Flash News

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍ 11): എച്മുക്കുട്ടി

November 25, 2018

part 7കേസ് ഫയല്‍ ചെയ്താലും ഉടനെയൊന്നും സംഭവിക്കില്ലല്ലോ.അതീവ മെല്ലെ ഇഴയുന്ന ഒരു ജുഡീഷ്യല്‍ സംവിധാനമാണല്ലോ നമുക്കുള്ളത്. കോടതിക്കെട്ടിടത്തിലെ തൂണു പോലും പണമാവശ്യപ്പെടും. പിന്നെ കോടതി നോട്ടീസ് വരുമ്പോള്‍ പ്യൂണിനോ പോസ്റ്റ് മാനോ ഒക്കെ പണം കൊടുത്താല്‍ മതി, അവര്‍ ആള്‍ സ്ഥലത്തില്ല എന്ന കുറിപ്പോടെ നോട്ടീസും കൊണ്ട് മടങ്ങിപ്പൊക്കോളും. കുറച്ചു കൂടി കാശു കൊടുത്താല്‍ നോട്ടീസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് തന്നിട്ട് ആള്‍ സ്ഥലത്തില്ല എന്നവര്‍ എഴുതിക്കൊണ്ടുപോകും. അയാള്‍ നല്ല മിടുക്കനായിരുന്നതുകൊണ്ട് നോട്ടീസിന്റെ ഫോട്ടോസ്റ്റാറ്റ് എടുപ്പിച്ച ശേഷമാണ് കോടതിയിലെ പ്യൂണിനെ മടക്കി അയച്ചത്.

പ്യൂണായാലും പോസ്റ്റ്മാനായാലും പറയുന്നത് പച്ചക്കള്ളമാണെന്ന് ജഡ്ജിയ്ക്ക് അറിയാം. പക്ഷെ, നോട്ടീസ് വീണ്ടും അയയ്ക്കുക എന്നതല്ലാതെ വേറേ ഒരു വഴിയുമില്ല. അങ്ങനെ ഈ നോട്ടീസ് അയാള്‍ കൈപ്പറ്റാന്‍ തന്നെ അനവധി ദിവസമെടുക്കും. അയാള്‍ സ്വയം കൈപ്പറ്റുകയില്ലെന്ന് ഉറപ്പാവുമ്പോള്‍ പിന്നെ കോടതി പത്രത്തില്‍ പരസ്യം കൊടുക്കും. അതിനും കോടതിയില്‍ ഹാജരാകാത്തവരുണ്ടാവുമ്പോള്‍ അവരുടെ വീട്ടഡ്രസ്സില്‍ നോട്ടീസ് പശ വെച്ചു പതിക്കും. പശവെച്ച് പതിക്കുമ്പോഴേക്കും ഒരുമാതിരി പെട്ടവരൊക്കെ വരും. പിന്നെയും വരാത്തവര്‍ക്കാണ് പോലീസിന്റെ പക്കല്‍ വാറന്റ് അയയ്ക്കുക. പോലീസും കാശു മേടിച്ച് വാറന്റ് കുറെ നാള്‍ ഒഴിവാക്കും. ഇതൊക്കെ കഴിഞ്ഞ് കേസ് ആരംഭിക്കുമ്പോഴേക്ക് മിനിമം ഒരു വര്‍ഷമെങ്കിലും ആകും.. തുമ്മുന്നതിനും ചീറ്റുന്നതിനും ഒക്കെ വിവാഹമോചനം നേടുന്നവരാണ് ഇപ്പോഴത്തെ പെണ്ണുങ്ങള്‍ എന്നൊക്കെ പറയുന്നവര്‍ക്ക് കോടതിയുമായി യാതൊരു ഇടപാടും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കേസുമായി യഥാര്‍ഥത്തില്‍ ബന്ധപ്പെടുന്നവര്‍ക്കേ തിരിച്ചറിയാന്‍ കഴിയൂ.

Echmu 2018-1അവളുടെ കാര്യത്തിലും അങ്ങനെയൊക്കെ തന്നെ സംഭവിക്കുകയായിരുന്നു. അയാള്‍ നോട്ടീസ് കൈപ്പറ്റിയില്ല എങ്കിലും ഫോട്ടൊസ്റ്റാറ്റ് എടുത്ത് അവളുടെ പരാതിയിലെ സകല വിവരവും അറിഞ്ഞു. നാലാമത്തെ ദിവസം അയാളുടെ രണ്ട് സുഹൃത്തുക്കള്‍ സമയം പറഞ്ഞുറപ്പിച്ച് ഓഫീസിനടുത്തുള്ള ഒരു ഷോപ്പിംഗ് മാളില്‍ അവളെ കാണാന്‍ വന്നു. അവളുടെ വീട്ടുകാരുടെ ധനാശയാണ് കാരണമെന്ന് അയാള്‍ അവരെ പറഞ്ഞു ബോധ്യമാക്കിയിരുന്നു. അതുകൊണ്ട് ചേട്ടത്തിയമ്മയെ അവളുടെ കൂടെ കണ്ടപ്പോള്‍ അവരുടെ മുഖം തികച്ചും മ്ലാനമായി.

എങ്കിലും കുറച്ചു മണിക്കൂറുകള്‍ ഒന്നിച്ചു സംസാരിച്ചപ്പോള്‍ മകനെക്കൊണ്ട് അവളെ തല്ലിച്ചതിനു യാതൊരു ന്യായീകരണവും അവര്‍ക്കും കിട്ടിയില്ല. അതുകൊണ്ട് തന്നെ അവളിനി അവിടെപ്പോയി പാര്‍ക്കണമെന്ന് പറയാന്‍ അവര്‍ക്ക് ധൈര്യവും വന്നില്ല. അവള്‍ കൂടെ പാര്‍ക്കില്ലെന്ന് അവരുടെ മുന്നില്‍ വെച്ച് അയാളോട് പറയണമെന്നായിരുന്നു കൂട്ടൂകാരുടേ ഡിമാന്‍ഡ്. മകനെ എനിക്ക് വിട്ടു തരാന്‍ പറയൂ, എന്റെ അമ്മ എനിക്ക് തന്ന ആഭരണങ്ങളെങ്കിലും എനിക്ക് തിരിച്ചു തരാന്‍ പറയൂ, എന്ന് രണ്ട് ഉപാധികള്‍ അവളും പകരം ആവശ്യപ്പെട്ടു.

ശ്രമിക്കാം എന്ന് വാഗ്ദാനം നല്‍കി അവര്‍ നിസ്സഹായരായി ഇറങ്ങിപ്പോയി.

ചേട്ടത്തിയമ്മയ്‌ക്കൊപ്പം നടന്ന് വിലകൂടിയതും അവള്‍ എന്നും ഇടാന്‍ കൊതിച്ചതുമായ ഒരു ജോഡി ബ്രായും പാന്റീസും വാങ്ങി. അതു വാങ്ങുമ്പോള്‍ അവളുടെ കണ്ണില്‍ നീര്‍മണികള്‍ തിളങ്ങുന്നുണ്ടായിരുന്നു. പിന്നെ അവള്‍ക്ക് നന്നേ ഇഷ്ടപ്പെട്ട ചില സ്വീറ്റ്‌സും വാങ്ങിക്കഴിച്ചു.

‘ഇനി മരിച്ചാലും പോട്ടേ, ഏട്ടത്തിഅമ്മേ’ എന്നവള്‍ പറഞ്ഞപ്പോള്‍ അവര്‍ വിലക്കി. ‘ദേ ആ ബ്രായും പാന്റീസുമൊക്കെ ഇട്ടിട്ട് മരിച്ചാല്‍ മതി.. എനിക്കെങ്ങും വേണ്ട അത്. നിന്റെ പിശുക്കന്‍ ചേട്ടന്‍ ഞാനിതൊക്കെ മേടിച്ചു എന്നറിഞ്ഞാല്‍ ആ നിമിഷം നെഞ്ചുപൊട്ടി മരിക്കും ‘ അപ്പോള്‍ അവള്‍ ചിരിച്ചു. പാതി വിടര്‍ന്ന ഒരു ചിരി.

മോന്റെ കൈയും പിടിച്ച് അവള്‍ ചുറ്റി നടക്കാറുള്ള കടകള്‍,ഈറ്റിംഗ് ജോയിന്റ്‌സ് ,ബ്യൂട്ടി പാര്‍ലര്‍, മോര്‍ ഷോപ്പുകള്‍,ബിഗ് ബസാര്‍ … എല്ലാം അവള്‍ ചേട്ടത്തിയമ്മയ്ക്ക് കാണിച്ച് കൊടുത്തു. പിന്നെയും പിന്നെയും മോനിലേക്ക് തന്നെ മടങ്ങുന്ന അവളെയും കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ നിന്ന ചേട്ടത്തിയമ്മ അവളെ കൂട്ടി ഒടുവില്‍ ഹനുമാന്റെ അമ്പലത്തില്‍ പോയി പ്രസാദം വാങ്ങി തൊടുവിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.

സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ ഒരു ദിവസം മകനെ ഒരു മാളിലേക്ക് കൊണ്ടുവന്ന് അവള്‍ക്കൊപ്പം വിട്ടു. അവന്‍ ‘അമ്മായി വീട്ടില്‍ നിന്നു പോയാലേ അവന്‍ അമ്മയ്‌ക്കൊപ്പം താമസിക്കു’ എന്നൊരു ഉപാധി വെച്ചു. അവള്‍ സഹകരിച്ചില്ല. എന്നു മാത്രമല്ല, ‘നീ എന്നെ പെരുവഴിയില്‍ കളഞ്ഞിട്ട് പോയ ദിവസം അമ്മായി കൂടെ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതിനു കാരണം നിന്റെ ആ അമ്മായിയാണ്. അവരെ എനിക്ക് കളയാന്‍ പറ്റില്ല’ എന്ന് ഉറപ്പിച്ചു പറഞ്ഞു.

അവന്‍ പെട്ടെന്ന് കരഞ്ഞുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു.

‘അമ്മ മരിക്കാന്‍ പാടില്ല. അമ്മ മരിച്ചാല്‍ എനിക്ക് പിന്നെ ആരുണ്ട്? അമ്മ ഒരിക്കലും മരിക്കാന്‍ പാടില്ല. മോന്‍ പ്രോമിസ് ചെയ്യൂ.. അമ്മ മരിക്കില്ലെന്ന് ..’ എന്ന് വിതുമ്പി.

അവള്‍ അവന്റെ കൈയിലടിച്ച് മോന്‍ പ്രോമിസ് ചെയ്തു.

അതിന്റെ പിറ്റേന്നാള്‍ ഒരു ദിവസം അമ്മയ്‌ക്കൊപ്പം പാര്‍ക്കാനായി അവന്‍ അമ്മയുടേ വീട്ടിലേക്ക് വന്നു.

വീട്ടില്‍ ഉല്‍സവമുണ്ടായി.

അവന്‍ അമ്മായിയ്ക്കും മണ്ണാങ്കട്ടി ചേച്ചിയ്ക്കും ഉമ്മകള്‍ കൊടുത്തു. മണ്ണാങ്കട്ടി ചേച്ചിയെ എടുത്തു പൊക്കി വട്ടം കറക്കി. അഞ്ചടി പത്തിഞ്ചു പൊക്കമുള്ള പന്ത്രണ്ടുകാരനായിരുന്നുവല്ലോ അവന്‍.. മണ്ണാങ്കട്ടി ചേച്ചി നാലടി പൊക്കമുള്ള ഒരു പാവക്കുട്ടിയും.

ഭക്ഷണം കഴിച്ച് എല്ലാവരുമുറങ്ങാന്‍ കിടക്കുമ്പോള്‍ അവന്‍ മണ്ണാങ്കട്ടി ചേച്ചിയുടേയും അവന്റെ അമ്മയുടേയുമിടയിലാണ് കിടന്നത്. അമ്മായിയോട് അവന്റെ കാലിന്റരികേ കിടന്നോളാന്‍ അവന്‍ സദയം അനുവദിച്ചു. അല്ലെങ്കില്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടന്നാല്‍ അമ്മായിയ്ക്ക് പേടിയാവില്ലേ എന്നായിരുന്നു അവന്റെ സംശയം.

അമ്മയോട് അവനെ നോക്കി കിടക്കണമെന്നും അവനുറങ്ങുമ്പോള്‍ അമ്മയുടെ മുഖം കാണുന്നത് അവനു ഒരുപാട് സമാധാനവും സന്തോഷവും നല്‍കുമെന്നും അവന്‍ പറഞ്ഞപ്പോള്‍ അവള്‍ അവനെ കെട്ടിപ്പിടിച്ചു നെഞ്ചോട് ചേര്‍ത്തു.

അപ്പോള്‍ തന്നെ അവന്‍ ഫോണ്‍ ചെയ്ത് അവന്റെ അച്ഛനെ അറിയിച്ചു, ഞാന്‍ നാളെ വരുന്നില്ല… കുറെ ദിവസങ്ങള്‍ കഴിഞ്ഞ് വരാമെന്ന് …അയാള്‍ക്ക് അപ്പോള്‍ അത് സമ്മതിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല.

പിറ്റേന്നാള്‍ അവളുടെ ചേട്ടത്തിയമ്മയ്ക്ക് മടങ്ങിപ്പോവേണ്ടതായി വന്നു. അവരുടെ മകള്‍ ഇന്ദുവിനു ചിക്കന്‍ പോക്‌സ് പിടിച്ചതായിരുന്നു കാരണം. വല്ലാത്ത ഭീതിയോടെയും പരിഭ്രമത്തോടേയും വ്യസനത്തോടെയുമാണ് ചേട്ടത്തിയമ്മ അവളെ വിട്ടിട്ട് പോയത്. അവര്‍ക്ക് അവളെപ്പറ്റി ആലോചിച്ച് മാനസികരോഗത്തോളമെത്തുന്ന ഉല്‍ക്കണ്ഠ വളര്‍ന്നു കഴിഞ്ഞിരുന്നു. മണ്ണാങ്കട്ടി ഉറപ്പ് നല്‍കി… ‘ഭയപ്പെടരുത്… ഞാനുണ്ടല്ലോ. ഞാന്‍ എല്ലാം മാനേജ് ചെയ്‌തോളാം.’

മഴ പെയ്യുന്നൊരു ഉച്ചയ്ക്ക് ചേട്ടത്തിയമ്മ അവളെയും മോനെയും മണ്ണാങ്കട്ടിയേയും വിട്ടിട്ട് അവരുടെ മകളുടെ അടുത്തേക്ക് പോയി.
അയാള്‍ ഉദ്ദേശിച്ചതു പോലെ സുഹൃത്തുക്കള്‍ ആരും അയാള്‍ക്കൊപ്പം നിന്നില്ല. അയാള്‍ ചെയ്തതെല്ലാം ശുദ്ധതെമ്മാടിത്തമാണെന്നും ഭാര്യ അയാളെ ഉപേക്ഷിച്ചതില്‍ യാതൊരു കുഴപ്പവുമില്ലെന്നും മകനെക്കൊണ്ട് അവന്റെ അമ്മയെ അടിപ്പിക്കുന്നതു പോലെ ക്രൂരമായ ഒരു തെറ്റില്ലെന്നും അവര്‍ തീര്‍ത്തു പറഞ്ഞു.

അയാള്‍ക്ക് നഗരത്തിലെ ഒരു പ്രശസ്ത എന്‍ജിനീയറിംഗ് ഫേമില്‍ ജോലിയാക്കിക്കൊടുക്കാന്‍ അവര്‍ കഠിനമായി പ്രയത്‌നിച്ചു, രണ്ടു മൂന്നാഴ്ചകള്‍ കൊണ്ട് അതിലവര്‍ വിജയിക്കുകയും ചെയ്തു.

ജോലിക്ക് പോകാതിരിക്കാന്‍ ഒരു ന്യായവും അയാളുടെ മുന്നില്‍ അന്നേരം ഉദിച്ചില്ല.

മോന്‍ അമ്മയ്‌ക്കൊപ്പം ആ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നുണ്ടെന്ന് അയാള്‍ ദിവസത്തില്‍ പലവട്ടം ഫോണ്‍ വിളിച്ച് ഉറപ്പ് വരുത്തിയിരുന്നു. അവന്‍ നീന്താന്‍ പോകുന്നുണ്ടെന്നും ടി ടി കളിക്കുന്നുണ്ടെന്നും അമ്മ അവനു മാമു വാരിക്കൊടുക്കുന്നുണ്ടെന്നും മണ്ണാങ്കട്ടിചേച്ചി അവന്റൊപ്പം കളിക്കുമെന്നും ഒക്കെ അവന്‍ വിസ്തരിച്ചു മറുപടികള്‍ കൊടുത്തിരുന്നു.

മണ്ണാങ്കട്ടിചേച്ചിയുമായി അധികം അടുക്കരുതെന്ന് അയാള്‍ എപ്പോഴും അവനു താക്കീതു നല്‍കി. അവന്‍ മുതിര്‍ന്ന പയ്യനാണെന്നും അവന്‍ മോശമായി പെരുമാറി എന്ന് ചേച്ചി പോലീസില്‍ പരാതിപ്പെട്ടാല്‍ അവര്‍ അവന്റെ മംഗിണി മുറിച്ചുകളയുമെന്നും അയാള്‍ മോനോട് പറഞ്ഞു.
അവന്‍ ഭയന്നു വിറച്ചു പോയി.

അതിനു ശേഷം മണ്ണാങ്കട്ടിയുമായി അവന്‍ ഏറേ അകന്നു നിന്നു. അവള്‍ക്കൊപ്പം കളിക്കുന്നതു പോയിട്ട് മിണ്ടാന്‍ പോലും അവന്‍ ഇഷ്ടപ്പെട്ടില്ല. പകല്‍ അവന്‍ അച്ഛന്റൊപ്പം നില്‍ക്കാമെന്നും അമ്മ വൈകീട്ട് ഓഫീസ് വിട്ടു വരുമ്പോള്‍ കൂടെ വരാമെന്നും അവന്‍ പറഞ്ഞു തുടങ്ങി . മണ്ണാങ്കട്ടിയ്ക്ക് വല്ലാത്ത വേദന തോന്നി. ‘നിന്നെ എടുത്തു നടന്നവളാണ് ഞാന്‍, നിനക്ക് മാമു തന്നവള്‍ , നിന്റെ അപ്പിയും മൂത്രവും ച്ഛര്‍ദ്ദിയും കോരിയവള്‍, നിന്റെ കൂടെ ഒത്തിരിയൊത്തിരി കളിച്ചവള്‍, നീ എന്റെ മോനെപ്പോലെയാണെനിക്ക് …. ‘ എന്നൊക്കെ അവള്‍ പറഞ്ഞു നോക്കി.

അവന്‍ പുലിയെപ്പോലെ ചീറീ..

‘മണ്ണാങ്കട്ടീ.. നീ ഒരു വേലക്കാരിയാണ് , വേലക്കാരികള്‍ വലിയ വീട്ടിലെ ആണ്‍കുട്ടികളെ ഉപദ്രവിച്ച് കാശു പിടുങ്ങുമെന്ന് അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ട്. വേലക്കാരി വേലക്കാരിയുടേ നിലയ്ക്ക് നിന്നാല്‍ മതി’

മണ്ണാങ്കട്ടി മഴയിലെന്നപോലെ കണ്ണീരില്‍ അലിഞ്ഞ് ഒഴുകിപ്പോയി. മണ്ണാങ്കട്ടിയോട് കൂട്ടു കൂടാന്‍ നിര്‍ബന്ധിച്ചാല്‍ അവന്‍ എന്നേക്കുമായി അച്ഛന്റെടുത്തേക്ക് മടങ്ങുമെന്ന് അമ്മയെ പേടിപ്പിക്കാനും അപ്പോള്‍ മുതല്‍ അവന്‍ ധൈര്യപ്പെട്ടു.

അപ്പോഴാണ് വീണ്ടും കോടതി നോട്ടീസ് വന്നത്, അയാള്‍ അത് വേഗം ഒപ്പിട്ട് വാങ്ങി. അവള്‍ ഓഫീസില്‍ നിന്ന് തിരിച്ചു വരുന്ന നേരത്ത് ഒരു ദിവസം അവളുടെ ഫ്‌ലാറ്റിന്റെ കോമണ്‍ വരാന്തയില്‍ തളന്നര്‍വശനായി അയാള്‍ കിടക്കുന്നുണ്ടായിരുന്നു.

അവള്‍ക്കയാളെ വീട്ടിനകത്ത് കയറ്റാതെ ഒരു വഴിയുമില്ലാതായി. മണ്ണാങ്കട്ടി അന്തംവിട്ട് നിന്നു. മോന്‍ തീരെ അല്‍ഭുതപ്പെട്ടില്ല. അതവള്‍ ശ്രദ്ധിച്ചില്ലെങ്കിലും മണ്ണാങ്കട്ടി ശ്രദ്ധിച്ചു.

അകത്ത് കയറിയപ്പോള്‍ അയാള്‍ വെട്ടിയിട്ട വാഴപോലെ അവളുടെ കാല്‍ക്കല്‍ വീണു. കേസ് പിന്‍വലിക്കണമെന്നും അയാള്‍ ചെയ്തത് തെറ്റാണെന്നും അയാള്‍ ഉടനെ ജോലിക്ക് പോവാമെന്നും പറഞ്ഞു.
അവള്‍ ഒന്നും ഉച്ചരിച്ചില്ല.

ഒടുവില്‍ അവള്‍ മൌനം മുറിച്ചപ്പോഴാകട്ടെ അത് അയാള്‍ക്ക് തീരെ ഇഷ്ടമായതുമില്ല.

അവളും മകനും കുറച്ച് നാള്‍ ഇങ്ങനെ അകന്നു തന്നെ നില്‍ക്കാം. മകനു ആശ തോന്നുമ്പോള്‍ കുറച്ചു ദിവസം അയാള്‍ക്കൊപ്പവും താമസിച്ചു കൊള്ളട്ടേ. അയാള്‍ ജോലിക്ക് പോയി അതിനോട് പൊരുത്തപ്പെട്ട് പുറം ലോകവുമായി കുറച്ചു നാള്‍ ഇടപെടൂ. . അവള്‍ക്കിപ്പോള്‍ അയാളെ കാണാനോ അയാളോട് സംസാരിക്കാനോ ആശയില്ല.കുറച്ചു നാള്‍ അകന്നു കഴിയുമ്പോള്‍ അയാളുടെ അസാന്നിധ്യം അവളെ വേദനിപ്പിക്കുന്നുവെങ്കില്‍, അയാളെ കാണാനും സംസാരിക്കാനും ആശ തോന്നുന്നുവെങ്കില്‍ അന്നേരം മെല്ലെ മെല്ലെ ഇത് ശരിയാക്കി എടുക്കാം. അതുവരെ അവള്‍ക്ക് സമയം കൊടുക്കു എന്നാണവള്‍ അഭിപ്രായം പറഞ്ഞത്.

അയാള്‍ ബാല്‍ക്കണിയില്‍ നിന്ന് എടുത്തു ചാടുമെന്നും അവരുടെ വീട്ടില്‍ തന്നെ കെട്ടിത്തൂങ്ങുമെന്നും അയാള്‍ അലറി.

അത് കേട്ടപ്പോള്‍ മോന്‍ പേടിച്ചു കരയാന്‍ തുടങ്ങി.

‘അമ്മാ, നമുക്ക് മടങ്ങിപ്പോകാം… അച്ഛന്‍ മരിച്ചാല്‍ കഷ്ടമല്ലേ’ എന്ന് അവന്‍ ഉറക്കെ കരഞ്ഞു.

അയാള്‍ തുണിയെല്ലാം അഴിച്ച് കളഞ്ഞിട്ട് അവളുടെ കോളനിയില്‍ മുഴുവന്‍ ഓടുമെന്ന് ഭീഷണി മുഴക്കി. മോനു സഹിക്കാന്‍ കഴിഞ്ഞില്ല. അച്ഛന്‍ നഗ്‌നനായി മണ്ണാങ്കട്ടി വേലക്കാരിയുടേ മുന്നില്‍ നില്‍ക്കുന്നത് അവന്റെ കുഞ്ഞുനാണത്തിനു പോലും ഹൃദയഭേദകമായിരുന്നു.

ഇത്രയൊക്കെ അച്ഛന്‍ സങ്കടം കാണിച്ചിട്ടും , അവന്‍ ഏങ്ങലടിച്ച് കരഞ്ഞിട്ടും വീട്ടിലേക്ക് മടങ്ങാമെന്ന് പറയാത്ത അമ്മയെ അവന്‍ ശരിയ്ക്കും വെറുത്തു.

എന്തൊരു കാഠിന്യമാണ്, സ്‌നേഹമില്ലായ്മയാണ് ,അമ്മയ്ക്ക്..

അവള്‍ അയാളോട് വസ്ത്രമുടുക്കാന്‍ പറഞ്ഞു, മണ്ണാങ്കട്ടിയോട് അകത്ത് പോകാന്‍ പറഞ്ഞു. അയാള്‍ക്ക് ഒറ്റ നിര്‍ബന്ധമായിരുന്നു. ഒന്നുകില്‍ അവള്‍ ഇപ്പോള്‍ അയാള്‍ക്കൊപ്പം മടങ്ങുക അല്ലെങ്കില്‍ അയാളെയും ഈ വീട്ടില്‍ താമസിപ്പിക്കുക.

രണ്ടിനും അവള്‍ തയാറായിരുന്നില്ല. അത്രമേല്‍ അവള്‍ക്ക് അയാളുമൊത്തുള്ള ദിവസങ്ങള്‍ മടുത്തു കഴിഞ്ഞിരുന്നു.

അയാള്‍ എത്ര ബഹളം വെച്ചിട്ടും അവള്‍ മൌനിയായി ഇരുന്നു. വഴക്ക് വലുതാക്കി അയല്‍പ്പക്കക്കാര്‍ പരാതിപ്പെട്ട് വീട് വിട്ട് പോവേണ്ടി വന്നാലോ എന്ന ഭയമായിരുന്നു അവള്‍ക്ക്.

ആഹാരം കഴിക്കാതെ കരഞ്ഞ് കരഞ്ഞ് തളര്‍ന്ന് മോന്‍ തറയില്‍ തന്നെ കിടന്നുറങ്ങി. മണ്ണാങ്കട്ടി ഒരു പ്രേതത്തെപ്പോലെ അകത്തെ മുറിയുടെ വാതില്‍ക്കല്‍ കുത്തിയിരുന്നു.

സിഗരറ്റില്ലാതെ നില്‍ക്കാന്‍ വയ്യെന്ന് തോന്നിയപ്പോള്‍ അയാള്‍ പുറത്തേക്കിറങ്ങി, അവള്‍ ആ നിമിഷം വാതിലടച്ച് കുറ്റിയിട്ടു, എന്നിട്ട് പൊട്ടിപ്പൊട്ടിക്കരഞ്ഞു. അപ്പോള്‍ രാത്രി മൂന്നുമണിയായിരുന്നു. പകല്‍ മുഴുവന്‍ ഓഫീസിലെയും സൈറ്റിലേയും ജോലികഴിഞ്ഞ് വന്നിട്ട് അവള്‍ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല. ഒന്നു മുഖം കഴുകിയിട്ടില്ല, ഒന്നു മൂത്രമൊഴിച്ചിട്ടില്ല…. അവള്‍ക്ക് ഉയര്‍ന്ന വരുമാനമുണ്ടായിട്ട് എന്താണ് കാര്യം?

അവളും വെറും തറയില്‍ മോന്റെ അരികില്‍ തന്നെ കിടന്നു. മണ്ണാങ്കട്ടി കുറച്ചു നേരം കൂടി പ്രതിമപോലെ ഇരുന്നു. പിന്നെ കണ്ണുകള്‍ തുടച്ചുകൊണ്ട് അവളും കിടന്നു.

ആരും ഒന്നും കഴിച്ചില്ല.

രാവിലെ അഞ്ചുമണിയായപ്പോള്‍ ഡോര്‍ബെല്‍ മുഴങ്ങാന്‍ തുടങ്ങി… നിറുത്താതെ ..തുടരെത്തുടരെ . അവള്‍ എത്തിക്കുത്തി നടന്ന് കതകിലെ മാജിക് ഐയിലൂടെ നോക്കിയപ്പോള്‍ അയാളാണ്… കുറെക്കൂടി ഉഗ്രമൂര്‍ത്തിയായിട്ടാണ് അയാള്‍ നിന്നിരുന്നത്.

പിന്നെ അവള്‍ മടിച്ചില്ല. 100 നമ്പര്‍ ഡയല്‍ ചെയ്യാന്‍..

പോലീസ് കോളനിയിലേക്ക് പ്രവേശിച്ചപ്പോള്‍ അയാള്‍ അവളുടെ ഫ്‌ലാറ്റിനു മുന്നില്‍ നിന്ന് മാറി.

ആരോ തുടരെ ബെല്ലടിച്ച് പേടിപ്പിക്കുന്നുവെന്നും അവള്‍ക്കും മകനും പണിക്കാരിക്കും ആ ഫ്‌ലാറ്റില്‍ ഇങ്ങനെ ഭയപ്പെട്ട് നില്‍ക്കേണ്ടെന്നും ദയവു ചെയ്ത് അടുത്ത കോളനിയില്‍ താമസിക്കുന്ന ഒരു സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കൊണ്ടാക്കിത്തരണമെന്നും അവള്‍ പോലീസുകാരോട് അപേക്ഷിച്ചു.

അവളെയും മോനെയും മണ്ണാങ്കട്ടിയേയും കൊണ്ട് പോലീസ് ജീപ്പ് പുറപ്പെടുമ്പോള്‍ അയാള്‍ പൂത്തുലഞ്ഞു നിന്നിരുന്ന കൂറ്റന്‍ റങ്കൂണ്‍ ക്രീപ്പറിന്റെ മറപറ്റി ഒളിച്ച് സിഗരറ്റ് വലിക്കുന്നത് മറ്റാരും കണ്ടില്ലെങ്കിലും അവള്‍ കാണാതിരുന്നില്ല.

( തുടരും )


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top