ശബരിമലയില്‍ സംഘ്പരിവാര്‍ ശരണം വിളിക്കുന്നത് ഭക്തി കൊണ്ടല്ലെന്നും, അവരുടെ ശരണം വിളി ഐഎസ് ഭീകരരുടെ തക്ബീര്‍ വിളി പോലെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഭക്തര്‍ക്ക് പുണ്യംകിട്ടാനോ, വിശ്വാസികള്‍ക്ക് സൗകര്യം കിട്ടാനോ അല്ല ഇവര്‍ നാമജപം നടത്തുന്നത്. ഐഎസുകാര്‍ തക്ബീര്‍ വിളിക്കുന്നതുപോലെ ചോരക്കളം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ശരണം വിളിക്കുകയാണ്. ശബരിമല പ്രക്ഷോഭം സംഘപരിവാറിന്റെ മൂശയില്‍ വാര്‍ത്തെടുത്തിരിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയസമരമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനങ്ങള്‍.
കോടിയേരിയുടെ ലേഖനത്തില്‍ നിന്നുളള പ്രസക്ത ഭാഗങ്ങള്‍:
കോടിക്കണക്കിന് ആളുകള്‍ തീര്ഥാടനത്തിനെത്തുകയും അവര്‍ ആരാധിക്കുകയും ചെയ്യുന്ന ധര്‍മശാസ്താവായ അയ്യപ്പന്റെ ഇടമാണ് ശബരിമല. ഇവിടം യുദ്ധക്കളമാക്കി ഭക്തരെ അകറ്റാനും ശബരിമലയുടെ ശാന്തി തകര്‍ക്കാനും സംഘപരിവാര്‍ കച്ചമുറുക്കിയിരിക്കുന്നത് വെറുതെയല്ല. ഭക്തര്‍ക്ക് പുണ്യംകിട്ടാനോ, വിശ്വാസികള്‍ക്ക് സൗകര്യം കിട്ടാനോ അല്ല ഇവര്‍ നാമജപം നടത്തുന്നത്. ഐഎസുകാര്‍ തക്ബീര്‍ വിളിക്കുന്നതുപോലെ ചോരക്കളം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ശരണം വിളിക്കുകയാണ്.
ഇത് കേരളത്തില്‍ ഇതുവരെ വേരുപിടിക്കാത്ത ബിജെപിക്ക് ആളെപിടിക്കാനും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടും സീറ്റും നേടാനുമുള്ള കുറുക്കുവഴിയാണ്. പ്രക്ഷോഭനായകര്‍ തന്നെ രാഷ്ട്രീയ ഉദ്ദേശ്യം വെളിപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ സംഘപരിവാര്‍ സമരത്തിന് ഒപ്പംനില്‍ക്കുന്ന മുസ്ലിംലീഗും കോണ്‍ഗ്രസും അടങ്ങുന്ന യുഡിഎഫും നവോത്ഥാനത്തിന് സംഭാവന നല്‍കിയിട്ടുള്ള സാമൂഹ്യസംഘടനകളും വ്യക്തികളും വീണ്ടുവിചാരം നടത്തണം.
ശബരിമല പ്രക്ഷോഭത്തിലൂടെ ഒരുവശത്ത്- കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെ ഇല്ലാതാക്കാന്‍ നോക്കുകയും മറുവശത്ത് കേരളത്തിന്റെ വികസനവും പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതി തടസ്സപ്പെടുത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കാന്‍ മതിയായ സഹായം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. യുഎഇ സര്‍ക്കാര്‍ നിരുപാധികമായി വാഗ്ദാനം ചെയ്തതടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നീട്ടിയ സഹായഹസ്തം സ്വീകരിക്കുന്നതിന് കേരളത്തെ കേന്ദ്രം വിലക്കുകയും ചെയ്തു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ കേരളം നേരിട്ടതിനെ ലോകം തന്നെ പ്രശംസിച്ചു. കേരളീയരുടെ ഐക്യത്തെയും ലോകത്തെമ്പാടുമുള്ള മലയാളികളുടെ നാടിനോടുള്ള കൂറും വിവിധ രാജ്യങ്ങള്‍ അത്ഭുതത്തോടെ കണ്ടു.
ഇത്തരം ഒരു മാനവികതയുടെ ഉണര്‍വിനെ ഞെക്കിക്കൊല്ലാനാണ് ശബരിമലയുടെ മറവിലെ എല്‍ഡിഎഫ് വിരുദ്ധ പ്രക്ഷോഭം. ശ്രീരാമനെ രാഷ്ട്രീയപ്രതീകമാക്കിയതുപോലെ ശബരിമല അയ്യപ്പനെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയ പ്രതീകമാക്കാനുള്ള പരിശ്രമത്തിലാണ് സംഘപരിവാര്‍. അയ്യപ്പന്റെ പേരില്‍ നടത്തുന്ന പേക്കൂത്തുകളില്‍ യഥാര്‍ഥ അയ്യപ്പഭക്തര്‍ ദുഃഖിക്കുന്നുണ്ട്.
ശ്രീരാമന്റെ കാര്യത്തില്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ളവര്‍ കണ്ടരീതിയിലല്ല ശ്രീരാമനെ അവതരിപ്പിച്ചത്. അതുപോലെ അയ്യപ്പനെയും തങ്ങളുടെ വര്‍ഗീയതയ്ക്ക് ഇണങ്ങും മട്ടില്‍ ചിത്രീകരിക്കുകയാണ്. ഇത് മനസിലാക്കുന്നതില്‍ കോണ്‍ഗ്രസും യുഡിഎഫും പരാജയപ്പെട്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ പി ഉണ്ണിക്കൃഷ്ണന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്ത്രിമാരും പൂജാരികളും കല്‍പ്പിക്കുന്ന ആചാരത്തിന്റെ വഴിയിലൂടെയല്ല കോണ്‍ഗ്രസ് സഞ്ചരിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണകാലയളവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിയാലോചനയ്ക്ക് മുസ്ലിംലീഗ് നേതാവ് മുഹമ്മദലി ജിന്നയ്ക്കൊപ്പം ക്ഷണിച്ചത് ഇന്ത്യയിലെ ഹിന്ദുക്കളുടെ പ്രതിനിധിയെന്ന നിലയിലായപ്പോള്‍ താന്‍ ഹിന്ദുവിന്റെ പ്രതിനിധിയായി വരില്ലെന്നും താന്‍ ഇന്ത്യക്കാരുടെ പ്രതിനിധിയാണെന്നും പ്രഖ്യാപിച്ച മഹാത്മാഗാന്ധിയുടെ പാരമ്പര്യം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മറന്നിരിക്കുകയാണ്. സംഘപരിവാറിന്റെ തീവ്രഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വത്തിന് പകരം തീവ്രഹിന്ദുത്വം തന്നെ ഉപയോഗിക്കുന്ന കെപിസിസി മഹാ മൗഢ്യത്തിലാണെന്ന് മാധ്യമം ദിനപ്പത്രം മുഖപ്രസംഗത്തിലൂടെ ഓര്‍മപ്പെടുത്തിയിരിക്കുകയാണ്.
വഴിതെറ്റലില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല. മുസ്ലിംലീഗ് മുന്നിലാണ്. മതസഹിഷ്ണുതയുടെ ആരാധനാകേന്ദ്രമായ ശബരിമലയെ ഹിന്ദുവര്‍ഗീയതയുടെ വിളനിലമാക്കാനുള്ള സംഘപരിവാര്‍ പ്രക്ഷോഭത്തിന് കുടപിടിക്കാന്‍ മുസ്ലിംലീഗ് നേതൃത്വവും മടികൂടാതെ മുന്നിലുണ്ട്. ബിജെപി സമരത്തിന് ശക്തിപകരാനാണ് യുഡിഎഫ് നേതാക്കള്‍ ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം പ്രകടിപ്പിച്ചത്. ആ കൂട്ടത്തില്‍ മുസ്ലിംലീഗ് നേതാവ് ഡോ. എം കെ മുനീറും മുന്നിലുണ്ടായിരുന്നു.സംഘപരിവാറിനെ വെള്ളപൂശാനും അവരുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതുമായ ഇത്തരം നടപടികള്‍ക്ക് ലീഗിന് ചരിത്രം മാപ്പ് നല്‍കില്ല. വിശ്വാസസംരക്ഷണത്തിന് ഞങ്ങള്‍ പ്രക്ഷോഭം കൂട്ടുന്നുവെന്നാണ് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ന്യായം. അത് പ്രകാരമാണെങ്കില്‍ ബാബ്റി മസ്ജിദ് പൊളിച്ചതും അവിടെ രാമക്ഷേത്രം പണിയാന്‍ ഇറങ്ങിയിരിക്കുന്നതുമായ സംഘപരിവാര്‍ അതിക്രമത്തിനും മറ വിശ്വാസമാണ്. ശബരിമലയില്‍ വിശ്വാസത്തിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്ന ലീഗ് നേതാക്കള്‍ ശബരിമലപ്രശ്നത്തില്‍ ആര്‍എസ്എസിന്റെ കൂടെയാണ് എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും ഒറ്റപ്പെടുത്താന്‍ ബിജെപിയെയും ആര്‍എസ്എസിനെയും കൂട്ടിയുള്ള മഹാസഖ്യനീക്കത്തിനാണ് ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് കക്ഷികള്‍ നീങ്ങുന്നത്. അതിന് ശബരിമലയെയും അയ്യപ്പനെയും രാഷ്ട്രീയ ആയുധമാക്കുകയാണ്. ഈ രാഷ്ട്രീയക്കളി പ്രബുദ്ധകേരളം തിരിച്ചറിയുമെന്ന് പറഞ്ഞാണ് കോടിയേരിയുടെ ലേഖനം അവസാനിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply