Flash News

ഇന്ത്യ പ്രസ് ക്ലബ് മാധ്യമ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കാന്‍ അഞ്ചംഗ ജൂറി

November 21, 2018 , സുനില്‍ തൈമറ്റം

madhyamasree jury teamവടക്കേ അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA ) മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ‘മാധ്യമശ്രീ’, ‘മാധ്യമരത്‌ന’ ഉള്‍പ്പെടെയുള്ള 12 പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹതയുള്ളവരെ അഞ്ച0ഗ ജൂറി തെരെഞ്ഞെടുക്കുമെന്ന് പ്രസിഡണ്ട് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം എന്നിവര്‍ അറിയിച്ചു.

മാധ്യമസാഹിത്യ രംഗത്തെ പ്രമുഖരായ ഡോ: ബാബു പോള്‍, തോമസ് ജേക്കബ്, കെ,എം റോയ്, ഡോ: എം.വി പിള്ള, അലക്‌സാണ്ടര്‍ സാം എന്നിവരാണ് ജൂറി അംഗങ്ങള്‍.

എഴുത്തുകാരനും, മികച്ച പ്രഭാഷകനുമായ ഡോ: ബാബു പോള്‍ കേരളത്തിന്റെ മുന്‍ അഡ്ഡീഷണല്‍ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കില്‍) ആയിരുന്നു.ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്‌നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടുകയുണ്ടായി.മാധ്യമം പത്രത്തില്‍ ‘മധ്യരേഖ’ എന്ന പേരില്‍ ഒരു പംക്തി ഏറെനാള്‍ ബാബുപോള്‍ കൈകാര്യം ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ ഗുരുതുല്യനായി കരുതുന്ന തോമസ് ജേക്കബ് ബ്രിട്ടണിലെ തോംസണ്‍ ഫൗണ്ടേഷന്റെ പത്രപ്രവര്‍ത്തക പരിശീലനത്തില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തിയാണ് . മലയാള . മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്ന തോമസ് ജേക്കബ് പത്രത്തിന്റെ വാര്‍ത്താവിഭാഗത്തിന്റെ തലവനായി വിരമിച്ചു . മനോരമയുടെ കോഴിക്കോട് പതിപ്പില്‍ ന്യൂസ് എഡിറ്ററായിരുന്നു. കേരള പ്രസ് അക്കാദമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മനോരമ പത്രത്തില്‍ എഴുതിയ കഥക്കൂട്ട് എന്ന പ്രതിവാര പക്തി ഏറെ പ്രശസ്തമാണ്. കഥക്കൂട്ട്, കഥാവശേഷര്‍, നാട്ടുവിശേഷം (ടി.വേണുഗോപാലുമായി ചേര്‍ന്ന്) എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്.

പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ കെ.എം റോയ് ,എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ വിദ്യാര്‍ഥിയായിരിക്കെ 1961 ല്‍ കേരളപ്രകാശം എന്ന പത്രത്തില്‍ സഹപത്രാധിപരായി മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചു. അതിനു ശേഷം ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം യു.എന്‍.ഐ വാര്‍ത്താ ഏജന്‍സിയിലും പ്രവര്‍ത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്രപ്രവര്‍ത്തന രംഗത്ത് നിന്ന് വിരമിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ ആയി മംഗളം വാരികയില്‍ എഴുതിയ ഇരുളും വെളിച്ചവും വായനക്കാരുടെ ഇഷ്ടപംക്തിയാണ്. കേരള പത്രപ്രവര്‍ത്തക യൂനിയന്റെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഫെഡറേഷന്‍ ഒഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനവുമായി ബദ്ധപ്പെട്ട് നിരവധി അവാര്‍ഡുകള്‍ റോയ് കരസ്ഥമാക്കിയിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെ മുഖ്യധാര മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച അലക്‌സാണ്ടര്‍ സാം, ദീപികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ പതിപ്പിന് ദീപിക തുടക്കമിടുമ്പോള്‍ പ്രവര്‍ ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് അലക്‌സാണ്ടര്‍ സാമായിരുന്നു.രാഷ്ട്ര ദീപികയ്ക്ക് തുടക്കമിട്ടതും അലക്‌സാണ്ടര്‍ സാമിന്റെ ചുമതലയിലായിരുന്നു. തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജ് അധ്യാപകനായി കരിയര്‍ ആരംഭിച്ച അലക്‌സാണ്ടര്‍ സാം , ഇപ്പോള്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ തൃശൂര്‍ ജില്ല പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു.

ലോക പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധനും ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ മെഡിക്കല്‍ ജേര്‍ണലിസം ടീമിന്റെ ചെയര്‍മാനുമായ ഡോ എം വി പിള്ള തികഞ്ഞ ഒരു ഭാഷാസ്‌നേഹി കൂടിയാണ്. മലയാള മനോരമയിലെ ക്ഷണിക്കപ്പെട്ട കോളമിസ്റ്റു കൂടിയായ ഡോ എം വി പിള്ളയെയാണ് കേരളത്തിലെ സ്വപ്ന പദ്ധതിയായ വൈറോളജി സെന്റര്‍ പടുത്തുയര്‍ത്തുവാന്‍ ഗവര്‍ണമെന്റ് ചുമതലപെടുത്തിയിരിക്കുന്നത് . വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാതൃഭൂമിയിലും കേരളശബ്ദത്തിലും വരാറുള്ള ലേഖനങ്ങളില്‍ പലതും ജനശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളതാണ്.

2018 നവംബര്‍ 30 വരെയാണ് നോമിനേഷനുകള്‍ സ്വീകരിക്കുന്നത്. മികച്ച മാധ്യമപ്രവര്‍ത്തകരെ നോമിനേറ്റ് ചെയ്യാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ indiapressclub.org യില്‍ ലഭ്യമാണ് .മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് നല്‍കുന്ന പുരസ്‌കാരങ്ങള്‍ 2019 ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യുമെന്ന് മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയര്‍മാന്‍ മാത്യു വര്‍ഗ്ഗീസ്, ചീഫ് കണ്‍സല്‍ട്ടന്റ് ജോര്‍ജ് ജോസഫ് എന്നിവര്‍ പറഞ്ഞു. രാഷ്ട്രീയസാമൂഹികസാംസ്‌കാരികമാധ്യമരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top