കന്യാസ്ത്രീയെ അപമാനിച്ച സംഭവം; പി.സി. ജോര്‍ജിന്റെ അഭിഭാഷകനെ കാണാന്‍ വനിതാ കമ്മീഷന്‍ വിസമ്മതിച്ചു

GEORGEന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച കേസില്‍ പി.സി. ജോര്‍ജ് എംഎല്‍എയുടെ അഭിഭാഷകനെ കാണാന്‍ ദേശീയ വനിതാ കമ്മീഷന്‍ വിസമ്മതിച്ചു. പലവട്ടം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പി.സി.ജോര്‍ജ് നേരിട്ടെത്താത്തിരുന്നതിനെ തുടര്‍ന്നാണിത്. രണ്ടു തവണ സമയം അനുവദിച്ചിട്ടും ജോര്‍ജ് ഒഴിഞ്ഞുമാറിയതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ഇന്നെത്തണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നത്.

അഭിഭാഷകനായ അഡോള്‍ഫ് മാത്യു ഇന്നലെ കമ്മീഷന്‍ ആസ്ഥാനത്ത് എത്തിയെങ്കിലും കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ കാണാന്‍ അനുമതി നല്‍കിയില്ല. ജോര്‍ജ് എത്തിയിട്ടുണ്ടോ എന്ന് കമ്മീഷന്‍ ഫോണിലൂടെ ചോദിച്ചു. അഭിഭാഷകനാണെങ്കില്‍ കാണാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി. നിയമലംഘനമാണിതെന്ന് അഭിഭാഷകന്‍ വാദിച്ചപ്പോള്‍ മറുപടി ഓഫീസില്‍ എല്‍പ്പിച്ചു മടങ്ങിക്കോളൂ എന്നായിരുന്നു പ്രതികരണം.

സമാന പരാതിയില്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ തന്റെ പേരില്‍ ക്രിമിനല്‍ കേസുണ്ടെന്നും ഇതു നിലനില്‍ക്കെ, ഇക്കാര്യത്തില്‍ മറ്റാര്‍ക്കും വിശദീകരണം നല്‍കാനാവില്ലെന്നും ജോര്‍ജിന്റെ അഭിഭാഷകന്‍ എഴുതി നല്‍കി. ഇതിനു ഭരണഘടനയുടെ പിന്തുണ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാറന്റടക്കമുള്ള നടപടികള്‍ക്ക് അധികാരമുണ്ടെന്നിരിക്കെ കമ്മീഷന്‍ എന്തു നിലപാടു സ്വീകരിക്കുമെന്നു വ്യക്തമല്ല. ഇക്കാര്യത്തില്‍ അധ്യക്ഷ രേഖ ശര്‍മ പ്രതികരിച്ചിട്ടില്ല.

Print Friendly, PDF & Email

Related News

Leave a Comment