വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ വധിച്ചവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സൗദി പ്രൊസിക്യൂഷന്‍

PENALTYവാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി വംശജനുമായ മാധ്യമപ്രവര്‍ത്തകന്‍ ജല്‍ ഖഷോഗിയെ വധിച്ചവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സൗദി പ്രൊസിക്യൂഷന്‍. ഖഷോഗിയെ വധിച്ച അഞ്ചംഗ സംഘം മൃതശരീരം കഷണങ്ങളാക്കി. രഹസ്യാന്വേഷണ വിഭാഗം ഉപമേധാവിയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയത്.

റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സൗദി അറേബ്യയുടെ അറ്റോണി ജനറല്‍ സൗദ് അല്‍ മോജെബ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗി വധിക്കപ്പെടുന്നത്. ഉയര്‍ന്ന ഡോസിലുള്ള ഇഞ്ചക്ഷന്‍ നല്‍കിയായിരുന്നു ഖഷോഗിയെ വധിച്ചതെന്നാണ് അറ്റോണി ജനറല്‍ വ്യക്തമാക്കിയത്. പിന്നീട് മൃതദേഹം ഭാഗങ്ങളാക്കി മുറിച്ചാണ് കോണ്‍സുലേറ്റിന് പുറത്തെത്തിച്ചത്.

18 പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്‌തെന്നും അഞ്ച് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും അറ്റോണി ജനറല്‍ അറിയിച്ചു. ഈ മാസം രണ്ടിനാണു തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍വച്ച്‌ ഖഷോഗി കൊല്ലപ്പെട്ടത്. ഖഷോഗി കോണ്‍സുലേറ്റില്‍നിന്നു പുറത്തേക്കു പോയി എന്നു വരുത്താന്‍ ഖഷോഗിയുടെ വസ്ത്രങ്ങളും കണ്ണടയും വാച്ചും ധരിപ്പിച്ച്‌ കൃത്രിമതാടിയും വച്ചാണ് അപരനെ പുറത്തേക്ക് വിട്ടത്. ഖാഷോഗി കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെ അദ്ദേഹത്തിന്റെ അപരന്‍ പുറത്തേക്ക് പോകുകയും ചെയ്തു. കോണ്‍സുലേറ്റില്‍ നിന്ന് ഇയാള്‍ സുല്‍ത്താന്‍ അഹമ്മദ് മോസ്‌കിലേക്കാണു പോയത്. ഇവിടെവച്ച്‌ വെപ്പുമീശയും ഖഷോഗിയുടെ വസ്ത്രവും ഉപേക്ഷിച്ചു. തുടര്‍യാത്ര തുര്‍ക്കിയിലെ തന്നെ സുല്‍ത്താനമെറ്റ് ജില്ലയിലേക്കായിരുന്നു. കണ്ണടയും വാച്ചും ഇവിടെയാണു ഉപേക്ഷിച്ചതെന്നും തുര്‍ക്കി മാധ്യമങ്ങള്‍ പറയുന്നു.

സൗദി അറേബ്യ ഒരുക്കിയ ഈ വ്യാജന്‍ ഖഷോഗിയെ തുര്‍ക്കി മാധ്യമങ്ങള്‍ കൈയ്യോടെ പിടികൂടുകയായിരുന്നു. മുസ്തഫാ അല്‍ മദനിയെയാണു സൗദി “വേഷം” കെട്ടിച്ചതെന്നു ഇയാളുടെ ചിത്രങ്ങള്‍ സഹിതമാണ് തുര്‍ക്കി മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്. മദനിയുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ തുര്‍ക്കി പൊലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പതിനഞ്ചംഗ കൊലയാളി സംഘം ഇസ്താംബുളിലേക്കു പറന്നെത്തിയെന്നും കോണ്‍സുലേറ്റില്‍വച്ച്‌ ഇവര്‍ ഖഷോഗിയുടെ വിരലുകള്‍ മുറിച്ചുമാറ്റിയെന്നും പിന്നീട് ശരീരം ഛിന്നഭിന്നമാക്കിയെന്നുമാണ് തുര്‍ക്കി മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. സൗദിയുടെ ഏകാധിപത്യഭരണത്തിന്റെ നിശിത വിമര്‍ശകനായിരുന്നു ഖഷോഗി. വെറുമൊരു പഴഞ്ചന്‍ ഏകാധിപതിയായാണു കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ അദ്ദേഹം കണ്ടിരുന്നതും.

ഖഷോഗി കോണ്‍സുലേറ്റില്‍ എത്തുന്നതിനു തൊട്ടു മുമ്പ് മുഹമ്മദ് രാജകുമാരന്റെ സന്തതസഹചാരി മഹര്‍ അബ്ദുള്‍ അസീസ് മുത്റെബ് അവിടെയെത്തിയെന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാജകുമാരന്‍ അമേരിക്കയിലും ഫ്രാന്‍സിലും സ്പെയിനിലുമൊക്കെ ഈ വര്‍ഷം യാത്ര നടത്തിയപ്പോള്‍ മഹര്‍ മുത്റെബും അനുചരവൃന്ദത്തിലുണ്ടായിരുന്നു. 2007- ല്‍ ലണ്ടനിലെ സൗദി എംബസിയിലുണ്ടായിരുന്ന ഫസ്റ്റ് സെക്രട്ടറിയുടെ പേരുമായി മുത്റെബിന്റെ പേരിനു സാമ്യമുണ്ടുതാനും. എന്നാല്‍, ഖഷോഗി എത്തിയ സമയത്ത് മുത്റെബ് എന്തിന് അവിടെവന്നു എന്ന ചോദ്യത്തിനു സൗദി ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല.

കൊലപാതകത്തിനു പിന്നാലെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുപ്പക്കാരെ ഫോണില്‍ വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്. കൊലയാളി സംഘത്തിലുണ്ടായിരുന്ന മുത്‌റെബ് ആണു ഫോണ്‍ ചെയ്തത്. കൊലയില്‍ സൗദി രാജകുമാരനു പങ്കുണ്ടെന്ന ആരോപണങ്ങള്‍ ശക്തിപ്പെടുന്നതിനിടെ ഖഷോഗിയുടെ മകനെ വിളിച്ച്‌ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അനുശോചനമറിയിച്ച്‌ സന്ദേശമയച്ചിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ഉദ്യോഗസ്ഥരിലൊരാള്‍ ഖഷോഗിയെ കഴുത്തുഞെരിച്ചു കൊന്നെന്ന സൗദിയുടെ വിശദീകരണവും ലോകരാജ്യങ്ങള്‍ കണ്ണടച്ചു വിശ്വസിച്ചില്ല.

18 പേരുടെ അറസ്റ്റ് രാജകുമാരന്റെ പങ്ക് പുറത്തുവരാതിരിക്കാനുള്ള തന്ത്രമാണെന്നാണ് പരക്കെ ഉയരുന്ന ആരോപണം. ഖഷോഗിയുടെ തിരോധാനം സംബന്ധിച്ചു നേരത്തെ നല്‍കിയ അറിയിപ്പുകള്‍ക്കു ന്യായീകരണവുമായി സൗദി രംഗത്തെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഖഷോഗിയെ കൊലപ്പെടുത്തിയ വിവരം സൗദി ഭരണകൂടത്തെ അറിയിച്ചില്ലെന്നാണു വാദം. പകരം, അദ്ദേഹത്തെ കോണ്‍സുലേറ്റില്‍ നിന്നു പുറത്തുപോകാന്‍ അനുമതി നല്‍കുകയാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടാണു റിയാദിനു നല്‍കിയതത്രേ.

Print Friendly, PDF & Email

Related News

Leave a Comment