പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മോര്‍ തീത്തോസ് മുഖ്യമന്ത്രിക്ക് കൈമാറും

Malankara-1ന്യൂയോര്‍ക്ക്: കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി മലങ്കര അതിഭദ്രാസനവും വിശ്വാസികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആര്‍ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ്.

നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്താ ആര്‍ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ്, ആഗസ്റ്റ് പതിനാറാം തീയതി ഭദ്രാസനത്തിലെ അമേരിക്കയിലെയും കാനഡയിലെയും ദേവാലയങ്ങളിലേക്കായി അയച്ച ഇടയലേഖനത്തില്‍ പ്രളയദുരിതത്തില്‍പ്പെട്ട കേരളത്തിന്റെ പുനരധിവാസ, പുനര്‍നിര്‍മ്മാണ കാര്യങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഭയുടെ ഹൈറേഞ്ച് മേഖലയില്‍ സഭ നേരിട്ട് നടത്തുന്ന ദുരിതാശ്വാസത്തിലേക്കുമായി നല്‍കുന്നതിനായി ധനസമാഹരണ യജ്ഞത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും ഉദ്‌ബോധിപ്പിച്ചിരുന്നു. ഇടവകകളില്‍ നിന്ന് മികച്ച സഹകരണമാണ് ലഭിച്ചതെന്നും ഈ സദുദ്യമത്തില്‍ സഹകരിച്ച എല്ലാ വിശ്വാസികളോടുമുള്ള നന്ദിയും സ്നേഹവും അഭിവന്ദ്യ തിരുമേനി അറിയിച്ചു.

2018 സെപ്തംബര്‍ 20 ന് ന്യൂയോര്‍ക്കിലെ സഫേണിലുള്ള ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത പ്രളയത്തില്‍ സര്‍‌വ്വതും നശിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി എല്ലാവരും സഹകരിക്കണമെന്നും, എങ്കിലേ നവകേരളത്തെ പടുത്തുയര്‍ത്താന്‍ കഴിയൂ എന്നും, 150 കോടി രൂപയാണ്‌ അമേരിക്കന്‍ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നതെന്നും അറിയിച്ചിരുന്നു. കക്ഷിരാഷ്ട്രീയഭേദമന്യേ വിവിധ മതനേതാക്കളും, സംഘടനാ നേതാക്കളും, പ്രസ് ക്ലബ് അംഗങ്ങളും സംബന്ധിച്ച ചടങ്ങില്‍ നോര്‍ത്ത് അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്ത അഭി. എല്‍ദോ മോര്‍ തീത്തോസ് നടത്തിയ മറുപടി പ്രസംഗത്തില്‍, ഇനിയൊരു പ്രളയം വരുമ്പോള്‍ അതിനെ അതിജീവിക്കത്തക്ക ഒരു സമ്പദ്ഘടനയും വ്യവസ്ഥിതിയും ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും, കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ അതിഭാദ്രസനതിന്റെ എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തിരുന്നു.

ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തിലുള്ള ആര്‍ച്ച് ബിഷപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി ഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എം.ഡി അറിയിച്ചു. മലങ്കര അതിഭദ്രാസന ജോയിന്റ് ട്രഷറര്‍ ബിനോയ് വര്‍ഗീസും ഭദ്രാസന കൗണ്‍സില്‍ അംഗം ജോയ് ഇട്ടനും അഭി. എല്‍ദോ മോര്‍ തീത്തോസിനോടൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കും.

Print Friendly, PDF & Email

Related News

Leave a Comment