Flash News

ആരോഗ്യകരമായ സംവാദം സംസ്‌കാരത്തിന്റെ അടയാളം. ഡോ. അമാനുല്ല വടക്കാങ്ങര

November 21, 2018 , മീഡിയ പ്‌ളസ്

hello day 2018

മീഡിയ പ്‌ളസ് സംഘടിപ്പിച്ച ഹലോ ദിന പരിപാടിയില്‍ സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര സംസാരിക്കുന്നു.

ദോഹ: വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങളുമൊക്കെ തമ്മില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ നിലനില്‍ക്കുകയെന്നത് സംസ്‌കാരത്തിന്റെ അടയാളമാണെന്നും സാംസ്‌കാരികമായി ഉയരും തോറും സംവാദങ്ങളുടെ വ്യാപ്തി വര്‍ദ്ധിക്കുമെന്നും മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. ലോക ഹലോ ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘര്‍ഷങ്ങളും സംഘട്ടനങ്ങളുമൊന്നും സാംസ്‌കാരിക ലോകത്ത് പ്രസക്തമല്ല. പരസ്പരം തിരിച്ചറിയുവാനും ഊഷ്മളമായ സംവാദങ്ങളിലൂടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാനുമുള്ള പ്രബുദ്ധതയാണ് നമുക്കാവശ്യം. വിദ്യാഭ്യാസവും സംസ്‌കാരവും ആധുനിക മനുഷ്യനെ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് നയിക്കുകയാണ്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പുരോഗതിയിലും ജീവിത വ്യാപാരങ്ങളിലും സൗകര്യങ്ങളിലും വിപ്‌ളവകരമായ മാറ്റങ്ങളാണുണ്ടാക്കുന്നത്. സംസ്‌കാരവും പുരോഗതിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാവണമെങ്കില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

തുറന്ന മനസോടെ വികാരങ്ങളും വിചാരങ്ങളും പങ്കുവെക്കുവാനും എല്ലാവരോടും ഹലോ പറയുവാനും ആഹ്വാനം ചെയ്യുന്ന ലോക ഹലോ ദിന സന്ദേശം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ സാമൂഹികതയും പാരസ്പര്യവും ഊട്ടിയുറപ്പിക്കുവാനും സൗഹാര്‍ദ്ധത്തിന്റെ പരിമളം പരത്തുവാനുമാണ് ഇത്തരം സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത്.

സാമ്പത്തിക സുസ്ഥിതിയും സൗകര്യങ്ങളും മനുഷ്യനെ സ്വര്‍ഥതയുടെ തുരുത്തുകളിലേക്ക് നയിക്കുമ്പോള്‍ സാമൂഹിക ബോധവും സ്‌നേഹവും പ്രകടിപ്പിക്കാനുള്ള ആഹ്വാനമാണ് ഹലോ ദിനം നല്‍കുന്നത്. സംസാരിച്ച് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളേ വ്യക്തികളും സമൂഹങ്ങളുമൊക്കെ തമ്മില്‍ ഉണ്ടാവുകയുള്ളൂ. അവയൊക്കെ സമാധാനാന്തരീക്ഷത്തില്‍ രൂപംകൊള്ളുന്ന സംവാദങ്ങളിലൂടെ പരിഹരിക്കപ്പെടണമെന്നാണ് ഈ ദിനം ഓര്‍മപ്പെടുത്തുന്നത്.

മനുഷ്യ ഹൃദയത്തില്‍ സമാധാനം ഉണ്ടാവുന്നത് സ്വാര്‍ത്ഥതയ്ക്കും ഭയത്തിനും പകരം പ്രതീക്ഷയും കാരുണ്യവും നിറയുമ്പോഴാണ്. നമ്മള്‍ സൗഹൃദം ഉണ്ടാക്കുമ്പോള്‍ അത് വീട്ടിലും സമൂഹത്തിലും രാജ്യത്തിലും ലോകത്തിന് ആകമാനവും ഒരു സന്ദേശമായി മാറുന്നു. അതുകൊണ്ട് ഈ നവംബര്‍ 21 ന് എല്ലാവരോടും ഹലോ പറയാന്‍ എനിക്ക് അതിയായ താത്പര്യമുണ്ട് എന്നാണ് 1988 ലെ ഹലോ ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്‍ നല്‍കിയ സന്ദേശം. ലോക ഹലോ ദിനത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഈ വാക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

സന്ദേശ പ്രധാനമായ പ്‌ളക്കാര്‍ഡുകളുമായി മീഡിയ പ്‌ളസ് ടീം പുറത്തിറങ്ങിയപ്പോള്‍ ദിനാചരണം വേറിട്ട അനുഭവമായി മാറുകയായിരുന്നു. സമൂഹത്തില്‍ അറിയാനും അറിയിക്കാനും സന്ദേശങ്ങള്‍ കൈമാറാനുമൊക്കെ ഇത്തരം സന്ദര്‍ഭങ്ങള്‍ ഫലപ്രദമാണെന്ന് ടീം അംഗങ്ങള്‍ പറഞ്ഞു.

1973 ലാണ് ലോക ഹലോ ദിനം ആചരിച്ച് തുടങ്ങിയത്. നോബല്‍ സമ്മാന ജേതാക്കളായ ബ്രയാന്‍ മൈക്കെല്‍, മക് കോര്‍ മാക് എന്നിവരായിരുന്നു ഈ ദിനാചരണത്തിന്റെ തുടക്കക്കാര്‍.

ഇന്ന് ഇത് 180 രാജ്യങ്ങളിലെ ആളുകള്‍ ആചരിക്കുന്നു. പരസ്പരമുള്ള അഭിവാദ്യത്തിനു പുറമേ പരസ്പര കലഹങ്ങളും വിദ്വേഷങ്ങളും ഒഴിവാക്കാനുള്ള ശ്രമങ്ങളും ലോകസമാധാനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ക്ക് അയയ്ക്കലും എല്ലാം ഈ ദിനാചരണത്തിന്റെ ഭാഗമാണ്.പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധമല്ല ആശയ വിനിമയമാണ് വേണ്ടത് എന്ന സന്ദേശം ലോകനേതാക്കള്‍ക്ക് നല്‍കുക എന്നതാണ് ഇങ്ങനെ അഭിവാദ്യം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്.

ഷറഫുദ്ധീന്‍ വടക്കാങ്ങര, ഫൗസിയ അക്ബര്‍, മുഹമ്മദ് റഫീഖ് തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, ജോജിന്‍ മാത്യൂ, ശരണ്‍ സുകു,ആകാശ് ബെന്നി, സെയ്തലവി അണ്ടേക്കാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top