വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍ – 10): എച്മുക്കുട്ടി

Vyazhavattam banner - 10 smallഒരു സെക്കന്റ് സ്തംഭിച്ചു നിന്നുവെങ്കിലും ‘കടക്കെടോ പുറത്ത് ‘എന്ന് ചേട്ടത്തിയമ്മ അയാളെ പിടിച്ച് പുറത്തേക്ക് ആഞ്ഞുതള്ളി. വല്ലാതെ ഞടുങ്ങിപ്പോയ അവളാണെങ്കില്‍ ബഹളം ഒഴിവാക്കാന്‍ അയാള്‍ക്കും മകനുമൊപ്പം പുറത്തേക്കിറങ്ങുകയാണ് ചെയ്തത്. ചേട്ടത്തിയമ്മയും മണ്ണാങ്കട്ടിയും കൂടി വാതില്‍ പൂട്ടി ഫോണും പിടിച്ച് ഒരല്‍പം അകലെയായി അവരെ പിന്തുടര്‍ന്നു. അവരുടെ ഹൃദയം ഭയം കൊണ്ട് പടപട എന്നിടിക്കുന്നുണ്ടായിരുന്നു. 100 നമ്പര്‍ ഫോണില്‍ റെഡിയാക്കിവെച്ചാണ് അവര്‍ നടന്നിരുന്നത്.

അയാള്‍ മോനോട് അമ്മയുടെ കാല്‍ പിടിച്ച് മാപ്പു പറയാന്‍ ആവശ്യപ്പെട്ടു. അവന്‍ ഒരു സ്പ്രിംഗ് പാവയെപ്പോലെ അതനുസരിച്ചു. അവള്‍ കരഞ്ഞുകൊണ്ട് വാരിപ്പുണര്‍ന്നപ്പോള്‍ അവന്‍ അമ്മയുടെ നെഞ്ചില്‍ ഒരു നിമിഷം മുഖമണയ്ക്കാതിരുന്നില്ല. ആ നിമിഷം തന്നെ സ്വന്തം ചെരുപ്പെടുത്ത് അയാള്‍ സ്വയം കവിളില്‍ തല്ലി. എന്നാല്‍ അവള്‍ ചെയ്ത കുറ്റങ്ങള്‍ക്കാണ് അയാള്‍ നേരത്തെ ശിക്ഷ തന്നതെന്നും ഇനിയുമവള്‍ കുറ്റങ്ങള്‍ ഒന്നും ചെയ്യാതെ അവള്‍ക്കൊപ്പം പാര്‍ത്താല്‍ മതിയെന്നും കഴിഞ്ഞ പതിമൂന്നു വര്‍ഷമായി അവര്‍ ഒരുമിച്ച് പാര്‍ക്കുകയായിരുന്നില്ലേന്നും അയാള്‍ പലവട്ടം ആവര്‍ത്തിച്ചു. അവള്‍ ഇനി ആ വീട്ടിലേക്ക് വരില്ലെന്നും മോനെ ഇവിടെ വിട്ടിട്ട് പോണമെന്നും പറഞ്ഞപ്പോള്‍ അയാളുടെ സ്വരം മാറി. വയസ്സുവെച്ചു വളര്‍ന്ന മോനവളെ ഇഷ്ടമില്ലെന്നും അവള്‍ കണ്ടവന്മാര്‍ക്കൊപ്പം കിടക്കുന്നതൊക്കെ അവന്‍ കണ്ടിട്ടുണ്ടെന്നും ആ രാത്രി തന്നെ വെണമെങ്കില്‍ അയാള്‍ക്കവളെ കൊല്ലാന്‍ കഴിയുമായിരുന്നുവെന്നും അയാള്‍ അലറി. ഇനി ഈ കോളനിക്കകത്ത് കയറിപ്പോകരുതെന്ന് ക്ഷമ കെട്ട് അവളും ഒച്ചവെച്ചു. അപ്പോഴേക്കും ആളുകള്‍ അടുത്തു കൂടുവാന്‍ തുടങ്ങിയിരുന്നു.

Echmu 2017 (2)പിന്നീട് അധികം ബഹളമുണ്ടാക്കാതെ അയാള്‍ മോനെയും കൊണ്ട് കാറോടിച്ചു പോയി.

അവള്‍ പിന്നെയും ഒത്തിരി കരഞ്ഞു …സങ്കടപ്പെട്ടു. കോളനിയ്കകത്തെ പാര്‍ക്കില്‍ കരഞ്ഞുകൊണ്ട് കുത്തിയിരിക്കുമ്പോള്‍ മണ്ണാങ്കട്ടി ചോദിച്ചു, ‘അക്കാ, ഒരു തോക്കു വാങ്കി കുടുപ്പീങ്കളാ.. അന്ത ആളെ ചുട്ടിട്ട് വന്താ, നമ്മ കൊഴന്തൈ നമ്മ കിട്ടെ ഇരുക്കും. നാന്‍ ജയിലുക്ക് പോയി തിരുമ്പി ഉങ്കകിട്ടയെ വറേന്‍..’

അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മണ്ണാങ്കട്ടിയെ കെട്ടിപ്പിടിച്ചു. ചേട്ടത്തിയമ്മയ്ക്കും കരച്ചില്‍ വന്നു പോയി.

അനാഥര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നായിരുന്നു മണ്ണാങ്കട്ടിയുടെ ധൈര്യം.

പിന്നീട് അതൊരു പതിവായി , കോളനിക്ക് കുറച്ചകലെ മാര്‍ക്കറ്റില്‍ കാര്‍ പാര്‍ക്ക് ചെയ്ത് അയാളും മകനും കൂടി അവളുടെ ഫ്‌ലാറ്റിനു താഴെ വന്ന് നില്‍ക്കും . അവരെ മുകളില്‍ നിന്ന് കാണാന്‍ പറ്റീരുന്നു ചേട്ടത്തിയമ്മയ്ക്കും മണ്ണാങ്കട്ടിയ്ക്കും. അവര്‍ ഫോണ്‍ ചെയ്ത് അവളോട് അയാന്റെ വീട്ടില്‍ പോകാന്‍ പറയും, അല്ലെങ്കില്‍ കോളനിയിലെ ദൂരെയൊരു ബ്ലോക്കില്‍ പോയി ഇരിക്കാന്‍ പറയും. കാറില്‍ മുന്‍വശത്തെ റോഡിലിറങ്ങി, അവളുടെ കാര്‍ ഒരു സഹപ്രവര്‍ത്തകന്റെ വീട്ടില്‍ പാര്‍ക്കു ചെയ്യുകയായിരുന്നു അപ്പോഴെല്ലാം ഡ്രൈവറുടെ പതിവ്. പുറത്ത് കാത്ത് നില്‍ക്കുന്ന അയാളുടേയും മോന്റെയും കണ്ണ് വെട്ടിച്ച് ബ്ലോക്കിന്റെ പുറകിലൂടെ ചേട്ടത്തിയമ്മയും മണ്ണാങ്കട്ടിയും അവള്‍ക്കൊപ്പമെത്തിച്ചേരും . ബഹളമുണ്ടായി പ്രശ്‌നമായാല്‍ ഈ വീട് വിടേണ്ടി വരുമെന്ന ഒറ്റ ഭീതിയായിരുന്നു എല്ലാറ്റിനും കാരണം. സ്ത്രീകള്‍ക്ക് മാത്രമായി താമസിയ്ക്കാന്‍ വീട് കിട്ടാനുള്ള ബുദ്ധിമുട്ടു മറ്റൊരു കാരണവുമായിരുന്നു. അങ്ങനെ അനവധി ദിവസങ്ങള്‍ ഭീതിയില്‍ കൊഴിഞ്ഞു പോയി. വയസ്സു വന്ന് വളര്‍ന്ന മകന്‍ ഒപ്പമില്ലാത്തതുകൊണ്ട് ഭര്‍ത്താവായിരിക്കും ശരിയെന്നും അയാളുടെ വാക്കുകള്‍ക്ക് വില കല്‍പിക്കാത്ത തന്റേടിയായ ഭാര്യയായിരിക്കുമവളെന്നും തേപ്പുകാരും കാര്‍ കഴുകുന്നവരും പച്ചക്കറിക്കടക്കാരും പാല്‍ക്കടക്കാരും എല്ലാം അവളെ നോക്കി പിറുപിറുക്കാന്‍ തുടങ്ങി. എന്നും അവിടെ വന്നു നില്‍ക്കുന്ന അയാളെയും മകനേയും കണ്ട് എല്ലാവര്‍ക്കും വല്ലാത്ത സഹതാപം ഉണ്ടായിക്കഴിഞ്ഞിരുന്നു.

അവള്‍ എന്നും മോനെ ഫോണില്‍ വിളിക്കുമായിരുന്നു. അവന്‍ ഫോണ്‍ എടുക്കില്ല. എടുത്താല്‍ തന്നെ ‘എനിക്ക് മിണ്ടാന്‍ സമയമില്ല’ എന്ന് ഫോണ്‍ വെയ്ക്കും. ചിലപ്പോള്‍ അവന്റെ അച്ഛന്‍ അമ്മയെ വിളിച്ചിരുന്ന തെറി വാക്കുകളെല്ലാം മാലയായി എഴുതിയ മെസ്സേജുകള്‍ അയക്കും. അതു വായിച്ച് അവളുടെ ഹൃദയം പൊട്ടുമായിരുന്നു. അവന്റെ ഒച്ച കേള്‍ക്കാനായി അവനെ ഒന്നു കാണാനായി എനിക്കമ്മയെ വേണമെന്ന് അവന്‍ പറയുന്നതു കേള്‍ക്കാനായി അവളുടെ ആത്മാവിന്റെയും ശരീരത്തിന്റെയും ഓരോ തരിയും എപ്പോഴും ഉണര്‍ന്നിരുന്നു.

മണ്ണാങ്കട്ടിചേച്ചിയെ അവനു ജീവനായിരുന്നു, ഇപ്പോള്‍ അവള്‍ കാരണമാണ് അമ്മ അവന്റെ അടുത്തേക്ക് മടങ്ങിച്ചെല്ലാത്തത് എന്ന് മോന്‍ ഉറച്ചു വിശ്വസിക്കാന്‍ തുടങ്ങി. അതുകൊണ്ട് ആ ചേച്ചിയെ അവന്‍ വെറുത്തു, അച്ഛന്‍ ചൂണ്ടിക്കാണിക്കുന്നവരെയെല്ലാം വെറുക്കുക എന്നതായി കുഞ്ഞിന്റെ സ്ഥിതി. ചേച്ചി ലജ്ജയില്ലാതെ നിത്യവും ഫോണ്‍ ചെയ്തിട്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല.

അച്ഛനില്‍ അവന്‍ ഒത്തിരി മാറ്റങ്ങള്‍ കണ്ടു . അച്ഛന്‍ രാത്രി ഉറങ്ങുന്നില്ല, ഭക്ഷണം കഴിക്കുന്നില്ല, സ്ഥിരമായി സിഗരറ്റ് പുകയ്ക്കുന്നു, ഫേസ് ബുക്കും കമ്പ്യൂട്ടറും ഒന്നും ശ്രദ്ധിക്കുന്നില്ല, അച്ഛന്‍ പണ്ട് വിലക്കീരുന്ന പിറ്റ്‌സയും വേഫര്‍ ബിസ്‌ക്കറ്റും, മോമോസും ബോണ്‍ ലസ് ചിക്കനും എല്ലാമെല്ലാം അവനു സമൃദ്ധമായി വാങ്ങിക്കൊടുക്കുന്നു. രാവിലെ നേരെത്തെ ഉണരണ്ട, തോന്നുമ്പോള്‍ എണീല്‍ക്കാം. സ്‌ക്കൂളില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നില്ല. എത്ര വേണമെങ്കിലും ടി വി കാണാം. മൊബൈലില്‍ സിനിമ കാണാം. ലാപ് റ്റോപും കൊണ്ടു ടോയ്‌ലറ്റില്‍ പോയി എത്ര നേരം വേണമെങ്കിലുമിരിക്കാം. ടിവിയും ഫോണും ഇന്റര്‍നെറ്റുമൊക്കെ അമ്മയുടെ ഓഫീസില്‍ നിന്നാണ് കിട്ടുന്നതെന്ന് അവനറിയാം. അച്ഛന്റെ ലാപ് ടോപ്പും ടാബ് ലറ്റുമൊക്കെ അമ്മയ്ക്ക് സമ്മാനം കിട്ടിയതാണെന്നും അവനറിയാം. അച്ഛനിപ്പോള്‍ ജോലിക്ക് പോവാന്‍ ശ്രമിക്കുന്നുണ്ട്. അന്വേഷിക്കുന്ന മാതിരി അത്ര എളുപ്പത്തില്‍ അച്ഛനു പണി കിട്ടണ്ടേ? അവള്‍ അമ്പതു പ്രാവശ്യം ഫോണ്‍ ചെയ്യുമ്പോള്‍ പൊട്ടും പൊടിയുമായി ഫോണ്‍ എടുക്കാതെയുമെടുത്തുമൊക്കെ അവന്‍ അമ്മയോട് പറഞ്ഞിരുന്നതാണിതൊക്കെ. ഇത്രേം അറിയാന്‍ തന്നെ അവള്‍ ഒരു ദിവസങ്ങളോളം അമ്പതും അറുപതും തവണ അവനെ വിളിച്ചിരുന്നു. അച്ഛന്‍ മുഴുവനായും ആളു മാറി, അമ്മ വീട്ടിലേക്ക് വന്നാല്‍ മതി, ഇനി അച്ഛന്‍ അമ്മയെ തല്ലാന്‍ അവന്‍ സമ്മതിക്കില്ല, ഇനി അമ്മയെ തല്ലിയാല്‍ അവന്‍ അച്ഛനെ തല്ലിക്കോളാം എന്നും അവന്‍ വാഗ്ദാനം ചെയ്യാതിരുന്നില്ല.

അതു തന്നെയായിരുന്നു അവളുടെ ഭയം . അയാള്‍ കാരണം അവന്‍ അപകടത്തില്‍ പെടുമെന്ന ഭയം. അയാള്‍ ചൂണ്ടിക്കാണിക്കുകയും അവന്‍ അക്രമപ്രവൃത്തികള്‍ക്ക് മുതിരുകയും ചെയ്യുമോ എന്ന ഭയം. കാരണം അവന്‍ ജുവനൈലായതുകൊണ്ട് അവനു ശിക്ഷയില്ലെന്ന് അയാള്‍ അവനെ പറഞ്ഞു ധരിപ്പിച്ചിരുന്നു.

ഭയം അവളുടെ നട്ടെല്ലിനെ തീനാക്കായി നക്കി. തലച്ചോറിനെ ആവിയില്‍ പുഴുങ്ങി. അവന്‍ പോലീസ് പിടിയിലാകുന്നതും ജയിലിലാകുന്നതും ഒക്കെ ഓര്‍ത്ത് അവള്‍ക്ക് സമനില തെറ്റി. കരഞ്ഞു കരഞ്ഞ് അവളുടെ രാത്രികള്‍ പകലായി.

വക്കീല്‍ ഇതിനിടയില്‍ കുട്ടിയുടെ കസ്റ്റഡി അവള്‍ക്ക് കിട്ടണമെന്ന് കാണിച്ച് കേസ് ഫയല്‍ ചെയ്യാന്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തിരുന്നു. ഡൊമസ്റ്റിക് വയലന്‍സ് കേസും ഒന്നിച്ച് ഫയല്‍ ചെയ്യണമെന്ന് ചേട്ടത്തിയമ്മ വക്കീലിനെ സദാ നിര്‍ബന്ധിച്ചുകൊണ്ടി രുന്നു.

അങ്ങനൊരു വൈകുന്നേരമാണ് മോന്‍ അവളെ വിളിച്ചത്. അവന്‍ മാര്‍ക്കറ്റില്‍ വരാമെന്നും അവനു അമ്മയെ കാണണമെന്നും അമ്മയില്ലാതെ ബോറടിക്കുന്നുവെന്നും വീട്ടില്‍ കയറാനേ തോന്നുന്നില്ലെന്നും അമ്മയുടെ തലയിണയും ഉടുപ്പും മണത്താണ് അവന്‍ കിടക്കുന്നതെന്നും പറഞ്ഞപ്പോള്‍ അവളുടെ പെറ്റവയറും ഹൃദയവും തലച്ചോറും ഒന്നായി ഉരുകിയമര്‍ന്നു.

മണ്ണാങ്കട്ടിയേയും ചേട്ടത്തിയമ്മയേയും ഡ്രൈവറെയും കാറിലിരുത്തിയിട്ട് മൊബൈല്‍ ഫോണ്‍ കുര്‍ത്തിയുടെ പോക്കലിട്ട് അവന്‍ വരാന്‍ പറഞ്ഞ അവര്‍ക്കേറേ പരിചിതമായ ഒരു ഈറ്റിംഗ് ജോയിന്റിലേക്ക് അവള്‍ സന്തോഷപൂര്‍വം നടന്നു ചെന്നു. അവള്‍ പോയതിനു പുറകേ മണ്ണാങ്കട്ടിയും ചേട്ടത്തിയമ്മയും ഡ്രൈവറും അവളെ പിന്തുടര്‍ന്നുവെങ്കിലും മാര്‍ക്കറ്റില്‍ ഭയങ്കര തിരക്കായിരുന്നതുകൊണ്ട് അവരെ അത്ര എളുപ്പത്തില്‍ ആര്‍ക്കും തിരിച്ചറിയാനാകുമായിരുന്നില്ല.

അവള്‍ക്ക് മകനോട് ഒരക്ഷരം പോലും സംസാരിക്കാന്‍ കഴിഞ്ഞതേയില്ല. അതിനു മുന്‍പ് അയാള്‍ ബഹളം വയ്ക്കാന്‍ തുടങ്ങി, മകന്‍ അവളെ വട്ടം കെട്ടിപ്പിടിച്ചു നിറുത്തിയത് അയാള്‍ക്ക് കൂടുതല്‍ സൌകര്യമായി. അപ്പോള്‍ തന്നെ അയാള്‍ അവള്‍ക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചു.. 100 വിളിക്കാന്‍ അവള്‍ പോക്കറ്റില്‍ നിന്നെടുത്ത ഫോണ്‍ തട്ടിപ്പറിക്കാന്‍ അയാള്‍ നോക്കിയെങ്കിലും അത് കിട്ടിയില്ല. അവള്‍ മകന്റെ കൈ വിടുവിച്ച് ഓടാനുള്ള പരിശ്രമത്തിലായിരുന്നു. അയാള്‍ക്ക് മാര്‍ക്കറ്റില്‍ വെച്ച് തന്നെ അവള്‍ക്കൊപ്പം കിടക്കണമെന്നും അത് ഭര്‍ത്താവായ അയാളുടെ അവകാശമാണെന്നും അതിനായി അവളുടെ ഫ്‌ലാറ്റിലേക്ക് പോകണമെന്നും അയാള്‍ അലറി. അവിടെ താമസിക്കുന്ന ആണുങ്ങളെ ഇറയ്ക്കി വിടുവാന്‍ അയാളും മകനും മാത്രം മതിയെന്നും അയാള്‍ പറഞ്ഞു.

അപ്പോഴാണ് മകന്‍ അവന്റെ കുഞ്ഞു ഫണം പൊക്കിയത്. ‘അമ്മയുടെ ഫോണ്‍ നമ്മള്‍ മേടിയ്ക്കണം അല്ലെങ്കില്‍ നമ്മള്‍ ചെല്ലുമ്പോഴേക്കും അമ്മ അവരെ ഫോണ്‍ വിളിച്ച് അവിടെ നിന്നു പറഞ്ഞു വിടും.’

മകനെ ദഹിപ്പിക്കും പോലെ നോക്കിയെങ്കിലും ഉള്ളുകൊണ്ട് അവള്‍ തകര്‍ന്നു തരിപ്പണമായി..

പോലീസ് സ്റ്റേഷനിലേക്ക് നടക്കാന്‍ അയാള്‍ കല്‍പിച്ചു. മകന്‍ അവളുടെ കൈ പിടിച്ചു വലിച്ചെങ്കിലും അവള്‍ അനങ്ങിയില്ല.

ഉടനെ അയാള്‍ വിളിച്ചു കൂവി… ‘ ഇതു കണ്ടോ, എന്റെ ഭാര്യ കണ്ട അവന്മാര്‍ക്കൊപ്പം ജീവിച്ചിട്ട് ഞാന്‍ വിളിക്കുമ്പോള്‍ വരുന്നില്ല . അവള്‍ക്ക് കണ്ട അവന്മാര്‍ക്കൊപ്പം ജീവിക്കാനാണ് ഇഷ്ടം.’

മാര്‍ക്കറ്റിന്റെ അടുത്ത് തന്നെയായിരുന്നു പോലീസ് സ്റ്റേഷന്‍.മകന്റെ കൈ കുടഞ്ഞ് അവള്‍ നല്ല വേഗതയില്‍ ആ വഴിക്ക് നടക്കുന്നതു കണ്ടപ്പോള്‍ അയാളും മകനും പുറകെ ഓടിച്ചെന്നു,അതു കണ്ട് അവള്‍ ശരിക്കും ഭയന്നു വിറച്ചു പോയി. അതുകൊണ്ട് ‘അയ്യോ! എന്നെ രക്ഷിക്കണേ , എന്നെ അയാള്‍ കൊല്ലാന്‍ വരുന്നു’വെന്ന് അവള്‍ പൊട്ടിക്കരഞ്ഞു.

ഒറ്റമിനിറ്റു കൊണ്ട് കാര്യങ്ങള്‍ ആകെ മാറി ..

എതിരെ നടന്ന് വന്നിരുന്ന ഒരു തടിയന്‍ അയാളുടേ മുഖത്ത് ഓങ്ങി ഒരടി കൊടുത്തു.

ഒന്നു പരിഭ്രമിച്ചെങ്കിലും ‘താനാരാടോ എന്നെ തല്ലാന്‍… അവള്‍ എന്റെ ഭാര്യയാണ്, ഞാന്‍ അവളെ , തല്ലും ,കൊല്ലും… ബലാല്‍സംഗം ചെയ്യും… താനാരാ അതന്വേഷിക്കാന്‍ ..അവളുടെ മറ്റവനാണോടോ താന്‍ ?’ എന്ന് ചീറാന്‍ അയാള്‍ ഒട്ടും മടിച്ചില്ല.

തടിയന്റെ വലിയ മുഖം ചുവന്നു..

അയാള്‍ പടാപടാ എന്ന് അഞ്ചെട്ടടി കൊടുത്തു… എന്നിട്ട് ആജ്ഞാപിച്ചു.. ‘ഭാര്യ വീട്ടില്, മാര്‍ക്കറ്റീ വന്ന് അടിപിടിയൊണ്ടാക്കിയാ.. വിവരമറിയും.’

അപ്പോഴേക്കും അവിടെയൊക്കെ ആള്‍ കൂടി. അയാള്‍ തടിയനിട്ട് രണ്ടടി കൊടുത്തു. എന്നിട്ട് ‘താനാണല്ലേ അവളെ കൂടെ പാര്‍പ്പിച്ചിരിക്കുന്നത് ‘എന്ന് ചോദിച്ചു.

തടിയന്‍ അയാളെ പിന്നെയും അടിച്ചു. തന്നെയുമല്ല ജനക്കൂട്ടം ഒന്നിച്ച് അയാളെ കൈവെയ്ക്കുമെന്ന് തോന്നിയപ്പോള്‍, അവള്‍ ജനക്കൂട്ടത്തിനു മുന്നില്‍ കൈ കൂപ്പി യാചിച്ചു…. ‘അയ്യോ! ഒന്നും ചെയ്യല്ലേ… അദ്ദേഹത്തെ വിടൂ … ഒന്നും ചെയ്യല്ലേ.. ‘

മകനും ഉറക്കെ കരയാന്‍ തുടങ്ങി. ‘അച്ഛനെ രക്ഷിക്കമ്മാ… അച്ഛനെ രക്ഷിക്കമ്മാ.അവരച്ഛനെ കൊല്ലും..’

മോനോട് തടിയന്‍ ചോദിച്ചു, ‘ഒണ്ടാക്കിയവനും ഒണ്ടായവനും കൂടി ഇറങ്ങീരിക്ക്യാണല്ലെ , പെറ്റവളെ മര്യാദ പഠിപ്പിക്കാന്‍.. നാണം കെട്ട ജന്തുക്കള്‍’

തടിയന്റെ ശബ്ദം കേട്ട് ഭയന്ന മോന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. എന്നാലും അവന്‍ അച്ഛന്റെ ഒപ്പം തന്നെ നിന്നു. അപ്പോഴേക്കും പോലീസ് എത്തി. അച്ഛനോടും മോനോടും സ്റ്റേഷനിലേക്ക് നടക്കാനും ഇനി ഈ ഭാഗത്ത് കണ്ടാല്‍ അടിച്ചു കാലൊടിക്കുമെന്നും ഭീഷണിപ്പെടുത്തി. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കില്‍ അതില്‍ക്കൂടുതല്‍ ഇടപെടാന്‍ പോലീസ് തയാറുണ്ടായിരുന്നില്ല. അവര്‍ക്ക് താല്‍പര്യവുമുണ്ടായിരുന്നില്ല.

എങ്കിലും പോലീസിന്റെ ആ വിരട്ടല്‍ കേട്ട് അച്ഛനും മകനും ശരിക്കും ഭയന്നു പോയിരുന്നു …സ്റ്റേഷനിലേക്ക് എന്ന വ്യാജേന പതുക്കെ നടക്കുകയും പെട്ടെന്ന് തന്നെ ഓടി കാറില്‍ കയറുകയുമായിരുന്നു അവര്‍ ചെയ്തത്.

അനവധി പുരുഷന്മാരുടെ നടുക്ക് നിന്ന് ഉറക്കെ കരയുന്ന അവളുടെ അടുത്തേക്ക് ചേട്ടത്തിയമ്മയും മണ്ണാങ്കട്ടിയും ഓടിച്ചെല്ലുമ്പോഴേക്കും ഡ്രൈവര്‍ കാര്‍ നീക്കിക്കൊണ്ടു വന്നിരുന്നു. പോലീസ് ചേട്ടത്തിയമ്മയോട് ചോദിച്ചു, ‘അനിയത്തിയെ ഇങ്ങനെ അടികൊള്ളിക്കാന്‍ മാര്‍ക്കറ്റില്‍ വിട്ടു പോയതെന്താണ് ? കൂടുതല്‍ അടി മേടിയ്ക്കാതെ വേഗം വീട്ടില്‍ പോകൂ’ എന്നും അവര്‍ ഉത്തരവായി.

ഡ്രൈവര്‍ പയ്യന്‍ ആകെ ഭയന്നുകഴിഞ്ഞിരുന്നു .

നിയന്ത്രണമില്ലാതെ കരയുന്ന അവളെ കെട്ടിപ്പിടിച്ചു മണ്ണാങ്കട്ടിയും ചേട്ടത്തിയമ്മയും കാറിനുള്ളില്‍ തകര്‍ന്നിരുന്നു. അയാള്‍പുറകെ വണ്ടിയോടിച്ചു വരുമോ എന്ന ഭീതിയിലും പരിഭ്രമത്തിലും ഡ്രൈവര്‍ക്ക് വഴി ആകെ തെറ്റി.. അവന്‍ തോന്നിയ റോഡിലൂടെയൊക്കെ വണ്ടിയോടിച്ചു. കാര്‍ എങ്ങോട്ട് പോകുന്നുവെന്ന് മറ്റാര്‍ക്കും എന്നല്ല അവനു തന്നെയും മനസ്സിലായില്ല. ഒടുവില്‍ അത് അവളുടെ ഒരു സഹപ്രവര്‍ത്തകന്റെ വീട്ടിനു മുന്നിലായി ചെന്ന് നിന്നു. ഡ്രൈവര്‍ ഒരു മിനിറ്റ് സ്റ്റിയറിംഗിലേക്ക് മുഖമണച്ച് കിതപ്പാറ്റിയെങ്കിലും വേഗം തന്നെ ഡോറു തുറന്ന് ആ വീട്ടുകാരെ വിളിച്ചു.

സഹപ്രവര്‍ത്തകനും ഭാര്യയും അയാളുടെ അമ്മയും അച്ഛനും ഒന്നിച്ചാണ് പുറത്തിറങ്ങി വന്നത്, അവള്‍ വികാരഭാരം നിമിത്തം തളര്‍ന്നു കുഴഞ്ഞിരുന്നു. അവളുടെ സങ്കടം അവരെയെല്ലാം കരയിച്ചു. കരയാതിരുന്ന ഒരേ ഒരാള്‍ ചേട്ടത്തിയമ്മ മാത്രമായിരുന്നു.

അവള്‍ ആളെക്കൂട്ടി അയാളെ തല്ലിച്ചുവെന്ന് മാത്രമേ മകനു മനസ്സിലാവുകയുള്ളൂ എന്നും അവന്‍ കൂടുതല്‍ക്കൂടുതല്‍ അവളെ വെറുക്കുമെന്നും പറഞ്ഞ് അവള്‍ നെഞ്ചുപൊട്ടി ആര്‍ത്തലച്ചു കരഞ്ഞു. അവളുടെ കണ്ണീരൊതുങ്ങും വരെ സഹപ്രവര്‍ത്തകന്റെ അമ്മയും ഭാര്യയും അച്ഛനും അവളെ തലോടിക്കൊണ്ടിരുന്നു. അവര്‍ക്ക് എന്നല്ല ആര്‍ക്കും തന്നെ എന്തു ചെയ്യണമെന്ന് അറിവുണ്ടായിരുന്നില്ല.

ചേട്ടത്തിയമ്മ വക്കീലിനെ വിളിച്ചു. ആരും ഫോണ്‍ എടുത്തില്ല.

പോലീസിനെ വിളിക്കുന്നതില്‍ സഹപ്രവര്‍ത്തകന്റെ വീട്ടുകാര്‍ക്ക് വിമുഖത ഉണ്ടായിരുന്നു. അത് അവരുടെ പേരു കൂടി അനാവശ്യമായി കേസിലേയ്ക് വലിച്ചിഴയ്ക്കപ്പെടുമെന്നതുകൊണ്ടായിരുന്നു. തന്നെയുമല്ല, പോലീസുകാര്‍ ഗുണകരമായി ഒന്നും ചെയ്യില്ലെന്നത് വ്യക്തവുമാണല്ലോ.

കുറെ സമയം കഴിഞ്ഞപ്പോള്‍ മകന്റെ നമ്പറില്‍ നിന്ന് ഫോണ്‍ വരാന്‍ തുടങ്ങി. അവള്‍ ഫോണ്‍ തൊട്ടില്ല. പിന്നെ അവന്‍ മേസ്സേജ് അയച്ചു. അമ്മയുടെ വീട്ടിനു മുന്നില്‍ നില്‍ക്കുകയാണവനെന്നും അമ്മ എവിടെയാണെന്നറിയണമെന്നും അമ്മ സേഫാണോ എന്നറിയാതെ അവനുറക്കം വരില്ലെന്നും അമ്മ എന്തിനാണ് നാട്ടുകാരെക്കൊണ്ട് അച്ഛനെ തല്ലിച്ചതെന്നും ഒക്കെയായിരുന്നു അവന്റെ ചോദ്യങ്ങളും പ്രസ്താവനകളും.. അവള്‍ പ്രതികരിച്ചതേയില്ല. മരിച്ചതു പോലെ ഇരിക്കുന്ന അവളെക്കണ്ട് എല്ലാവരും പേടിച്ചു. സഹപ്രവര്‍ത്തകന്റെ അമ്മ അവള്‍ക്ക് ഭക്ഷണം വായിലെടുത്ത് ഊട്ടി.. നിറഞ്ഞ് നിറഞ്ഞ് വരുന്ന കണ്ണുകളോടെ അവള്‍ അല്‍പം ആഹാരം കഴിച്ചു. ചേട്ടത്തിയമ്മയും മണ്ണാങ്കട്ടിയും അവള്‍ക്കൊപ്പം അത്താഴം കഴിച്ചു.

രാത്രി ഏറെ വൈകിയ ശേഷം അയാളുടെ ഒരു ഫ്രണ്ട് ചേട്ടത്തിയമ്മയ്ക്ക് മെസ്സേജ് അയച്ചു, ‘മകന്‍ സങ്കടപ്പെടുന്നു… കരയുന്നു. അവനോട് പറയൂ അവന്റെ അമ്മ സേഫ് ആണെന്ന് … അതു പറയുന്നതില്‍ കുഴപ്പമൊന്നുമില്ലല്ലോ ‘എന്നയാള്‍ എഴുതി.

ചേട്ടത്തിയമ്മ ഒറ്റവരിയില്‍ അവളുടെ മകനു മറുപടി നല്‍കി ‘യുവര്‍ മദര്‍ ഈസ് സേഫ് ‘

പിന്നെ ഫോണുകളൊന്നും വന്നതേയില്ല.

പിറ്റേന്ന് രാവിലെ കുടുംബകോടതിയില്‍ അവള്‍ ചൈല്‍ഡ് കസ്റ്റഡിയ്ക്ക് കേസ് ഫയല്‍ ചെയ്തു. അടുത്ത ദിവസങ്ങളില്‍ ഡൊമസ്റ്റിക് വയലന്‍സ് കേസും ഫയല്‍ ചെയ്യാമെന്ന് വക്കീലും അവളും തമ്മില്‍ ഉറച്ച ധാരണയായി. അപ്പോഴേക്കും അവള്‍ വീടു വിട്ടിട്ട് ഇരുപത്തഞ്ചു ദിവസമായിരുന്നു.

( തുടരും )

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment