Flash News

വിചാരവേദിയുടെ 12-ാം വാര്‍ഷികവും, പ്രളയാനന്തര കേരളം ചര്‍ച്ചയും നടന്നു: സാംസി കൊടുമണ്‍

November 21, 2018

IMG-20181111-WA0004ന്യൂയോര്‍ക്ക്: പി.റ്റി. പൗലോസിന്റെ അദ്ധ്യക്ഷതയില്‍, 2018 നവംമ്പര്‍ പതിനൊന്നാം തിയ്യതി കെ.സി.എ.എന്‍.എ.യില്‍ വെച്ച് വിചാരവേദിയുടെ പന്ത്രണ്ടാമതു വാര്‍ഷികവും പ്രതിമാസ ചര്‍ച്ചയും നടത്തി. വിചാരവേദിയെ ഇത്രനാളും അകമഴിഞ്ഞു സ്‌നേഹിക്കയും, വേണ്ട സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്ത എല്ലാവരോടുമുള്ള നന്ദി സാംസി കൊടുമണ്‍ അറിയിക്കുകയും, ഒപ്പം ഏവരേയും മീറ്റിംഗിലേക്ക്‌ സ്വാഗതം ചെയ്യുകയും ചെയ്തു. വളര്‍ന്നു വരുന്ന വര്‍ഗ, വര്‍ഗീയ സംഘടനകളുടെ അതിപ്രസരം നമ്മളില്‍ വിഭാഗിയതയുടെ ഇടനാഴികള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയെ മനസ്സിലാക്കി ചെറുപ്പക്കാര്‍ സ്വതന്ത്ര അഭിപ്രായങ്ങള്‍ പറയാനായി തുറന്നീട്ടിരിക്കുന്ന ഇത്തരം വേദികളിലേക്ക് വരണം എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യം ധ്വംസിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മുടെ നിസംഗമായ മൗനങ്ങള്‍ക്ക് നമ്മള്‍ കാലത്തോട് കണക്കു പറയേണ്ടിവരും എന്നും മറക്കാതിരിക്കുുക, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ കേരളം അനുഭവിച്ച ദുരിതങ്ങളെ നാം തരണം ചെയ്തുവെങ്കിലും, കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് ഇനിയും നാം കാത്തിരിക്കേണ്ടി വരുന്നത് ഒരു പരിഷ്കൃത ലോകത്തിനു ചേര്‍ന്നതാണോ എന്ന്ചിന്തിക്കേണ്ടിയിരിക്കുന്നു. ഗവണ്മെന്റ് അതിനുവേണ്ടി നാളീതുവരെ ഒരു പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളതും നവകേരള നിര്‍മ്മിതിയെ വൈകിപ്പിക്കും. വെള്ളപ്പൊക്ക കെടുതികള്‍ ഇപ്പോള്‍ ആര്‍ത്തവരക്തത്തില്‍ മുങ്ങിപ്പോയി എന്നതും നമുക്ക് അഭിമാനിക്കാന്‍ വക തരുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

IMG-20181111-WA0008പി.റ്റി. പൗലോസ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു, കാലത്തിന് മറക്കാന്‍ കഴിയാത്ത ഒരു പെരുമഴക്കാലത്തിലൂടെ നാം കടന്നു പോയി. തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കം നമുക്ക് വെറും കേട്ടറിവു മാത്രമായിരുന്നെങ്കില്‍, ഈ നൂറ്റാണ്ടിലെ ഈ മഴക്കാലം നമ്മുടെ അനുഭവം ആയി മാറി. ഒത്തൊരുമയോടെ പരസ്പരം കൈകോര്‍ത്ത് രാഷ്ട്രിയം മറന്ന്, ജാതിമതഭേദങ്ങള്‍ മറന്ന് നാം ഒറ്റെക്കെട്ടായി ദുരന്തത്തെ നേരിട്ടു. അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നുവിട്ടതും, തുറന്നു വിടാനുള്ള കാലതാമസവും പ്രളയത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്യാസ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനിയം തന്നെ. എന്നാല്‍ അതിനുശേഷം നാം എങ്ങോട്ട്? എന്നും വിവാദങ്ങളിലും, രാഷ്ട്രിയത്തിലും നമ്മുടെ പുരോഗതിയെ തളച്ചു. കേന്ദ്രഫണ്ടിന്റെ ലോപം, സാലറി ചലഞ്ച്, വിദേശ സഹായം തേടുന്നതിലെ നിയമ തടസം എന്നിവകൂടാതെ ഇപ്പോള്‍ തുല്യ നീതിയ്ക്കു വേണ്ടിയുള്ള കോടതിവിധിയെ ആയുധമാക്കി തല്പരകക്ഷികള്‍ നമ്മെ വീണ്ടും ഒരിരുണ്ട കാലത്തിലേക്ക് നയിക്കുന്നു. അമ്പലനടകളില്‍ ആര്‍ത്തവം തെളിക്കാന്‍ ഉടുതുണി പൊക്കേണ്ട ഈ കെട്ടകാലത്ത് ഒരോ സ്ത്രീയും സ്വയം ആത്മപരിശോധന ചെയ്യേണ്ടിയിരിക്കുന്നു. ഇവിടെ നവകേരള സൃഷ്ടി വെറും വാക്കുകളായിമാറുന്നു എന്ന് അദ്ദേഹം പറഞ്ഞു നിര്‍ത്തി.

IMG-20181111-WA0010ബാബു പാറയ്ക്കല്‍ പ്രളയാനന്തര കേരളത്തെക്കുറിച്ച് കണക്കുകളുടെ പിന്‍ബലത്തില്‍ വിശദമായി വിലയിരുത്തി. 483 ജിവിതങ്ങള്‍ നഷ്ടപ്പെട്ട ഈ പ്രളയം 220 ഗ്രാമങ്ങളെ ബാധിച്ചു. 7633 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുയോ മൊത്തമായി തകരുകയോ ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനു പുറമേ റോഡുകള്‍, പാലങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ അനേകം അടിസ്ഥാന സൗകര്യങ്ങള്‍. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ കേടായ ബോട്ടുകളുടെ കണക്ക്‌ വേറെ. മൊത്തം 40000 കോടിയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ ഫണ്ടിലേക്ക് ഇതുവരെ കിട്ടിയത് ആയിരത്തെണ്ണൂറ്റെഴുപത്തിമൂന്നു കോടി (തുക ഇപ്പോള്‍ ഇതിലും കൂടിയിട്ടുണ്ടാകാം.) ആര്‍ക്കൊക്കെ എന്തൊക്കെ കിട്ടി എന്നു നോക്കുമ്പോള്‍ മൂന്നു ലക്ഷത്തി തൊണ്ണുറ്റൊരായിരത്തി നാനൂറ്റിതൊണ്ണുറ്റിനാലു പേര്‍ക്ക് പതിനായിരം രൂപവെച്ച് കൊടുക്കേണ്ടതിന് മൊത്തം മൂവ്വായിരത്തി തൊള്ളായിരത്തി പതിനഞ്ചുകോടി രൂപ വേണ്ടിവരും. മുവ്വായിരത്തി എണ്ണുറു കോടി വിതരണം ചെയ്തതായി പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊടുത്ത അഞ്ഞൂറു കോടിയും ഇതില്‍ പെടും. കൂടാതെ പല ചാരിറ്റി ഒര്‍ഗനൈസേഷനുകളും സഹായം എത്തിക്കുന്നുണ്ട്. എന്നിരുന്നാലും പലര്‍ക്കും ഇനിയും വീടുകള്‍ വാസയോഗ്യമാക്കാനുള്ള സഹയങ്ങള്‍ ലഭിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനയോഗ്യമല്ലാത്ത നാനുറ്റി അറുപത്തിയെട്ടു ബോട്ടുകളില്‍, നൂറ്റി എമ്പത്തിയൊന്നെണ്ണം മാത്രമേ റിപ്പയര്‍ ചെയ്തു കൊടുത്തിട്ടുള്ളു എന്ന് കണക്കുകള്‍ പറയുന്നു. ഇനിയും ആവശ്യമായ പണം എത്തിച്ചേരേണ്ടത് വിദേശ മലയാളികളുടെ കൈയ്യില്‍ നിന്നുമാണ്. എന്നാല്‍ ഫണ്ട് സമാഹരണ – വിതരണത്തില്‍ സുതാര്യത ഉണ്ടോ എന്ന സന്ദേഹം പലരും ചോദിക്കുന്നു.

IMG-20181112-WA0003അടുത്ത സമയത്ത് മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തില്‍ അമേരിക്കയില്‍ നിന്നും അദ്ദേഹം പ്രതീക്ഷിക്കുന്ന തുക പിരിച്ചെടുക്കാന്‍ പ്രയാസമുണ്ടാകില്ലെന്നും, എന്നാല്‍ ആ തുക എന്തിനു ചെലവാക്കുന്നു എന്നതിന് വ്യക്തത വേണമെന്നും ഓള്‍ കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് അസ്സോസിയേഷനേപ്പോലുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു. ചില പത്ര വാര്‍ത്തകളില്‍ ഇത്തരം ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നു എന്നും, ചില പാര്‍ട്ടി സഖാക്കളെ അതു കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്നു എന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് അവര്‍ ചൂണ്ടിക്കാട്ടി. ഒപ്പം അവര്‍ എങ്ങനെ ഫണ്ടുകള്‍ സുതാര്യമാക്കാം എന്നതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്, നേപ്പാളില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ പുനര്‍നിര്‍മ്മിക്കേണ്ട, സ്കൂളുകള്‍, ആശുപത്രികള്‍ വീടുകള്‍ എന്നിവിയയുടെ ചിത്രങ്ങളും ആവശ്യമായ തുകയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും, അത് വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ ഏറ്റെടുത്തു ചെയ്യാന്‍ അവസരം നല്‍കി. അവിടെ പുരോഗതി അവര്‍ക്കു തന്നെ വിലയിരുത്താന്‍ കഴിയും എന്നു മാത്രമല്ല അഴിമതിക്കുള്ള സാധ്യതയും ഇല്ലാതാകുന്നു. സുതാര്യത പുരോഗതിയെ മുന്നോട്ടു നയിക്കുന്ന വലിയ ഘടകാമാണന്ന അവരുടെ നിര്‍ദ്ദേശത്തെ മുഖ്യമന്ത്രി മുഖവിലക്കെടുത്തു എന്നു കരുതാന്‍ നിര്‍വാഹമില്ല. അദ്ദേഹം പറഞ്ഞത് മുഖ്യമന്ത്രിയുടെ ഫണ്ട് എങ്ങനെ വിനയോഗിക്കണമെന്ന് ആര്‍ക്കും നിര്‍ദ്ദേശിക്കാന്‍ പറ്റില്ല എന്നാണ്. നമ്മള്‍ കൊടുക്കുന്ന തുകയുടെ മൂന്നിലൊന്നുപോലും ശരിയായ ആവശ്യക്കാരനിലെത്തിച്ചേരുന്നില്ല എന്നുള്ള ആശങ്കയാണ് പൊതുവേ ഉയര്‍ന്നു കേട്ടത്. മറ്റൊരു ആശങ്ക ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് താല്പര്യക്കാര്‍ക്ക് എളുപ്പത്തിലും വേഗത്തിലും പണം അനുവദിക്കുകയും, അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടാതെ പോകുകയോ, കാലതാമസം വരുത്തുകയോ ചെയ്യും എന്നുള്ളതാണ്. വ്യക്തമായ രൂപരേഖയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ ക്രമത്തില്‍ സുതാര്യമായ ഒരു പദ്ധതി ഗവണ്മെന്റ് പ്രഖ്യാപിച്ചാല്‍ നമുക്ക് നവകേരള നിര്‍മ്മിതി വളരെ വേഗത്തില്‍ ആക്കാം എന്ന് ബാബു പാറയ്ക്കല്‍ അഭിപ്രായപ്പെട്ടു.

IMG-20181112-WA0004കേരളത്തിലെ പ്രമുഖരായ പല വ്യക്തികളോടും കഴിഞ്ഞ കുറെ നാളുകളായി പ്രളയ സംബന്ധമായവിഷയം സംസാരിക്കാന്‍ കിട്ടിയ അവസരങ്ങളെ കോരസന്‍ ഓര്‍ത്തെടുക്കുകയുണ്ടായി. കേരളത്തെ ഇത്രമാത്രം അടുപ്പിച്ച ഒരു ദുരന്തത്തിനുശേഷം നമ്മെ ഒക്കെ ലഞ്ജിപ്പിക്കുന്ന രിതിയിലുള്ള തമ്മില്‍ തല്ലുകളാണ് നാം കണ്ടത്. പാര്‍ട്ടികള്‍ തമ്മിലുള്ള ചെളിവാരിയെറിയല്‍ എന്നതില്‍ കവിഞ്ഞ് ക്രിയാത്മകമായ ഒന്നും നമുക്കതില്‍ നിന്നും കിട്ടുന്നില്ല. ഈ തിരിച്ചറിവ് എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാകുന്നോ അതുവരെ നമ്മുടെ നാട് നന്നാകാന്‍ പോകുന്നില്ല. ഇന്നും പലര്‍ക്കും പതിനായിരം രൂപ എന്ന അടിസ്ഥാന സഹായം ഇതുവരേയും കിട്ടിയിട്ടില്ല. കൂടാതെ ഇതുവരേയും വില്ലേജടിസ്ഥാനത്തില്‍ ഒരു സര്‍വ്വേ നടന്നിട്ടില്ല. എന്നാല്‍ ശുഭോദര്‍ക്കമായിട്ടുള്ള ഒരു കാര്യം കുറെ ചെറുപ്പക്കാരായ ജില്ലാ കളക്ടറുമാര്‍ നമുക്കുണ്ട് എന്നുള്ളതാണ്. ആരുടേയും പ്രേരണക്ക് വഴങ്ങാത്ത അവരുടെ ഉത്തരവാദിത്വബോധം നമുക്ക് ശുഭസൂചനയായി കാണാം. സഹായങ്ങള്‍ നേരിട്ട് അര്‍ഹതയുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ വൈസ്‌മെന്‍ ക്ലബ്ബ് പോലെയുള്ള സംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആ ശ്രമത്തിന്റെ ഫലമായി ചെങ്ങന്നൂരുള്ള ഒരാള്‍ക്ക് വീടുവെച്ചു കൊടുക്കാന്‍ തീരുമാനിച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. തുടര്‍ന്നു സംസാരിച്ച ജോസ് ചെരുപുറം, രാജു തോമസ്, ജോണ്‍ ജോണ്‍, സാനു അമ്പൂക്കന്‍, രാജു എബ്രഹാം, വര്‍ഗീസ് ഫിലിപ്പോസ് എന്നിവര്‍ ഗവണ്മെന്റ് കൂടുതല്‍ സുതാര്യമാകണമെന്ന അഭിപ്രായം പങ്കുവെച്ചു.

ഡോ. നന്ദകുമാര്‍ പ്രളയത്തെക്കുറിച്ച് അദ്ദേഹം എഴുതിയ “പ്രളയതാണ്ഡവം” എന്ന കവിതയും ഡോ. എന്‍.പി. ഷീല ജി, ശങ്കരക്കുറുപ്പിന്റെ “സൂര്യകാന്തി” എന്ന കവിതയും പാരായണം ചെയ്തു. സാംസി കൊടുമണ്‍ പ്രളയത്തെ തന്നെ ആസ്പദമാക്കി എഴുതിയ “പ്രളയം മുതല്‍ പ്രളയം വരെ” എന്ന കഥയും വായിച്ചു.

IMG-20181112-WA0005 IMG-20181112-WA0006 IMG-20181112-WA0007 IMG-20181112-WA0008 IMG-20181112-WA0009


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top