Flash News

താങ്ക്‌സ് ഗിവിംഗ്- നന്ദിപ്രകാശത്തിനും കാരുണ്യത്തിനും (ക്യാപ്റ്റന്‍ രാജു ഫിലിപ്പ്)

November 24, 2018 , ബിജു ചെറിയാന്‍

thankgiving-1അമേരിക്ക ഈയാഴ്ച താങ്ക്‌സ് ഗിവിംഗ് ആഘോഷിക്കുമ്പോള്‍ എങ്ങും ഉല്ലാസവും നന്ദി പ്രകടവുമായി ഏവരും ആഘോഷത്തിമര്‍പ്പിലാണ്. കുടുംബസദസുകളും ഔദ്യോഗികമേഖലകളുമെല്ലാം നന്ദിയാഘോഷങ്ങള്‍ക്ക് വേദിയാകുന്നു. തീന്‍മേശയില്‍ നിറയുന്ന പ്രധാന വിഭവം ടര്‍ക്കി തന്നെ. 50 മില്യനിലേറെ ടര്‍ക്കികള്‍ ഈ സുദിനത്തില്‍ ഉപയോഗിക്കപ്പെടുമെന്നാണ് ഏകദേശ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

raju philip-3അരനൂറ്റാണ്ടോളമായി കേരളത്തില്‍ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ആളുകള്‍ക്ക് പുതുമയുള്ള അനുഭവമായിരുന്നു താങ്ക്‌സ് ഗിവിംഗ്. മൂന്നര പതിറ്റാണ്ട് മുമ്പ് ന്യൂയോര്‍ക്കില്‍ എത്തുമ്പോള്‍ ആദ്യത്തെ താങ്ക്‌സ് ഗിവിംഗ് ആഘോഷിച്ചത് ഇടവക പള്ളിയിലായിരുന്നു. നേരത്തെ എത്തിയ ചിലര്‍ ടര്‍ക്കി ബേക്ക് ചെയ്തുകൊണ്ടുവന്നു. സാധാരണ കേരള ഭക്ഷണവുമൊക്കെ കൂട്ടിക്കലര്‍ത്തിയ പാര്‍ട്ടിയായിരുന്നു അത്. എരിവും പുളിയും മസാലയുമില്ലാതെ ഇറച്ചി കഴിക്കുന്ന പതിവ് മലയാളികള്‍ക്കില്ലാത്തതുകൊണ്ട് ടര്‍ക്കികളില്‍ മസാല പുരട്ടിയായി പിന്നീടുള്ള താങ്ക്‌സ് ഗിവിംഗ് പാര്‍ട്ടികള്‍. കര്‍ഗം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ടര്‍ക്കി ധനാഢ്യ കുടുംബങ്ങളില്‍ മാത്രം കാഴ്ചയ്ക്കായി വളര്‍ത്തിയിരുന്ന പക്ഷിയായിരുന്നു. നാടന്‍ കോഴികളുടേയും താറാവിന്റേയും പശുക്കുട്ടികളുടേയും മുമ്പിലൂടെ ഗര്‍വ്വോടെ നടന്നിരുന്ന കര്‍ഗം അന്ന് ഒരു അലങ്കാരമായിരുന്നു. അമേരിക്കയില്‍ എങ്ങും കാണപ്പെടുന്ന ടര്‍ക്കിയും ഡീയറും (മാന്‍) പലപ്പോഴും ഗതാഗത തടസ്സവും ഉണ്ടാക്കാറുണ്ട്.

രോഗവും പീഡകളും മൂലം കഷ്ടപ്പെടുന്ന സഹജീവികളെ എക്കാലവും അകമഴിഞ്ഞ് സഹായിക്കുന്ന പാരമ്പര്യമാണ് ബഹുഭൂരിപക്ഷം മലയാളികള്‍ക്കുമുള്ളത്. കുടുംബ ബന്ധങ്ങളിലുള്ള ആത്മാര്‍ത്ഥതയാണ് ആദ്യകാല കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ സഹോദരീ സഹോദരങ്ങളെ കരകയറ്റുവാനുള്ള പ്രചോദനമായത്. അവരൊക്കെ ഇന്ന് റിട്ടയര്‍മെന്റും, രോഗാവസ്ഥയും, മരണവുമൊക്കെയായി തിരശീലയ്ക്കു പിന്നിലേക്ക് മറയുമ്പോള്‍ അവരുടെ പാത പിന്തുടരാന്‍ പുതു തലമുറയ്ക്ക് ഉത്തരവാദിത്വമുണ്ട്. രണ്ടായിരാമാണ്ടോടെ കൂടുതലായി എത്തിത്തുടങ്ങിയ ഐ.ടി പ്രൊഫഷണലുകള്‍ കൂടി ആയപ്പോള്‍ ഇന്ത്യന്‍ വംശജര്‍ മിക്ക സംസ്ഥാനങ്ങളിലും നിറസാന്നിധ്യമായിത്തീര്‍ന്നു.

വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടേയും സാമൂഹ്യ സംഘടനകളുടേയും ആഭിമുഖ്യത്തില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, വസ്ത്രങ്ങള്‍, തണുപ്പിനെ വെല്ലുന്ന കോട്ടുകള്‍ എന്നിവ ശേഖരിച്ച് സാധുക്കള്‍ക്ക് നല്‍കുന്ന പതിവുണ്ട്. സാമൂഹിക- സാംസ്കാരിക സംഘടനകള്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാന്‍ കഴിയേണ്ടതാണ്. ഓണാഘോഷം പോലെ ഏകീകൃതഭാവം താങ്ക്‌സ് ഗിവിംഗ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയാല്‍ അത് മുഖ്യധാരാ സമൂഹത്തില്‍ നമ്മുടെ സാന്നിധ്യം വെളിവാക്കുകകൂടി ചെയ്യും. വെള്ളപ്പൊക്ക ദുരിതത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കാന്‍ നാം ഒരുമയോടെ പ്രവര്‍ത്തിച്ചത് മാതൃകയാകണം.

ഓരോ താങ്ക്‌സ് ഗിവിംഗും ആഘോഷങ്ങള്‍ക്ക് മാത്രമായി മാറ്റിവെയ്ക്കാതെ നമ്മുടെ സഹജീവികളെ കരുതുവാനും കാരുണ്യ സ്പര്‍ശനം നല്‍കുവാനും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു. ഏവര്‍ക്കും താങ്ക്‌സ് ഗിവിംഗ് സന്തോഷം നേരുന്നു.

സ്‌നേഹപൂര്‍വ്വം
ക്യാപ്റ്റന്‍ രാജു ഫിലിപ്പ്.

thanksgiving-2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top