അര്‍ദ്ധരാത്രിയില്‍ തന്നെ നിര്‍ബ്ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതിനു പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്; വിജിലന്‍സ് കമ്മീഷണര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് സിബി‌ഐ ഡയറക്ടര്‍ അലോക് വര്‍മ്മ

newsrupt2018-1100c46128-a69e-4131-9453-b69a35c619cemodi_vermaകേന്ദ്ര സര്‍ക്കാര്‍ അര്‍ദ്ധരാത്രിയില്‍ തന്നെ നിര്‍ബ്ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ നിരന്തരം വേട്ടയാടുന്നുവെന്നും സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് നല്‍കിയ മറുപടി പുറത്ത്. ദ വയര്‍ ന്യൂസ് പോര്‍ട്ടലാണ് ഔദ്യോഗിക രേഖയിലെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ തന്നെ വേട്ടയാടുകയാണെന്നാണ് അലോക് വര്‍മയുടെ പ്രതികരണം.

കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ (സിവിസി) കെ വി ചൗധരി പക്ഷപാതം കാണിക്കുകയാണെന്നും സുപ്രീം കോടതിവിധി ലംഘിക്കുകയാണെന്നും സിബിഐ ഡയറക്ടര്‍ സിവിസിയ്ക്ക് തന്നെ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് അനുസരിച്ചാണ് സിവിസി തനിക്കെതിരെ അന്വേഷണം നടത്തുന്നതെന്ന് വെര്‍മ പറഞ്ഞു.

“സിബിഐയില്‍ തന്റെ കീഴുദ്യോഗസ്ഥനായ അസ്താനയ്‌ക്കെതിരെ വര്‍മ്മ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. സമാനമായ ആരോപണങ്ങള്‍ ചേര്‍ത്ത് അസ്താന വര്‍മ്മയ്‌ക്കെതിരെ അഴിമതിക്കേസെടുക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി സിവിസിയോട് ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ദീര്‍ഘമായ ഒരു ചോദ്യാവലി സിവിസി അലോക് വര്‍മ്മയ്ക്ക് നല്‍കുകയായിരുന്നു.”

അലോക് വര്‍മയുടെ മറുപടിയിലെ പ്രസക്തഭാഗങ്ങള്‍:

– അസ്താന എനിക്കെതിരെ നടത്തിയ അടിസ്ഥാനപരമായ ആരോപണങ്ങളില്‍ കേന്ദ്രീകരിച്ചാണ് സിവിസി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

– സിബിഐ അസ്താനയ്‌ക്കെതിരെ കേസ് എടുത്തതിന് ശേഷം മാത്രമാണ് അദ്ദേഹം എനിക്കെതിരെ തിരിഞ്ഞത്.

– ഓഗസ്റ്റ് 24ലെ ക്യാബിനറ്റ് സെക്രട്ടറിയുടെ കത്തിന് അനുസരിച്ചായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നാണ് സുപ്രീം കോടതി സിവിസിയോട് ഉത്തരവിട്ടിരുന്നത്.

– സിവിസിയുടെ ചോദ്യാവലിയില്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ കത്തിലെ ആരോപണങ്ങളേക്കുറിച്ച് ഒരു ചോദ്യം പോലും ഇല്ല. ഭൂരിഭാഗം ചോദ്യങ്ങളും ഒക്ടോബര്‍ 18ന് രാകേഷ് അസ്താന സിവിസിയ്ക്ക് നല്‍കിയ കത്തിനെ ആസ്പദമാക്കിയുള്ളതാണ്.

– രാകേഷ് അസ്താന ഉള്‍പ്പെട്ട പണാപഹരണകേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഒക്ടോബറിലെ കത്ത് എഴുതപ്പെടുന്നത്. കേസില്‍ പ്രധാന ഇടനിലക്കാരനായ മനോജ് പ്രസാദിനെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. അസ്താനയ്ക്ക് 3 കോടി രൂപ കൈക്കൂലി നല്‍കിയതായി കരുതപ്പെടുന്ന ബിസിനസുകാരന്‍ സതീഷ് സനയുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. വാട്‌സാപ്പ് മെസ്സേജുകള്‍, ഫോണ്‍ വിവരങ്ങള്‍, വിശദമായ ഫോണ്‍സംഭാഷണ റെക്കോഡുകള്‍ എന്നിവയുടെ രൂപത്തില്‍ അസ്താനയ്‌ക്കെതിരെ കുറ്റം ചുമത്താവുന്ന തെളിവുകള്‍ ഉണ്ട്.

– എന്നെ വേട്ടയാടാന്‍ അസ്താനയ്ക്കും സിവിസിയായ ചൗധരിയ്ക്കും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതനില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടാകും.

– എന്റെ സത്യസന്ധതയേയും നിഷ്പക്ഷതയേയും അപകീര്‍ത്തിപ്പെടുത്താന്‍ സിവിസി അധ്വാനിക്കുന്നതായാണ് കാണപ്പെടുന്നത്.

– 39 വര്‍ഷത്തിനിടെ നാല് സംസ്ഥാനങ്ങളിലെ പൊലീസ് സേനയില്‍ സത്യസന്ധമായി സേവനം അനുഷ്ഠിച്ചിട്ടുള്ള എന്നെ ഇപ്പോള്‍ തന്നെ കുറ്റക്കാരനായി കണ്ടുകൊണ്ടാണ് സിവിസി ചോദ്യം ചെയ്യുന്നത്.

– അസ്താനയും അദ്ദേഹത്തിന്റെ പ്രത്യേക അന്വേഷണസംഘവും ഉള്‍പ്പെട്ട പണാപഹരണം സംബന്ധിച്ച എഫ്‌ഐആറില്‍ നിന്നും അദ്ദേഹത്തെ നിരപരാധിയാക്കാനുള്ള ശ്രമം വ്യക്തമാണ്.

– രാകേഷ് അസ്താനയുടെ വിശ്വാസ്യതയേക്കുറിച്ചുള്ള ആശങ്ക ഞാന്‍ പലതവണ ചൂണ്ടിക്കാട്ടിയതാണ്. അസ്താനയെ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിക്കുന്നതിനെ എതിര്‍ത്തിരുന്നു. അന്വേഷണം നടന്നുകൊണ്ടിരുന്ന അര ഡസന്‍ അഴിമതിക്കേസുകളാണ് അസ്താനയ്‌ക്കെതിരെയുണ്ടായിരുന്നത്. പക്ഷെ ഇവയൊന്നും
കണക്കിലെടുക്കാതെയും തന്റെ എതിര്‍പ്പ് മറികടന്നുകൊണ്ടും പ്രധാനമന്ത്രിയുടെ ഓഫീസും സിവിസിയും അസ്താനയെ നിയമനത്തിന് താല്‍പര്യം പ്രകടിപ്പിക്കുകയാണുണ്ടായത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment