കത്രീന (ചെറുകഥ): സാംസി കൊടുമണ്‍

Kathreena banner-1ഞാന്‍ കത്രീന. നാശത്തിന്‍റെചുഴലി. എന്നാണവര്‍ എന്നെ വിളിച്ചത്.

അനന്ത കോടി നക്ഷത്ര വീഥികളില്‍ പിറന്ന്, അന്തമായ കാലത്തിലൂടെ കടന്നു പോയവള്‍. എന്നിട്ടും കലിയടങ്ങാതെ, എതോ നിയോഗം പോലെ ഈ ഭൂമിയില്‍ വിലയം പ്രാപിക്കാന്‍ നിയോഗിക്കപ്പെട്ടവളായി. എന്‍റെ അമ്മയുടെ ഉദരത്തില്‍ ഞാന്‍ ശാന്തിയും സധാനവും കാംക്ഷിച്ചു. അവിടെ പ്രകോപനങ്ങളും പ്രതിസന്ധികളുമില്ലാതെ നിത്യതയില്‍ കഴിയാമെന്നു മോഹിച്ചിരിയ്ക്കെ, നിനയ്ക്കാത്ത ഒരു നാഴികയില്‍ ഞാന്‍ അമ്മയുടെ കലഹങ്ങള്‍ക്കൊപ്പം ഈ ഭൂമിയില്‍ പിറന്നു.

അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ ഞാന്‍ അറിഞ്ഞു ഇത് കലഹങ്ങളുടേയും, വഞ്ചനയുടേയും ഒരു ലോകമാണെന്ന്. എന്‍റെ പപ്പയും മമ്മിയും തമ്മിലുള്ള അവസാനിക്കാത്ത വാക്കുതര്‍ക്കങ്ങളില്‍ക്കൂടി ഞാന്‍ പിച്ച വെച്ചു നടന്നു. പലപ്പോഴും എന്നിലെ സംഹാര ശക്തി ആഞ്ഞു വീശാന്‍ കൊതിക്കാറുണ്ട്. എന്നില്‍ പ്രളയം ഉടലെടുക്കുകയും, ഞാന്‍ ഒരു ചുഴലിയായി രൂപന്തരപ്പെടുകയും ചെയ്യുമോ എന്നു ഭയന്നു, എന്നാല്‍ എന്‍റെ പപ്പയുടെ ദയനീയ നോട്ടവും സ്വാന്തനിപ്പിക്കുന്ന തലോടലും എന്നെ ആശ്വസിപ്പിച്ചു.

മമ്മിയുടെ അഹന്തയും, പപ്പയുടെ നിസ്സഹായതയും ഇണങ്ങാത്ത കണ്ണികളായി. മമ്മി എന്നും അധികാരിയായിരുന്നു. ഭൂമിയുടെ അധികാരി. ‘ഞാന്‍ ഒരദ്ധ്യാപകന്‍റെ മകളാണ്. ബി.എസ്.സി നെഴ്സാണ്. എന്‍റെ അമ്മാവന്‍ റെക്ടറച്ചനാണ്. അകന്നമ്മായി മദര്‍ സുപ്പിരിയറാണ്. ആങ്ങള എഞ്ചിനിയറാണ്.’ മമ്മിയുടെ വായ്പ്പാട്ടുകള്‍ സ്വയം പുകഴ്ത്തലുകളാകുമ്പോള്‍, പാവം പപ്പയ്ക്ക് എന്തു പറയാനാണുള്ളത്? ഒരു കര്‍ഷക കുടുംബത്തിലെ എം.എ. ക്കാരനായ മൂത്ത മകന്‍! അഭിമാനിയായ അപ്പനോട്, നിത്യദരിദ്രനായിരുന്ന പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ കടം കൊള്ളുന്നതെത്രയോ കണ്ടിരിയ്ക്കുന്നു. ഒരേ ഇടവകപ്പള്ളിയിലെ ആ കുട്ടിയോടു തോന്നിയ ഒരടുപ്പം ഇത്ര വലിയ കുഴപ്പമാകുമെന്നൊരിയ്ക്കലും കരുതിക്കാണില്ല പപ്പ. ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കില്‍ എത്തുന്നതുവരേയും പപ്പയും മമ്മിയും വഴക്കുകൂടിയിട്ടേ ഇല്ല എന്നാണ് പപ്പ പറയുന്നത്. ഫുഡ് കോര്‍പറേഷനിലെ നല്ല ഒരു ജോലി ഉണ്ടായിരുന്ന പപ്പ എന്നും മമ്മിയെക്കാള്‍ ഒരു പടി ഉയര്‍ന്നുതന്നെ നിന്നിരുന്നു.

അമേരിക്ക പാവം പപ്പയെ ഒരു ഭീരുവാക്കി. മമ്മി പണം ഉണ്ടക്കുന്നവളും, തീരുമാനങ്ങളെടുക്കുന്നവളുമായപ്പോള്‍, പപ്പ ഒരു കോണിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ടു. കുടുംബത്തില്‍ പപ്പയുടെ സ്ഥനം എന്തെന്നുറപ്പില്ലാതെ പപ്പ അലഞ്ഞു നടന്നു. മദ്യപനെന്നും, തെണ്ടി നടക്കുന്നവനെന്നും പപ്പയെ വിചാരണ ചെയ്യുന്നതിന്‍റെ പൊരുള്‍ ഒരു ആറു വയസുകാരിക്ക് മനസ്സിലാക്കാവുന്നതിനും അപ്പുറമായിരുന്നു. പപ്പയിലെ കോപാഗ്നി കത്തി ജ്വലിക്കാന്‍ തുടങ്ങുമ്പൊഴൊക്കെ പപ്പയുടെ മടിയിലിരുന്ന് ഞാനാ അഗ്നിയെ തണുപ്പിച്ചു. അടര്‍ന്നുവീഴുന്ന കണ്ണുനീര്‍ത്തുള്ളികളെ തുടച്ചുകൊണ്ട് പപ്പ വിളിയ്ക്കും
“മോളെ കത്രീ..” ആ വിളിയിലെ സ്നേഹവും ആര്‍ദ്രതയും എന്നെ പപ്പയിലേക്ക്ഏറെ അടുപ്പിച്ചു. നീണ്ട മൗനത്തിനുശേഷം പപ്പ പറയും “മോളെ… നമുക്ക് എങ്ങോട്ടെങ്കിലും പോകാം…” വാക്കുകളുടെ പൊരുള്‍ അറിയാത്ത ഞാന്‍ പപ്പയുടെ കവിളുകളില്‍ തലോടി ചിരിച്ചു. എന്‍റെ നിഷ്ക്കളങ്കമായ ചിരിയില്‍ പപ്പയുടെ മനസ് കൂടുതല്‍ വേദനിച്ചെട്ടെന്നപോലെ എന്നെ ചേര്‍ത്ത് ആലിംഗനം ചെയ്യും.

എന്തായിരുന്നു കലഹങ്ങളുടെ കാരണം.? അഹന്ത! വിട്ടുമാറാത്ത അഹന്ത! ഡല്‍ഹിയില്‍ പപ്പ മാന്യനും, യോഗ്യനും ആയിരുന്നു. അമേരിക്കയില്‍ മമ്മിക്ക് എന്തു പറ്റി. ലോകം തലകീഴായി മറിഞ്ഞിരിക്കുന്നു. ഒരു ഫാക്ടറി തൊഴിലാളി എന്ന പദവിയില്‍ പപ്പ പരാജിതനായിരുന്നു. മറ്റു പ്രൊഫഷന്‍സ് ഒന്നും അറിയാത്ത പപ്പ ഓഫീസ് ജോലി ആഗ്രഹിച്ചു. ഇവിടെ അങ്ങനെ ഒന്നു കിട്ടാനില്ലല്ലൊ എന്ന വേദന എന്നും പപ്പയ്ക്കുണ്ടായിരുന്നു. ഒരോ ജോലി നഷ്ടപ്പെടുമ്പോഴും മമ്മി വിചാരണ തടുവുകാരനെയെന്നപോലെ പപ്പയെ ന്യായം വിധിയ്ക്കും. “കൂടെയുള്ളവരൊക്കെ രണ്ടും മൂന്നും വീടു വാങ്ങിച്ചു. ഇവിടൊരാള്‍ ഇപ്പോഴും ജോലി തെണ്ടി നടക്കുക. എന്തിനാ ജോലി, മിനിങ്ങി നടക്കാനും, കള്ളടിക്കാനും എന്‍ റെകാശൊണ്ടല്ലോ…” പപ്പയുടെ അഭിമാനത്തിന്‍റെ മേല്‍ പതിയ്ക്കുന്ന കൂര്‍ത്ത കല്ലുകളെ പപ്പ മൗനം കൊണ്ട് നേരിട്ടു.

അഹന്തയുടെ ആള്‍രൂപമായ മമ്മി സുന്ദരിയായിരുന്നു. അല്ലെങ്കില്‍ മമ്മി അങ്ങനെ അവകാശപ്പെടുന്നു. “എന്‍റെ സൗന്ദര്യം കണ്ട് എത്ര പേര്‍ പുറകെ നടന്നതാ… എന്നിട്ടോ.. നാട്ടുകാരനല്ലേ…അറിയുന്നവരല്ലേ…വീട്ടുകാരുടെ ചിന്ത അങ്ങനെയായിരുന്നു. ഒടുവില്‍ അനുഭവിക്കുന്നത് ഞാനല്ലേ…” കലഹാന്ത്യത്തിലെ സ്ഥിരം പല്ലവികളായിരുന്നു. പപ്പയുടെ ലോകം ചെറുതായി ചെറുതായി, ലിവിംഗ് റൂമിലെ സോഫയും, അടുക്കളയോടു ചേര്‍ന്നുള്ള ഡെന്നുമായി. എനിക്കിഷ്ടമുള്ള ആഹാരങ്ങള്‍ പപ്പ എനിയ്ക്കു തന്നു. സ്കൂളിലേക്കെന്നെ പപ്പ കൊണ്ടുപോയി. സ്കൂള്‍ തീരുന്നതുവരേയും പപ്പ എനിക്ക് കാവല്‍ നിന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. മമ്മിയുടെ ജോലി സമയം അനന്തമായി നീണ്ടു. ഒരോ ദിവസവും ഒരോ കാരണങ്ങള്‍ ആരോടെന്നില്ലാതെ പറയുന്നു. വീട്ടിലെത്തിയാലും അടച്ചിട്ട മുറിയില്‍ നീണ്ട ഫോണ്‍ സംഭാഷണങ്ങള്‍ പൊട്ടിച്ചിരികള്‍. പപ്പ ഒരു ചെറുമന്ദഹാസത്തോട് പറഞ്ഞു “മോളെ പപ്പ ഒഴിഞ്ഞുകൊടുക്കേണ്ട സമയമായി.”

പിറ്റെ ദിവസം പപ്പ എന്നെ അണിയിച്ചൊരുക്കി സ്കൂളിള്‍ എത്തിച്ചിട്ട് പറഞ്ഞു, “മോളെ… പപ്പ ഒരു സ്ഥലം വരെ പോകുന്നു. കുറച്ചു നാള്‍ കഴിഞ്ഞേ വരു. മോള്‍ സങ്കടപ്പെടരുത്. സ്കൂള്‍ ബസില്‍ തിരികെ പോകണം. മമ്മിയോട് വഴക്കിടരുത്.” പപ്പ എന്‍റെ കവിളുകളില്‍ ആഴത്തില്‍ ചുംബിച്ചു. പ്രിയപ്പെട്ടതെന്തൊ തീരത്തുപേക്ഷിച്ച നാവികനെപ്പൊലെ പപ്പ തിരിഞ്ഞു നോക്കി, നോക്കി നടന്നകന്നു. ഇന്നും പപ്പയുടെ വരവിനായി ഞാന്‍ കാക്കുന്നു. പക്ഷേ ഒരിയ്ക്കലും വന്നില്ല. മമ്മിയുടെ അടക്കിപ്പറച്ചിലുകളിലൂടെ ഞാന്‍ അറിഞ്ഞു പപ്പ ഇനി വരാന്‍ വയ്യാത്തവണ്ണം ഏതോ തുരുത്തില്‍ അകപ്പെട്ടു എന്ന്. മമ്മി കരഞ്ഞില്ല. സന്തോഷിച്ചു, ആ സന്തോഷം കാണുമ്പോഴൊക്കെ എന്‍റെ ഹൃദയം തേങ്ങി. അവരോട് ഉള്ളില്‍ പകയാണ്. എന്‍റെ ഹൃദയം ദുര്‍ബലമാണന്നു പിന്നീട് അറിഞ്ഞപ്പോള്‍ അതിന്‍ റെകാരണക്കാരി മമ്മിയെന്നു ഞാന്‍ മുദ്രകുത്തി.

അധികം താമസിക്കാതെ മമ്മിയുടെ രഹസ്യക്കാരന്‍ രണ്ടാനച്ഛനായി വരുകയും, അര്‍ദ്ധ സഹോദരങ്ങളായ ഒരു സഹോദരിയും സഹോദരനും ജനിക്കുകയും ചെയ്തിട്ടും ഞാന്‍ ഒറ്റപ്പെട്ടവളായിരുന്നു. വെറുക്കപ്പെട്ട അപ്പന്‍ റെമകള്‍. അവള്‍ ഒരു രോഗിയാണന്നറിഞ്ഞതോടെ മമ്മി എന്ന സ്നേഹത്തിന്‍റെ മാലാഖ ആയിരിക്കേണ്ടവളുടെ സ്വരഭേദങ്ങളില്‍ ഹൃദയം ഒന്നുകൂടി ദുര്‍ബ്ബലമായി. ജീവിതത്തിലെ ഒറ്റപ്പെടലുകളില്‍, പപ്പയെക്കുറിച്ചുള്ള ഓര്‍മ്മകളും, ഒന്നാം ക്ലാസു മുതല്‍ കൂടെ പഠിച്ചവന്‍റെ കണ്ണുകളിലെ സ്വാന്തനത്തിന്‍ റെതലോടലുകളും ആയിരുന്നു ആശ്വാസം. എന്നാല്‍ ഇപ്പോള്‍ എന്‍റെ കൂട്ടുകാരന്‍ കറുത്തവനാണെന്നും, അല്ലാഹുവിന്‍റെ ആരാധകനെന്നും മമ്മി കണ്ടുപിടിച്ചിരിക്കുന്നു. ഇത്രനാളും ഇല്ലാത്ത മാതൃ സ്നേഹം. സ്നേഹം വേണ്ടിയിരുന്നപ്പോഴൊന്നും മമ്മി അറിഞ്ഞില്ല. അപ്പോഴോക്കെ ഉറ്റ സ്നേഹിതനായി അവന്‍ കൂടെയുണ്ടായിരുന്നു. എല്ലാ സംഘര്‍ഷങ്ങളും അവനൊപ്പം പങ്കുവെച്ചു. നല്ല ഒരു സ്നേഹിതന്‍. അവന്‍റെ ഒരു മെസേജ് ഫോണില്‍ കണ്ടപ്പോള്‍ തുടങ്ങിയ അലട്ടലുകളാണ്. ഫോണ്‍ ഇനി മേലില്‍ വേണ്ട.വീക്കെന്‍റിലെ വിരസത അകറ്റാന്‍ ആ നല്ല സുഹൃത്ത് ഫെയ്സ്ടൈമില്‍ വരും. അവന്‍ കാമുകനാണോ..അറിയില്ല. ഞങ്ങള്‍ക്കിടയില്‍ അങ്ങനെ ഒരു ചിന്ത ഉണ്ടായിട്ടില്ല. ഇനി ഒരുദിവസം അവന്‍ ഇഷ്ടപ്പെട്ടാല്‍ അവനോടൊപ്പം ജീവിതം പങ്കിടുന്നതില്‍ സന്തോഷമേ ഉണ്ടാകു. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നേ ഇല്ല എന്നിരിക്കില്‍ മമ്മി എന്തിന് എഴുതാപ്പുറം വായിക്കുന്നു?

“അതെങ്ങനാ അപ്പന്‍റെ മോളല്ലേ… ഒരിയ്ക്കലും സ്വസ്ഥത തരില്ലല്ലോ..” അതൊരു കുറ്റാരോപണമായിരുന്നു. പപ്പയുടെ മേലുള്ള അടങ്ങാത്ത കലി. എന്‍റെ പപ്പയെ വിധിക്കാന്‍ നിങ്ങളാര്. ഒര്‍ക്കാപ്പുറത്ത് പൊട്ടിത്തെറിയ്ക്കയായിരുന്നു. എന്‍റെ പപ്പയോടു നിങ്ങള്‍ കാണിച്ചതൊന്നും ഞാന്‍ മറന്നിട്ടില്ല. ഒരാറു വയസുകാരിയോട് നിങ്ങള്‍ ചെയ്യ്തതെന്താണന്നു മറന്നു. നിങ്ങള്‍ എനിക്കെന്‍റെ പപ്പയെ നഷ്ടമാക്കി. ഇപ്പോള്‍ എന്‍റെ കൂട്ടുകാരനേയും നിങ്ങള്‍ക്കു വേണം അല്ലേ…? എന്‍റെ ഹൃദയത്തിന്‍റെ താളം തെറ്റുന്നതു ഞാന്‍ അറിഞ്ഞു. അതു വലിഞ്ഞു മുറുകി പൊട്ടുന്നു. സംഹാരത്തിന്‍ റെജ്വാലകളാല്‍ ഞാന്‍ കത്തി. എന്നിലെ ചുഴലിയെ ഞാന്‍ ഒതുക്കാന്‍ ശ്രമിച്ചു. പക്ഷേ എല്ലാ നിയന്ത്രണങ്ങളേയും വിട്ട് എന്‍റെ ഹൃദയം നിലച്ചു. മമ്മി കരഞ്ഞുവോ. അവര്‍ക്കു ഞാന്‍ ആരായിരുന്നു. വെറുക്കപ്പെട്ട ഒരുവനില്‍ ജനിച്ചവള്‍. പതിനേഴു വയസില്‍ അവസാനിച്ച എന്റെ സ്വര്‍ഗ്ഗാരോഹണ ദിവസമാണിന്ന്. ആരാലും സ്നേഹിക്കപ്പെടാത്ത എന്നില്‍ പകയുടെ ലാവ തിളച്ചു മറിയുന്നു. എന്നില്‍ ചുഴലികള്‍ രൂപപ്പെടുന്നു. പ്രപഞ്ചം മുഴുവന്‍ ചുഴറ്റി എറിയുവാന്‍ ഉള്ള്വാഞ്ചിക്കുന്നു. എങ്കിലും ഞാന്‍ ആരേയും നശിപ്പിക്കില്ല, എന്നാല്‍ ഒരാളെ ഞാന്‍ എന്നോടൊപ്പം കൂട്ടും. എന്‍റെ മമ്മിയെ. അവര്‍ ബി.എം. ഡബ്ലുവില്‍ സെമിത്തേരിയിലേക്കുള്ള യാത്രയാണ്. എനിക്ക് അന്ത്യകുര്‍ബ്ബാന തന്ന് എന്നെ സ്വര്‍ഗ്ഗത്തില്‍ അയച്ച് എന്‍ റെമേലുള്ള അവരുടെ എല്ലാ പരിഹാസങ്ങളും അവസനിപ്പിക്കാന്‍ പോകുകയാണ്. മതി അവര്‍ക്കിത്രമതി. എന്‍റെയും, എന്‍റെ പപ്പയുടെയും പേരില്‍ ഞാന്‍ ഇന്നവരെ ശിക്ഷിക്കും. സ്വര്‍ഗ്ഗം എനിക്കുള്ളതല്ല. ഞാന്‍ അനന്ത കോടി നക്ഷത്രങ്ങള്‍ക്കിടയില്‍ ജനിച്ചവളാണ്. ക്ഷീരപഥത്തിലെ ചുഴലിയാണ്. എന്‍ റെയാത്ര അങ്ങോട്ടാണ്. ഹൈവേയില്‍ എഴുപതു മൈല്‍ വേഗത്തില്‍ ഓടുന്ന മമ്മിയുടെ കാറിനെ അവള്‍ പൊക്കിയെടുത്ത് വലതു വശത്തെ അഗാധമായ കൊക്കയിലേക്ക് ചുഴറ്റി എറിഞ്ഞു. അര്‍ദ്ധ സഹോദരങ്ങളെ അവള്‍ താങ്ങി പരുക്കുകളില്ലാതെ കിടത്തി. പക തീരാതെ മമ്മിയുടെ മുടിയ്ക്കു പിടിച്ച് അവള്‍ ഇഴച്ചു. അവരെ ചിതറിച്ച് ഭൂമിയിലെ പറവകള്‍ക്കായി വിതറി. അവള്‍ നടന്ന സ്ഥലങ്ങളിലെ മരങ്ങള്‍ അവള്‍ വേരോടെ പിഴുതു. അവള്‍ ആരാണന്ന അടയാളങ്ങളായി അതു രേഖപ്പെടുത്തി. അവള്‍ കത്രീന. ജിവിച്ചപ്പോള്‍ തനിക്ക് നിഷേധിച്ച സ്വര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു നോക്കാതെ അനന്ത കോടി നക്ഷത്രങ്ങളെ ലക്ഷ്യമാക്കി അവള്‍ യാത്രായി.

Print Friendly, PDF & Email

Related News

One Thought to “കത്രീന (ചെറുകഥ): സാംസി കൊടുമണ്‍”

  1. abdul punnayurkulam

    Illustrate story in a innovative way.

Leave a Comment