Flash News

ചാക്കോ ജേക്കബ് – ഡാളസ് മലയാളികളില്‍ വ്യത്യസ്ഥ വ്യക്തിത്വത്തിനുടമ

November 23, 2018 , പി.പി. ചെറിയാന്‍

chacko jacob-2ഡാളസ്: നവംബര്‍ 17 ന് അന്തരിച്ച കേരള അസോസിയേഷന്‍ ഓഫ് ഡാളസ് മുന്‍ പ്രസിഡന്റും, സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനുമായ ചാക്കോ ജേക്കബ് ഡാളസ് മലയാളി സമൂഹത്തിന്റെ അഭിമാനവും വ്യത്യസ്ഥ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു. എല്ലാ പൊതുവേദികളിലും ദേവാലയങ്ങളില്‍ പോലും ചാക്കോ ജേക്കബിന്റെ സാന്നിധ്യം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പട്ടാള സേവനത്തിന്റെ അംഗീകാരമായി ലഭിച്ച മെഡലുകളും ബാഡ്ജുകളും ധരിക്കാതെ ചാക്കോ ജേക്കബിനെ കാണുക ചുരുക്കമായിരുന്നു. ഇന്ത്യന്‍ ആര്‍മി വയര്‍ലസ് സിഗ്‌നല്‍ ഡിവിഷനില്‍ 15 വര്‍ഷം ചാക്കോ ജേക്കബ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1938 സെപ്റ്റംബര്‍ 18 ന് നിരണം കുറിചേര്‍ത്ത എരമല്ലാടില്‍ ചാക്കോച്ചന്‍–ശോശാമ്മ ദമ്പതികളുടെ മകനായി ജനിച്ച ചാക്കോ ജേക്കബ് (കുഞ്ഞ്) 17-ാം  വയസ്സിലാണ് മിലിട്ടറി സേവനത്തില്‍ പ്രവേശിച്ചത്. 1969 ല്‍ മാവേലിക്കരെ കൊറ്റാര്‍ക്കാവ് തറമേല്‍ തെക്കേതില്‍ ചിന്നമ്മയെ വിവാഹം കഴിക്കുകയും, 1974-ല്‍ ഭാര്യാസമേതം അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ പതിനൊന്നു വര്‍ഷം താമസിച്ച ശേഷം 1985ലാണ് ഡാളസിലേക്ക് താമസം മാറ്റിയത്.

ഡാളസ്സിലെ മര്‍ത്തോമ്മാ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ചുരുക്കം ചില വ്യക്തികളില്‍ ഒരാളായിരുന്നു ചാക്കോ ജേക്കബ്. ആയിരത്തില്‍‌പരം കുടുംബങ്ങള്‍ അംഗങ്ങളായുള്ള അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് തിരഞ്ഞെടുത്തത് ചാക്കോ ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് വശം‌വദനാകാതെ, നീതിയോടും ധീരതയോടും കൂടെ അസ്സോസിയേഷന് നല്‍കിയ നേതൃത്വം സംഘടനയുടെ യശസ് വാനോളം ഉയരുന്നതിന് കാരണമായി. ഇര്‍‌വിംഗ് ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. അധികാരഭ്രമം തൊട്ടുതീണ്ടിയിട്ടില്ലാത്ത അദ്ദേഹത്തെ ഇവയെല്ലാം തേടിയെത്തിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

വിശാല മനസ്സിന്റെ ഉടമയായ ചാക്കോ ജേക്കബിന്റെ മുഖം നോക്കാതെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ ചിലരിലെങ്കിലും അസഹിഷ്ണുത ജനിപ്പിച്ചിട്ടുണ്ടെന്നുള്ളത് വിസ്മരിക്കാനാവില്ല. എണ്‍പത് വയസ്സുവരെ ജീവിക്കാന്‍ അവസരം ലഭിച്ച അദ്ദേഹം രോഗാതുരനായി കഴിയുമ്പോഴും നീതിക്കു വേണ്ടിയുള്ള പോരാട്ടം അഭംഗുരം തുടര്‍ന്നിരുന്നു. “എനിക്ക് പ്രായമായി എന്ന് നിങ്ങള്‍ കരുതുന്നുണ്ടായിരിക്കും, പക്ഷെ എന്റെ മനസ്സ് ഇപ്പോഴും യുദ്ധക്കളത്തില്‍ പോരാടുന്ന ഒരു പട്ടാളക്കാരന്റേതാണ്” – ചാക്കോ ജേക്കബ് പറയുമായിരുന്നു.

ഡാളസ് കേരള അസ്സോസിയേഷനില്‍ ചാക്കോ ജേക്കബുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ലഭിച്ച നിരവധി അവസരങ്ങളില്‍ അദ്ദേഹത്തിന്റെ നന്മകളും, അപാരമായ വിജ്ഞാനവും, പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനും തരണം ചെയ്യുന്നതിനുമുള്ള വൈഭവവും നേരിട്ടു മനസ്സിലാക്കുവാന്‍ ലേഖകനും അവസരം ലഭിച്ചിട്ടുണ്ട്.

ചാക്കോ ജേക്കബിന്റെ വിടവാങ്ങല്‍ നിഴല്‍ പോലെ പിന്തുടര്‍ന്നിരുന്ന പ്രിയതമ ചിന്നമ്മക്കും, മക്കള്‍ക്കും ഉണ്ടാക്കിയിരിക്കുന്ന മനോവേദനയില്‍ ഞാനും പങ്കുചേരുന്നു.

ചാക്കോ ജേക്കബിന്റെ മരണം ഡാളസിലെ ക്രൈസ്തവ സമൂഹത്തിന്, പ്രത്യേകിച്ച് മര്‍ത്തോമാ സഭക്കും ഡാളസ് കേരള അസോസിയേഷനും ലയണ്‍സ് ക്ലബിനും തീരാനഷ്ടമാണ്.

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ചാക്കോ ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായും, സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സെക്രട്ടറി ദാനിയേല്‍ കുന്നേല്‍ അറിയിച്ചു. നവംബര്‍ 23 വെള്ളി, 24 ശനി ദിവസങ്ങളില്‍ ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നടക്കുന്ന പൊതുദര്‍ശനത്തിലും സംസ്കാര ശുശ്രൂഷകളിലും അസ്സോസിയേഷന്‍ അംഗങ്ങള്‍ പങ്കെടുക്കണമെന്നും സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top