Flash News

സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച് പ്രതിപക്ഷാംഗങ്ങള്‍ ; സഭ നിര്‍ത്തിവച്ചു

November 28, 2018

diasതിരുവനന്തപുരം : ശബരിമല വിഷയം ഉന്നയിച്ച് നിമയസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ പ്രതിപക്ഷാംഗങ്ങൾ ശ്രമിച്ചു. ഒപ്പമുള്ളവരില്‍ ചിലര്‍ തടഞ്ഞപ്പോള്‍ ഉന്തും തള്ളുമുണ്ടായി. അസാധാരണസാഹചര്യമെന്ന് പ്രതികരിച്ച സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.

മുഖ്യമന്ത്രി മറുപടി പറയാന്‍ 45 മിനിറ്റ് എടുത്തതില്‍ പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉയര്‍ത്തി. ഇതിനിടയില്‍ നടുത്തളത്തിലറങ്ങിയ പ്രതിപക്ഷം ബഹളം വച്ചു. ശബരിമല പ്രശ്‌നത്തില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി. സ്പീക്കറുടെ ഡയസിലേക്ക് ഐ.സി.ബാലകൃഷ്ണനും അന്‍വര്‍ സാദത്തും കയറാന്‍ ശ്രമിച്ചു. ഹൈബി ഈഡനും കെ.എം.ഷാജിയും ഇവരെ ബലം പ്രയോഗിച്ച് പിന്തിരിപ്പിച്ചു. ഇവിടെ എന്താണ് നടക്കുന്നത്, ഇങ്ങിനെ സഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല എന്ന് പറഞ്ഞ് സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.

ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണം, ശബരിമല സംരക്ഷിക്കണം തുടങ്ങിയ പ്ലക്കാര്‍ഡും ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ എത്തിയത്. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ ഡയസിന് മുന്നിലായിരുന്നു പ്രതിഷേധം. ചോദ്യോത്തര വേളയില്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാറിന്റെ നിലപാടുകള്‍ മാറ്റാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വ്യക്തമാക്കി.

നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും ശബരിമല പ്രശ്‌നത്തില്‍ പ്രക്ഷോഭം ശക്തമാക്കുകയാണ് യുഡിഎഫ് എംഎല്‍എമാര്‍. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ സഭ തടസപ്പെടുത്തുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയത്. ചോദ്യോത്തര വേളയില്‍ ആദ്യത്തെ ചോദ്യം പ്രളയം സംബന്ധിച്ചായിരുന്നു. പ്രളയാനന്തര നടപടികളെ കുറിച്ച് മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടെയും പ്രതിഷേധം തുടര്‍ന്നു.

സഭയില്‍ കറുപ്പണിഞ്ഞാണ് എംഎല്‍എമാരായ പി.സി.ജോര്‍ജും ഒ.രാജഗോപാലും എത്തിയത്. ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാലിനെ പൂഞ്ഞാറില്‍ നിന്നുള്ള ജനപക്ഷം പാര്‍ട്ടിയുടെ എംഎല്‍എ പിസി ജോര്‍ജ് നിയമസഭയില്‍ പിന്തുണയ്ക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് കറുപ്പണിഞ്ഞാണ് പി.സി.ജോര്‍ജ്ജ് നിയമസഭയിലേക്ക് എത്തിയത്.

കെ.എം. ഷാജി നിയമസഭയിലെത്തി രജിസ്റ്ററില്‍ ഒപ്പിട്ടു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കെ.എം ഷാജി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. സഭയില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെ.എം. ഷാജി പറഞ്ഞു . നിയമസഭാ സെക്രട്ടറി തന്നെ അയോഗ്യനാക്കി ഉത്തരവിറക്കിയതും അതിന്റെ ഭാഗമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. നിയമസഭാ സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ചെന്നും കെ.എം. ഷാജി തിരുവനന്തപുരം വിമാനത്താവളത്തില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഭക്തര്‍ക്ക് പിന്തുണ അറിയിച്ച് നാല് എംഎല്‍എമാര്‍ നിയമസഭയിലെത്തിയത് കറുപ്പണിഞ്ഞ്

karupശബരിമല വിഷയത്തില്‍ പ്രതിഷേധമറിയിച്ച് 4 എംഎല്‍എമാര്‍ നിയമസഭയിലെത്തിയത് കറുപ്പണിഞ്ഞ്. പി.സി. ജോര്‍ജും ബിജെപിയുടെ ഒ.രാജഗോപാലും കേരള കോണ്‍ഗ്രസിന്റെ റോഷി അഗസ്റ്റിനും എന്‍. ജയരാജും കറുത്ത വേഷമണിഞ്ഞ് നിയമസഭയിലെത്തിയത്.

ഇന്ന് മാത്രമായിരിക്കും കറുത്ത വേഷം ധരിക്കുകയെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. നാളെ മുതല്‍ എന്ത് വേണമെന്ന് പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കും. അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷം ധരിച്ചെത്തിയത്. ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി സി ജോര്‍ജ് നേരത്തെ പ്രതികരിച്ചിരുന്നു. ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ല. പിണറായിയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് തകര്‍ക്കുന്നു. വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാന്‍ പൊലീസ് സംരക്ഷണം കൊടുക്കുന്നു. ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

നേരത്തെ ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് പി.സി.ജോര്‍ജ് രംഗത്തു വരികയും നാമജപപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിരുന്നു. ശബരിമല വിഷയം പശ്ചാത്തലമാക്കി ബിജെപിയിലേക്ക് പി.സി.ജോര്‍ജ് അടുക്കുന്നു എന്ന പ്രചാരണങ്ങള്‍ക്കിടയിലാണ് നിയമസഭയില്‍ ബിജെപിക്കൊപ്പം നില്‍ക്കാനുള്ള ജോര്‍ജിന്റെ തീരുമാനം.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top