Flash News

ശബരിമലയില്‍ തുടര്‍ന്നും അപകടമണി മുഴങ്ങുന്നു: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

November 19, 2018

supreme-court-refuses-to-stay-entry-of-women-in-sabarimala-temple-righttopray-1210x642ശബരിമല ഒരു ഇരട്ട പ്രതിസന്ധിയായി വളര്‍ന്നുകഴിഞ്ഞു. ഒരേസമയം രാഷ്ട്രീയ പ്രതിസന്ധിയും ക്രമസമാധാന പ്രതിസന്ധിയും. വൈകുന്നേരം ശബരിമല സന്നിധാനം തീര്‍ത്ഥാടകര്‍ക്കുവേണ്ടി തുറന്നെങ്കിലും ശനിയാഴ്ചമുതല്‍ ആരംഭിക്കുന്ന അറുപതുനാള്‍ നീണ്ടുനില്‍ക്കുന്ന മണ്ഡല- മകരവിളക്കുകാല തീര്‍ത്ഥാടനം ഏങ്ങനെ മുന്നോട്ടുപോകുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.

അത് തിങ്കളാഴ്ചയായപ്പോള്‍ എത്തിനില്‍ക്കുന്നത് അന്ത്യന്തം സങ്കീര്‍ണ്ണവും ഗുരുതരവുമായ ഒരവസ്ഥയിലാണ്. സംസ്ഥാന സര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും ക്രമസമാധാനം പാലിക്കേണ്ട പൊലീസും ചക്രവ്യൂഹത്തിലകപ്പെട്ട ഒരു യുദ്ധമുഖമായി മാറിയിരിക്കുന്നു ശബരിമല.

PHOTOഒരുവശത്ത് ശബരിമല സന്നിധാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ആര്‍.എസ്.എസ് ബി.ജെ.പിയുടെ ആസൂത്രിത നീക്കങ്ങള്‍. ഹൈക്കോടതിയില്‍നിന്നുള്ള അതിശക്തമായ ഇടപെടല്‍. ദേവസ്വംബോര്‍ഡിന്റെ സാവകാശഹര്‍ജി പരിഗണിക്കാന്‍ സാവകാശം വരുമെന്നുള്ള സുപ്രിംകോടതിയില്‍നിന്നുള്ള സൂചനകള്‍. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വരവോടെ സമരത്തില്‍ കേന്ദ്രമന്ത്രിമാരുടെ പ്രത്യക്ഷ പിന്തുണ. നിരോധനം ലംഘിച്ച് പ്രതിപക്ഷ നേതാവും യു.ഡി.എഫും സംസ്ഥാന ഗവണ്മെന്റിനെ പ്രതിയാക്കി ശബരിമലയിലേക്ക് നീങ്ങുന്ന തീരുമാനം. ഇതു വ്യക്തമാക്കുന്നത് വിശ്വാസികളുടെ പേരിലുള്ള രാഷ്ട്രീയസമരം കൂടുതല്‍ മൂര്‍ച്ഛിക്കുകയും വ്യാപിക്കുകയും ചെയ്യുന്നു എന്നാണ്.

സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടേണ്ടെന്ന് തീരുമാനിക്കാന്‍ ആര്‍ക്കാണ് അധികാരമെന്ന് ശബരിമല നിരീക്ഷണ ചുമതലയുള്ള ഹൈക്കോടതി ചോദിക്കുമ്പോള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റെന്ന് രോഷം കൊള്ളുമ്പോള്‍ ഞെട്ടിത്തെറിക്കുന്നത് കേരള സമൂഹമാകെയാണ്. അത് ആവേശം കൊള്ളിക്കുന്നത് ഭക്തിവേഷത്തില്‍ കപട രാഷ്ട്രീയ അജണ്ടയുമായി ഹൈക്കോടതിയുടെതന്നെ മുന്‍ നിരീക്ഷണത്തില്‍ പറഞ്ഞതുപോലെ കലക്കവെള്ളത്തില്‍ മുതലെടുക്കാന്‍ പാടുപെടുന്ന സംഘ് പരിവാര്‍ ശക്തികളെയാണ്.

സംസ്ഥാന അഡ്വക്കറ്റ് ജനറലിനുതന്നെ ഹൈക്കോടതിയില്‍ ഹാജരായി ഈ വസ്തുത തിങ്കളാഴ്ച വെളിപ്പെടുത്തുകയുണ്ടായി. ഓരോ ജില്ലയില്‍നിന്നും ശബരിമലയിലേക്ക് ഓരോദിവസവും പരമാവധി പ്രവര്‍ത്തകരെ എത്തിക്കാനുള്ള നിര്‍ദ്ദേശവും അതിനു ചുമതലപ്പെടുത്തിയവരുടെ വിവരങ്ങളും അടങ്ങിയ സര്‍ക്കുലറിന്റെ കോപ്പി തെളിവായി എ.ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ആര്‍.എസ്.എസ് ആണ് ശബരിമല കലാപഭൂമിയാക്കുന്നത് എന്ന് അത് വെളിപ്പെടുത്തി. സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചവരെ സന്നിധാനത്ത് കലാപം നടത്തിയതിന് അറസ്റ്റുചെയ്ത കാര്യവും കോടതിയെ അറിയിച്ചു.

newsrupt2018-1159ed7bfd-74e9-4d89-9bb6-15a0fb6c7929rssഅറസ്റ്റു നടന്നതിനെയോ രാഷ്ട്രീയക്കാരുടെ സമരത്തെയോ തങ്ങള്‍ പരിഗണിക്കുന്നില്ല. വൃദ്ധരും കുട്ടികളുമായ ഭക്തജനങ്ങള്‍ സന്നിധാനത്ത് തങ്ങുന്നത് തടയുന്നതിനെയാണ് ചോദ്യംചെയ്യുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയില്‍ സമാധാനം പുലര്‍ത്താന്‍ ഹര്‍ജിക്കാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഇതുപക്ഷെ, സ്ത്രീപ്രവേശം അനുവദിച്ച വിധി പ്രസ്താവിച്ച സുപ്രിംകോടതിയോ വിധി കര്‍ശനമായി നടപ്പാക്കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെടുന്ന കേന്ദ്ര – ആഭ്യന്തര മന്ത്രാലയമോ തിരിച്ചറിയുന്നില്ല. അവരെ അതു ബോധ്യപ്പെടുത്തുന്ന നീക്കങ്ങളൊന്നും ഇതുവരെ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടുമില്ല. പക്ഷെ, ദേവസ്വം ബോര്‍ഡിന്റെ സാവകാശം ആവശ്യപ്പെടുന്ന ഹര്‍ജി തിങ്കളാഴ്ച സുപ്രിംകോടതിക്കുമുമ്പില്‍ എത്തിയിട്ടുണ്ട്. ഇതില്‍ ശബരിമലയില്‍ ഉയരുന്ന ക്രമസമാധാനപ്രശ്‌നം വിശദീകരിച്ചിട്ടുണ്ട്. സുപ്രിംകോടതിവിധിയുടെ വെളിച്ചത്തില്‍ ആയിരത്തോളം യുവതികള്‍ ദര്‍ശനത്തിന് ബുക്കുചെയ്ത കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി വിധി നടപ്പാക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിന്റെയും. പ്രത്യേക സുരക്ഷയൊരുക്കിയിട്ടും വിധി നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും. ഹര്‍ജി സുപ്രിംകോടതി ഭരണഘടനാ ബഞ്ച് എപ്പോള്‍ പരിഗണിക്കുമെന്ന് വ്യക്തമല്ല.

newsrupt2018-11146036eb-1834-4059-bc36-82790c3719afp_hareeshശബരിമലയിലെ ആശങ്കാജനകമായ അന്തരീക്ഷത്തില്‍ കഷ്ടപ്പെടുന്നത് വ്രതാനുഷ്ഠാനത്തോടെ ദിവസങ്ങളുടെ നീണ്ട യാത്രകഴിഞ്ഞ് സന്നിധാനത്തെത്തി ദര്‍ശനം കഴിഞ്ഞ് ആത്മസംതൃപ്തിയോടെ മടങ്ങേണ്ട ആയിരകണക്കായ തീര്‍ത്ഥാടകരും അവരുടെ കുടുംബങ്ങളുമാണ്. അവര്‍ക്കു സുരക്ഷ നല്‍കുന്നതിന്റെ ചുമതലയുള്ള, സംഘര്‍ഷത്തിനെത്തുന്നവരെ കണ്ടെത്തി തടയേണ്ട, ഇത്തവണ യൂണിഫോം അണിഞ്ഞ് ശബരിമലയില്‍ അണി നിരന്നിട്ടുള്ള നൂറുകണക്കായ പൊലീസ് ഉദ്യോഗസ്ഥരാണ്. തങ്ങളുടെ അച്ചടക്കവും ഉത്തരവാദിത്വവും നിര്‍വ്വഹിക്കാന്‍ ബാധ്യസ്ഥരായ അവര്‍ എല്ലാവരുടെയും എതിര്‍പ്പും വിമര്‍ശനവും അവഹേളനവും വെല്ലുവിളിയും നിശബ്ദം ഏറ്റുവാങ്ങി ശബരിമലയെ ക്രമസമാധാന പൊട്ടിത്തെറിയില്‍നിന്ന് രാപകല്‍ സംരക്ഷിക്കുകയാണ്.

ശബരിമലയെ ഒരു രാഷ്ട്രീയ യുദ്ധഭൂമിയാക്കുക എന്ന സംഘ് പരിവാര്‍ അജണ്ട കഴിഞ്ഞദിവസം രണ്ടാം ഘട്ടത്തിലേക്കു കടന്നതോടെയാണ് സംസ്ഥാന സര്‍ക്കാറിനെതിരായ കുരുക്കു മുറുകിയത്. മണ്ഡലകാല പൂജയ്ക്ക് തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തുന്ന ദിവസം പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താല്‍. ശബരിമല സന്ദര്‍ശനത്തിന് വന്നിറങ്ങിയ തൃപ്തി ദേസായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ തടഞ്ഞ് തിരിച്ചയച്ച സമരം. പൊലീസ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റുചെയ്തതിനെതിരെ ഞായറാഴ്ച ദേശീയ ഹൈവേകളില്‍ വാഹനം തടഞ്ഞുനടത്തിയ സമരം.

ഞായറാഴ്ച അര്‍ദ്ധരാത്രി സംഘടിതമായി സന്നിധാനത്തെത്തി കുത്തിയിരിപ്പു സമരം നടത്തി പൊലീസ് ബലംപ്രയോഗത്തിന് അവസരം സൃഷ്ടിച്ച ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടന്ന ഇടപെടല്‍. അതിന്റെ പേരില്‍ സംസ്ഥാനത്താകെ പൊലീസ് സ്റ്റേഷനുകളിലേക്ക് പുലര്‍ച്ചെ നടത്തിയ പ്രതിഷേധ മാര്‍ച്ച് – ഇതെല്ലാം വരും ദിവസങ്ങളില്‍ തുടര്‍ന്നു ശബരിമല ഭക്തരുടെ പേരില്‍ നടത്താന്‍പോകുന്ന ആര്‍.എസ്.എസ് – സംഘ് പരിവാര്‍ ദേശീയതലത്തില്‍ അനുമതി നല്‍കിയ രാഷ്ട്രീയ യുദ്ധത്തിന്റെ തന്ത്രപരമായ മുന്നേറ്റങ്ങളാണ്.

സംഘ് പരിവാറിന്റെ ഭാഗമായ യുവമോര്‍ച്ച നേതൃയോഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കറ്റ് പി.എസ് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയ ശബരിമല അജണ്ടയില്‍ കൃത്യമായി പറഞ്ഞിരുന്നു: ‘ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പോരാട്ടമാണാവശ്യം. അതിനു പല തട്ടുകളുണ്ട്. ശബരിമലയില്‍ തുലാമാസം 1 മുതല്‍ 5 വരെ നടതുറന്നപ്പോള്‍ ബി.ജെ.പിയാണ് സമരം പ്ലാന്‍ചെയ്ത് നടപ്പാക്കിയത്. പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ വിവിധ മണ്ഡലങ്ങളില്‍ നിന്നു. അവര്‍ അത് വിജയകരമായി നടപ്പാക്കി.’

60 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം കഴിയുംവരെയും ജനുവരി 22ന് സുപ്രിംകോടതിവിധി പുറത്തുവരുന്നതുവരെയും ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട ശബരിമലയില്‍ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഈ രണ്ടാംഘട്ടത്തിന്റെ മുന്‍കൂട്ടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയായ കെ.പി ശശികല മണ്ഡലപൂജ തുടങ്ങുംമുമ്പ് സന്നിധാനത്തെത്താന്‍ രാത്രി മലകയറിയതും പൊലീസ് തടഞ്ഞതും. പിറ്റേന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ സന്നിധാനത്തെത്താന്‍ ശ്രമിച്ചത് സംസ്ഥാന വ്യാപകമായി സംഘര്‍ഷങ്ങള്‍ അഴിച്ചുവിട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി തെറിപ്പിക്കുമെന്ന് ബി.ജെ.പിയുടെ മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. അര്‍ദ്ധരാത്രിയില്‍ സന്നിധാനത്ത് ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ 150 ഓളംപേര്‍ നിരോധനം ലംഘിച്ച് സമരവേദിയാക്കാന്‍ കടന്നു ചെന്നതും.

Hindu-devotees-take-part-in-a-motorcycle-rally-as-part-of-a-protest-against-the-lifting-of-ban-by-Supreme-Court-that-allowed-entry-of-women-of-menstruating-age-to-the-Sabarimala-templബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട അടുത്ത തട്ടിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് തിങ്കഴാഴ്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള പറഞ്ഞു: ‘കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയെ തകര്‍ക്കുകയാണ്. യുവതിപ്രവേശമല്ല ഞങ്ങളുടെ മുമ്പിലുള്ള പ്രശ്‌നം. കമ്മ്യൂണിസ്റ്റുകാരെ നേരിടുകയാണ്.’

ഇത് ബി.ജെ.പി നേതാക്കളുടെ കേവലം വിടുവായത്തമല്ല എന്നതിന്റെ തെളിവ് തിങ്കളാഴ്ച രാവിലെ ദൃശ്യമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. ശബരിമലയില്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ജില്ലകളില്‍നിന്ന് ആളുകളെ എത്തിക്കുന്നതിന് ബി.ജെ.പി സംസ്ഥാന നേതൃത്വം അയച്ച സര്‍ക്കുലറിന്റെ കോപ്പി സംപ്രേക്ഷണം ചെയ്തുകൊണ്ട്. രഹസ്യയോഗത്തിലെടുത്ത തീരുമാനങ്ങളുടെ ഭാഗമായ ഈ സര്‍ക്കുലറിനെകുറിച്ച് സംസ്ഥാന രഹസ്യപൊലീസ് അന്വേഷണങ്ങളും നിരീക്ഷണങ്ങളും പ്രതിരോധ നടപടികളും എടുത്തിട്ടുണ്ടെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തി.

തിങ്കളാഴ്ച രാവിലെ സന്നിധാനമടക്കമുള്ള പ്രധാന കേന്ദ്രങ്ങളും ശബരിമലയിലേക്കുള്ള വന മാര്‍ഗങ്ങള്‍ക്കും മുകളില്‍ നാവിക സേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പൊലീസ് നിരീക്ഷണം നടത്തി പറന്നത് ഇതിന്റെ ഭാഗമായാണ്. ശബരിമലയില്‍ ചരിത്രത്തിലാദ്യമാണ് തീര്‍ത്ഥാടകരുടെയും തീര്‍ത്ഥാടന കേന്ദ്രത്തിന്റെയും സുരക്ഷിതത്വത്തില്‍ അത്യന്തം ഉത്ക്കണ്ഠപ്പെട്ട് ഇത്തരമൊരു വ്യോമ നിരീക്ഷണംകൂടി ഏര്‍പ്പെടുത്തേണ്ടിവന്നത്. വിശ്വാസികളുടെ അവകാശങ്ങളും ശബരിമലയുടെ പവിത്രതയും സംരക്ഷിക്കാനെന്നു പറഞ്ഞ് ബി.ജെ.പിയെ മുന്‍നിര്‍ത്തി ആര്‍.എസ്.എസ് കേഡര്‍മാരെ രംഗത്തിറക്കി സംഘ് പരിവാര്‍ ആസൂത്രണംചെയ്ത് നടപ്പാക്കുന്നതാണ് ഈ രാഷ്ട്രീയ കലാപപദ്ധതിയെന്ന് ഈ ലേഖകനെപ്പോലുള്ളവര്‍ തുടക്കം മുതലേ പറയുന്നതാണ്.

തിങ്കളാഴ്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് ശബരിമല സംബന്ധിച്ച പത്രലേഖകരുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. സംസ്ഥാന സര്‍ക്കാറാണ് എന്തെങ്കിലും ചെയ്യേണ്ടത് എന്ന അഭിപ്രായത്തോടെ. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

http_o.aolcdn.comhssstoragemidasf2bd42bd7589f831446139891a9bcab2206698073RTR154WEവിധി നടപ്പാക്കാന്‍ സാവകാശം തേടുന്ന ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജി സുപ്രിംകോടതിയില്‍ തിങ്കളാഴ്ച എത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ കഴിഞ്ഞ് എന്ന് പരിഗണനയ്‌ക്കെത്തുമെന്ന് വ്യക്തമല്ല. ഭരണഘടനാബഞ്ച് ചേരാതെ ഹര്‍ജി സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനുമാകില്ല.

സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിവന്നത് സെപ്റ്റംബര്‍ 28നായിരുന്നു.  52-ാം ദിവസമാണ് ദേവസ്വംബോര്‍ഡ് വിധിക്കെതിരെ എന്തു പേരിലായാലും ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. ബോര്‍ഡിനെ തടഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.

വിധി നടപ്പാക്കുകയാണ് സര്‍ക്കാറിന് ചെയ്യാനുള്ളത് എന്ന നിലപാടിലുറച്ചുനിന്ന മുഖ്യമന്ത്രി വിധിക്കെതിരായ ഹര്‍ജി തിരിച്ചടിയാകുമെന്ന് താക്കീതു നല്‍കുകപോലും ചെയ്തു. മുഖ്യമന്ത്രി ബോര്‍ഡിന് കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയോ ബന്ധപ്പെട്ട എല്ലാവരുമായും ആത്മാര്‍ത്ഥമായ കൂടിയാലോചനയ്ക്ക് നേരത്തെ ശ്രമിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയും സര്‍ക്കാറും ഒരുപോലെ ചക്രവ്യൂഹത്തില്‍പെട്ട ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു. ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ആസൂത്രിത കലാപം പൊലീസിനെകൊണ്ടുമാത്രം തടയാനാകില്ലെന്ന് ഞായറാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറി സമ്മതിക്കുകയുണ്ടായി. ജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് ആഹ്വാനംചെയ്യുകയും. കൂടുതല്‍ അപകടം മുഴങ്ങുന്ന പ്രഖ്യാപനമാണത്.

ശബരിമല പ്രശ്‌നത്തിന്റെയാകെ ഉത്തരവാദി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹത്തിന്റെ പിടിവാശിയാണെന്നും തുടര്‍ച്ചയായി ദേശീയ മാധ്യമങ്ങള്‍ 24 മണിക്കൂറും വാര്‍ത്തയും സംവാദങ്ങളും തുടരുകയാണ്. കേരളത്തിലെ ഗവണ്മെന്റിന് ഇതുപോലൊരു വിമര്‍ശനവും കെട്ട പ്രതിച്ഛായയും ദേശീയതലത്തില്‍ ഇതിനുമുമ്പ് ആരും സൃഷ്ടിച്ചിട്ടില്ല. ഗവണ്മെന്റ് സംഘ് പരിവാറിന്റെ രാഷ്ട്രീയ അജണ്ടയ്ക്കു മുമ്പില്‍ പെടാപ്പാടു പെടുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ എല്ലാറ്റിനും ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് വരുത്തിത്തീര്‍ക്കുന്നത് പിണറായി വിജയന്‍തന്നെ.

പത്തും അമ്പതും വയസിനിടയ്ക്കുള്ള യുവതികള്‍ മലകയറാന്‍ തയാറായി വന്നാല്‍ പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തിലെത്തിക്കുമെന്ന നിലപാടാണ് മുഖ്യമന്ത്രി ആദ്യം സ്വീകരിച്ചത്. ആക്റ്റിവിസ്റ്റുകളെ സന്നിധാനത്തു കൊണ്ടുവരുന്ന പൊലീസ് നയത്തെ ദേവസ്വംമന്ത്രി വിമര്‍ശിച്ചപ്പോള്‍ മന്ത്രിയെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞത്. എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ കണ്ട് ഭയപ്പെടുന്ന ചിലരുണ്ടെന്ന് മുഖ്യമന്ത്രി തന്നെയാണ് എല്‍.ഡി.എഫ് പൊതുയോഗങ്ങളില്‍ പ്രസംഗിച്ച് കയ്യടി വാങ്ങിയത്. ഇപ്പോള്‍ ആയിരത്തോളം യുവതികള്‍ ഓണ്‍ലൈനില്‍ ബുക്കുചെയ്തിട്ടും ആരെയും സന്നിധാനത്തേക്കാനയിക്കേണ്ടെന്നു പൊലീസിന് മറിച്ചു നിര്‍ദ്ദേശം നല്‍കിയതും മുഖ്യമന്ത്രിതന്നെ.

തങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികളാണെന്നും മലകയറാന്‍ വ്രതമെടുത്ത് മാലയണിഞ്ഞവരാണെന്നും എന്നാല്‍ സുപ്രിംകോടതി നിര്‍ദ്ദേശമനുസരിച്ചുള്ള സംരക്ഷണം ആവശ്യപ്പെട്ടിട്ടും മറുപടിയില്ലെന്നും തിങ്കളാഴ്ച മൂന്നു യുവതികള്‍ എറണാകുളം പ്രസ് ക്ലബില്‍ ഏറെ വേദനയോടെ വെളിപ്പെടുത്തുകയുണ്ടായി.

ശബരിമല കലാപഭൂമിയാക്കാന്‍ അവിടേക്കു പോകാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ന്യൂനപക്ഷമായ ഈ വിശ്വാസികള്‍ക്കുള്ള ഭരണഘടനാപരമായ അവകാശം നേടിയെടുക്കുംവരെ മാലയും കറുപ്പുംവസ്ത്രവും തുടര്‍ന്നും ധരിക്കുമെന്നും അവര്‍ പറഞ്ഞു. പക്ഷെ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയും നിരന്തര ഭീഷണിയും നേരിട്ടാണ് ഇതേതുടര്‍ന്ന് തങ്ങള്‍ ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം അവര്‍ അറിയിച്ചു.

പത്രസമ്മേളനത്തിന് വിശ്വാസികളായ യുവതികള്‍ എത്തിയ വിവരമറിഞ്ഞ് പ്രസ് ക്ലബിനുമുമ്പില്‍ നാമജപ സമരവുമായെത്തിയ ജനക്കൂട്ടത്തിനിടയിലൂടെ പൊലീസ് സംരക്ഷണയിലാണ് അവര്‍ ഒരുവിധം മടങ്ങിപ്പോയത്.

നവോത്ഥാനന്തര കേരളം ഇപ്പോള്‍ എവിടെയാണ് എത്തിനില്‍ക്കുന്നതെന്ന് ഈ കാഴ്ചകള്‍ എല്ലാവരെയും ഓര്‍മ്മപ്പെടുത്തുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top