ക്രിമിനലുകള്‍ വാഴുന്ന കേരള പോലീസ് (എഡിറ്റോറിയല്‍)

Sanal Kumar (left) and police officer Harikumar._resources1കാലമെത്ര കഴിഞ്ഞാലും, രാജ്യമെത്ര വളര്‍ന്നാലും യാതൊരു മാറ്റവും വരാത്ത ഒരു കൂട്ടമാണ് കേരള പോലീസ്. വിദേശരാജ്യങ്ങളിലെ പോലീസ് സം‌വിധാനമല്ല കേരളത്തിലെ പോലീസിലുള്ളത്. ഓരോരോ രാഷ്ട്രീയ പാര്‍ട്ടികളും മാറിമാറി ഭരിക്കുമ്പോള്‍ അവരവര്‍ക്ക് ഇഷ്ടക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ അവരോധിക്കുന്നുവെന്നു മാത്രമല്ല, ഭരണകക്ഷികള്‍ക്കനുകൂലമായ നിലപാടുകളെടുക്കുന്ന, രാഷ്ട്രീയ ചായ്‌വുകളുള്ളവരെ പോലീസ് സേനയില്‍ ഉള്‍പ്പെടുത്തുന്നു. അതില്‍ ഏറ്റവും അപകടകാരികളാണ് ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാര്‍. അതുകൊണ്ടുതന്നെ അവരെന്തു ചെയ്താലും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ന‌ടപടികൾ രാഷ്‌ട്രീയ ഇടപെടലുകൾ മൂലം ഫലം കാണാതെ പോകുന്നു. ഇതു സേനയുടെ പ്രതിച്ഛാ‍യ തകർക്കുന്നു എന്നും നിയമപാലനം വെല്ലുവിളിയാകുന്നു എന്നും പൊലീസ് തന്നെ മനുഷ്യാവകാശ കമ്മിഷനെയും സംസ്ഥാന ആഭ്യന്തര വകുപ്പിനെയും അറിയിച്ചിട്ടും കുറ്റവാളികൾ സംരക്ഷിക്കപ്പെടുകയാണ്. നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ബി. ഹരികുമാറിനു ലഭിക്കുന്ന രാഷ്‌ട്രീയ പരിഗണന ചൂണ്ടിക്കാട്ടി പൊലീസിനെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്.

കേരള ഹൈക്കോടതി നിർദേശപ്രകാരം കേരള പൊലീസിലെ ക്രിമിനൽ സ്വഭാവമുള്ള ഉദ്യോഗസ്ഥരുടെ കണക്കെടുപ്പ് 2011ൽ ന‌ടത്തിയിരുന്നു. പിന്നീടു മനുഷ്യാവകാശ കമ്മിഷന്‍റെ ശുപാർശ ‍യെത്തുടർന്ന് ഏതാനും മാസം മുൻപ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നൽകിയ റിപ്പോർട്ടിൽ പൊലീസിൽ കർശന നടപടി ആവശ്യമായ 59 ക്രിമിനൽ കേസ് പ്രതികളുണ്ടെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യം തയാറാക്കിയ പട്ടികയിൽ 1,129 ക്രിമിനലുകളാണ് ഉണ്ടായിരുന്നത്. ലഘുവായ കുറ്റകൃത്യങ്ങൾ ചെയ്തവരും ഒന്നോ രണ്ടോ തവണ യാദൃച്ഛികമായി കുറ്റകൃത്യത്തിലേർപ്പെട്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരക്കാരെ ഒഴിവാക്കി, പുതിയ പട്ടിക തയാറാക്കിയപ്പോൾ 387 പേർ ഉൾപ്പെട്ടു. എന്നാൽ, ഈ പട്ടികയിൽ നിന്നും പിന്നീട് 328 പേരെ ഒഴിവാക്കി. കുറ്റകൃത്യങ്ങളുടെ മൃദുത്വം പരിഗണിച്ചാണിതെന്നായിരുന്നു വിശദീകരണം. അവശേഷിക്കുന്ന 59 പേരെ പൊലീസ് ചട്ടപ്രകാരം ന‌ടപടിക്കു വിധേയരാക്കേണ്ടവരാണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ അവർക്കെതിരേ പോലും ഒരു ന‌ടപടി‍‍‍യുമില്ല.

മാനസികവും ശാരീരികവും സ്വഭാവപരവുമായ വൈകല്യങ്ങൾ മൂലം പൊലീസ് സേനാംഗങ്ങൾ പൊതുജനങ്ങൾക്കോ സേനയ്ക്കോ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ പൊലീസ് ആക്റ്റ് 86(സി) പ്രകാരം അയാളെ സർവീസിൽ നിന്നു പിരിച്ചുവിടാൻ പോലും അനുവാദമുണ്ട്. എന്നാൽ ഉയർന്ന റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെയും ഈ ചട്ടപ്രകാരം ഇതുവരെ പിരിച്ചുവി‌ട്ടി‌ട്ടില്ല. 2005ൽ കോട്ടയത്ത് പ്രവീൺ വധക്കേസിലെ പ്രതി അന്നത്തെ മലപ്പുറം ഡിവൈഎസ്പിയായിരുന്ന ഷാജിക്കു ജീവപര്യന്തം തടവുശിക്ഷ കിട്ടിയപ്പോഴാണ് സർവീസിൽ നിന്നു പിരിച്ചുവിട്ടത്. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ ജിതകുമാർ, ശ്രീകുമാർ എന്നീ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കു വധശിക്ഷ ലഭിച്ചപ്പോഴും സർവീസിൽ നിന്നു പിരിച്ചുവിടപ്പെട്ടു.

എന്നാൽ, മാധ്യമ പ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രധാന പ്രതി, സിബിഐ അറസ്റ്റിലായ അന്നത്തെ ഡിവൈഎസ്പി അബ്ദുൾ റഷീദിനെ സസ്പെൻഡ് ചെയ്തെങ്കിലും പിന്നീടു തിരിച്ചുവിളിച്ചു കൊല്ലത്തെ തന്നെ അസിസ്റ്റന്‍റ് സിറ്റി കമ്മിഷണറാക്കി. ഇതേ കേസിൽ വാടകഗൂണ്ടകളെ ഏർപ്പാടാക്കിയ ഡിവൈഎസ്പി സന്തോഷ് എം. നായർക്കും കിട്ടി പൊലീസിന്‍റെയും സർക്കാരിന്‍റെയും ഔദാര്യം.

കൃത്യവിലോപത്തിന്‍റെ പേരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു പിരിച്ചുവിടുന്നതു സമീപകാലത്ത് ഇന്നലെ കോട്ടയത്താണ്. കെവിന്‍ ജോസഫ് വധക്കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഗാന്ധിനഗര്‍ എഎസ്ഐ ടി.എം. ബിജുവിനെയാണു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടത്. ഇതേ സ്റ്റേഷനിലെ ഡ്രൈവര്‍ അജയകുമാറിന്‍റെ മൂന്നു വര്‍ഷത്തെ സേവനാനുകൂല്യങ്ങള്‍ മരവിപ്പിക്കുകയും ചെയ്തു. കെവിന്‍ ജോസഫിനെ പ്രതികളും ഗൂണ്ടകളും തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് നേരത്തേ അറിയാമായിരുന്നിട്ടും അവരെ പിടികൂടുന്നതിനു പകരം അവര്‍ക്കു വേണ്ട ഒത്താശകള്‍ ചെയ്തതാണ് ബിജുവിനെ കുടുക്കിയത്.

ഇതൊരു മുന്നറിയിപ്പാണ്. കൈക്കൂലിക്കേസിലാണെങ്കില്‍പ്പോലും പിടിക്കപ്പെട്ടാല്‍ പണി പോകുമെന്ന അവസ്ഥയുണ്ടായാല്‍ മാത്രമേ, പൊലീസിലെ ക്രിമിനലുകള്‍ പാഠം പഠിക്കൂ. കോട്ടയം പ്രവീണ്‍ വധക്കേസും കെവിന്‍ ജോസഫ് വധക്കേസും തിരുവനന്തപുരത്തെ ഉരുട്ടിക്കൊല കേസുമൊക്കെ പൊലീസിലെ ക്രിമിനലുകള്‍ക്കുള്ള പാഠമാണ്. ഇതേ പാഠമാകണം നെയ്യാറ്റിന്‍കരയില്‍ സുനില്‍ എന്ന ചെറുപ്പക്കാരനെ റോഡിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ ഡിവൈഎസ്പിക്കും അയാള്‍ക്കു രക്ഷപെടാന്‍ അവസരമൊരുക്കിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പഠിപ്പിച്ചു കൊടുക്കേണ്ടത്.

താത്കാലികമായ രാഷ്‌ട്രീയ നേട്ടങ്ങൾക്കു സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരു‌ടെ ക്രിമിനൽ സ്വഭാവം സംരക്ഷിക്കപ്പെടുന്നതാണു സേനയെ കളങ്കിതമാക്കുന്നത്. ചിലരെങ്കിലും കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടു ശിക്ഷണ ന‌ടപടി നേരിടുമെങ്കിലും സ്വാധീനമുപയോഗിച്ചു സർവീസിൽ തിരിച്ചെത്താറുണ്ടെന്നും ഡിജിപി മനുഷ്യാവകാശ കമ്മിഷനോടു വെളിപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്കു പിടിക്കപ്പെടുന്ന ഹരികുമാറിനെപ്പോലുള്ള ക്രിമിനലുകൾക്കു നേരേ പൊലീസ് ആക്റ്റ് 86 സി തന്നെ പ്രയോഗിക്കണം. മനുഷ്യത്വവും നീതിനിർവഹണവുമായിരിക്കണം പൊലീസിന്‍റെ മുഖമുദ്ര. ക്രിമിനൽ മനോഭാവം പുലർത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷാനടപടികളാണു കാത്തിരിക്കുന്നതെന്ന സന്ദേശമാണു രാഷ്‌‌ട്രീയ, സംഘടനാ നേതാക്കൾ വ്യക്തമായി നൽകേണ്ടത്.

ചീഫ് എഡിറ്റര്‍

Print Friendly, PDF & Email

Related News

Leave a Comment