ട്രാക്കിലിറങ്ങാന്‍ തയ്യാറെടുത്ത ട്രാന്‍സ്ജെന്‍ഡറിന് പ്രായപരിധി വില്ലനായി

riya-ishaകോഴിക്കോട്: കാലിക്കറ്റ് സര്‍‌വ്വ കലാശാല ഇന്റര്‍ കോളേജിയറ്റ് അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ തയാറെടുത്ത ട്രാന്‍സ്ജെന്‍ഡറിന് അവസാനം നിരാശ. പ്രായപരിധി കഴിഞ്ഞതാണ് വില്ലനായത്. സർവകലാശാല മീറ്റിൽ ട്രാക്കിലിറങ്ങുന്ന രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡറാകാനുള്ള ഒരുക്കത്തിലായിരുന്ന റിയ ഇഷ എന്ന ട്രാന്‍സ്ജെന്‍ഡര്‍. അസോസിയേഷൻ ഒാഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസിന്റെ കർശനമായ ചട്ടങ്ങൾക്കു മുന്നിൽ റിയയുടെ വഴിയടയുകയായിരുന്നു .

കാലിക്കറ്റ് സർവകലാശാല ഇന്റർ കോളേജിയറ്റ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനായിരുന്നു റിയ എത്തിയത് .മലപ്പുറം ഗവ. കോളജിൽ ഒന്നാം വർഷ ബി.എ ഇക്കണോമിക്സിന് പഠിക്കുന്ന റിയ അവിടെ അത്ലറ്റിക്സിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു. മൂന്നു കിലോമീറ്റർ നടത്തം, ലോങ് ജംപ്, ഹാമർത്രോ എന്നീ ഇനങ്ങളിലായിരുന്നു പെൺകുട്ടികൾക്കൊപ്പം മത്സരിച്ച് ഇവർ ഒന്നാമതെത്തിയത് . പിന്നീട് സർവകലാശാല മീറ്റുകളിലും മത്സരിക്കാൻ റിയ അനുമതി തേടി. സിൻഡിക്കേറ്റിന്റെ ഉപസമിതി യോഗം ചേർന്ന് റിയയുടെ അപേക്ഷയിന്മേൽ തീരുമാനവുമെടുത്തു. ഇന്ത്യയിലാദ്യമായിട്ടായിരുന്നു ട്രാൻസ്ജെൻഡർ വിഭാഗത്തിന് സർവകലാശാല തലത്തിൽ അത്ലറ്റിക്സ് മീറ്റിൽ പങ്കെടുക്കാൻ അനുമതി കിട്ടിയത്. എന്നാൽ, 25 ആണ് സർവകലാശാല മീറ്റുകളിൽ പങ്കെടുക്കാനുള്ള പ്രായപരിധി. റിയക്ക് 28 വയസ്സായി. പ്രായപരിധി കഴിഞ്ഞതിനാൽ മത്സരിക്കാനാവില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.

ട്രാൻസ്ജെൻഡറുകൾക്ക് പ്രായപരിധിയില്ലാതെ പങ്കെടുക്കാൻ അവസരം വേണമെന്നാണ് റിയയുടെ ആവശ്യം. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ റിയ പെരിന്തൽമണ്ണയിലാണ് താമസിക്കുന്നത്.

Print Friendly, PDF & Email

Leave a Comment