Flash News

വെല്‍ഫെയര്‍ പാര്‍ട്ടി ത്രിദിന പ്രക്ഷോഭം അവസാനിച്ചു; ജനകീയ ഭൂനിയമം പ്രകാശനം ചെയ്തു

November 16, 2018 , റബീ ഹുസൈന്‍ തങ്ങള്‍

wpi 1

വെല്‍ഫെയര്‍ പാര്‍ട്ടി ത്രിദിന പ്രക്ഷോഭത്തിന്‍റെ സമാപന സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി കെ അംബുജാക്ഷന്‍ ഉല്‍ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കേരളത്തില്‍ വിവിധ കുത്തകകളുടെ കൈകളിലുള്ള ഭൂമി തിരിച്ചു പിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള ജനകീയ ഭൂനിയമം പ്രകാശനം ചെയ്ത് വെല്‍ഫെയര്‍ പാര്‍ട്ടി ത്രിദിന പ്രക്ഷോഭം അവസാനിച്ചു. രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടായ്മകളും കുത്തകകള്‍ക്ക് മുന്നില്‍ കീഴടങ്ങി ഭൂമികയ്യേറ്റക്കാരെ സഹായിച്ചു കൊണ്ടിരിക്കുമ്പോള്‍ കുത്തകകളുടെ ഭൂമി തിരിച്ച് പിടിക്കാനുള്ള മാതൃകാ നിയമം അവതരിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സാമൂഹിക നീതിക്കായുള്ള പോരാട്ടത്തെ ഉയര്‍ത്തിപിടിക്കുകയാണെന്ന് സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. ഇവിടെ കീഴാളര്‍ക്കും ദലിതര്‍ക്കുമെതിരെ സര്‍ക്കാറുകളും സവര്‍ണരും പുലര്‍ത്തിയ വിവിധ വിവേചനങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. അത്തരം അനീതികള്‍കൊണ്ട് ഭൂപരിഷ്‌കരണത്തില്‍ ഭൂമി ലഭിക്കാതിരുന്ന വിവിധ വിഭാഗങ്ങളെ പരിഗണിക്കാനാകണം. അത്തരത്തിലുള്ള സമഗ്രമായ നിയമനിര്‍മാണവും ഭൂപരിഷ്‌കരണവുമാണ് നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെല്‍ഫെയര്‍ പാര്‍ട്ടി പുറത്തിറക്കിയ ജനകീയ ഭൂനിയമത്തിന്റെ കരട് കൂടംകുളം സമരനായകന്‍ എസ്.പി ഉദയകുമാര്‍ കല്ലടത്തണ്ണി ഭൂസമരനായകന്‍ ഷെഫീക്ക് ചോഴിയോടിനും സമരപോരാളികള്‍ക്കും കൈമാറി പ്രകാശനം ചെയ്തു. നിലനില്‍പ്പിനായി സമരം ചെയ്തുകൊണ്ടിരിക്കുന്ന ഭൂസമര പോരാളികള്‍ക്ക് കൂടംകുളം സമരസമിതിയുടെ പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ച് എസ്.പി ഉദയകുമാര്‍ സംസാരിച്ചു. കുത്തകകളുടെ ലാഭക്കൊതിക്ക് ഇരകളായ വിവിധ വിഭാഗങ്ങള്‍ ഒന്നിച്ച് സമരവുമായി മുന്നോട്ടു വരണമെന്നും ഈ സമരം വിജയിക്കാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടറി ജോസഫ് ജോണ്‍ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് എസ്.ഇര്‍ഷാദ് മുഖ്യപ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, ജില്ലാ സെക്രട്ടറി ഷറഫുദ്ദീന്‍ കമലേശ്വരം എന്നിവര്‍ സമാപന സമ്മേളത്തില്‍ സംസാരിച്ചു.

ത്രിദിന പ്രക്ഷോഭത്തിന്റെ മൂന്നാം ദിന പരിപാടികള്‍ എഫ്.ഐ.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി റസാഖ് പാലേരി ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് ശശി പന്തണം മുഖ്യപ്രഭാഷണം നടത്തി. എന്‍.എം അന്‍സാരി, കെ.കെ കൊച്ച്, ഡോ. ശാരങ്ഗധരന്‍, മൂവാറ്റുപുഴ അഷ്റഫ് മൗലവി, സജി കൊല്ലം, അഡ്വ. ജയകുമാര്‍, കെ.സി ശ്രീകുമാര്‍, ബാബു അറക്കല്‍, മാഗ്ലിന്‍ ഫിലോമിന യോഹന്നാന്‍, പി.ജെ മോന്‍സി, എസ് ഇര്‍ഷാദ്, അജയന്‍, മുസ്തഫാ മലമ്പുഴ, സി.എച്ച് മുത്തലിബ്, സുല്‍ഫി, അനില്‍ കാതിക്കൂടം, ഉസ്മാന്‍ മുല്ലക്കര, അഡ്വ. പി.ഒ ജോണ്‍, പി.ആര്‍ ശശി, അയ്യപ്പന്‍കുട്ടി, ബുര്‍ഹാന്‍, നജ്ദ റൈഹാന്‍, അച്ചാമ്മ ബാബു, അഡ്വ. അനില്‍ കുമാര്‍ പേയാട് എന്നിവര്‍ അവസാന ദിവസം പ്രക്ഷോഭത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. സമരഭൂമി എന്ന് പേരില്‍ പ്രക്ഷോഭത്തിന്റെ വാര്‍ത്തകളുള്‍പെടുത്തി തയ്യാറാക്കിയ ബുള്ളറ്റില്‍ മിര്‍സാദ് റഹ്മാന്‍ ഭൂസമര പ്രവര്‍ത്തക ഓമനക്ക് നല്‍കി പ്രകാശനം ചെയ്തു.

ജനകീയ സമഗ്ര ഭൂപരിഷ്‌കരണ നിയമം

WP 3

ജനകീയ സമഗ്ര ഭൂപരിഷ്കരണ നിയമം കൂടംകുളം സമരനായകന്‍ എസ്.പി ഉദയകുമാര്‍ പ്രകാശനം ചെയ്യുന്നു

കഴിഞ്ഞ വര്‍ഷം വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ ലാന്റ് സമ്മിറ്റിന്റെയും തുടര്‍ പഠനങ്ങളുടെയും ചുരുക്കമാണ് വെല്‍ഫെയര്‍ പാര്‍ട്ടി പറുത്തിറക്കിയ ജനകീയ സമഗ്ര ഭൂപരിഷ്‌കരണ നിയമം. സംസ്ഥാനത്തെ 4 ലക്ഷം കുടുംബങ്ങള്‍ക്ക് കൃഷിക്കും പാര്‍പിടത്തിനും ആവശ്യമായ ഭൂമി ലഭ്യമാക്കുകയെന്നതാണ് നിയമത്തിന്റെ ആദ്യ ലക്ഷ്യം. ഗ്രാമത്തിലും പട്ടണത്തിലും താമസിക്കാനാവശ്യമായ ഭൂമിയും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 1 ഏക്കറില്‍ കുറയാത്ത ഭൂമിയും നല്‍കണം. മത്സ്യബന്ധനം പോലുള്ള ജോലികളിലേര്‍പ്പെട്ടവര്‍ക്ക് അതിന് യോചിച്ച സ്ഥലങ്ങളില്‍ പാര്‍പിടങ്ങള്‍ ലഭ്യമാക്കണം. ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുകൊടുക്കാനാകണം.

ഭൂപരിഷ്‌കരണ നിയമം സെഷന്‍ 81 അനുസരിച്ച് പരിഷ്‌കരണ പരിധിയില്‍ നിന്ന് ഒഴിവാക്കിയ തോട്ടംഭൂമിയെ ഭൂപരിഷ്‌കരണത്തിന് വിധേയമാക്കണം എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. തോട്ടം ഭൂമിക്ക് പരിധി നിശ്ചയിക്കുകയും ചെയ്യേണ്ടതുണ്ട്. പരിധിക്കപ്പുറമുള്ള ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം.

നിലവിലെ ഭൂപരിഷ്‌കരണ നിയമത്തിലൂടെ ഏറ്റെടുക്കേണ്ട മിച്ചഭൂമി ഇപ്പോഴും ഏറ്റെടുക്കാതെ ബാക്കിയാണ്. അത് പൂര്‍ത്തീകരിക്കണം. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമികള്‍, പാട്ടകാരാര്‍ ലംഘനമോ പാട്ടക്കാലാവധി കഴിഞ്ഞതോ ആയ ഭൂമികള്‍ എന്നിവ തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനാകുന്ന നിയമങ്ങളുണ്ടാക്കണം. കൃഷിഭൂമിയും പാരിസ്ഥിതിക പ്രാധാന്യമുള്ള ഭൂമിയും സംരക്ഷിക്കണം. വികസനാവശ്യങ്ങള്‍ക്ക് വേണ്ട ഭൂമി ഉള്‍പെടുന്ന ലാന്റ് ബാങ്ക് ഉണ്ടാവണം.

ഇത്തരം കാര്യങ്ങളെല്ലാം സാധ്യമാകുന്ന സമഗ്രമായ നിയമനിര്‍മാണമാണ് ഉണ്ടാകേണ്ടത്. അതിനായുള്ള നിയമ നിര്‍മ്മാണ നിര്‍ദ്ദേശങ്ങളാണ് വെല്‍ഫെയര്‍ പാര്‍ട്ടി പുറത്തിറക്കിയ ജനകീയ സമഗ്ര ഭൂപരിഷ്‌കരണ നിയമത്തിന്റെ കരട് ഉള്‍കൊള്ളുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top