊന്നും പറ്റില്ല. പിന്നെ രാത്രിയുമായല്ലോ. ഇന്ന് ഇങ്ങനെ പോട്ടെ’ എന്ന് അവള്‍ ഒരു വാടിയ ചിരി ചിരിച്ചു.

അടുത്ത അര മണിക്കൂറുകൊണ്ട് അവളുടെ ഒഴിഞ്ഞ മുറികള്‍ ഒരു വീടായി.

കിടക്കകളും പുതപ്പുകളും കമ്പിളികളും ഫോള്‍ഡിംഗ് കോട്ടുകളും ഗ്യാസ് സ്റ്റൌവും മൈക്രോവേവ് അവനും പാചകത്തിനുള്ള പാത്രങ്ങളും മസാലക്കൂട്ടുകളും അരിയും ഗോതമ്പും പലവ്യഞ്ജനങ്ങളും വെയ്ക്കാനുള്ള കുപ്പികളും ചെപ്പുകളും വന്നു. പിന്നാലെ അരിയും സാധനങ്ങളും എത്തി. അയ കെട്ടാനുള്ള കയറുള്‍പ്പടെ എല്ലാം വന്നു കയറി. അവളുടെ ജൂനിയര്‍ എന്‍ജിനീയര്‍മാര്‍ മൂന്നാലു വട്ടം കാറോടിച്ചപ്പോള്‍ അത്യാവശ്യം എല്ലാം തികഞ്ഞു.

മകന്‍ അവളെ വിട്ടിട്ട് പോയെന്ന സത്യം അവരെ ഞടുക്കിക്കളഞ്ഞുവെങ്കിലും അവന്‍ മടങ്ങി വരുമെന്ന് അവര്‍ അവളെ സമാധാനിപ്പിച്ചു. അവരിലൊരാള്‍ അവളേയും ചേട്ടനെയും ചേട്ടത്തിയമ്മയേയും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി അത്താഴവും നല്‍കി തിരികെ ഫ്‌ലാറ്റില്‍ കൊണ്ടുവിട്ടു. അപ്പോള്‍ രാത്രി പതിനൊന്നുമണിയായിരുന്നു.

മോന്‍ അവളെ അപ്പോഴാണ് ഫോണില്‍ അന്വേഷിച്ചത്. ‘കട്ടിലും കിടക്കയും ഒക്കെ വാങ്ങിയോ അതോ വെറും തറയില്‍ കിടക്കുകയാണോ’ എന്നവന്‍ ചോദിച്ചപ്പോള്‍ കണ്ണീരുകൊണ്ട് തൊണ്ട കെട്ടിയ അവള്‍ ‘എല്ലാം വാങ്ങി അമ്മേടേ മുത്തേ ‘എന്ന് മറുപടി പറഞ്ഞ് പൊട്ടിക്കരഞ്ഞു.

ആ നിമിഷം അവന്‍ ഫോണ്‍ വെച്ചു കളഞ്ഞു.

ഫ്‌ലാറ്റ് സമുച്ചയത്തിലെ ആര്‍ ഡബ്ലിയുക്കാരുടെ എന്‍ ഓ സി കിട്ടാന്‍ അവള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്ന സാക്ഷ്യപത്രം, അവളുടെ ഇലക് ഷന്‍ കാര്‍ഡ് ,മോന്റെ ഫോട്ടൊ, അവന്റെ സ്‌ക്കൂള്‍ ഐ ഡി കാര്‍ഡ് ഒക്കെ വേണമായിരുന്നു. അവന്റെ സ്‌കൂള്‍ ഐ ഡി ഒഴിച്ച് ബാക്കിയെല്ലാം അവള്‍ സംഘടിപ്പിച്ചു. അവളുടെ ആധാര്‍ കാര്‍ഡ് പഴയ വീട്ടില്‍ത്തന്നെ പെട്ടു പോയിരുന്നു. അതു ആ വഴിയ്ക്ക് പോട്ടെ എന്ന് അവള്‍ കരുതി.

എന്തായാലും പേരുകേട്ട ഒരു വക്കീലിനെ കാണുവാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ചേട്ടനും ചേട്ടത്തിയമ്മയും അവളെ നിര്‍ബന്ധിച്ചു.

അങ്ങനെ ചേട്ടന്റെ വനിതാ സുഹൃത്തു വഴി അവരുടെ പരിചയക്കാരനായ ഒരു വക്കീലിനെ തന്നെ കണ്ടു കിട്ടി.

ചൈല്‍ഡ് കസ്റ്റഡിക്കും ഡൊമസ്റ്റിക് വയലന്‍സിനും ഡൈവോഴ്‌സിനും പ്രത്യേകം കേസുകള്‍ വേണ്ടി വരുമെന്നും ലക്ഷങ്ങളാണ് ഫീസെന്നും വക്കീല്‍ അറിയിച്ചു. ഒന്നും രണ്ടും അല്ല. മൂന്നു കേസിനും കൂടി ആറരലക്ഷം രൂപ..

അവളുടെ തല അച്ചുതണ്ടില്‍ തിരിയുന്ന ഭൂമിയെപ്പോലെ കറങ്ങി.

ഇത്രയുമായപ്പോള്‍ ചേട്ടത്തിയമ്മയെ ഒപ്പം നിറുത്തിയിട്ട് ചേട്ടന്‍ അന്ന് ഉച്ചയ്ക്കുള്ള വിമാനത്തില്‍ തന്നെ മടങ്ങിപ്പോയി. എല്ലാ വിവരങ്ങളും അപ്പപ്പോള്‍ അറിയിക്കണമെന്നും ചേട്ടനോട് ആലോചിക്കാതെ ഒന്നും ചെയ്യരുതെന്നും അദ്ദേഹം ചേട്ടത്തിയമ്മയോട് പറഞ്ഞിരുന്നു.

മകന്റെ ഐഡന്റിറ്റി കാര്‍ഡുണ്ടാക്കാന്‍, അവരുടേ പഴയ കോളനിയില്‍ പാര്‍ക്കുന്ന അവന്റെ കൂട്ടുകാരന്റെ കാര്‍ഡ് വാട്ട്‌സാപ്പില്‍ വരുത്തി മോന്റെ ഫോട്ടൊ വെച്ച് ഫോട്ടൊഷോപ്പ് ചെയ്തു നോക്കിയെങ്കിലും അത് അത്ര കുറ്റമറ്റതായി വന്നില്ല. അവള്‍ക്ക് ഭയവും പരിഭ്രമവും തോന്നി. ഇനി അത് കൃത്രിമമാണെന്ന് കണ്ടുപിടിച്ചാലെന്തു ചെയ്യും എന്നവള്‍ ചേട്ടത്തിയമ്മയോട് ചോദിച്ചു. നല്ല ആത്മവിശ്വാസത്തില്‍ നിന്നാല്‍ മതിയെന്നായിരുന്നു അവരുടെ ഉത്തരം.

എന്തായാലും അത്ര കേമമായ സൂക്ഷ്മ പരിശോധനയൊന്നും കൂടാതെ അവള്‍ക്ക് എന്‍ ഓ സി കിട്ടി.

മകന്‍ പിന്നീട് അവളെ വിളിച്ചതേയില്ല. അവള്‍ എന്നും മുപ്പതും നാല്‍പ്പതും പ്രാവശ്യം അവനെ വിളിച്ചു. അവന്‍ ഫോണ്‍ എടുക്കുക പോലും ചെയ്തില്ല.

അവള്‍ അയാളുടെ സുഹൃത്തുക്കളെ വിളിച്ചു സഹായമഭ്യര്‍ഥിച്ചു. അവരോട് വരാന്‍ പറഞ്ഞു. അവള്‍ റ്റിക്കറ്റ് അയച്ചു തരാമെന്ന് പറഞ്ഞു. എല്ലാവരും സഹതപിച്ചതല്ലാതെ, വരാമെന്ന് പറഞ്ഞതല്ലാതെ, ആരും വന്നില്ല.

അവള്‍ അയാളുടെ ചേട്ടനെ വിളിച്ചു,ചേട്ടത്തിയമ്മയെ വിളിച്ചു. ചേച്ചിയുടെ മകളെ വിളിച്ചു. എല്ലാവര്‍ക്കും വളരെ സങ്കടമുണ്ടായി , അവളില്ലെങ്കില്‍ മോന്‍ ആ വീട്ടില്‍ നശിച്ചു പോകുമെന്ന് എല്ലാവരും പറഞ്ഞു. അയാള്‍ ഒന്നും പറഞ്ഞാല്‍ അനുസരിക്കില്ലെന്നതുകൊണ്ട് അവരാരും പറഞ്ഞു നാണം കെടാനോ വരാനോ തയാറായില്ല.

എല്ലാവര്‍ക്കും അവരവരുടെ ഈഗോ വലുതാണല്ലോ.

അപ്രതീക്ഷിതമായി അവള്‍ക്ക് കൂട്ടുപാര്‍ക്കാന്‍ അനാഥപ്പെണ്ണ് വന്ന് ചേര്‍ന്നു, അവള്‍ക്ക് ഒരു ഫോണ്‍ ചെയ്തിട്ട് ഹൈദരാബാദില്‍ നിന്ന് നേരേ വണ്ടി കയറി വരികയായിരുന്നു ആ പെണ്ണ്. അവള്‍ ഞെട്ടിപ്പോയി. അനാഥപ്പെണ്ണ് അവളെ കെട്ടിപ്പിടിച്ചു, ‘ഞാനുണ്ട്, ഞാനുണ്ട് എന്നും ഞാനുണ്ടെന്ന് ‘ പറഞ്ഞു. അനാഥര്‍ക്ക് അങ്ങനെ വമ്പന്‍ ഈഗോ ഉണ്ടാവാറില്ലല്ലോ.

ചേട്ടത്തിയമ്മയ്ക്ക് സമാധാനമായി. അവളെ തനിച്ചു വിട്ട് പോവുന്നതെങ്ങനെ എന്നോര്‍ത്ത് സങ്കടത്തിലായിരുന്നു അവര്‍.കൃത്യം സമയത്ത് അനാഥപ്പെണ്ണ് എത്തിച്ചേര്‍ന്നു. മണ്ണാങ്കട്ടി എന്നായിരുന്നു അനാഥപ്പെണ്ണിന്റെ പേരെങ്കിലും അവളിപ്പോള്‍ ഒരു പൊന്നാങ്കട്ടിയായി തോന്നി ചേട്ടത്തിയമ്മയ്ക്ക്.

മണ്ണാങ്കട്ടി ചേച്ചി വന്നിട്ടുണ്ടെന്നും കാണണ്ടേ എന്നും ചോദിച്ച് അവള്‍ മകനു മെസ്സേജ് അയച്ചു, മറുപടി അയാളാണെഴുതിയത്. അവന്‍ സമാധാനമായി അയാള്‍ക്കൊപ്പം കഴിയുകയാണെന്നും ഓരോന്നു പറഞ്ഞ് അവനെ അവളിലേക്കാകര്‍ഷിക്കേണ്ടെന്നും അമ്മയെ അവനില്‍ നിന്നകറ്റുന്ന ആരുമായും അവനു ബന്ധമുണ്ടാവുകയില്ലെന്നുമായിരുന്നു ആ മറുപടി.

ചേട്ടത്തിയമ്മയും അവളും പലവട്ടം വക്കീലിന്റടുത്ത് പോയി. കേസ് കൊടുക്കുക എന്നത് കഥയിലും ലേഖനത്തിലും ഒക്കെ പറയുന്നതു പോലെ അത്ര എളുപ്പമൊന്നുമല്ലല്ലോ. എല്ലാ കഥയും കൃത്യമായി എഴുതണം. ലോവര്‍കോര്‍ട്ടില്‍ എഴുതിക്കൊടുക്കുന്നതാണ് സുപ്രീം കോടതി വരെ വാദിക്കാനാവുന്ന കേസിന്റെ അടിആധാരം. അതുകൊണ്ട് അത് ബലമുറ്റതായിരിക്കണം.

അതിനും പുറമേ അവള്‍ ഓഫീസില്‍ പോയി , സൈറ്റില്‍ പോയി, ട്രാന്‌സ്‌ഫോര്‍മറുകള്‍ കമ്മീഷന്‍ ചെയ്തു, സബ്‌സ്റ്റേഷനുകള്‍ എനര്‍ജൈസ് ചെയ്യാനുള്ള ഇന്‍ സ്‌പെക് ഷനുകള്‍ നടത്തി. ബോയിലറുകള്‍ പരിശോധിച്ചു, കൂറ്റന്‍ ഫ്‌ലാറ്റു സമുച്ചയങ്ങളുടേയും ഹോട്ടലുകളുടേയും ഡ്രോയിംഗുകള്‍ ചെക് ചെയ്തു, ഒരുപാട് മനുഷ്യരുടെ ജീവന്‍ ഉള്‍പ്പെടുന്ന ആ ജോലിയെല്ലാം കുറ്റമറ്റതായി ചെയ്തുകൊണ്ടിരുന്നു. കരഞ്ഞും പിഴിഞ്ഞും പട്ടിണി കിടന്നും മദ്യപിച്ചും സിഗരറ്റു വലിച്ചും ആണിനെ പിടിച്ചും ഒന്നും ദു:ഖം മറന്ന് ജീവിക്കാനുള്ള പരിതസ്ഥിതി അവള്‍ക്ക് ഉണ്ടായിരുന്നില്ലല്ലോ. മദ്യപാനിയെന്നോ പരപുരുഷനെ ഇഷ്ടപ്പെടുന്നവളെന്നോ വന്നാല്‍ പിന്നെ കോടതി പോലും അവളുടെ മാതൃത്വത്തെ വിലവെയ്ക്കുകയില്ല. പെറ്റാലും അതിനെ വളര്‍ത്താന്‍ കാശുണ്ടായാലും മാത്രം പോരാ , സ്വഭാവശുദ്ധി കൂടി പെണ്ണിനു വേണം കുട്ടിയെ സ്‌നേഹിക്കണമെങ്കിലും വളര്‍ത്തണമെങ്കിലും. കുട്ടി കുറച്ചു മുതിര്‍ന്നാല്‍ പിന്നെ പെറ്റിട്ട കുഞ്ഞിന്റെ സമ്മതവും കൂടി വേണം.

ജോലി കഴിഞ്ഞു വരുമ്പോള്‍,അല്ലെങ്കില്‍ ഓരോ ഒഴിവു നിമിഷത്തിലും അവളുടെ മനസ്സില്‍ മകന്‍ എന്നും ആഴമുള്ള മുറിവായി ചോര വീഴ്ത്തി. അവന്‍ കൂടെയില്ലാത്ത ഓരോ ദിവസവും അവള്‍ അവനെ രക്തം ചിന്തിക്കൊണ്ട് പ്രസവിച്ചു. അവനു മുല കൊടുത്തു. അവനെ നെഞ്ചില്‍ കിടത്തി ഓമനത്തിങ്കള്‍ പാടിയുറക്കി. അവന്റെ അപ്പിയും മൂത്രവും ച്ഛര്‍ദ്ദിയും കോരി, അവന്റെ പനി ശുശ്രൂഷിച്ചു മാറ്റി, അവന്റെ കുഞ്ഞി വിരലില്‍ പെന്‍സിലും പേനയും കൊടുത്ത് എഴുതിപ്പിച്ചു, അവന്റെ കൂടെ ഓടിക്കളിച്ചു, ഒളിച്ചു കളിച്ചു. അവനെ വാരിയെടുത്ത് ഉമ്മകള്‍ കൊണ്ടു മൂടി, നാമം ചൊല്ലിച്ചു, അവളുടെ മൊബൈല്‍ നമ്പര്‍ വിരല്‍ മടക്കിയും നീര്‍ത്തിയും പഠിപ്പിച്ചു, കുഞ്ഞി വിരലില്‍ പിടിച്ച് ഓഫീസിലെ പാര്‍ട്ടികളിലേക്ക് കൊണ്ടുപോയി… അവനു ചോക്ലേറ്റും പിറ്റ്‌സയും വാങ്ങിക്കൊടുത്തു. അവന്റെ കുഞ്ഞിച്ചെവിയില്‍ പാട്ടു പാടി കേള്‍പ്പിച്ചു. മൃഗങ്ങള്‍ സ്‌ക്കൂളില്‍ പോയി പഠിക്കുന്ന കഥ പറഞ്ഞുകൊടുത്തു, അവന്‍ ഹരിണാക്ഷി എന്നും കടിച്ചാപ്പൊട്ടിക്കല്യാണി എന്നും മൂസ്സത് എന്നും മറ്റും നാക്കു തിരിയാതെ പറയുന്നത് കേട്ട് ആനന്ദിച്ചു.

തീരെ താങ്ങാന്‍ പറ്റാതായ ഒരു ദിവസം രാത്രി വളരെ വൈകി അവള്‍ മോനു ഫോണ്‍ ചെയ്ത് പൊട്ടിക്കരഞ്ഞുകൊണ്ട് അവനോട് പറഞ്ഞു, ‘മോന്റെ ഒരു ഉടുപ്പ് അമ്മയ്ക്ക് തരൂ. അമ്മ നാളെ ഡ്രൈവറെ പറഞ്ഞു വിടാം.. അമ്മ അതു മണത്ത് കിടന്നോട്ടെ?’

അവന്‍ ചിരിച്ചു, ‘ങാ ഹാ. അമ്മയായിരുന്നോ വേറെ ആരോ എന്ന് കരുതീട്ടാ ഫോണ്‍ എടുത്തത്. ഒരു ജട്ടീല്‍ അപ്പിയിട്ടിട്ട് പൊതിഞ്ഞു കൊടുത്തയക്കാം . മണത്തോളൂ. ‘ അവളുടെ നെഞ്ചു പൊട്ടിയുള്ള കരച്ചില്‍ കേള്‍ക്കാതെ അവന്‍ ഫോണ്‍ വെക്കുകയും ചെയ്തു.

അവള്‍ അവന്റെ റ്റീച്ചര്‍മാരെ പോയിക്കണ്ടു. അവരുടെ സഹായം ചോദിച്ചു. പത്തുകൊല്ലം അവള്‍ മോനുമൊന്നിച്ചു താമസിച്ച ആ കോളനിയില്‍ അവക്കൊരുപാട് സ്ത്രീ സുഹൃത്തുക്കളുണ്ടായിരുന്നു. അവരോടൊക്കെ അവള്‍ സംസാരിച്ചു. അവന്റെ തലയില്‍ ഒരല്‍പമെങ്കിലും വെളിച്ചം പകര്‍ന്നു കൊടുക്കാന്‍ സഹായിക്കാമോ എന്ന് ചോദിച്ചു. എല്ലാവരും അവളുടെ വേദന മനസ്സിലാക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവരോടൊക്കെയും വീട്ടിലൊരു പ്രശ്‌നവുമില്ലെന്ന് നുണ പറയാന്‍ അതിനകം അവന്‍ പഠിച്ചുകഴിഞ്ഞിരുന്നു. ‘ഹി ഈസ് ടോട്ടലി അണ്ടര്‍ ഹിസ് ഫാദേഴ്‌സ് കണ്‍ട്രോള്‍ ‘ എന്നായിരുന്നു അവരുടെ എല്ലാം ഉത്തരം .

ചേട്ടത്തിയമ്മയ്ക്ക് അവളുടെ നെഞ്ചകം നീറുന്നത് കാണാന്‍ പറ്റുന്നുണ്ടായിരുന്നു. അവര്‍ കാര്യങ്ങള്‍ വേണ്ടതു മാതിരി ചെയ്യുന്നില്ലെന്ന് ചേട്ടന്‍ സദാ ഫോണ്‍ ചെയ്ത് അവരെ വഴക്ക് പറഞ്ഞുകൊണ്ടിരുന്നു. അത് പിന്നെ അങ്ങനെയാണല്ലോ. ചേട്ടന്റെ ഉല്‍ക്കണ്ഠയും ഭാരവും ചുമതലയുമൊന്നും ഇറയ്ക്കി വെയ്ക്കാന്‍ വേറെ തോളുകളൊന്നും അദ്ദേഹത്തിനില്ലല്ലോ.

ഒരു ദിവസം രാത്രി അയാളും മകനും കൂടി പൊടുന്നനെ വന്ന് ബെല്ലടിച്ചു, ഫ്‌ലാറ്റിലെ വരാന്ത നല്ല ഇരുട്ടിലായിരുന്നതുകൊണ്ട് ചേട്ടത്തിയമ്മയ്ക്ക് അവരെ കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അവര്‍ വാതില്‍ തുറന്നപ്പോള്‍ ‘ഇവിടെ ഏതു തേവിടിശ്ശിമോനോടൊപ്പമാണ് എന്റെ ഭാര്യ കിടക്കുന്നതെന്ന് ഞാനറിയട്ടെ’ എന്ന് ആക്രോശിച്ചുകൊണ്ട് അയാള്‍ മോന്റെ കൂടെ അകത്തു കയറി.

( തുടരും )


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top