ശബരിമല സംഘര്‍ഷം; പോലീസിന്റെ തന്ത്രപരമായ ഇടപെടല്‍ അനിഷ്ട സംഭവങ്ങളൊഴിവായി എന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

High_Court_of_Kerala_Buildingകൊച്ചി: ശബരിമല സംഘര്‍ഷത്തിനിടെ പോലീസിന്റെ തന്ത്രപരമായ ഇടപെടല്‍ അനിഷ്ട സംഭവങ്ങളൊഴിവായി എന്ന് ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തന്നെയുമല്ല ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ശബരിമല സ്‌പെഷല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി.മനോജ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്. ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോള്‍ പൊലീസ് സ്വീകരിച്ച തന്ത്രപരമായ ഇടപെടലുകളാണ് സന്നിധാനത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ തടഞ്ഞതെന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് തുടങ്ങിയവര്‍ ആചാര ലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വിവാദ പ്രസംഗത്തിന്റെ പേരിലുള്ള പൊലീസ് കേസ് റദ്ദാക്കണമെന്ന ശ്രീധരന്‍പിള്ളയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്.

ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തെ തുടര്‍ന്ന് സന്നിധാനത്ത് സംഘര്‍ഷമുണ്ടായി. രഥയാത്രയിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് ശ്രീധരന്‍ പിള്ള ശ്രമിച്ചത്. 52 വയസുള്ള സ്ത്രീയെ വരെ ശബരിമലയില്‍ തടയുന്ന സ്ഥിതി വിശേഷം ഉണ്ടായി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതീപ്രവേശം തടയുകയാണ് ശ്രീധരന്‍പിള്ള ലക്ഷ്യമിട്ടത്. ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം അനുസരിച്ച് ശബരിമല തന്ത്രിയോട് സുപ്രീം കോടതി ഉത്തരവ് ലംഘിക്കാനാണ് ആവശ്യപ്പെട്ടത്. 10 നും 50 നും വയസിനു ഇടയില്‍ ഉള്ള സ്ത്രീകള്‍ മലയില്‍ കയറാതെ ഇരിക്കാന്‍ പോരാട്ടം നടത്തണം എന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഈ പ്രസംഗത്തിന് ശേഷം സ്ത്രീകളെ ഉപദ്രവിച്ചതിന് രണ്ട് കേസുകള്‍ പമ്പയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News