പിസി ജോര്‍ജ് വീണ്ടും കാലു മാറി; ഇനി ബിജെപിയോടൊപ്പം ഒരു കൈ നോക്കാന്‍ രാജഗോപാലിന്റെ കൂടെ പ്രത്യേക ബ്ലോക്കിലിരിക്കും

PC-RAJAകോട്ടയം: പൂഞ്ഞാര്‍ എം‌എല്‍‌എ പി.സി. ജോര്‍ജിന്റെ കാലുമാറ്റം തുടരുന്നു. ബിജെപിയോടൊപ്പം ഒരു കൈ നോക്കാന്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കിലിരിക്കുമെന്ന്. കൂടെ ഒ രാജഗോപാലുമുണ്ടായിരിക്കും. ഇടതുപക്ഷവുമായുള്ള പ്രാദേശികമായ ബന്ധം അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ബിജെപിയുമായി സഭയിലും സഹകരിക്കാന്‍ ധാരണയായത്. പി.എസ്. ശ്രീധരന്‍ പിള്ളയുമായി പി.സി. ജോര്‍ജ് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. എന്നാല്‍ ബിജെപിയുമായി നീക്കുപോക്കുകള്‍ ആകുമെന്നതിന് ബിജെപിയില്‍ ചേരുമെന്നല്ല അര്‍ത്ഥമെന്നും ജനപക്ഷം എന്ന പ്രസ്ഥാനം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും പിസി ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിക്കാര്‍ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയോടും കോണ്‍ഗ്രസിനോടും ജനപക്ഷത്തിന് ഇപ്പോള്‍ തുല്യ അകലമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മുന്നണി ബന്ധത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ തേടുന്ന ബിജെപി, പി.സി ജോര്‍ജിന്റെ ജനപക്ഷത്തെ അടക്കം കൊണ്ടുവന്ന് സീറ്റ് നേടാനുളള ശ്രമമാണ് നടത്തുന്നത്. ഏത് വിധേനയും കേരളത്തില്‍ സീറ്റ് നേടുക എന്ന ലക്ഷ്യമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് മധ്യ കേരളത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുളള സ്ഥാനാര്‍ത്ഥിയെ ബിജെപി തിരയുന്നത്. ശബരിമല വിഷയത്തില്‍ പി.സി ജോര്‍ജ് സ്വീകരിച്ച നിലപാടാണ് ജനപക്ഷത്തിലേക്ക് ബിജെപിയെ അടുപ്പിക്കുന്നത്.

ശബരിമല വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളില്‍ പ്രതിഷേധിച്ച് ജനപക്ഷം പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി ചേര്‍ന്ന് സിപിഎം അംഗമായ പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടിസ് നല്‍കിയിരുന്നു. വിശ്വാസികളെ ദ്രോഹിക്കുന്ന സിപിഎമ്മുമായുള്ള ബന്ധം പാപമാണെന്ന് കഴിഞ്ഞ ദിവസം പി.സി.ജോര്‍ജ് എരുമേലിയില്‍ പറഞ്ഞിരുന്നു. പാര്‍ട്ടി നിര്‍ദേശ പ്രകാരം പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി രാജിവച്ചിരുന്നു. തെക്കേക്കര പഞ്ചായത്തിലും സിപിഎം പിന്തുണ ഒഴിവാക്കുമെന്നു ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ് പറഞ്ഞു. പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകള്‍ സിപിഎം-ജനപക്ഷം ധാരണയിലാണു ഭരിക്കുന്നത്. പൂഞ്ഞാറില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്റ് സ്ഥാനം ജനപക്ഷത്തിനു നല്‍കാമെന്നാണു ധാരണ. എന്നാല്‍ ശബരിമല യുവതീപ്രവേശം സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യം രൂപപ്പെട്ടിരുന്നു.

പൂഞ്ഞാറില്‍ വൈസ് പ്രസിഡന്റു സ്ഥാനം രാജിവച്ച ജനപക്ഷം സിപിഎമ്മിന്റെ പ്രസിഡന്റ് രമേശ് ബി. വെട്ടിമറ്റത്തിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. മൂന്നു വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്റ് സ്ഥാനം ജനപക്ഷത്തിനു നല്‍കേണ്ടെന്നു സിപിഎം ജില്ലാ കമ്മിറ്റി തീരുമാനം എടുത്തിരുന്നു. പ്രസിഡന്റു സ്ഥാനം പങ്കു വയ്ക്കുന്നതു സംബന്ധിച്ചു ധാരണ ഇല്ലെന്നു സിപിഎം നേതാക്കള്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനം അഞ്ചു വര്‍ഷം സിപിഎമ്മിനും വൈസ്പ്രസിഡന്റു സ്ഥാനം ജനപക്ഷത്തിനുമെന്നാണു ധാരണയെന്നും പഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി. വെട്ടിമറ്റം പറഞ്ഞു.

യുഡിഎഫിനൊപ്പം ജനപക്ഷം ഭരിക്കുന്ന പൂഞ്ഞാര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ ഇടതുപക്ഷം സമരത്തിലാണ്. കോണ്‍ഗ്രസ് മൂന്ന്, ജനപക്ഷം മൂന്ന്, എല്‍ഡിഎഫ് അഞ്ച്, ബിജെപി രണ്ട് എന്നിങ്ങനെയാണ് പൂഞ്ഞാറിലെ കക്ഷിനില. സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്ന ജനപക്ഷവുമായി ബന്ധം വേണ്ടെന്നു സിപിഎം തീരുമാനിച്ചതായി സിപിഎം ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പറഞ്ഞു.

Print Friendly, PDF & Email

Related posts

Leave a Comment